ലോഡ് മൗണ്ട് ബാറ്റന്റെ സ്ഥാനത്ത് ഡോക്ടര്‍ ഭീം റാവ് റാംജി അംബേദ്കറെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറലും പിന്നീട് രാഷ്ട്രപതിയും ആക്കിയിരുന്നങ്കില്‍ ചരിത്രം എങ്ങനെ വഴിമാറുായിരുന്നു എന്നൊരു പഠനം 2021ലെങ്കിലും ഗൗരവമായി എടുക്കേണ്ടതുണ്ട്. വിഭജിച്ചു പിരിഞ്ഞുപോയ പാക്കിസ്ഥാന് ഒരു ഇംഗ്ലീഷ് പ്രഭുവിനെ അങ്ങനെയൊരു പദവിയിലിരുത്തേണ്ട ബാദ്ധ്യതില്ലായിരുന്നെങ്കില്‍ അവശിഷ്ട ഭാരതത്തിനും അങ്ങനെയൊരു ബാദ്ധ്യത ഇല്ലായിരുന്നു എന്നത് വ്യക്തം. അന്ന്, അധികാരക്കൈമാറ്റത്തിന്റെ അര്‍ത്ഥപൂര്‍ത്തി ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ നേതൃത്വം ഡോ. അംബേദ്കറെ ആ പദവിയില്‍ നിയോഗിച്ചിരുന്നുവെങ്കില്‍ വേറിട്ടൊരു സഞ്ചാര പഥത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ചരിത്രപരമായ തുടക്കമാകുയിരുന്നു അത്. തിരിഞ്ഞു നോക്കുമ്പോള്‍ അത്തരം ഒരു ചിന്ത ഉയരുന്നതിന്റെ ഒന്നാമത് കാരണം പ്രതിസന്ധികളോട് പോരാടി ആ ബൗദ്ധിക പ്രതിഭ നേടിയ വ്യക്തിവൈഭവം തന്നെയാണ്. രണ്ടാമത് കാരണം ചരിത്രപരമായി അവഗണിക്കപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടതുമായ ഒരു വലിയ ജനവിഭാഗം അംബേദ്കറോടൊപ്പം സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട വികാസയാത്രയുടെ മുഖ്യധാരയിലേക്ക് നടന്നടുക്കുമായിരുന്നു എന്നുള്ളതാണ്. മൂന്നാമത് കാരണം 1919ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേരാന്‍ തീരുമാനിച്ചിടത്ത് ശക്തി പ്രാപിച്ച് 2021ലും തുടരുന്ന ഇസ്ലാമിക മതമൗലിക വാദത്തോടുള്ള പ്രീണനത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാന്‍ ഡോ. അംബേദ്കര്‍ കാട്ടിയ തെളിമയുള്ള നീതിബോധമാണ്.
ചരിത്രത്തിലുണ്ടായ പിഴവുകളെ പഠിച്ചോര്‍ക്കുന്നത് ശരിപഥങ്ങളിലേക്കുള്ള തിരുത്തലുകള്‍ക്ക് വഴിയൊരുക്കുമെന്നുള്ളതുകൊണ്ട് അത്തരം ഒരു പഠനത്തിന് സകാരാത്മക സാദ്ധ്യതകളേറെയുണ്ട്. അംബേദ്കറോട് അന്ന് ചെയ്ത പിഴവുകളാണെങ്കില്‍ പലതുമുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് അംഗത്വത്തിന് വഴിയൊരുക്കുന്ന തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മത്സരിച്ച അംബേദ്കറെ പൊരുതി പരാജയപ്പെടുത്തുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു അദ്ധ്യക്ഷനായിരുന്ന ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ഗാന്ധിജിയുടെ ഇടപെടല്‍ കാരണം അംബേദ്കറെ ആദ്യ മന്ത്രിസഭയില്‍ അംഗമാക്കാന്‍ നിര്‍ബന്ധിതനായ ജവഹര്‍ലാല്‍ നെഹ്രു ഗാന്ധിജി വധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്തുചാടിച്ചു. അംബേദ്കറുടെ ചരിത്രപരമായ സംഭാവനയെന്നു കണക്കാക്കപ്പെടുന്ന ഭാരത ഭരണഘടനയനുസരിച്ച് 1952ല്‍ നടന്ന ആദ്യ ലോകസഭാതിരഞ്ഞെടുപ്പില്‍ തന്നെ അദ്ദേഹത്തെ എതിര്‍ത്തു പരാജയപ്പെടുത്തുവാന്‍ പ്രധാനമന്ത്രി നെഹ്രുവും അദ്ദേഹത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വവും ആവേശം കാട്ടിയെന്നതും ചരിത്രമാണ്. അങ്ങനെ കോണ്‍ഗ്രസ്സ് രാഷ്ട്രീയ നേതൃത്വം പൊതുവെയും ജവഹര്‍ലാല്‍ നെഹ്രു വിശേഷിച്ചും അംബേദ്കറെ ഒഴിവാക്കി മൂലയ്‌ക്കൊതുക്കുവാന്‍ നടത്തിയ കുതന്ത്രങ്ങള്‍ പഠിച്ചോര്‍ക്കുമ്പോളാണ് അദ്ദേഹത്തെ അവഗണിച്ചതോടെ ഭാരതത്തിന് നഷ്ടപ്പെട്ട അവസരങ്ങളും ഓര്‍മ്മയിലെത്തുക.
ആദ്യ ഗവര്‍ണര്‍ ജനറലായി ഡോ. അംബേദ്കറാണ് ചുമതലയേറ്റെടുക്കാന്‍ പോകുന്നതെന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീക്കിയിരുന്നെങ്കില്‍ ഭാരതത്തിന്റ വിഭജനം കൂടുതല്‍ വ്യവസ്ഥാപിതവും പാളിച്ചകള്‍ കുറഞ്ഞതും സമാധാനപൂര്‍ണ്ണവും ആകുമായിയുന്നു. ഇരു വിഭാഗം ജനങ്ങളെയും അവരവര്‍ക്കു വേണ്ടി നിര്‍ണ്ണയിക്കപ്പെട്ട ഇടങ്ങളിലേക്ക് പുനര്‍ വിന്യസിക്കുന്നതിന് വ്യക്തമായ പദ്ധതി തയാറാക്കിയ വ്യക്തിയായിരുന്നു അംബേദ്കര്‍. അദ്ദേഹത്തിന്റെ പദ്ധതിയനുസരിച്ച് സമയക്രമം നിശ്ചയിച്ച്, സൗകര്യങ്ങളൊരുക്കി, വിഭജന പ്രക്രിയയിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ഇസ്ലാമിക വര്‍ഗീയതയുടെ പക്ഷം തുടങ്ങിവെച്ച് ഹിന്ദു-സിഖ് പക്ഷത്തെ പ്രതിരോധത്തിന് നിര്‍ബന്ധിതമാക്കിയ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും ഒഴിവാക്കപ്പെടുകയോ പരിമിതപ്പെടുകയോ ചെയ്യുമായിരുന്നു. മറുപക്ഷത്തിന്റെ ആക്രമണങ്ങളുടെയും അരുംകൊലകളുടെയും ബലാത്സംഗങ്ങളുടെയും മുമ്പില്‍ ആത്മസംയമനത്തിന്റെയും ആത്മത്യാഗത്തിന്റെയും അപ്രായോഗികവും അപകടകരവുമായ സാരോപദേശം നല്‍കുന്നതിന് പകരം പരിമിതമെങ്കിലും ലഭ്യമായ അധികാര ഉപകരണങ്ങള്‍ ഉപയോഗിച്ച് നീതിയും ക്രമസാധാനവും ഉറപ്പാക്കുന്നതിന് ഭരണകൂടത്തിനുമേല്‍ അംബേദ്കറുടെ സ്വാധീനമുണ്ടാകുമായിരുന്നു. അത്തരം ഇടപെടലുകളുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാനിലേക്കെത്തിയ മുസ്ലീം സമൂഹം ഹൈന്ദവ ക്ഷേത്രങ്ങളെയും ഭവനങ്ങളെയും കടന്നാക്രമിച്ച് കൈവശപ്പെടുത്തിയപ്പോഴും ദില്ലിയിലും മറ്റും എത്തിച്ചേര്‍ന്ന ഹിന്ദു-സിക്ക് അഭയാര്‍ത്ഥികള്‍ പെരുവഴിയില്‍ തളര്‍ന്നുവീഴുമ്പോഴും മുസ്ലീം വസ്തുവകകള്‍ ഭരണകൂടം അടച്ചുപൂട്ടി സൂക്ഷിക്കുന്ന പ്രകോപനപരമായ അന്തരീക്ഷമുണ്ടാകുമായിരുന്നില്ല. കശ്മീര്‍ കാര്യത്തില്‍ മൗണ്ട് ബാറ്റന്റെ തണലില്‍ ആക്രമണത്തിന്റെ ചതിവിനിറങ്ങിയ പാക്കിസ്ഥാന്‍, അംബേദ്കറായിരുന്നു ഗവര്‍ണര്‍ ജനറലെങ്കില്‍ അദ്ദേഹത്തിന്റെ സഹായം ലഭിക്കുമെന്നൊരു പ്രതീക്ഷയ്ക്കിടമില്ലാതിരുന്നതുകൊണ്ട് ഒരു ദുസ്സാഹസത്തിനും മുതിരില്ലായിരുന്നു. ഭൂമിശാസ്ത്രപരമായ വിഭജനത്തിനോടൊപ്പം ജനപുനര്‍വിന്യാസവും വിഭവങ്ങള്‍ വീതംവെക്കലും വ്യവസ്ഥയനുസരിച്ച് വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്ന അംബേദ്കര്‍ അമരത്തുണ്ടായിരുന്നെങ്കില്‍ കശ്മീരില്‍ ആക്രമണം നടത്തുമ്പോഴും അമ്പത്തഞ്ചു കോടി വിഹിതം ചോദിക്കാനുള്ള വകതിരിവില്ലായ്മ പാക്കിസ്ഥാന്‍ കാട്ടുകയില്ലായിരുന്നു. ഇനിയവര്‍ അങ്ങനെയൊരു ദുസ്സാഹസത്തിനു മുതിര്‍ന്നാലും ഭാരതത്തിനെതിരെയുള്ള പാക്ക് യുദ്ധശ്രമങ്ങള്‍ക്ക് പണം കൊടുത്ത് സഹായിക്കാന്‍ ഇവിടത്തെ ഭരണകൂടത്തോട് ആരും നിര്‍ബന്ധിക്കയില്ലായിരുന്നു. അല്ലെങ്കില്‍ത്തന്നെ ഗാന്ധിജി ഒരിക്കല്‍ നിരാഹാരമിരുന്ന് സമ്മര്‍ദ്ദത്തിലാക്കാന്‍ നടത്തിയ ശ്രമം പൂനാ കരാറിലൂടെ വിജയിച്ചുവെങ്കിലും അവിടേ അംബേദ്കര്‍ ഉയര്‍ത്തിയ ചെറുത്തുനില്‍പ്പ് ഓര്‍മ്മയിലുണ്ടാകുമായിരുന്നതു കൊണ്ട് പുതിയ ഒരു നിരാഹാര സമരത്തിന്റെ സാദ്ധ്യത വിരളവുമായിരുന്നു.
പൊതുവില്‍ ഇസ്ലാമിക വര്‍ഗീയ പക്ഷത്തോട് സന്ധി ചെയ്യുകയൂം ഇരകളായ ഹിന്ദുക്കളെ വിധിയുടെ വിളയാട്ടത്തിനു വിടുകയും ചെയ്യുന്ന സമീപനം ഉണ്ടാകാനിടയില്ലാത്ത സാഹചര്യത്തില്‍ ഗാന്ധിവധത്തിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യവും ഒഴിവാക്കപ്പെടുമായിരുന്നു. ഇനിയൊരുപക്ഷേ ആ നിന്ദനീയ ക്രൂരത സംഭവിച്ചുവെങ്കില്‍ പോലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ ജവഹര്‍ലാല്‍ നെഹ്രു ഭരണകൂടം നടത്തിയ ചടുല കുതന്ത്രങ്ങള്‍ക്ക് തടയിടുമായിരുന്നു. അതിന്റെ ഏറ്റവും വലിയ സൂചനയാണ് ഒരു അടിസ്ഥാനവും ഇല്ലാതെ വീര സവര്‍ക്കറെ ഗാന്ധി വധത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കുവാനുള്ള നെഹ്രുഭരണകൂടത്തിന്റെ നീക്കങ്ങള്‍ സവര്‍ക്കറുടെ അഭിഭാഷകനായിരുന്ന എല്‍.പി. ബൊപാത്കറോട് രഹസ്യമായി അറിയിക്കുക വഴി അന്ന് നിയമ മന്ത്രിയായിരുന്ന ഡോ അംബേദ്കര്‍ നല്‍കിയത്.
അതുപോലെത്തന്നെ ശരിയായി മനസ്സിലാക്കേണ്ടതാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നഥുറാം ഗോഡ്‌സെയുടെ കാര്യത്തില്‍ ഡോ. അംബേദ്കറുടെ ഭാഗത്തു നിന്നുണ്ടായ സവിശേഷ ഇടപെടല്‍. അന്ന് നിയമമന്ത്രിയായിരുന്ന അംബേദ്കര്‍ ഗോഡ്‌സെയുടെ അഭിഭാഷകനെ ബന്ധപ്പെട്ടു. ഗോഡ്‌സെ ആഗ്രഹിക്കുന്നുവെങ്കില്‍ വധശിക്ഷ ജീവപര്യന്തം തടവായി ഇളവു ചെയ്യുന്നതിന് ഇടപെടാന്‍ താന്‍ സന്നദ്ധനാണെന്ന് അംബേദ്കര്‍ വാഗ്ദാനം ചെയ്തു. വഴിതെറ്റിയ ഒരു കൂറ്റവാളിയെ തൂക്കിലേറ്റുകയാകുകയില്ല ഗാന്ധിയുടെ അഹിംസയോട് നീതി പുലര്‍ത്തുന്ന സമീപനം എന്ന വീക്ഷണം ചൂണ്ടിക്കാട്ടിക്കൊണ്ട് അങ്ങനെയൊരു ശ്രമം നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ, ‘ദയവായി എന്നില്‍ ദയ അടിച്ചേല്‍പ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. എന്നിലൂടെ ഗാന്ധിജിയുടെ അക്രമരാഹിത്യവും തൂക്കിലേറ്റപ്പെട്ടു എന്ന് ലോകത്തെ എനിക്കു കാണിക്കണം’ എന്ന ഗോഡ്‌സെയുടെ പ്രതികരണം അറിഞ്ഞ് അംബേദ്കര്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത്. (അവലംബം: ‘വൈ ഐ കില്‍ഡ് മഹാത്മാ’ -കോണാഡ് എല്‍സ്റ്റ്). ഈ പശ്ചാത്തലത്തിലാണ് ഗാന്ധിവധവുമായി ബന്ധപ്പെട്ട വിചാരണയും ശിക്ഷയും നടക്കുമ്പോള്‍ ഡോ അംബേദ്കറായിരുന്നു ഗവര്‍ണര്‍ ജനറലെങ്കില്‍ സംഭവിക്കാമായിരുന്ന ഇനി പറയുന്ന സാദ്ധ്യതകള്‍ മുന്നിലെത്തുന്നത്: 1) ഗോഡ്‌സെ കുറ്റം ചെയ്യുമ്പോള്‍ അംഗമായിരുന്ന ഹിന്ദുമഹാ സഭയുടെ അദ്ധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചാറ്റര്‍ജിയെ വിചാരണ തുടങ്ങിയ 1948-ല്‍ കല്‍ക്കട്ടാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ സാദ്ധ്യതയില്ലായിരുന്നു. ഗോഡ്‌സെയെ തൂക്കിലേറ്റിയ 1949 നവംബറില്‍ വരെ മാത്രം ജഡ്ജി സ്ഥാനത്തിരുന്ന ചാറ്റര്‍ജിക്ക് അങ്ങനെയൊരു സൗകര്യം ചെയ്തുകൊടുക്കാന്‍ അംബേദ്കര്‍ ഇടവരുത്തുകയില്ലായിരുന്നു. 2) കേസിന്മേലുള്ള അപ്പീല്‍ രണ്ടു മാസത്തിനുശേഷം (1950 ജനുവരി) രൂപീകരിക്കാന്‍ പോകുന്ന സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനുള്ള സാവകാശം നല്‍കിക്കൊണ്ടാണ് 1949 നവംബറില്‍ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിന്റെ പ്രിവി കൗണ്‍സില്‍ തീര്‍പ്പാക്കിയത്. ആ ആവസരം നിഷേധിച്ചുകൊണ്ടാണ് ഗോഡ്‌സെയെ ദിവസങ്ങള്‍ക്കുള്ളില്‍ തൂക്കിലേറ്റുന്നത്. നീതിബോധമുള്ള അംബേദ്കര്‍ ഗവര്‍ണര്‍ ജനറലായിരുന്നുവെങ്കില്‍ വധശിക്ഷ നടപ്പാക്കുവാന്‍ ജവഹര്‍ ലാല്‍ നെഹ്രു കാട്ടിയ തിടുക്കത്തോട് യോജിക്കുമായിരുന്നൂ എന്ന് കണക്കാക്കാനാകില്ല. ഗാന്ധിവധത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്നതും ഉണ്ടായിരുന്നെങ്കില്‍ ആരൊക്കയായിരുന്നു അതിലെ യഥാര്‍ത്ഥ പങ്കാളികള്‍ എന്നതും കണ്ടെത്തുന്നതിനു മുമ്പ് അതു സംബന്ധമായ പ്രാഥമിക വിവര/തെളിവ് സ്രോതസ്സാകുമായിരുന്ന ഗോഡ്‌സെയെ ധൃതികൂട്ടി ഇല്ലായ്മ ചെയ്യുവാന്‍ അനുവദിക്കുകയുമില്ലായിരുന്നു. അങ്ങനെ ആ അവസരം തങ്ങളെ വെല്ലുവിളിക്കുന്നവരെ കുടുക്കുവാനും അവര്‍ക്കെതിരെ കള്ള പ്രചാരണം അഴിച്ചുവിടുവാനും നെഹ്രുവിനും കൂട്ടര്‍ക്കും ഉപയോഗിക്കുവാന്‍ ഇടം കൊടുക്കുകയില്ലായിരുന്നു എന്ന് സാരം.
ഇത്തരം അനുമാനങ്ങള്‍ക്ക് എന്താണ് അടിസ്ഥാനം എന്നൊരു സ്വാഭാവിക ചോദ്യം അറിവുള്ളവരില്‍ നിന്ന് ഉയരാനിടയില്ല. കാരണം, അത്രയ്ക്കും വ്യക്തമായ കാഴ്ചപ്പാടുകളിലുറച്ചതായിരുന്നു ഡോ. ഭീം റാവ് റാംജി അംബേദ്കറുടെ രാഷ്ട്രീയ നിലപാടുതറ. ഹൈന്ദവ സമാജത്തിലെ ജാതിവ്യവസ്ഥയോടുള്ള പോര്‍മുഖത്തെ ജ്വലിക്കുന്ന പോരാട്ടവീര്യത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹമെന്നതില്‍ ഒരു സംശയവുമില്ല. അക്കാര്യത്തില്‍ വീരസവര്‍ക്കറായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടസഖാവ്. ജാതിവ്യവസ്ഥയ്ക്ക് വഴിവെക്കുന്ന എല്ലാത്തിനെയും തൂത്തെറിയണമെന്നതില്‍ അവര്‍ സമാന ബോദ്ധ്യമുള്ളവരായിരുന്നു. അതേ സമയം തന്നെ ഇസ്ലാം മതത്തിലുള്ള ജാതി വേര്‍തിരിവുകളെ കുറിച്ചും കൃത്യമായി കണ്ടറിഞ്ഞ അംബേദ്കര്‍ അതിലുള്ള അപകടരമായ മറ്റൊരവസ്ഥയെ കുറിച്ചും ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഹിന്ദുമതത്തിനുള്ളില്‍ നിന്നുതന്നെ പരിവര്‍ത്തനത്തിനും പരിഷ്‌കാരത്തിനും അടിമുടി ഉടച്ചുവാര്‍ക്കലിനുമുള്ള വ്യക്തികളും ശക്തികളും ഉയര്‍ന്നുവരുമ്പോഴും ഇസ്ലാം മതത്തിന്റെ ഉള്ളില്‍നിന്ന് അങ്ങനെയൊരു മാറ്റത്തിനാരും ഇടം തേടൂന്നില്ലെന്നതും ഇടം ലഭിക്കുന്നില്ലെന്നുള്ളതുമായിരുന്നു, അത്.
മത പരിവര്‍ത്തനം അനിവാര്യമെന്ന് കരുതിയ വേളയിലും ഭാരതത്തിലെ പിന്നോക്കവിഭാഗം ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് ചേര്‍ന്നാല്‍ ഇസ്ലാമിക രാഷ്ട്ര സൃഷ്ടിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. അതുപോലെത്തന്നെ പിന്നോക്ക വിഭാഗം ക്രിസ്തു മതം സ്വീകരിച്ചാല്‍ ആ മത സ്വാധീനം വര്‍ദ്ധിക്കുവാനും ബ്രിട്ടീഷ് സാമ്രാജ്യത്വം ഇളകാതെ തുടരുവാനുമുള്ള സാഹചര്യവും അദ്ദേഹം തിരിച്ചറിഞ്ഞു. അതാണ് ബുദ്ധമതത്തിലേക്ക് തിരിയുവാനിടയാക്കിയതെന്ന് 1936-ല്‍ തന്നെ അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലബാറിലെ മാപ്പിള ലഹളയ്ക്ക് ശേഷം നൂറു വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ അതില്‍ സംഭവിച്ച ഹിന്ദു ഉന്മൂലനത്തോട് സന്ധിചെയ്ത രാഷ്ട്രീയ പക്ഷത്തോട് യോജിച്ചുപോകുവാന്‍ എനിക്കു മനസ്സില്ലെന്ന ധീരമായ നിലപാടെടുത്തതായിരുന്നു അംബേദ്കറുടെ വഴിയെന്നത് ഇവിടെ വിശേഷാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഹിന്ദുവിനെ കടന്നാക്രമിച്ചാലും കൊന്നൊടുക്കിയാലും ഇസ്ലാമിക വര്‍ഗീയതയോട് പൊരുത്തപ്പെട്ടു പോകുന്നതിന് മൗനവാത്മീകങ്ങളില്‍ ഒളിക്കുന്ന മഹാത്മാക്കള്‍ ഇസ്ലാമിക ഭീകരതയെ ചെറുത്തുനില്‍ക്കുകയോ ഓടിയകലുകയോ ചെയ്താല്‍പ്പോലും ഹിന്ദുവിനെ കുറ്റപ്പെടുത്തുന്ന മതന്യൂനപക്ഷ ഭീകരതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തോട് അംബേദ്കര്‍ ഒരിക്കലും യോജിച്ചു പോയിട്ടില്ല.
എല്ലാത്തിനും ഉപരി, ഡോ. ഭീം റാവ് റാംജി അംബേദ്കര്‍ ഭാരതത്തിന്റെ ആദ്യ ഗവര്‍ണര്‍ ജനറലും രാഷ്ട്രപതിയുമൊക്കെ ആയിരുന്നെങ്കില്‍ സ്വതന്ത്ര ഭാരതത്തിന്റെ സര്‍വതോന്മുഖ വളര്‍ച്ചയ്ക്കും വികാസത്തിനും ഉതകുന്ന ദര്‍ശനവ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം തയ്യാറാക്കിയ ഭരണഘടനയില്‍ സോഷ്യലിസവും മതേതരത്വവും ഇടം പിടിക്കാതിരുന്നത്. വീടുകളും ക്ഷേത്രങ്ങളും രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്ന ‘താഴ്ന്ന’ ജാതിക്കാരനെ പണിയും പ്രതിഷ്ഠയുമൊക്കെ കഴിഞ്ഞാല്‍ അവയുടെയൊന്നും അകത്തുകയറാന്‍ അനുവദിക്കാത്ത സാമൂഹിക സമ്പ്രദായം പോലെ അംബേദ്കറെയും ഭരണഘടനയ്ക്ക് രൂപം നല്‍കിക്കഴിഞ്ഞയുടന്‍ അധികാരം കൈകളിലാക്കിയ നെഹ്രുപക്ഷം പടിക്കു പുറത്താക്കി. അദ്ദേഹം ഒഴിവാക്കിയ സോഷ്യലിസവും മതേതരത്വവും അടിയന്തരാവസ്ഥയുടെ മറവില്‍ ഇന്ദിര ഭരണഘടനയുടെ ഭാഗമാക്കി. ഫലമോ 1990കളില്‍ നരസിംഹ റാവു സര്‍ക്കാര്‍ വഴിമാറി ചിന്തിക്കുംവരെ സോഷ്യലിസം ഭാരതവികസനത്തിന്റെ വഴിമുടക്കി. മതേതരത്വമാണെങ്കില്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ രൂപമാറ്റം സ്വീകരിച്ച് ഇസ്ലാമിക ഭീകരതയെയും ക്രൈസ്തവ മതപരിവര്‍ത്തന ലോബിയെയും കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് അരാജകവാദികളെയും എല്ലാംകൂടെ കൂട്ടിയിണക്കി ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയ അജണ്ടയുമായി ഭാരതീയ ദേശീയതയെ വെല്ലുവിളിക്കുകയാണ്. അവിടെയാണ് അംബേദ്കറുടെ സ്മരണ പുതുക്കേണ്ടതിന്റെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും കൂടി സ്വാംശീകരിച്ച് നാളത്തെ ഭാരതത്തിന് പുതുവഴി ഒരുക്കുന്ന നരേന്ദ്രമോദിയോട് ഒപ്പം സഞ്ചരിക്കേണ്ടതിന്റെയും പ്രസക്തി.