കൊറോണയെന്ന മഹാവ്യാധിക്കെതിരെലോകം യുദ്ധംതുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. കൊറോണ വ്യാപനത്തിന്റെ ആദ്യതരംഗം ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ച് കുലുക്കിയപ്പോള്‍ ഉറച്ചു നിന്നു പൊരുതുവാന്‍ നേതൃത്വം കൊടുത്തത് ഭാരതമായിരുന്നു. സമ്പന്ന യൂറോപ്യന്‍ വന്‍ ശക്തികള്‍ വ െമഹാവ്യാധിയുടെ മുന്നില്‍ പകച്ചുനിന്നപ്പോള്‍ സക്രിയമായ കര്‍മ്മപരിപാടികള്‍ കൊണ്ട് രോഗവ്യാപനത്തെ എങ്ങനെ നിയന്ത്രിക്കാം എന്ന് ലോകത്തിനുമുന്നില്‍ മാതൃക സൃഷ്ടിക്കുവാന്‍ നരേന്ദ്രമോദിസര്‍ക്കാരിനായി.രാജ്യത്തെ അടച്ചിട്ടു കൊണ്ട് പ്രതിരോധത്തിന്റെ കോട്ട കെട്ടുക മാത്രമല്ല ഭാരതം ചെയ്തത്. കൊറോണ ബാധിതരാജ്യങ്ങളെ ആവും വിധം സഹായിക്കുവാനും നാം തയ്യാറായി. സമ്പന്ന രാഷ്ട്രങ്ങള്‍അടക്കം ഒട്ടുമിക്ക രാജ്യങ്ങളിലേക്കും മരുന്നും മറ്റ് സഹായങ്ങളും ഭാരതം അയച്ചുകൊടുത്തു. ഈ മഹാവ്യാധിയെ ലോക ജനത പരസ്പര സഹകരണത്തോടെയാണ് നേരിട്ട് പരാജയപ്പെടുത്തേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ഭാരതം മാതൃകയായി. ലോകരാജ്യങ്ങള്‍ മുഴുവന്‍ഭാരതത്തിന്റെ സന്‍മനോഭാവത്തെ പ്രകീര്‍ത്തിക്കുകയും ഭാരതത്തിന്റെ മാതൃകയെ പിന്‍തുടരുകയും ചെയ്തു.
എന്നാല്‍ അടുത്തിടെപൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാധിയുടെ രണ്ടാം തരംഗം രാജ്യവ്യാപകമായി ചില പരിക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന് കേന്ദ്രഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുവാനും വിമര്‍ശിക്കുവാനും പ്രതിപക്ഷ കക്ഷികള്‍ശ്രമിക്കുക എന്നത് ജനാധിപത്യ സംവിധാനത്തിലെ സഹജ സ്വഭാവമാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ യുദ്ധം, പകര്‍ച്ച വ്യാധി, പ്രകൃതിദുരന്തം എന്നിവയൊക്കെ വരുമ്പോള്‍ രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഭരണകൂടത്തിന്റെ ഒപ്പം നില്‍ക്കുന്നതാണ് ലോക മര്യാദ. എന്നാല്‍ ആ മര്യാദ അന്ധമായ അധികാരമോഹം ബാധിച്ച ചില രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും നരേന്ദ്രമോദി സര്‍ക്കാരിനോട്കാട്ടാന്‍ തയ്യാറല്ല. അവര്‍ക്ക് നരേന്ദ്ര മോദിയോട് പ്രതികാരം ചെയ്യാനുള്ള അവസരമായാണ് കോവിഡിന്റെ രണ്ടാം വരവിനെ കാണുന്നത്. അന്ധമായ ബി.ജെ.പി. വിരോധം രാജ്യത്തോടുള്ള യുദ്ധ പ്രഖ്യാപനമാക്കി മാറ്റിയ ചില മാധ്യമങ്ങളുടെ സഹായത്തോടെ നിഷേധാത്മ പ്രചരണപരിപാടികള്‍ക്ക് ചില പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ കുറച്ച് കാലമായി ശ്രമിച്ച് വരുകയാണ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ കൊറോണ അനിയന്ത്രിതമായി പടരാനും ഓക്‌സിജന്‍ ലഭിക്കാതെ ചില രോഗികള്‍ മരിക്കാനും ഇടയായത് നരേന്ദ്രമോദിയുടെ പിടിപ്പുകേടായി ചിത്രീകരിക്കുന്നതില്‍ ആനന്ദംകണ്ടെത്തുന്നവര്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്ന നിരവധി സത്യങ്ങള്‍ ഉണ്ട്.
കോവിഡിനെതിരെ പ്രതിരോധമരുന്ന് കണ്ടുപിടിക്കുന്നതില്‍ ഭാരതം വിജയിക്കുകയും ആ മരുന്ന് ലോക വ്യാപകമായി അംഗീകാരം നേടുകയുംചെയ്തിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ ഒന്നു കൊണ്ടു മാത്രമാണ്. ഭാരതത്തിന്റെ പ്രതിരോധ മരുന്നായ കോവാക്‌സിനെതിരെ പ്രചരണം നടത്തുന്നതില്‍ മുന്നിട്ടു നിന്ന പ്രതിപക്ഷ നേതാക്കള്‍ സത്യത്തില്‍ പ്രതിരോധകുത്തി വയ്പില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. രണ്ടാം തരംഗം വരുമ്പോഴേയ്ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തു കഴിഞ്ഞിരുന്നെങ്കില്‍ രോഗവ്യാപനത്തിന്റെ തോത് എത്ര കുറയ്ക്കാന്‍ കഴിയുമായിരുന്നു. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ മുന്‍ കൂട്ടിക്കണ്ടു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇരുനൂറ് കോടിയിലധികം ചിലവുവരുന്ന 162 ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ ഓര്‍ഡര്‍ നല്‍കിയത്. ഇത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നു. ഓക്‌സിജന്‍ ക്ഷാമം നേരിട്ട ദില്ലിയടക്കമുള്ള പല സംസ്ഥാനങ്ങളും ഇതിനോട് ഉദാസീന സമീപനമാണ് പുലര്‍ത്തിയത്.കേവലം 33 പ്ലാന്റുകള്‍ മാത്രമാണ് ഇതിനോടകം സംസ്ഥാനങ്ങള്‍ സ്ഥാപിച്ചത്. ആരോഗ്യ മേഖല സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല മെഡിക്കല്‍ ഓക്‌സിജന്റെ വിപണനം നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല. കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണാധികാരമുള്ള നാഷണല്‍ ഫാര്‍മ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ആശുപത്രികളില്‍ ചിലയിടങ്ങളില്‍ഉണ്ടായ ഓക്‌സിജന്‍ ക്ഷാമം നരേന്ദ്ര മോദി ബോധപൂര്‍വ്വം ഉണ്ടാക്കിയതാണ് എന്ന മട്ടിലായിരുന്നു ചില മാധ്യമങ്ങളുടെ പ്രചരണം.
ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെടുന്ന ഭാരതം ലോകത്തിലെ ഏറ്റവും വലിയ മരുന്നുല്‍പ്പാദക രാഷ്ട്രമാണ്. നാം ഉണ്ടാക്കിയ പ്രതിരോധ മരുന്ന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയതുകൊണ്ടാണ് രണ്ടാം തരംഗം ഉണ്ടാകുന്നതിനു മുമ്പ് ഭാരതത്തില്‍ എല്ലായിടത്തും കുത്തിവയ്പ് എടുക്കാന്‍ കഴിയാതിരുന്നത് എന്ന മട്ടിലാണ് കേരളത്തിലുള്ള ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. സൗജന്യമായി കിട്ടിയ മുഴുവന്‍ വാക്‌സിനും വിനിയോഗിക്കാന്‍ പോലും കഴിയാത്ത കേരളം പതിവുപോലെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന ആഭാസദൃശ്യങ്ങളും നാം കാണുകയുണ്ടായി. കേന്ദ്രം അനുവദിച്ച സൗജന്യ മരുന്നുകൊണ്ട് പ്രതിരോധകുത്തിവയ്‌പെടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേന്ദ്രം സൗജന്യ മരുന്നു നല്‍കുന്നില്ലെന്നു പറഞ്ഞു കൊണ്ട് മുറ്റത്ത് കുത്തിയിരൂന്നു പ്രതിഷേധിക്കുകയുണ്ടായി. ‘ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ ആരോഗ്യം മാത്രമല്ല ആത്മാഭിമാനവും കേന്ദ്രസര്‍ക്കാര്‍ പണയപ്പെടുത്തി’എന്നാണ് കേരളത്തിലെ ഒരു ഇടത് സാംസ്‌കാരിക നായകന്‍ രോഷംകൊണ്ടത്. ദില്ലിയില്‍ ശ്മശാനങ്ങളില്‍ ശവം ദഹിപ്പിക്കാന്‍ ജനങ്ങള്‍ വരിനിന്ന കാഴ്ചയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ വികസിത യൂറോപ്യന്‍ വന്‍ശക്തിരാജ്യങ്ങളിലുണ്ടായ ഭീകരാവസ്ഥയൊന്നും ഇതുവരെ ഭാരതത്തിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. അതിനു കാരണം പ്രതിസന്ധികളെ ദീര്‍ഘവീക്ഷണത്തോടെ നേരിടാന്‍ കരുത്തുള്ള ഉറച്ച കേന്ദ്രഭരണം ഭാരതത്തില്‍ ഉണ്ട് എന്നതാണ്. ലോകവും ഭാരതവും ഇന്നുവരെ നേരിടാത്തവിധം സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരേണ്ട മാധ്യമങ്ങള്‍ കോഴിക്കോട് നിന്നുമിറങ്ങുന്ന ഒരു പത്രം ചെയ്യുന്നതുപോലെ ദിവസവും ദില്ലിയിലെ നാല് ശ്മാശാനങ്ങളില്‍ നിന്നുള്ള അഞ്ച് ചുടലദൃശ്യങ്ങളുമായല്ല പുറത്തിറങ്ങേണ്ടത്. ജനങ്ങളില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കാനും ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വ്വം ശ്രമിക്കുന്ന എല്ലാ മാധ്യമ വൈറസുകളും ഒന്നു മനസിലാക്കിയാല്‍ നന്ന്, ഭാരതം ഈ യുദ്ധം ജയിക്കുക തന്നെ ചെയ്യും. ലോകം ഈ യുദ്ധത്തില്‍ ഭാരതത്തിന്റെ പിന്നില്‍ അണിനിരക്കുകയും ചെയ്യും.