ഇക്കഴിഞ്ഞ ദിവസം, നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി നല്‍കിയ ഒരു ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു. താരതമ്യേന ലളിതമായ ഒരു പ്രശ്‌നത്തെ ആസ്പദമാക്കി നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് (സംശയിക്കേണ്ട, മുന്‍ ഹൈക്കോടതി ജഡ്ജി തന്നെ!) അഞ്ചു പ്രാവശ്യം കാലാവധി നീട്ടിക്കൊടുത്തെന്നും, ഇതിനകം കമ്മീഷന്‍ ഏകദേശം 1.6 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞെന്നുമായിരുന്നു അത് (കമ്മീഷന്‍ ഇനിയും കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെടുമെന്നും, അനിവാര്യമായി കൂടുതല്‍ ലക്ഷങ്ങള്‍ ചെലവാക്കുമെന്നും, സര്‍ക്കാര്‍ അതിനു മൗനാനുവാദം നല്‍കുമെന്നും നികുതിദായകരായ നമ്മള്‍ കൂട്ടിവായിച്ചുകൊള്ളണം).
തൊട്ടുപുറകെ വന്നു മറ്റൊരു കമ്മീഷന്റെ നിയമനത്തെക്കുറിച്ചുള്ള വാര്‍ത്ത. ഇതിനകം കുപ്രസിദ്ധി നേടിയ നെടുങ്കണ്ടം സ്റ്റേഷനിലെ രാജ് കുമാറിന്റെ കസ്റ്റഡി കൊലപാതകമാണ് അന്വേഷണ വിഷയം. അന്വേഷിക്കുന്നത് മുന്‍ ഹൈക്കോടതി ജഡ്ജി തന്നെ. അദ്ദേഹത്തോടുള്ള നിര്‍വ്യാജമായ ആദരം വ്യക്തമാക്കിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ഈ കമ്മീഷന്റെ നിയമനം അനിവാര്യമായിരുന്നോ? സംസ്ഥാന മനുഷ്യാവകാശക്കമ്മീഷന്റെ അന്വേഷണം, ക്രൈംബ്രാഞ്ച് അന്വേഷണം, പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണം, ഹൈക്കോടതി സ്വമേധയാ രജിസ്റ്റ്രാര്‍ ജനറല്‍ വഴി നടത്തുന്ന അന്വേഷണം; ഇങ്ങനെ നാല് സമഗ്രമായ, പഴുതടച്ചുള്ള അന്വേഷണങ്ങള്‍ ഇപ്പോള്‍ തന്നെ നടന്നുവരുന്ന പശ്ചാത്തലത്തില്‍ അഞ്ചാമത് ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യമായിരുന്നോ? അത് അനിവാര്യമായും വരുത്തിക്കൂട്ടുന്ന വമ്പിച്ച ചെലവ്, ഇപ്പോള്‍ത്തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി കൊണ്ടു വീര്‍പ്പുമുട്ടുന്ന സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നില്ലേ?
”സുപ്രീം കോടതിയിലെ ഒരു സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്കു സ്വീകാര്യമല്ല” എന്ന് നിത്യേനയെന്നോണം അലറിവിളിക്കുന്ന പ്രതിപക്ഷ നേതാക്കന്മാരെപ്പോലെതന്നെ ലാഘവ ബുദ്ധിയോടുകൂടിയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നു ജനങ്ങള്‍ക്കു തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ‘കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്റ്റ്’ എന്ന കേന്ദ്ര നിയമം വഴി, ബന്ധപ്പെട്ടവര്‍ക്കെല്ലാം സ്വീകാര്യമായ, സംശയത്തിനതീതമായ ഒരു അന്വേഷണം നടത്തുന്നത് അത്രകണ്ട് വ്യക്തമായി, അഗാധമായി പൊതു താല്പര്യങ്ങള്‍ അന്തര്‍ഭവിക്കുന്നതും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന സംശയങ്ങള്‍ക്കു സാധ്യതയുള്ളതുമായ, അതി പ്രധാനവിഷയങ്ങളെക്കുറിച്ചേ പാടുള്ളൂ എന്ന ആരോഗ്യകരമായ മാനദണ്ഡം നീതിപീഠങ്ങള്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചിട്ടുള്ളതാകുന്നു. സംശയങ്ങളുടെയും അവ്യക്തതകളുടെയും ദുരൂഹതകളുടെയും പുകമറ നിശ്ശേഷം നീങ്ങിക്കിട്ടണമെന്നര്‍ത്ഥം.
ഇനി, ഇത്രയേറെ കാലവിളംബവും പൊതു ഖജനാവില്‍ നിന്ന് ഇത്രയേറെ ധനവ്യയവും വരുത്തിക്കൂട്ടുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങളുടെ ഭാവി നടപടി എന്താണെന്നറിയേണ്ടേ? ‘സരിത’ വിഷയത്തിലുള്ള അന്വേഷണക്കമ്മീഷന്റെയും, വിഴിഞ്ഞം തുറമുഖം പണി സംബന്ധിച്ച് മുന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളന്വേഷിച്ച കമ്മീഷന്റെയും റിപ്പോര്‍ട്ടുകളുടെ ഗതിയെന്തായെന്നു നമുക്കറിയാം.”Not with a bang but a whimper ” (സ്‌ഫോടനാത്മകമായിട്ടല്ല, ഒരു വിതുമ്പലായി) എന്നു ടി.എസ്. എല്യറ്റ് എന്ന മഹാകവി പണ്ടു പറഞ്ഞതുപോലെ, രാഷ്ട്രീയമോ മറ്റേതെങ്കിലും മണ്ഡലങ്ങളിലോ ഒരു ചലനവും സൃഷ്ടിക്കാതെ, പൊതു താല്പര്യമുള്ള യാതൊരു നടപടിയും ഉണ്ടാക്കാതെ ഈ അന്വേഷണങ്ങള്‍ അവസാനിച്ചു. (ഈ കമ്മീഷനുകള്‍ക്ക് എത്രതവണ കാലാവധി നീട്ടിക്കൊടുത്തെന്നും അവ പൊതു ഖജനാവില്‍ നിന്നും എത്ര കോടി രൂപ ചെലവാക്കിയെന്നും അന്വേഷിച്ചുകണ്ടുപിടിക്കുന്നത് രസകരമായിരിക്കും കൈക്കൊണ്ട മേല്‍നടപടികളെക്കുറിച്ചുള്ള വിശദമായ കുറിപ്പ് (Action Taken Report) സഹിതം അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സഭയില്‍ വെക്കണമെന്നതാണു നടപടിക്രമം. ചട്ടപ്പടി ഈ നടപടിക്രമം അനുഷ്ഠിച്ചു പോരുന്നുവെന്നല്ലാതെ, എത്ര നിയമസഭാംഗങ്ങള്‍ ഈ രേഖകള്‍ ഗൗരവപൂര്‍വ്വം പഠിക്കുന്നുവെന്നോ മേല്‍നടപടികള്‍ പരിഗണിക്കുന്നുവെന്നോ അറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഒരു ജനാധിപത്യ ഭരണ ക്രമത്തില്‍ പരമപ്രധാനമായ ഒരു സംവിധാനം, കാലാന്തരത്തില്‍ എത്രമാത്രം നിരര്‍ത്ഥകമായിത്തീര്‍ന്നിരിക്കുന്നു എന്നുപോലും ജനങ്ങള്‍ക്ക് ആശങ്കതോന്നിയാല്‍ അദ്ഭുതപ്പെടാനില്ല.
ഇതു വെറുതെ അങ്ങെഴതുന്നതല്ല. കുമരകം ബോട്ടപകടത്തെക്കുറിച്ചുള്ള ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സമഗ്രമായ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് തട്ടേക്കാടു ദുരന്തം ഉണ്ടായത്; അതിനെക്കുറിച്ചുള്ള ജസ്റ്റിസ് പരീതുപിള്ളയുടെ റിപ്പോര്‍ട്ട് അവഗണിച്ചതിനാലാണ് തേക്കടി ദുരന്തമുണ്ടായത് എന്നത്, ഒരു മാറ്റവുമില്ലാതെ, അന്വേഷണക്കമ്മീഷനുകളുടെ കാര്യത്തില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അക്ഷന്തവ്യമായ കൃത്യവിലോപത്തിന് ഒരു ഉദാഹരണമാണ്. മാറാട് വര്‍ഗ്ഗീയ കലാപത്തെക്കുറിച്ചുള്ള ജസ്റ്റിസ് ജോസഫ് തോമസ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ ശുപാര്‍ശകള്‍ (ഒരു പ്രമുഖ ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്നു പറയപ്പെടുന്നു) അവഗണിച്ചതിന്റെ പരിണതഫലമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍, പരമശാന്തമായിരുന്ന കേരളം ഭീകരപ്രവര്‍ത്തകരുടെ റിക്രൂട്ടിങ്ങ് സെന്ററും ട്രെയിനിങ്ങ് ഗ്രൗണ്ടുമായി മാറിയത് എന്നതു സമീപകാല ചരിത്രമാണ്.
ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ന്യായാധിപന്മാര്‍ക്ക് വര്‍ഷങ്ങളോളം പൊതുജനങ്ങളുടെ പണം കൊണ്ട് സുഖമായി ജീവിക്കുവാനുള്ള ഉപായമായിത്തീര്‍ന്നിരിക്കുന്നു അന്വേഷണക്കമ്മീഷനുകള്‍ എന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ പരിഭവിച്ചിട്ടെന്തുകാര്യം? ഇത് ഒരു വശം, മറിച്ച്, ഒരു ക്രമസമാധനത്തകര്‍ച്ചയോ കൂട്ടക്കൊലയോ അഴിമതി ആരോപണമോ (പ്രതിപക്ഷം ആര്‍ത്തലച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി ഉന്നയിച്ചാല്‍ മതി) അവഗണിക്കാനാവാത്തവിധം ഉയര്‍ന്നുവന്നാല്‍, ആക്രോശങ്ങളും ആരോപണങ്ങളും അവസാനിപ്പിക്കാനും ഭരണകക്ഷിക്കു തല്‍ക്കാലം ‘നിന്നു പിഴയ്ക്കാനും’ ഉള്ള ഒരു ചൊട്ടുവിദ്യയായി ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ മാറിയിരിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി മാത്രമേ ഉള്ളൂ എന്നു പറയാനാകുമോ? ജനാധിപത്യ വാദികളില്‍ അഗ്രഗണ്യനായ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1952ല്‍ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്റ്റ് എന്ന അതിപ്രധാനമായ നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. അതിനുശേഷം അക്ഷരാര്‍ത്ഥത്തില്‍ നൂറുകണക്കിനു കമ്മീഷനുകള്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. സിറ്റിങ്ങ് സുപ്രീം കോടതി ജഡ്ജി, സിറ്റിങ്ങ് ഹൈക്കോടതി ജഡ്ജി എന്നൊക്കെയുള്ള വായ്ത്താരികള്‍ മുഴങ്ങാറുണ്ടെങ്കിലും സിറ്റിങ്ങ് ജഡ്ജിമാരെ, അവരുടെ വമ്പിച്ച ജോലിഭാരം കണക്കിലെടുത്ത്, അന്വേഷണ കമ്മീഷനുകളായി നിയമിക്കാന്‍ സാധ്യമല്ലെന്നു സുപ്രീം കോടതി ഏറ്റവും സ്വാഗതാര്‍ഹമായ കര്‍ശന നിലപാടെടുത്തിട്ടുള്ളതിനാല്‍ വായ്ത്താരികള്‍ക്ക് പ്രചാരണ മൂല്യം(Propaganda Value) മാത്രമേ ഉള്ളൂ എന്ന് അട്ടഹസിക്കുന്ന കത്തി വേഷങ്ങള്‍ക്ക് നല്ലവണ്ണം അറിയാം.(സിറ്റിംഗ് ജഡ്ജിമാരായിരുന്ന എം.സി. ഛഗ്‌ളയുടെയും പി.റ്റി. രാമന്‍ നായരുടെയും മറ്റും അത്യപൂര്‍വ്വമായ അന്വേഷണ കമ്മീഷനുകള്‍ ഇന്നു പുരാവൃത്തങ്ങള്‍ മാത്രമാണല്ലോ).
നേരത്തെ സൂചിപ്പിച്ചതുപോലെ, നിയമിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം സമര്‍പ്പിക്കപ്പെടുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകളിന്മേല്‍, കാലാന്തരത്തില്‍ മൗലികമായ അടിസ്ഥാന പ്രശ്‌നത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിശേഷിച്ചും, ഭരണകൂടങ്ങള്‍ പ്രായേണ ഒരു നടപടിയും (ചട്ടപ്പടിയുള്ള ‘മേശപ്പുറത്തുവെക്കല്‍ ഒഴിച്ച്’) കൈക്കൊള്ളാറില്ല. 1984ല്‍ ദല്‍ഹിയില്‍ നടന്ന സിക്കുവിരുദ്ധ കൂട്ടക്കൊലയെക്കുറിച്ച് (3000 നിരപരാധികളുടെ ചോര ഇന്ദ്രപ്രസ്ഥത്തിലെ വീഥികളിലൂടെ ഒഴുകിയെന്നോര്‍ക്കുക) അന്വേഷിച്ച ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്റെയും ജസ്റ്റിസ് നാനാവതി കമ്മീഷന്റെയും റിപ്പോര്‍ട്ടിന്മേല്‍, 2014ല്‍ (സംഭവം നടന്ന് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ്) കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നതുവരെ യാതൊരു നടപടിയും ഉണ്ടായില്ല – പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ, സിക്ക് സമുദായത്തോടുള്ള പ്രസിദ്ധമായ ‘വിളിച്ചു ചൊല്ലി’ ക്ഷമാപണം ഒഴിച്ച്! ഇന്ദിരാഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഠക്കര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ഏതു നിലവറയില്‍ ഉറങ്ങുന്നുവെന്ന് നിശ്ചയമില്ല (‘സംശയത്തിന്റെ സൂചിമുന’ ചൂണ്ടുന്നതായി കമ്മീഷന്‍ വ്യക്തമായി പരാമര്‍ശിച്ച അത്യുന്നതന്മാരുടെ സ്വാധീനത്തിന്റെ വൈപുല്യം മൂലമാകണം!) രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ടിലും, 1992-93ല്‍ ബോംബെയില്‍ 1500 പേര്‍ കൊല്ലപ്പെടാനിടയായ കലാപങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഒരു നടപടിയും ഉണ്ടായതായി അറിവില്ല.
ഈ വിഭാഗത്തില്‍പ്പെട്ട ഏറ്റവും പരിഹാസ്യമായ (മറ്റൊരു വിശേഷണവും അത് അര്‍ഹിക്കുന്നില്ല തന്നെ!) ഉദാഹരണം 2003 ഡിസംബറില്‍ വെളിച്ചംകണ്ട, ബാബറി കെട്ടിടം തകര്‍ത്തതിനെപ്പറ്റിയുള്ള ജസ്റ്റിസ് മന്‍മോഹന്‍സിംഗ് (ആരോ പറഞ്ഞതുപോലെ, ഓനും മന്‍മോഹന്‍സിംഗ് തന്നെ!) ലിബറാന്റെ ‘ഐതിഹാസികമായ’ റിപ്പോര്‍ട്ട് തന്നെ എന്നതില്‍ സംശയമില്ല. സംഭവം നടന്നതിന്റെ പത്താം നാളില്‍ – 1992 ഡിസംബറില്‍ – ആണ് അന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ലിബറാനെ അന്വേഷണ കമ്മീഷനായി നിയമിച്ചത്. മൂന്നുമാസമായിരുന്നു കമ്മീഷന്റെ കാലാവധി. പക്ഷെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി ഏമാന്‍ എടുത്തത് പതിനൊന്ന് കൊല്ലം – ഒരു അഖിലകാല, അഖില ലോക റെക്കോര്‍ഡ് തന്നെ! യാതൊരു ഉളുപ്പും കൂടാതെ, ഒന്നും രണ്ടും തവണയല്ല, 48 തവണ കമ്മീഷന്‍ കാലാവധി നീട്ടിവാങ്ങിച്ചു. ഏമാന്റെയും ശിങ്കിടികളുടെയും (ശിപായിപ്പിള്ളമാര്‍, പലതരം കഴകക്കാരും അടിച്ചുതളിക്കാരികളും, തോട്ടക്കാര്‍, ഡ്രൈവര്‍മാര്‍ ഗുമസ്തന്മാര്‍, ചുരുക്കെഴുത്താശാന്മാര്‍ – ആശാട്ടികളും – വിസ്താര ഗുമസ്തന്മാര്‍, ഇവരുടെ മേല്‍നോട്ടം വഹിക്കുവാന്‍ സൂപ്രണ്ടുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍, സെക്രട്ടറി പിന്നെ ഏമാന്റെയും കൊച്ചമ്മയുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് നിയമിച്ചിട്ടുള്ള ഭൃത്യഗണങ്ങള്‍) ചെലവോ? കേവലം എട്ടുകോടി രൂപ! ‘ആം ആദ്മി’ എന്നു വിളിക്കപ്പെടുന്ന, മുഖമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ആഹാരം പോയിട്ട് കുടിവെള്ളം പോലുമില്ലാത്ത, പുഴുക്കളെപ്പോലെ പട്ടിണികൊണ്ടും പകര്‍ച്ചവ്യാധികള്‍ കൊണ്ടും ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന പിഞ്ചോമനകളെ (ബീഹാറിലെ സ്‌കോര്‍ 150 കഴിഞ്ഞെന്നു തോന്നുന്നു!) നെഞ്ചു തകര്‍ന്നു നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട, പട്ടിണിപ്പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും മിസ്റ്റര്‍ ജസ്റ്റിസ് എം.എസ്. ലിബറാന്‍ കമ്മീഷന്‍ എട്ടു കോടി രൂപ എടുത്തു ചെലവാക്കി!
ഇതൊക്കെ പോട്ടെ എന്നുവയ്ക്കാം. മലയൊരു ചുണ്ടെലിയെ പ്രസവിച്ചതുപോലെയായി ഹിസ് ലോഡ് ഷിപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ത്യാ മഹാരാജ്യത്തെ ഏതൊരു പോഴനും മാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കിയതിനപ്പുറം ഏമാനൊന്നും പറഞ്ഞില്ല! പുതിയ കണ്ടെത്തല്‍ യാതൊന്നുമില്ല.
ഇതൊക്കെ പറഞ്ഞിട്ടെന്തുകാര്യം? ഇനിയും കമ്മീഷനുകള്‍ നിയമിക്കപ്പെടും; കാലാവധികള്‍ അനന്തമായി നീട്ടിക്കൊടുക്കപ്പെടും; പൊതു ഖജനാവില്‍ നിന്നു കോടികള്‍ ചെലവാക്കപ്പെടും; ഏ.ടി. ആറുകള്‍ സഭകളുടെ മേശപ്പുറത്തുവയ്ക്കപ്പെടും; തുടര്‍ന്ന് അവ വിസ്മരിക്കപ്പെടും.
കമ്മീഷന്‍ ഏവ ജയതേ!