മുഖ്യന്‍ വിജയന്‍ സഖാവിനെ ക്യാപ്റ്റന്‍ എന്നു വിളിച്ചത് കേട്ട് അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഒരാള്‍ കലിതുള്ളുകയാണ്. തെറ്റിദ്ധരിക്കണ്ട – മോദിയല്ല. ആള് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. പാര്‍ട്ടി ഇംഗ്ലീഷ് വാറോലയായ പീപ്പിള്‍സ് ഡമോക്രസി കയ്യിലുള്ളപ്പോള്‍ സഖാവിന് ആരെ പേടിക്കണം? പരമോന്നതനായ നേതാവ്, ശക്തനായ വ്യക്തി, ക്യാപ്റ്റന്‍ എന്നൊക്കെ മാധ്യമങ്ങള്‍ വിജയന്‍ സഖാവിനെ വാഴ്ത്തുന്നതില്‍ കഴമ്പില്ല എന്നാണു തന്റെ പത്രാധിപ കുറിപ്പില്‍ കാരാട്ട് പറഞ്ഞത്. വിജയം ഒരു വ്യക്തിയുടെ നേട്ടമല്ല സഖാക്കളുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ് എന്ന് അദ്ദേഹം എഴുതി. വിജയത്തിന്റെ ക്രെഡിറ്റ് വിജയന്‍ ഒറ്റക്ക് എടുക്കണ്ട എന്ന് ചുരുക്കം.
കുറെ വര്‍ഷം മുമ്പ് ഇതുപോലെ ഒരു സംഭവമുണ്ടായി. വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയേക്കാള്‍ വലുതാവുന്നു എന്നു ചില സഖാക്കള്‍ അടക്കം പറയാന്‍ തുടങ്ങി. അന്ന് പുത്തരിക്കണ്ടം മൈതാനത്തു വെച്ച് പിണറായി വിജയന്‍ ഒരു കഥ പറഞ്ഞു. കടലിലെ തിര കണ്ട് മോഹിച്ച കുട്ടി കടല്‍ വെള്ളം ബക്കറ്റിലാക്കിയ കഥ. പ്രസ്ഥാനത്തോട് ചേര്‍ന്നുനില്ക്കാതെ, പാര്‍ട്ടിയെക്കാള്‍ വലുതായാല്‍ എന്തു സംഭവിക്കുമെന്ന സൂചന ആ കഥയിലുണ്ടെന്ന് വിജയന്‍ സഖാവ് പറഞ്ഞു. അതേ കഥ ഇംഗ്ലീഷില്‍ പകര്‍ത്തിയാല്‍ കാരാട്ട് എഴുതിയ മുഖപ്രസംഗമാകും. അന്ന് മൂന്നറിയിപ്പ് അച്യുതാനന്ദനായിരുന്നു – വിജയന്റെ വക. ഇന്ന് വിജയന് മുന്നറിയിപ്പ് നല്‍കുന്നത് കാരാട്ടാണ് എന്ന വ്യത്യാസം മാത്രം. കാരാട്ടിന്റെ മുന്നറിയിപ്പ് വിജയന്റേതു പോലെയല്ല. പത്രാധിപസ്ഥാനത്തിലപ്പുറം വേരില്ലാത്ത കാരാട്ടിന്റെ വാക്കിന് എന്തു വില! എന്നാലും സഖാവ് കാരാട്ടിന് കഴുതക്കാമം കരഞ്ഞു തീര്‍ക്കാന്‍ ഒരു വാറോലയെങ്കിലും ഉണ്ടല്ലോ. സഖാവ് പറഞ്ഞതിന് ഉരുളയ്ക്കുപ്പേരി പോലെ വിജയന്‍ സഖാവ് മറുപടി നല്കി. വാഴ്ത്തല്‍ എന്ന പി.ആര്‍. വര്‍ക്ക് ഉഷാറാക്കാന്‍ തൃപ്പൂണിത്തുറയില്‍ തോറ്റ സ്വരാജിനെ തന്നെ നിയമിച്ചിരിക്കുന്നു. അതാണ് സഖാവ് പിണറായി സ്‌റ്റൈല്‍ !