മഴക്കാലത്ത് കാളകളെ കുളിപ്പിക്കുന്നത് പാടത്തിനോട് ചേര്‍ന്നൊഴുകുന്ന ചെറിയ തോട്ടിലാണ്. ചെറിയ തോട്ടില്‍ മഴക്കാലത്തുമാത്രമേ കാളകളെ കുളിപ്പിക്കാനുള്ള വെള്ളം ഉണ്ടാവാറുള്ളു. പാടവരമ്പിനോടു ചേര്‍ന്നുള്ള തോടിന്റെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ അവരുടെ തുണി അലക്കുന്നതും കുളിക്കുന്നതും ചെറിയ തോട്ടില്‍ത്തന്നെയാണ്. വേനല്‍ ആരംഭിക്കുന്നതിന് മുമ്പു ഓരോരുത്തരും താല്ക്കാലിക തടയണ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തും. ഒഴുക്കുള്ള വെള്ളം പെട്ടെന്ന് ശുദ്ധമാകുമെന്ന് അച്ഛന്‍ പറഞ്ഞെ ങ്കിലും ചെറിയ തോട്ടിലെ വെള്ള ത്തില്‍ കുളിക്കുന്നത് കണ്ണന് ഇഷ്ടമല്ല. വലിയ തോട്ടില്‍ പോയി മുങ്ങിക്കുളിക്കുന്നത് അവന് ഇഷ്ടമാണ്. കാളകളെ അച്ഛന്‍ തേച്ചു കുളിപ്പിക്കുമ്പോഴും കാളകള്‍ അച്ഛന്‍ പറയുന്നതുപോലെ അനങ്ങാതെ നില്‍ക്കും.
”ഞാന്‍ പറഞ്ഞാല്‍ എന്താ അച്ഛാ കാളകള്‍ക്ക് മനസ്സിലാകാ ത്തത്?” ഒരുദിവസം കണ്ണന്‍ ചോദിച്ചു.
”മീശ കിളിച്ചവര് പറഞ്ഞാലേ കാള അനുസരിക്കൂ..” അച്ഛന്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ ചേച്ചി ചിരിക്കുന്നത് കണ്ണന്‍ കണ്ടു. അച്ഛന്‍ പറഞ്ഞത് ശരിയല്ലെന്ന് ചേച്ചിയുടെ ചിരി കണ്ടപ്പോള്‍ കണ്ണന്‍ സംശയിച്ചു.
”വല്യമ്മാമേടെ വീട്ടിലെ നിലം ഉഴുതുന്ന ബാലേട്ടന് മീശയില്ലല്ലോ. എന്നിട്ടും വലിയ കൊമ്പുള്ള കാള കള്‍ ബാലേട്ടനെ അനുസരിക്കുന്ന തോ.?” അച്ഛന്‍ പറഞ്ഞത് ശരിയ ല്ലെന്ന് പെട്ടെന്ന് കണ്ണന്‍ സമര്‍ത്ഥിച്ചു.
അതുകേട്ട് അച്ഛനും ചേച്ചിയും ഉച്ചത്തിലാണ് ചിരിച്ചത്. അവര്‍ ചിരിച്ചതെന്തിനെന്ന് അപ്പോഴും കണ്ണന് മനസ്സിലായില്ല.
(തുടരും)