Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

നാം ജയിക്കും ഈ മാരിക്കാലത്തെ

വിശ്വരാജ് വിശ്വ

Print Edition: 7 May 2021

ഇന്ത്യാ മഹാരാജ്യം 15 കോടി വാക്‌സിനേഷന്‍ പിന്നിട്ടത് വെറും 100 ദിവസം കൊണ്ടാണ്. ലോകത്തില്‍ തന്നെ 100 ദിവസത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 15 കോടി വാക്‌സിന്‍ കൊടുത്തത് ഇന്ത്യയാണ്. അതും തികച്ചും സൗജന്യമായാണ് രാജ്യമെങ്ങും കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ വാക്‌സിന്‍ എത്തിച്ചുനല്‍കിയത്.

ആദ്യത്തെ 5 കോടി വാക്‌സിന്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ 67 ദിവസം എടുത്തു എങ്കില്‍ അവസാന 5 കോടി വാക്‌സിന്‍ വെറും 18 ദിവസം കൊണ്ടാണ് ലഭ്യമാക്കിയത്. വരുന്ന മാസങ്ങളില്‍ 30-40 കോടി വാക്‌സിനുകള്‍ മുഴുവന്‍ ലോകത്തിനും വേണ്ടി പ്രതിമാസം ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്ന ഇന്ത്യ എന്ന ലോകത്തിന്റെ ഫാര്‍മസി ലോകത്തിന് നാളെയുടെ പ്രതീക്ഷയാണ്.

ഇന്ത്യ അറിയപ്പെടുന്നത് ലോകത്തിന്റെ ഫാര്‍മസി എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉല്പാദിപ്പിച്ചു കയറ്റി അയക്കുന്നത് ഇന്ത്യയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.. അതിനാല്‍ തന്നെ മരുന്ന്/വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്ക് ലോകം പ്രതീക്ഷയുടെ കണ്ണുകളോടെ ഉറ്റുനോക്കുന്ന സമയം ആണ് ഈ കോവിഡ് കാലം. ഏതാണ്ട് 170 ല്‍ അധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ കോവിഡ് കാലത്ത് മരുന്നുകള്‍ എത്തിച്ചു കൊടുത്തു. അതിനുശേഷം 94 രാജ്യങ്ങള്‍ക്കായി 6.6 കോടിയോളം കോവിഡ് വാക്‌സിനുകള്‍ എത്തിച്ചുനല്കി ലോകത്തിന്റെ അഭിനന്ദനം ഏറ്റു വാങ്ങി.

ആഗോള തലത്തില്‍ നിലവില്‍ ലഭ്യമായതില്‍ ഏറ്റവും വിലകുറഞ്ഞതും അതേസമയം പ്രതിരോധ ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്നതും ആയ വാക്‌സിന്‍ നമ്മുടേതാണ്. ഇവിടെ നമ്മള്‍ ചില വസ്തുതകള്‍ പരിശോധിക്കേണ്ട സാഹചര്യം ഉണ്ട്.

ആദ്യത്തെ ഒരു വര്‍ഷം വാക്‌സിന്‍ ലഭ്യമാക്കാന്‍ ആവശ്യമായ തുക ഏകദേശം 80,000 കോടി ആണെന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ആയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചത്. അതിന്‍പ്രകാരം വാക്‌സിന്‍ ഏറ്റവും ആവശ്യമായ മുതിര്‍ന്ന ആളുകള്‍ക്ക്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, മുന്‍നിര പ്രവര്‍ത്തകര്‍ക്ക്- അതായത് 30 കോടി ആളുകള്‍ക്ക് ഉടനടി ആദ്യ ഘട്ടം വേണ്ടിവരും എന്ന് കണക്കാക്കി കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വിഹിതം ആയി 35000 കോടി നീക്കിവച്ചത്.

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയ്ക്ക് വാക്‌സിന്‍ ഉത്പാദനം നടത്താന്‍ നമുക്ക് അസംസ്‌കൃത വസ്തുക്കള്‍ തരുന്ന രാജ്യങ്ങള്‍ക്കും കൂടാതെ ദരിദ്ര രാജ്യങ്ങള്‍ക്കും എല്ലാം വാക്‌സിന്‍ കൊടുക്കാനുള്ള ധാര്‍മ്മിക ബാധ്യത കൂടി നമുക്ക് വന്നുചേര്‍ന്നു. മറ്റുള്ളവരുടെ കൈവശം ഇരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി മരുന്ന് ഉണ്ടാക്കിയ ശേഷം, ഇന്ത്യയിലെ 140 കോടി പേര്‍ക്കും വാക്‌സിന്‍ എടുത്തശേഷമേ ഞങ്ങള്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ തരൂ എന്ന് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന രാജ്യങ്ങളോടും വാക്‌സിന്‍ വാങ്ങാനോ ഉല്‍പ്പാദിപ്പിക്കാനോ കഴിയാത്ത രാജ്യങ്ങളോടും നമുക്ക് പറയാന്‍ കഴിയില്ലല്ലോ..?

വര്‍ദ്ധിച്ച ജനസംഖ്യയും വാക്‌സിനേഷനും
നിലവില്‍ ലോകത്തില്‍ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കിയത് ഇന്ത്യ ആണ്… വെറും 100 ദിവസം കൊണ്ടാണ് 15 കോടി വാക്‌സിന്‍ ഇന്ത്യ കൊടുത്തത് എന്നത് ചെറിയ നേട്ടമല്ല.

എന്നാല്‍ ഇത് രാജ്യത്തെ ജനസംഖ്യയുടെ 15% മാത്രമേ ആകുന്നുള്ളൂ. 85% പേര്‍ ബാക്കി ആണ്. നിലവില്‍ 18 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമല്ല. അപ്പോള്‍ ആ സംഖ്യ കുറച്ച് ഏതാണ്ട് 90-100 കോടി പേര്‍ക്ക് ആണ് നമ്മുടെ രാജ്യത്ത് വാക്‌സിന്‍ വേണ്ടത്. അതില്‍ 15 കോടി പേര്‍ക്ക് നല്‍കിക്കഴിഞ്ഞു.

എന്നാല്‍ അമേരിക്കയുടെ ജനസംഖ്യ 33 കോടി മാത്രമാണ്..അതില്‍ 8 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതായത് മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്നു ഭാഗം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
ബ്രിട്ടനിലെ ജനസംഖ്യ 6.6 കോടിയാണ് എങ്കില്‍ അതില്‍ 3.2 കോടി ആളുകള്‍ക്ക് വാക്‌സിന്‍ ഒരു ഡോസ് എങ്കിലും കിട്ടി. 1 കോടി ആളുകള്‍ക്ക് 2 ഡോസും കിട്ടി. ആ രാജ്യത്ത് മരണപ്പെട്ടവരില്‍ 90 ശതമാനവും 50 വയസ്സിന് മുകളില്‍ ഉള്ളവര്‍ ആയതുകൊണ്ട് ആ വിഭാഗം ആളുകളെ ആണ് അവര്‍ ആദ്യം വാക്‌സിനേറ്റ് ചെയ്തത്. കൂടെ ആരോഗ്യ – മുന്‍നിര കോവിഡ് പോരാളികള്‍ക്കും കുത്തിവയ്പ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പക്ഷെ 60 ശതമാനത്തിനു മുകളില്‍ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തില്‍ ആണ് ഉള്ളത് എന്നും ഓര്‍ക്കണം.

വൈകാതെ ഇന്ത്യ 50 കോടി വാക്‌സിനേഷന്‍ കടക്കും. 100 ദിവസം കൊണ്ട് ആണ് 15 കോടി വാക്‌സിന്‍ കൊടുത്തത് എങ്കില്‍ അടുത്ത 60 ദിവസം കൊണ്ട് 40 കോടി വാക്‌സിന്‍ എങ്കിലും ഇന്ത്യ കവര്‍ ചെയ്യണം. 4 ഇരട്ടി വേഗതയില്‍ ആവും നമുക്ക് പോകേണ്ടി വരിക… അത് കൊണ്ട് തന്നെ മോദി സര്‍ക്കാര്‍ വരുന്ന മാസങ്ങളിലേക്ക് അതിനായി ഉള്ള പദ്ധതികള്‍ തയാറാക്കി കഴിഞ്ഞുകാണും.

വാക്‌സിന്‍ ഉത്പാദനം കൂട്ടുമ്പോള്‍
തല്‍ക്കാലത്തെ ആവശ്യത്തിന് ഇതുവരെ ഉല്‍പ്പാദിപിച്ച വാക്‌സിന്‍ മതിയാകും. എന്നാല്‍ ഉല്‍പ്പാദനം നാലോ അഞ്ചോ ഇരട്ടി വര്‍ധിപ്പിച്ചാലേ ഇനിയുള്ള 65% ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം വാക്‌സിന്‍ ഇറക്കുമതി ചെയ്യേണ്ടിവരും.

അതെങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നതു സംബന്ധിച്ച ഏകദേശ രൂപം പുറത്തുവന്നിട്ടുണ്ട്.
1. കൊവാക്‌സിന്‍ ഭാരത് ബയോടെക് എന്ന ഇന്ത്യന്‍ കമ്പനിയുടെ നിലവിലെ പ്രതിമാസ ഉല്‍പാദനം 50 ലക്ഷം എന്നത് 1.25 കോടിയിലേക്ക് വരെ ഉയര്‍ത്തും.
2. കൊവിഷീല്‍ഡ്- സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസ ഉത്പാദനം ഇപ്പോള്‍ 7 കോടിയാണ്. അത് 10 കോടിയായി ഉയര്‍ത്തും.
3. നൊവാവാക്‌സ്-സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ പുതിയ വാക്‌സിന്‍ ഉല്‍പ്പാദനം പ്രതിമാസം 8 കോടി ആയി ഉയര്‍ത്താന്‍ സാധിക്കും.
4. സ്പുട്‌നിക് 5 റഷ്യയും ആയി സഹകരിച്ചു കൊണ്ടു നമ്മുടെ 6 ഫാര്‍മ കമ്പനികള്‍ ഉത്പാദിപ്പിക്കാന്‍ പോകുന്നത് പ്രതിവര്‍ഷം 85 കോടി (മാസം 7 കോടി) വാക്‌സിനുകള്‍ ആണ്… റെഡ്ഡീസ് ലാബ്, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയവയാണ് ആ കമ്പനികള്‍.
5. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതിമാസം 5 കോടി വാക്‌സിന്‍ ഇറക്കുമതി ചെയ്യും.
6. സൈകോവ് ഡി എന്ന സൈഡസ് കാഡില കമ്പനിയുടെ വാക്‌സിന്‍ തയ്യാറാണ്. അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രതിമാസം 1.2 കോടി വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും.
7. ഇന്‍ട്രാനാസല്‍ വാക്‌സിന്‍ എ ന്ന ഭാരത് ബയോടെക്കിന്റെ പുതിയ വാക്‌സിന്റെ പ്രതിമാസ ഉത്പാദനം 8 കോടി വരെ ആക്കാന്‍ സാധിക്കും.

ഇനി സെറം, ഭാരത് ബയോടെക് കൂടാതെ മറ്റു ഫാര്‍മ കമ്പനികളായ പനാസിയ ബയോടെക്, സനോഫിസ് ഷാന്റ ബയോടെക്, ബയോളജിക്കല്‍ ഇ, ഹെസ്റ്റര്‍ ബയോ സയന്‍സസ്, സൈഡസ് കാഡില എന്നീ കമ്പനികള്‍ ഒരുമിച്ചു ശ്രമിച്ചാല്‍ പ്രതിവര്‍ഷം 820 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

എങ്ങനെ നോക്കിയാലും നമ്മള്‍ 40 കോടി വാക്‌സിന്‍ വരുന്ന മാസങ്ങളില്‍ ഉല്പാദിപ്പിച്ചു തുടങ്ങും. വരുന്ന മാസങ്ങളില്‍ അതിനാല്‍ തന്നെ വാക്‌സിന് ഒരു ക്ഷാമവും ഉണ്ടാവില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. ഇന്ത്യ വെറുതെയാണോ ലോകത്തിന്റെ ഫാര്‍മസി എന്ന് അറിയപ്പെടുന്നത്.

ഭാരതത്തിന് ലോകത്തോടുള്ള കടമ
അമേരിക്കയുടെ ചുവട്ടില്‍ കിടക്കുന്ന കരീബിയന്‍ ദ്വീപ് രാജ്യമാണ് ബര്‍ബഡോസ്. ദരിദ്ര രാജ്യമാണ്. ജനസംഖ്യ 2.5 ലക്ഷം മാത്രമാണ്. ഒരുപക്ഷേ കോവിഡ് പടര്‍ന്നുപിടിച്ചാല്‍ ആ മഹാമാരിയെ ചെറുക്കാന്‍ കഴിയാതെ ആ രാജ്യം തന്നെ ഇല്ലാതായേക്കാം… അവര്‍ക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ എത്തിച്ചു കൊടുത്തതിന് നന്ദി പറയാന്‍ അവിടുത്തെ പ്രധാനമന്ത്രി നിറഞ്ഞ കണ്ണുകളോടെ ആണ് ക്യാമറക്ക് മുന്നില്‍ വന്നത്. ആ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി മോദിയുടെ ആരോഗ്യത്തിന് വേണ്ടി ദൈവത്തിനോട് അവര്‍ പ്രാര്‍ത്ഥിച്ചു. അമേരിക്കയല്ല ഇന്ത്യയാണ് അവര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ ഉള്ള ഉപാധി നല്‍കിയത്. അതുപോലെ ദരിദ്രമായ അനവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ കിട്ടാത്ത കാനഡ പോലുള്ള വലിയ രാജ്യങ്ങള്‍ക്കും ഇന്ത്യ നമ്മുടെ കടമയുടെ ഭാഗമായി വാക്‌സിന്‍ എത്തിച്ചുനല്‍കി. ലോകത്തിന്റെ ഫാര്‍മസിക്ക് അത് മനുഷ്യകുലത്തെ പിടിച്ചുനിര്‍ത്താന്‍ വേണ്ട കടമയാണ്, ബാധ്യതയാണ്…

ലോകാ: സമസ്താ സുഖിനോ ഭവന്തു എന്നു ഭാരതം പറയുക മാത്രമല്ല അത് ചെയ്തു കാണിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രി ആണ് നമുക്ക് ഇപ്പോഴുള്ളത്. ലോകം മുഴുവന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യ ഇന്ത്യയായി തന്നെ നിലനില്‍ക്കണം. ഇന്ത്യക്ക് ചൈന ആവാനോ അമേരിക്ക ആവാനോ കഴിയില്ല. മനുഷ്യത്വം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
ഇക്കാരണം കൊണ്ടു തന്നെയാണ് ഇന്ന് രണ്ടാം കോവിഡ് തരംഗം ഇന്ത്യയെ വിഴുങ്ങാന്‍ തുടങ്ങിയ സമയത്ത് വീണുപോകാതെ നോക്കാന്‍ അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സഹായമായി വിമാനങ്ങള്‍ പറന്നിറങ്ങിയത്. ആപത്തില്‍ ഇന്ത്യ അമേരിക്കയെ സഹായിച്ചു, ഇനി ഞങ്ങളുടെ ഊഴമാണ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.

വാക്‌സിനേഷന്‍:സമയക്കുറവും ആഭ്യന്തര എതിര്‍പ്പുകളും
നിലവില്‍ കണ്ടെത്തിയിട്ടുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ പോലും ചെറുക്കാന്‍ ശേഷിയുണ്ട് എന്നാണ് നമ്മുടെ വാക്‌സിനുകളെ കുറിച്ചു പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ക്ക് തന്നെ കോവിഡ് ബാധിക്കുന്നത് തീരെ കുറവാണ് എന്നാണ് വ്യക്തമാകുന്നത്.

പ്രോട്ടോകോള്‍ അനുസരിച്ച് ഏറ്റവും എളുപ്പം രോഗം വരാവുന്ന ആളുകള്‍ക്കാണല്ലോ ആദ്യ ഘട്ടം വാക്‌സിന്‍ എത്തിക്കുന്നത്… പക്ഷെ വാക്‌സിന്‍ എടുക്കാന്‍ ആളുകള്‍ സ്വയം അധികം മുന്നോട്ടുവരുന്നില്ല എന്നതും സത്യമാണ്. ബോധവല്‍ക്കരണത്തിന് ഉള്ള സമയക്കുറവും ഉണ്ട്. കോവിഡിനെതിരെയുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നോട്ട് വരുന്നവരെ വാക്‌സിന്‍ കൊടുത്തു സുരക്ഷിതരാക്കിയ ശേഷമേ വാക്‌സിന്‍ എടുക്കാത്തവരെ അവരുടെ അടുക്കലേക്ക് പോയി നിര്‍ബന്ധിച്ചു വാക്‌സിന്‍ എടുപ്പിക്കാന്‍ സാധിക്കൂ. കാരണം മീസില്‍സ് റൂബെല്ല വാക്‌സിന്‍ എടുക്കാന്‍ മലപ്പുറത്തെ സ്‌കൂളില്‍ എത്തിയ ഡോക്ടറെ തല്ലി ഓടിച്ച മത തീവ്രവാദികള്‍ 100% സാക്ഷരത ഉള്ള കേരളത്തില്‍ ഉള്‍പ്പെടെയുള്ള കാഴ്ചയാണ് എന്നു മറക്കരുത്. അത്തരത്തില്‍ ഉള്ളവരെ ബോധവല്‍ക്കരണം നടത്താന്‍ അടുത്ത ഘട്ടത്തിലെ സാധിക്കൂ എന്നതും വസ്തുതയാണ്.. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നമുക്ക് കിട്ടുന്ന ആദ്യ അവസരത്തില്‍ വാക്‌സിന്‍ എടുക്കുക എന്നതാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിക്കാരോ മറ്റോ പറയുന്നത് കേട്ട് വാക്‌സിനെതിരെ പ്രചാരണം നടത്താനോ, ക്ഷാമം ഉണ്ടെന്നു പറഞ്ഞു ജനങ്ങളെ ഭീതിയിലാക്കാനോ ശ്രമിക്കാതെ ഇരിക്കുക. കോവിഡിനെതിരെയുള്ള പോരാട്ടത്തിലൂടെ ലോകത്തിന്റെ ആദരവു നേടിയ ഒരു രാജ്യം എളുപ്പം തോറ്റ് കൊടുക്കില്ല എന്നതു നമ്മള്‍ മനസ്സിലാക്കുക. രാജ്യത്തെ ഒറ്റുകാരെ നിലക്ക് നിര്‍ത്താന്‍ മോദിക്ക് അറിയാം. കൊറോണ വൈറസിനെ നേരിടാനും മോദിക്ക് സാധിക്കും. പക്ഷെ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളുടെ അപവാദ പ്രചരണം ജനങ്ങള്‍ തന്നെ നേരിടണം.

വാക്‌സിന്‍ തീരുന്നു, ഞങ്ങള്‍ക്ക് കൂടുതല്‍ വേണം, മുഴുവന്‍ സൗജന്യമായി വേണം എന്നൊക്കെ വിവാദം ഉണ്ടാക്കി അതില്‍ നിന്നു കിട്ടുന്ന രാഷ്ട്രീയ ലാഭം നോക്കിനടക്കുന്ന കഴുകന്മാരായ രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ തിരിച്ചറിയണം. കാരണം മോദി കോറോണയോട് യുദ്ധം ചെയ്യണോ രാഷ്ട്രീയപ്പാര്‍ട്ടികളോട് യുദ്ധം ചെയ്യണോ എന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനം എടുക്കണം…

‘ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍’
പശുവിനെ ഗോമാതാവായി ആരാധിക്കുന്ന, പശുവിനെ ഭരണഘടനയില്‍ വരെ ഉള്‍പ്പെടുത്തിയ, യുദ്ധവിമാനത്തിന്റെ ചക്രത്തില്‍ നാരങ്ങ വച്ചു ശുഭാരംഭം കുറിക്കുന്ന, ചൊവ്വാ പര്യവേഷണ വാഹനത്തിന്റെ മുന്നില്‍ നാളികേരം ഉടക്കുന്ന സാംസ്‌കാരിക – ശാസ്ത്ര ശക്തി ആയ ഇന്ത്യ ലോകത്തെ സുഖപ്പെടുത്തുന്ന ഒരു വാക്‌സിന്‍ കണ്ടെത്തി. ഈ നാടിന്റെ പതിറ്റാണ്ടുകളുടെ ഗരിമ വാനോളം ഉയര്‍ന്നുപോവുമോ എന്ന പേടിയുണ്ട് ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക്. അതാണ് ആദ്യ ഘട്ടം മുതലേ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു വാക്‌സിന്‍ ഗവേഷണത്തെ എതിര്‍ത്തും വാക്‌സിന്‍ ഗവേഷണത്തിന് വേണ്ടി മോദി പോളിസികള്‍ വളച്ചൊടിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ടും രാഷ്ട്രീയ – സാംസ്‌കാരിക- ശാസ്ത്ര ലിബറലുകള്‍ ബഹളംവക്കുന്നത്. വാക്‌സിന്‍ അംഗീകരിക്കപ്പെടുമ്പോള്‍ മുറ്റത്തെ തുളസിയും അരിമാവിന്റെ കോലവുമൊക്കെ ലോകം ചര്‍ച്ച ചെയ്താല്‍ ഇക്കാലമത്രയും ഇവര്‍ എടുത്ത പണി വെള്ളത്തില്‍ ആവില്ലേ? 100 രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ എത്തിച്ച, 170 രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ എത്തിച്ച മോദിക്ക് നാളെ ഒരു നോബല്‍ കിട്ടിയാല്‍ ഇവര്‍ക്ക് സഹിക്കുമോ?

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ ആയ അദാര്‍ പൂനാവാല, 2020 മാര്‍ച്ചില്‍ കോവിഡ് ലോകം മുഴുവന്‍ പരിഭ്രാന്തിയില്‍ നില്‍ക്കുമ്പോള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നു പറഞ്ഞപ്പോള്‍ പലരും അത് ഗൗരത്തോടെ കാണാതെ തള്ളിക്കളയുകയാണ് ഉണ്ടായത്. കാര്യം ഇന്ത്യ ലോകത്തില്‍ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദക രാജ്യം ആണെങ്കിലും ഇന്ത്യയിലെ ഗവേഷണരംഗം ഇത്രക്ക് വളര്‍ച്ച നേടിയോ എന്നു പലരും ചിന്തിച്ചു. വാക്‌സിന്‍ ഘടകങ്ങള്‍ കൊടുത്തു വലിയ തോതില്‍ ഉല്‍പ്പാദനം നടത്തുന്ന പോലെ അല്ലല്ലോ ഗവേഷണം നടത്തി ലോകത്തെ ഭീതിയില്‍ ആഴ്ത്തിയ ഒരു രോഗത്തിന് വാക്‌സിന്‍ കണ്ടെത്തുക എന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനി ആസ്ട്ര സെനീക്ക എന്ന ബ്രിട്ടീഷ് -സ്വീഡിഷ് കമ്പനിയുമായും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് കോവിഷീല്‍ഡ് എന്ന ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍.

എന്നാല്‍ ഭാരത് ബയോടെക് എന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനി ഡോ. കൃഷ്ണ യെല്ലാ എന്ന അവരുടെ സി.ഇ.ഒയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിന്‍ ആണ് ‘കോവാക്‌സിന്‍’. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഒരു വലിയ ഉല്‍പ്പാദന സംവിധാനം ഇല്ല എങ്കിലും വാക്‌സിന്‍ പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നു. അങ്ങനെ ഇന്ത്യക്ക് സ്വന്തമായി രണ്ട് വാക്‌സിനുകള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നിയ നിമിഷങ്ങള്‍. ലോകം പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ഇന്ത്യയെ ഉറ്റു നോക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍. വാക്‌സിന്‍ നിര്‍മ്മാണത്തിന് സകല പിന്തുണയും നല്‍കി മരുന്നിന് അംഗീഷകാരം ലഭിക്കാനും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി മോദിയും രാത്രികള്‍ പകലുകളാക്കി മാറ്റി.

പക്ഷെ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും മോദിയെയും ഇന്‍ഡ്യയുടെ വാക്‌സിനെയും കടന്നാക്രമിച്ചു. വാക്‌സിന്‍ അനുമതി വേഗത്തില്‍ ആക്കിയതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിനു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഒന്നാം ഘട്ട ഹ്യൂമന്‍ ട്രയല്‍സും രണ്ടാം ഘട്ട ഹ്യൂമന്‍ ട്രയല്‍സും വിജയകരമായത് കൊണ്ടു വാക്‌സിന്‍ ഉപയോഗം തുടങ്ങാന്‍ ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും അനുമതി കൊടുത്തപ്പോള്‍, വാക്‌സിന്‍ ബഹിഷ്‌കരണ ആഹ്വാനവും ആയി വന്ന ശശി തരൂരിനെ പോലെ ഉള്ളവരെ കൂടി അതിജീവിച്ചാണ് ഇന്ത്യ ‘ ഇന്ത്യയുടെ വാക്‌സിനുകള്‍’ ഇന്ന് ലോകത്തിനെ മുഴുവന്‍ സുഖപ്പെടുത്താന്‍ എത്തിച്ചു നല്‍കുന്നത്.

വാക്‌സിന്‍ ഉല്പാദനത്തിനായി ഉള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ചിലവിലേക്ക് 3000 കോടിയുടെ ആവശ്യമുണ്ട് എന്നു സെറം കമ്പനി ആവശ്യപ്പെട്ടത് അനുസരിച്ചു ആ കമ്പനിക്ക് 3000 കോടിയും ഭാരത് ബയോടെക് എന്ന ഫാര്‍മ കമ്പനിക്ക് കോവാക്‌സിന്‍ ഉല്പാദനത്തിനായി 1500 കോടിയും മോദി സര്‍ക്കാര്‍ മുന്‍കൂറായി നല്‍കി. അത് കൂടാതെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ എത്തിക്കാന്‍ 35000 കോടി രൂപ വകയിരുത്തുകയും ചെയ്തു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി വില പ്രഖ്യാപിച്ചപ്പോഴും മേല്‍പറഞ്ഞ കൂട്ടര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. ഈ തടസ്സങ്ങള്‍ എല്ലാം തന്നെ വാക്‌സിനേഷന്‍ പ്രക്രിയ വൈകാന്‍ കാരണമാവും എന്നറിയാത്തവരല്ല. കേന്ദ്ര സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ ആകെ ഉല്പാദനത്തിന്റെ 50% വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിന് 150 രൂപക്ക് വിതരണം ചെയ്യാന്‍ ധാരണയായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിച്ച വിലയായ 400 രൂപ എന്നത് കുറച്ച് ഇപ്പോള്‍ 300 രൂപ ആക്കിയിട്ടുണ്ട്.

കോവിഷീല്‍ഡ് വാക്‌സിന്റെ 50 ശതമാനം റോയല്‍റ്റി തുകയുടെ അവകാശി വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ ഗവേഷണത്തില്‍ സഹായിച്ച ആസ്ട്ര സെനീക്ക എന്ന കമ്പനിക്കാണ്. അവര്‍ പക്ഷെ സെറം കമ്പനിയും ആയി ഉണ്ടാക്കിയ മുന്‍ കരാര്‍ പ്രകാരം അസ്ട്രാസെനെക്കയ്ക്ക് റോയല്‍റ്റി ഇനത്തില്‍ ഉള്ള തുകയില്‍ ഒരു രൂപ കുറവ് വരുത്തില്ല.

അതായത് സെറം, ആസ്ട്ര സെനീക്കയുമായി എത്തിയ ധാരണ പ്രകാരം വിപണിയിലേക്ക് എത്തുന്ന വാക്‌സിന്റെ 50% ലാഭം അസ്ട്രാക്ക് കൊടുക്കണം. സെറം അത് ഇന്ത്യന്‍ സര്‍ക്കാരിന് എത്ര സബ്സിഡി നിരക്കില്‍ കൊടുത്താലും നഷ്ടം വന്നാലും അസ്ട്രാക്ക് ലാഭത്തുകയുടെ പകുതി അവര്‍ക്ക് കൊടുത്തെ പറ്റൂ. അപ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്റുമായി സെറം ഉണ്ടാക്കിയ കരാറിലെ വില മൂലം ഉണ്ടാകുന്ന ലാഭത്തിലെ കുറവ് ആസ്ട്ര സെനീക്ക കമ്പനിക്ക് സെറം കമ്പനി അവരുടെ കയ്യില്‍ നിന്ന് എടുത്തു കൊടുക്കണം. അമേരിക്കന്‍ കമ്പനികള്‍ 1,500 രൂപയ്ക്ക് മുകളിലും ചൈനയുടെയും റഷ്യയുടെയും എല്ലാം വാക്‌സിനുകള്‍ 750 രൂപയ്ക്കും വില്‍ക്കപ്പെടുമ്പോഴാണ് ഇവിടെ സ്വകാര്യ ആശുപത്രികളില്‍ പോലും 600 രൂപയ്ക്ക് മരുന്ന് എത്തിക്കാം എന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.

ഈ വിലയുടെ വ്യതിയാനം പതിയെ പതിയെ ജനങ്ങളിലേക്ക് എത്താന്‍ തുടങ്ങിയ സമയത്താണ്, മരുന്നുല്‍പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയയ്ക്കില്ലെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാട് വെല്ലുവിളി ആയത്.

ഒട്ടും സമയം കളയാന്‍ ഇല്ലാതെ മോദി തന്റെ ഏറ്റവും വിശ്വസ്തനായ അജിത് ഡോവലിനെ തന്നെ രംഗത്ത് ഇറക്കി. അജിത് ഡോവല്‍ എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവനും ആയി സംസാരിച്ചു. ഇന്ത്യന്‍ ജെയിംസ് ബോണ്ട് അജിത് ഡോവലിന്റെ നയതന്ത്രചര്‍ച്ചകള്‍ ഫലം കണ്ടു. വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉടനെ തന്നെ യു.എസ്. ഇന്ത്യയിലേക്ക് അയച്ചു. അടുത്ത ദിവസം പത്ര സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് ശ്രദ്ധേയമായി. ‘കോവിഡ് രൂക്ഷമായ സമയത്ത് ഇന്ത്യ മരുന്നും ജീവന്‍ രക്ഷാഉപകരണങ്ങളും തക്ക സമയത്ത് ഞങ്ങളുടെ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത് കൊണ്ടാണ് കൊറോണ വൈറസിന്റെ ആദ്യത്തെ ആക്രമണം നേരിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഇനി ഞങ്ങളുടെ അവസരം ആണ്’. ഇന്ത്യക്ക് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് വേണ്ട കോണ്‌സെന്‍ട്രേറ്റുകളും വെന്റിലേറ്ററുകളും അമേരിക്ക കഴിഞ്ഞ ദിവസം എത്തിച്ചു.

ഒന്നു ആലോചിച്ചു നോക്കൂ, 140 കോടി ജനങ്ങള്‍ ഉള്ള നമ്മുടെ രാജ്യം ഈ വാക്‌സിന്‍ ഉത്പാദനത്തിന് വേണ്ട പരീക്ഷണങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ എത്ര എത്ര അന്താരാഷ്ട്ര മരുന്ന് കമ്പനികള്‍ നമ്മുടെ ജീവന്‍ വച്ച് വിലപേശുമായിരുന്നു. വേറെ ഗത്യന്തരം ഇല്ലാതെ അവര്‍ ചോദിക്കുന്ന വിലക്ക് നമ്മള്‍ വാക്‌സിന്‍ എടുക്കേണ്ടതായ സാഹചര്യവും ഉണ്ടായേനെ.. അതുകൊണ്ടുതന്നെ അവര്‍ ഉത്പാദിപ്പിച്ച വാക്‌സിന്റെ വില നിശ്ചയിക്കാനുള്ള അവകാശം മരുന്നു കമ്പനികള്‍ക്ക് ഉണ്ട്.

നുണപ്രചരണങ്ങള്‍
കോവിഡ് വാക്‌സിന്‍ വിലയെ കുറിച്ചു വ്യാപകമായ നുണപ്രചരണമാണ് കേരളത്തിലെ ഇടത് – വലത് മുന്നണികള്‍ നടത്തുന്നത്. അതിനെ പിന്‍പറ്റി ഇസ്ലാമിക തീവ്രവാദ സംഘടനകളും മറ്റനേകം ഈര്‍ക്കില്‍ സംഘടനകളും രംഗത്തുവന്നു. ഇവര്‍ പറയുന്ന വിഡ്ഢിത്തം ഒരേ താളത്തില്‍ ഒരേ യുക്തിയില്‍ ആയത് കൊണ്ട് അതിന്റെ പൊള്ളത്തരം പുറത്തു കാട്ടാന്‍ വലിയ അദ്ധ്വാനം വേണ്ട. പാലക്കാട് തോറ്റ എം പി അടക്കം കുറിച്ചു വെച്ചത് നുണയാണ് എന്നു തെളിയിച്ചു കൊടുത്തിട്ടും അത് തിരുത്താന്‍ കൂട്ടാക്കാതെ ജനങ്ങള്‍ക്കിടയില്‍ അസത്യ പ്രചരണം നടത്തിക്കൊണ്ടിരുന്നു.
വ്യാജപ്രചാരണം – സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ 8 ഡോളര്‍ (600 രൂപ) ഈടാക്കുമ്പോള്‍ മറ്റ് രാജ്യങ്ങളില്‍ അതില്‍ വളരെ വില കുറവാണ് എന്നാണ് ഇവര്‍ ആരോപിച്ചത്.

മറ്റു രാജ്യങ്ങളില്‍ ഉള്ള വിലയുടെ വിവരങ്ങള്‍ ചേര്‍ത്തത് ഇപ്രകാരം ആയിരുന്നു :
സൗദി 5.25 ഡോളര്‍ (400 രൂപ)
ദക്ഷിണാഫ്രിക്ക – 5.25 ഡോളര്‍ (400 രൂപ)
യു.എസ്.എ 4 ഡോളര്‍ (300 രൂപ)
ബംഗ്ലാദേശ് – 4 ഡോളര്‍ (300 രൂപ)
മേല്‍പറഞ്ഞ എല്ലാ രാജ്യങ്ങളും വാക്‌സിന്‍ വികസനത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ മറ്റു സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലക്ക് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന സെറം കമ്പനിയുമായി ധാരണ ആയതാണ്. അതായത് ഇന്ത്യക്ക് സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന വില ആയ 150 രൂപ 2 ഡോളര്‍ ആയി നിജപ്പെടുത്തിയത് പോലെ അതത് രാജ്യങ്ങള്‍ക്കും പ്രത്യേക വില സെറം നിശ്ചയിച്ചു നല്‍കിയിരുന്നു. പക്ഷെ അതെല്ലാം ഇന്ത്യക്ക് നല്‍കിയ വിലയേക്കാള്‍, അതായത് 150 രൂപയേക്കാള്‍ കുറവായിരുന്നു. എന്നാല്‍ വ്യാജ പ്രചാരകര്‍ ചെയ്തത്, 600 രൂപ എന്ന ഇന്ത്യയിലെ പൊതുവിപണിയിലെ വാക്‌സിന്‍ വിലയും മറ്റു രാജ്യങ്ങളിലെ സര്‍ക്കാര്‍ വിലയും ആയി താരതമ്യം ചെയ്ത പട്ടികവ്യാപകമായി പ്രചരിപ്പിക്കുകയാണ്. അതായത് ഇന്ത്യയിലെ പൊതുവിപണിയിലെ വിലയും മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ വിലയും തമ്മില്‍ ആണ് താരതമ്യം ചെയ്തത്. ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ തുടങ്ങിയ സമയത്ത് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റു രാജ്യങ്ങളിലെ വില ഇന്ത്യയെക്കാള്‍ കൂടുതല്‍ തന്നെയാണ് എന്ന് സെറം ഇറക്കിയ വാര്‍ത്താക്കുറപ്പില്‍ പറയുന്നുണ്ട്.
അതിലേറെ രസം പൊതുവിപണിയിലെ വിലയും, സെറം തന്നെയാണ് ഏറ്റവും വിലക്കുറവില്‍ നമുക്ക് വാക്സിന്‍ തരുന്നത് എന്നതാണ്. നിലവില്‍ 400/600 രൂപക്ക് ആണ് യഥാക്രമം സംസ്ഥാന സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്. അതേ ലോകത്തില്‍ നിലവിലെ ലഭ്യമായ മറ്റ് വാക്‌സിനുകളുടെ തുക എത്ര എന്നു നോക്കാം.
ഫൈസര്‍ 19.50 ഡോളര്‍ (1431 രൂപ) യുഎസ്എ
മോഡേണ 37 ഡോളര്‍ (2790 രൂപ) യുഎസ്എ
ജെ ആന്‍ഡ് ജെ 10 ഡോളര്‍ (750 രൂപ) യുഎസ്എ

ഓക്‌സിജന്‍ ക്ഷാമമോ,അതോ വിതരണസംവിധാനപരാജയമോ?
ഇന്ത്യക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ നമ്മള്‍ ഉല്പാദിപ്പിക്കുന്നില്ലേ? ഉണ്ട് എന്നാണ് ഉത്തരം.
ചില കണക്കുകള്‍ നോക്കാം… സാധാരണ അവസരങ്ങളില്‍ നമുക്ക് ദിവസേന വേണ്ടത് ഏതാണ്ട് 3800 – 4000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ്. പക്ഷെ പെട്ടെന്ന് ഉണ്ടായ രോഗവ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ സാഹചര്യത്തില്‍ അത് 5500 – 6000 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. എന്നാല്‍ നമ്മുടെ ദിവസേന ഉള്ള ഉത്പാദനം 7800 മെട്രിക് ടണ്‍ ആണ്. അതായത് ഇപ്പോഴുള്ള കൂടിയ ഓക്‌സിജന്റെ ആവശ്യവും നിറവേറ്റാന്‍ ഉള്ള ശേഷി നമുക്ക് നിലവിലുണ്ട്.

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കൂടുതലായി 1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം ഇന്ത്യ കൂട്ടിയിട്ടുണ്ട്.
നമ്മുടെ സ്വകാര്യ കമ്പനികളുടെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ കരുതലായി നിര്‍ത്തിയിരിക്കുകയാണ്… അത് ഏതാണ്ട് 2000 മെട്രിക് ടണ്‍ വരും. കൂടാതെ വ്യാവസായിക ഓക്‌സിജന്‍ കപ്പാസിറ്റി 50,000 മെട്രിക് ടണ്‍ വരെ ഉണ്ടെന്നു കണക്കുകള്‍ കാണിക്കുന്നു.

നിലവില്‍ ഉള്ള നമ്മുടെ ഉല്പാദനത്തിന്റെ പകുതി മാത്രമാണ് നമുക്ക് ഈ അവസരത്തിലും ആവശ്യം ഉള്ളൂ. അതായത് 5500 മെട്രിക് ടണ്‍. പക്ഷെ ഓക്‌സിജന്‍ ലഭ്യത കുറവാണെന്നു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നത് എന്തുകൊണ്ട്?

ഉത്പാദനത്തില്‍ അല്ല നമ്മള്‍ക്ക് തടസ്സം ഉണ്ടായത് വിതരണത്തിലും വിതരണ സംവിധാനത്തിലും സംഭരണത്തിലും ആണ്.. വാക്‌സിന്‍ പോലെ ഓക്‌സിജന്റെ വിതരണ സംവിധാനവും അതത് സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണല്ലോ ഡല്‍ഹി, കര്‍ണ്ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ എല്ലാം കോടതി വിളിച്ചു വരുത്തി മറുപടി ആവശ്യപ്പെട്ടത്.
ഒരു പ്രതിസന്ധി ഉണ്ടായാല്‍ നമുക്ക് എത്ര കൂടിയ അളവില്‍ ഓക്‌സിജന്‍ വേണ്ടിവരും? ഇപ്പോള്‍ നമുക്ക് എത്ര കൈവശം ഉണ്ട്? എത്ര ഓക്‌സിജന്‍ നമുക്ക് സൂക്ഷിക്കാന്‍ സൗകര്യം ഉണ്ട്? പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍ നമ്മള്‍ എന്തു ചെയ്യണം? എന്ന ഒരു ക്രൈസിസ് മാനേജ്‌മെന്റ് പ്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്നു വേണം മനസിലാക്കാന്‍… സംസ്ഥാനങ്ങളുടെ പേര് പറയാന്‍ കാരണം ഉണ്ട്.

ആരോഗ്യ പരിപാലനം എന്നത് പൂര്‍ണ്ണമായും ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ ബാധ്യത ആണ്, കേന്ദ്ര സര്‍ക്കാരിന്റെ യൂണിയന്‍ ലിസ്റ്റില്‍ അല്ല സ്റ്റേറ്റ് ലിസ്റ്റില്‍ ആണ് ആരോഗ്യ രംഗം.

ഓക്‌സിജന്‍ ലഭ്യതക്കുറവ് വന്ന സംസ്ഥാനങ്ങളില്‍ ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ബിഹാര്‍ എന്നിവ മുന്നില്‍ ആണെങ്കില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാ, കേരളം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ കൂടുതലാണ് എന്ന് കാണാം… അതില്‍ ചിലരുടെ എങ്കിലും കാര്യം അവരുടെ മിടുക്ക് ആണെന്ന് തോന്നുന്നില്ല. വെറും ഭാഗ്യം എന്നേ പറയേണ്ടൂ. അത് പറയാന്‍ കാരണം ഇതേ സംസ്ഥാനങ്ങളില്‍, കേരളം എടുത്താല്‍ വാക്‌സിന്‍ വിതരണത്തിലെ പാളിച്ച മൂലം ആണ് മാധ്യമങ്ങളില്‍ വാക്‌സിന്‍ ക്ഷാമം എന്ന വാര്‍ത്ത വന്നത്. യഥാര്‍ത്ഥത്തില്‍ വാക്‌സിന്‍ ലഭ്യത ഇത് വരെ കൃത്യമായിരുന്നു, അത് വിതരണം ചെയ്യുന്നതില്‍ ദിവസേനയുള്ള ക്വാട്ട അലോക്കേഷനില്‍ സംസ്ഥാനം പരാജയപ്പെട്ടു എന്നു കാണാം.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങളുടെ ആസൂത്രണം പാളിയത് മൂലം ഓക്‌സിജന്‍ വിതരണം വ്യോമസേനയെയും റെയില്‍വേയെയും നേവിയെയും ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് തന്നെ കൈകാര്യം ചെയ്യേണ്ട അധിക ചുമതല വന്നു ചേര്‍ന്നു.


എന്നാല്‍ ഓക്‌സിജന്‍ ആയാലും വാക്‌സിന്‍ ആയാലും അതിന്റെ വിതരണവും കൃത്യതയും ആസൂത്രണം ചെയ്യേണ്ടതും ഉറപ്പ് വരുത്തേണ്ടതും സംസ്ഥാന സര്‍ക്കാരുകള്‍ ആണ്, ഉല്പാദനവും ലഭ്യതയും കേന്ദ്രം ഉറപ്പാക്കണം… ഇപ്പോള്‍ സംസ്ഥാനങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങളില്‍ പരാജയപ്പെട്ടത് മൂലം കേന്ദ്രത്തിന് ഏറ്റവും താഴെത്തട്ടില്‍ വരെ എത്തി നോക്കേണ്ട അവസ്ഥയാണ്…

ഡല്‍ഹിയിലെ ഓക്‌സിജന്‍ ലഭ്യതക്കുറവ് ഭരണപരാജയം
കേന്ദ്രസര്‍ക്കാര്‍ (കേന്ദ്ര നോഡല്‍ ഓഫീസറും, ഉദ്യോഗസ്ഥരും, അഭിഭാഷകരും) കോടതിയില്‍ പറഞ്ഞത് ഇപ്രകാരമാണ്.
‘യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് ഇല്ല. ഡല്‍ഹി മതിയായ ടാങ്കറുകള്‍ അയയ്ക്കുന്നില്ല. റൂര്‍ക്കേലയില്‍നിന്ന് ഓക്‌സിജന്‍ ലഭ്യമാണെന്ന് മന്ത്രി ഉദ്യോഗസ്ഥരെ / നോഡല്‍ ഓഫീസറെ അറിയിച്ചു. പക്ഷെ അത് സ്വീകരിക്കാന്‍ ആരും അവിടേക്ക് എത്തിയില്ല. ഓക്‌സിജന്‍ വേണ്ട മറ്റു സംസ്ഥാനങ്ങള്‍ ടാങ്കറുകളുമായി സമീപിക്കുന്നുണ്ട്. റെയില്‍ മാര്‍ഗം ഈ ടാങ്കറുകള്‍ എത്തിക്കാനും ഡല്‍ഹിയില്‍ നിന്ന് അപേക്ഷ വന്നിട്ടില്ല; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷ വന്നിട്ടുണ്ട്. ഡല്‍ഹിക്ക് എല്ലാം അവരുടെ മുന്നിലേക്ക് എത്തിക്കണമെന്ന മനോഭാവമാണ്. അത് തെറ്റാണ്. ഞങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനേ കഴിയൂ.’
കോടതി ഡല്‍ഹി സര്‍ക്കാരിനോട് തുടര്‍ന്ന് ഇപ്രകാരം പറഞ്ഞു.

‘ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ക്ക് ചട്ടങ്ങള്‍ ഒന്നും അറിയില്ലെന്നാണ് തോന്നുന്നത്. എല്ലാം നിങ്ങളുടെ പടിക്കല്‍ കേന്ദ്രം എത്തിച്ചു തരണമെന്ന ചിന്തയാണ് നിങ്ങളുടെ കുഴപ്പം. അങ്ങനെയല്ല കാര്യങ്ങള്‍ നടക്കേണ്ടത്. കേന്ദ്രം ഓക്‌സിജന്‍ അനുവദിച്ച ശേഷം അത് സ്വീകരിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ഒരു ശ്രമം നടത്തിയോ? കേന്ദ്രം കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ലെന്ന് പറയുന്ന നിങ്ങളും കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ല. നിങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റുകളെ സമീപിച്ചോ? നിങ്ങള്‍ക്ക് ടാങ്കറുകള്‍ ഇല്ലെങ്കില്‍ അത് ഏര്‍പ്പാടാക്കുക. അതിനു പോലും ഒരു സബ് കമ്മിറ്റിയുണ്ട്. പക്ഷെ നിങ്ങള്‍ അവരെ സമീപിച്ചില്ലെങ്കില്‍ ഒന്നും നടക്കില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയേണ്ടതാണ്. അത് ചെയ്യൂ. അടുത്തുള്ള പ്ലാന്റുകളില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചു മാത്രമാണ് നിങ്ങള്‍ പറയുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിക്കാന്‍ നിങ്ങള്‍ എന്തുചെയ്തു? നിങ്ങള്‍ ഇപ്പോഴും ടാങ്കറുകള്‍ അന്വേഷിക്കുകയാണെങ്കില്‍ ഓക്‌സിജന്‍ അനുവദിക്കപ്പെട്ടു കഴിഞ്ഞു എന്നു മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. അനുവദിക്കപ്പെട്ടശേഷം മൂന്ന് ദിവസമായി. അത് സ്വീകരിച്ചില്ലെങ്കില്‍ ആരുടെ വീഴ്ചയാണ്? റൂര്‍ക്കേലയില്‍ നിന്നും കലിംഗ നഗറില്‍ നിന്നും ഓക്‌സിജന്‍ സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറുകള്‍ അയച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. എല്ലാം കേന്ദ്രസര്‍ക്കാരിനു വിടാന്‍ കഴിയില്ല. ഓക്‌സിജന്‍ ലഭ്യമാണ്. ടാങ്കറുകള്‍ ലഭ്യമാക്കണം. ഇന്നലെ 309 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ഡല്‍ഹിക്ക് ലഭിച്ചതെന്നാണ് ഞങ്ങളെ അറിയിച്ചത്. ഇതിനു കാരണം ക്രയോജനിക് ടാങ്കറുകള്‍ അയയ്ക്കാത്തതാണ്. അത്തരം ടാങ്കറുകള്‍ ലഭ്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കണം. ആവശ്യമായ കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചെയ്യാമെങ്കില്‍, അതൊന്നും ഡല്‍ഹി മാത്രം ചെയ്യാത്തതിനു ന്യായീകരണമില്ല. നിങ്ങള്‍ക്ക് ഈ പറഞ്ഞത് ചെയ്യാന്‍ ഉള്ള പ്രാപ്തി ഇല്ലെങ്കില്‍ അത് പറയൂ, കോടതി കേന്ദ്ര സര്‍ക്കാരിനോട് അത് ഏറ്റെടുക്കാന്‍ പറയാം’.
ഡല്‍ഹി സര്‍ക്കാര്‍ മേല്‍പറഞ്ഞത് അംഗീകരിച്ചു കൊണ്ടാണ് കോടതിയില്‍ നിന്നു പോയത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചു സംസ്ഥാനത്തെ ആരോഗ്യ പരിപാലനം സംസ്ഥാനത്തിന്റെ ചുമതല ആണ്. അത് അറിഞ്ഞു കൊണ്ടു തന്നെയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന നിഷ്‌ക്രിയനായ ഡല്‍ഹി മുഖ്യമന്ത്രി മുഴുവന്‍ കുറ്റവും കേന്ദ്ര സര്‍ക്കാരിന്റെ മുകളില്‍ ചൊരിഞ്ഞു ഒരു പത്രസമ്മേളനവും വിളിച്ചു സമര്‍ഥമായി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അതാണ് കോടതി ഇടപെട്ട് ആ നാടകം പൊളിച്ചതും കെജ്രിവാലിനോട് മര്യാദയ്ക്ക് പണി എടുക്കാനും പറ്റില്ല എങ്കില്‍ കളഞ്ഞിട്ട് പോകാനും പറഞ്ഞത്.

കോവിഡ് ദുരന്തത്തിന്റെ ആഴം കൂട്ടാന്‍ കേരളത്തിലെആര്‍.ടി.പി.സി.ആര്‍ കോവിഡ് ടെസ്റ്റ് കൊള്ള
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ പേരില്‍ ഉള്ള കേരളത്തിലെ കോവിഡ് ടെസ്റ്റ് കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തരമായി കോടതി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ശക്തമായ സൈബര്‍ സമരമുഖം തുറന്ന വേളയില്‍ തന്നെ സര്‍ക്കാര്‍ 1700 രൂപ ആയിരുന്നു കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് മറ്റ് സംസ്ഥനങ്ങളില്‍ ഉള്ള വിലയായ 500 രൂപ തന്നെയാക്കി ലാബുകള്‍ നടത്തിവന്നിരുന്ന പകല്‍ കൊള്ള നിര്‍ത്തലാക്കി. ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്ന ആര്‍.ടി.പി.സി.ആര്‍ നിരക്കിന്റെ ടെന്‍ഡര്‍ രേഖ ശരിയാണ് എങ്കില്‍ അതില്‍ രേഖപ്പെടുത്തിയിരുന്ന തുക 40 രൂപക്ക് താഴെ ആയിരുന്നു. ആ കണക്കില്‍ നിന്നാണ് ആദ്യം 2250 ഉം പിന്നെ 1700 ഉം പിന്നെ ഇപ്പോള്‍ 500 രൂപയും ആയി മാറിയത് എന്നു ഞെട്ടലോടെ ആണ് മനസ്സിലാക്കിയത്.

വാക്‌സിന്‍ പോലും ഒരിക്കല്‍ മാത്രം മതി, അതും ഡോസ് ഒന്നിന് 400 രൂപേയ ഉള്ളൂ. പക്ഷെ ഒരാള്‍ക്ക് തന്നെ അനവധി തവണ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടി വരും എന്ന കാര്യം മറക്കരുത്. ഓരോ തവണയും രോഗമുണ്ടോ, പ്രൈമറി കോണ്ടാക്റ്റ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ അയാള്‍ക്ക് 1700 രൂപ വച്ചു ചിലവായിക്കൊണ്ടിരിക്കും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ഈ നിരക്ക് കുറച്ചത് പോലെ കേരള സര്‍ക്കാര്‍ നിരക്ക് കുറക്കാന്‍ നടപടി എടുത്തിരുന്നു എങ്കില്‍ ഈ കൊള്ള നടക്കുമായിരുന്നോ?

ഈ കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക ആഘാതം നേരിടുന്ന ജനത്തിന്റെ നന്മയെ കരുതി സെറം , ഭാരത് ബയോടെക് പോലെ ഉള്ള കമ്പനികള്‍ അവരുടെ ലാഭം ത്യജിക്കാന്‍ തയ്യാറാവുമ്പോഴാണ് കേരളത്തില്‍ സര്‍ക്കാര്‍ കൂടി അറിഞ്ഞുകൊണ്ടുള്ള ഈ കൊള്ള നടന്നത് എന്നതു മറക്കരുത്.

Tags: CovidvaccineCovaxinCovishieldOxygen
Share5TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍….!

ഭക്ഷണം ഔഷധമാണ് ഔഷധം ഭക്ഷണമാക്കരുത്‌

മതം വിളമ്പി ജാതി കൂട്ടിക്കുഴച്ചുണ്ണുന്നവര്‍

ഉല്പന്നമാകുന്ന നമ്മള്‍

അഞ്ചുതെങ്ങ് ആറ്റിങ്ങല്‍ കലാപങ്ങളുടെ രാഷ്ട്രീയം

ആഖ്യാനയുദ്ധത്തിന്റെ പാശ്ചാത്യപര്‍വ്വങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies