‘സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ
മാമേകം ശരണംവ്രജ’
മഴ ചാറിയ ഒരു തുലാമാസത്തിലെ ഇടിമുട്ടിക്കൊണ്ടിരുന്ന സായാഹ്നത്തിലാണ് അച്ഛന്‍ വേലായുധനോട് ഭക്തിയെക്കുറിച്ച് പറഞ്ഞത്. പതിനാലാം വയസ്സില്‍ മുളയിട്ടിരിക്കുന്ന പൊടിമീശ തടവിക്കൊണ്ട് വേലായുധന്‍ അച്ഛന്നരികില്‍ ജാഗ്രതയോടെയിരുന്നു.
‘മിഥ്യയായിട്ടുള്ള ഈ ലോകത്തെ സുഖദുഃഖങ്ങളെല്ലാമുപേക്ഷിച്ച് ഈശ്വരനില്‍ അര്‍പ്പിക്കലാണ് ഭക്തി. മതങ്ങളെല്ലാം പറയുന്നതിതു തന്നെ. പക്ഷേ മതത്തിന്റെ അടിമകളായ പലരും ഇതൊന്നും മനസ്സിലാക്കുന്നില്ല.’ പൊടുന്നനെ ഭയാനകമായ രീതിയില്‍ മുഴങ്ങിയ ഇടിനാദം അച്ഛന്റെ സംസാരവിഷയത്തെ ഈശ്വരനില്‍ നിന്ന് മണ്ണിലേക്കിറക്കി.
‘അന്നെനിക്ക് നിന്റെ പ്രായമേയുള്ളൂ. മലപ്പുറം ബാരക്കുകളില്‍ പാചകമാണ് അച്ഛന് പണി. ഇടയ്‌ക്കൊരു സഹായത്തിന് ഞാനും പോകും. പണിയും പഠിക്കാലോ. അച്ഛന്‍ വല്ലുക്കുട്ടി. അച്ചനെന്നേം കൂട്ടി ബാരക്കുകളുടെ പടവുകള്‍ കയറുമ്പോള്‍ ഉദ്യോഗസ്ഥര്‍ പറയും.’വല്ലുക്കുട്ടീം വേലപ്പനും വന്നല്ലോ. വേല ഇന്ന് തിമിര്‍ക്കും.’
അച്ഛന്റെ വാക്കുകളില്‍ പഴക്കമേറിയ ഭയപ്പാടിന്റെ വിറയല്‍.
കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ നിര്‍ത്തിയ യൂറോപ്യന്‍ ഇന്‍ഫെന്‍ട്രി താമസിക്കുന്ന ബാരക്കുകള്‍ മലപ്പുറം കുന്നിനു മുകളില്‍ ജാഗ്രത്തായി.
അച്ഛന്‍ മുന്നില്‍. വേലപ്പന്‍ പിറകില്‍. പെട്ടെന്ന് പുഴവക്കത്തെ പുരയിടത്തില്‍ നിന്നും ഭയപ്പെടുത്തുന്നൊരു ശബ്ദം. ഒരു ഡസന്‍ അക്രമികള്‍ വീടുവളഞ്ഞിരിക്കുന്നു. കണ്ണഞ്ചേരി ചോയിക്കുട്ടിയുടെ പുരയാണതെന്ന് അച്ഛന്‍ പറഞ്ഞു. ചോയിക്കുട്ടി അച്ഛന്റെ സുഹൃത്താണെന്ന് വേലപ്പന് പണ്ടേ അറിവുള്ളതാണ്.
തോക്കില്‍ നിന്നുള്ള തീയുണ്ടകളേറ്റ് പുരയ്ക്ക് പിറകിലുള്ള ആലയ്ക്കരികില്‍ ചോയിക്കുട്ടി നിലംപതിക്കുന്നത് കണ്ട് ഒരു നിമിഷം അച്ഛന്‍ നിശ്ചലനായി. എന്തുവേണമെന്നറിയാതെ തരിച്ചുപോയി. ഓലമേഞ്ഞ പുരയ്ക്കു മുകളില്‍ തീനാളങ്ങള്‍ അങ്കുരിച്ചുയര്‍ന്ന് ആകാശത്തേക്ക് വാ പിളര്‍ക്കവേ വേലപ്പന്‍ അച്ഛനെ വിട്ട് അങ്ങോട്ടോടി.
വെട്ടേറ്റ് ചോരയൊലിച്ച് ചോയിക്കുട്ടീടെ കൊച്ചുമകന്‍. തീ വിഴുങ്ങിയ പുരയിടത്തില്‍ നിന്നും പാതിപൊള്ളി പുറത്തേക്കലറിപ്പായുന്ന സ്ത്രീകളും കുട്ടികളും.
വേലപ്പന്‍ ആഞ്ഞൊന്നലറി.
‘ജ്ജേതാടാ ചെര്‍ക്കനേ ‘ എന്ന് ചോദിച്ച് കൊണ്ട് ഒരാള്‍ ചാടിവന്ന് വേലപ്പന്റെ കഴുത്തിനു പിടിച്ചു. അവന്‍ കുതറി ഓടി വീണു കിടക്കുന്ന ചോയിക്കുട്ടിയുടെ കൊച്ചുമകനെ ഉയര്‍ത്താന്‍ ശ്രമിച്ചു.
പൊടുന്നനെ കാല്‍മുട്ടിനുതാഴെ ഒരാഞ്ഞടിവീണപ്പോഴാണ് അവര്‍ തന്റെ പിറകിലുള്ള കാര്യം വേലപ്പന്‍ ശ്രദ്ധിച്ചത്. അവന്‍ തെറിച്ച് കിണര്‍ വക്കിലേക്ക് വീണു. തോക്കിന്റെ പാത്തി കൊണ്ട് അടിയേറ്റ വലംകാലില്‍ മറ്റൊരാള്‍ ആഞ്ഞൊന്ന് ചവിട്ടിയപ്പോള്‍ ആകാശം അടര്‍ന്നു വീണതായി വേലപ്പന് തോന്നി.
‘ഓനവ്ട കെടക്കട്ട്, ഇങ്ങള് ബരീന്‍.’ കണ്ണിലേക്ക് ഇരുട്ടു കലരുന്നതിനിടെ ഇങ്ങനെയൊരു ശബ്ദം കേട്ടതായി തോന്നി. കണ്ണിറുക്കിയടച്ചപ്പോള്‍ കൂരിരുട്ട്.
മൂന്നു വ്യാഴവട്ടങ്ങള്‍ക്കിപ്പുറത്തേക്ക് ആ ഇരുട്ടിനെ നീട്ടിയെടുത്ത് കണ്ണില്‍ നിറച്ച് വേലപ്പന്‍ കസേരയുടെ പിന്നിലേക്ക് ചാരി. വേലായുധന്‍ അച്ഛന്റെ ശേഷിയറ്റ വലംകാലൊന്നു തൊട്ടു. ഏറനാടിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ വെള്ളക്കാരും മാപ്പിളമാരും ജന്മിമാരും തിമിര്‍ത്താടിയ സാമൂഹ്യ നാടകത്തിന്റെ നടുവിലൂടെ മുടന്തിനീങ്ങുമ്പോള്‍ പലപ്പോഴും പദം തെറ്റിച്ച വിരൂപി.. ഇതുകൊണ്ട് വെക്കാനാഗ്രഹിച്ച ഒരു ചുവടും കൃത്യമായി പൂര്‍ത്തീകരിച്ചിട്ടുണ്ടാവില്ല അച്ഛന്‍ കൗമാരത്തിനിപ്പുറം.
അക്രമികള്‍ വനനിബിഡമായ മലഞ്ചെരിവുകള്‍ കടന്ന് ബേപ്പൂര്‍പുഴ മുറിച്ച് തൃക്കളൂര്‍ ക്ഷേത്രത്തില്‍ കയറി വാങ്കു വിളിച്ചതും ക്ഷേത്രഗോപുരത്തിന്റെ മേല്‍ത്തട്ടില്‍ക്കയറി ജനാലകള്‍ വഴി നാലു വശത്തേക്കും വെടിയുതിര്‍ത്തതും ഇന്‍ഫെന്‍ട്രി ഭടന്മാര്‍ സ്‌ഫോടനം നടത്തി ഗോപുരം തകര്‍ത്ത് ലഹളക്കാരെ ഇല്ലാതാക്കിയതും പിന്നീടാണ് അച്ഛന്‍ വേലായുധന് പറഞ്ഞ് കൊടുത്തത്.
അവൂക്കറെ വിട്ട് വീട്ടിലേക്ക് കയറുമ്പോള്‍ സൂര്യന്‍ മലകളേയും മരങ്ങളേയും കടന്ന് ആകാശത്തേക്ക് സ്വതന്ത്രനായിരുന്നു. അച്ഛന്‍ പറഞ്ഞ കഥകള്‍ മനസ്സില്‍ കിടന്ന് പിടഞ്ഞതിനാല്‍ അവുക്കറിനോട് കൂടുതലൊന്നും സംസാരിക്കുകയുണ്ടായില്ലെന്നത് ഉമ്മറത്തേക്ക് കയറിയതില്‍പ്പിന്നെയാണ് വേലായുധന്‍ ഓര്‍ത്തത്. വെയില്‍ മൂക്കാന്‍ തുടങ്ങിയതും അറിഞ്ഞില്ല.
അച്ഛന്‍ വരാന്തയില്‍ വന്നിരിപ്പുണ്ട്. കാല് അനുസരണക്കേട് കൂടുതലായി കാണിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് നാല് മാസമായി. അതില്‍പ്പിന്നെ വരാന്തയില്‍ നിന്ന് താഴേക്കിറങ്ങാറില്ല. രണ്ടു കുഞ്ഞുമുറികളും അടുക്കളയും വരാന്തയുമടങ്ങിയ കുടിക്കകത്തേക്ക് ജീവിതത്തെ ഒതുക്കി നിര്‍ത്തി പുഞ്ചിരിക്കാന്‍ പഠിച്ചിരിക്കുന്നു.
അമ്മ പതിവു വേവലാതികളോടെ ശങ്കരന്‍ നായരുടെ തോട്ടത്തില്‍ പണിക്കിറങ്ങിക്കഴിഞ്ഞു.
പതിനഞ്ചോളം സ്ഥിരം പണിക്കാരുടെ അധ്വാനമാണ് വലിയമലയുടെ പടിഞ്ഞാറന്‍ ചെരിവിനെ തട്ടുകളാക്കി നിര്‍മ്മിച്ചിരിക്കുന്ന നായരുടെ പറമ്പിലും താഴെയുള്ള വയലിലും സമൃദ്ധി വിളയിക്കുന്നത്. കവുങ്ങ്, തെങ്ങ്, കുരുമുളക്, ഏത്തവാഴ തുടങ്ങിയവ നിറഞ്ഞു നില്‍ക്കുന്ന പറമ്പും ആയിരംപറ നെല്ലു കൊയ്യുന്ന വയല്‍പ്പരപ്പും ശങ്കരന്‍ നായര്‍ക്ക് മക്കളെപ്പോലെയാണ്. കുട്ടിക്കാലം തുടങ്ങിയതാണ് ആ അതിര്‍ത്തിക്കകത്തെ അമ്മയുടെ പരവേശം. പണിക്കാരില്‍ ഏറ്റവും മുതിര്‍ന്ന സ്ഥാനത്താണിന്ന് അമ്മ.
ചിലപ്പോള്‍ വടക്കിനിക്കകത്തും പണികിട്ടും അമ്മയ്ക്ക്. ശങ്കരന്‍ നായരുടെ ഭാര്യ മാണിക്യം ചിലപ്പോ തോട്ടത്തിലേക്ക് ഉച്ചത്തില്‍ വിളിക്കും.
‘പാറുക്കുട്ടീ, കൊറച്ച് പാത്രം കഴുകാനുണ്ടല്ലോ, വരാമ്പേറ്റ്വാ’
കൂട്ടത്തില്‍ നിന്ന് തന്നെ മാത്രം വിളിച്ചതിന്റെ അഭിമാനത്തോടെ അമ്മ തെങ്ങിന്‍ തടത്തില്‍ നിന്ന് നടുനിവര്‍ത്തി നാലുകെട്ടിന്റെ വടക്കേ വശത്തു കൂടെ നടക്കും. ചെറുകുളത്തിലിറങ്ങി കാല്‍ കഴുകും. ചെറിയകുളം ആര്‍ക്കും ഇറങ്ങി കുളിക്കാനോ കൈകാല്‍ മുഖങ്ങള്‍ കഴുകാനോ സ്വാതന്ത്ര്യമുള്ളതാണ്. വടക്കിനിക്ക് നേരെ കിഴക്കുള്ള വലിയകുളം വീട്ടുകാരുടെ ആവശ്യത്തിനുള്ളത് മാത്രമാണ്. ജാതിപേറുന്നതും ജാതിരഹിതവുമായ കുളങ്ങള്‍ ഏതാനും വാര മാത്രം അകലം പാലിച്ച് മണ്ണിന്റെ മറവുകള്‍ക്കിടയിലൂടെ പരസ്പരം വെള്ളം കൈമാറിച്ചിരിച്ചു.
പത്തിരുപതടി ദൂരത്ത് നിര്‍ത്തേണ്ടോളെ വടക്കിനീക്കേറ്റി പാത്രം തൊടീക്കുന്നതില്‍ ബന്ധുജനങ്ങളില്‍ പലരും പരിഭവം പറഞ്ഞിട്ടുണ്ട് മാണിക്യത്തോട്. കാര്യമില്ലെന്നറിഞ്ഞപ്പോള്‍ മുറുമുറുപ്പുകള്‍ ശങ്കരന്‍ നായരുടെ അടുത്തുമെത്തി. മാണിക്യത്തിന്റെ ജ്യേഷ്ഠന്‍ കുഞ്ഞുണ്ണി നായരാണ് ഇക്കാര്യത്തില്‍ ഒട്ടും തൃപ്തനല്ലാത്തയാള്‍. അവിവാഹിതന്‍. പണിക്കാരെ നേര്‍വഴി നടത്തിക്കലില്‍ വിനോദം കണ്ടെത്തി അയാള്‍ നേരം പോക്കും.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ജന്മപ്പറമ്പിലേക്ക് സദാ ശ്രദ്ധകൂര്‍പ്പിച്ചിരിക്കുന്ന പടിപ്പുര. ഇരുവശത്തും വീട്ടുപറമ്പിന്റെ കിഴക്കേ അതിര്‍ത്തിയായി മണ്‍കയ്യാല. അതിനു മുകളില്‍ മുളംചില്ലകള്‍ കൊണ്ട് വേലി. വീട്ടുപറമ്പിനു ചുറ്റും മുളങ്കാടുകള്‍. വേലിക്കല്‍ നിന്ന് മുളംകമ്പുകള്‍ മാടിയൊതുക്കുന്ന ഉച്ചവെയിലുകളിലാണ് പാറുക്കുട്ടി ആദ്യകാലത്ത് വേലപ്പനെ കാണുന്നത്. ബാരക്കുകളിലേക്ക് വേച്ചുവേച്ചു നടക്കുന്ന യുവാവിന്റെ നടത്തത്തോട് കൗമാരക്കാരിക്ക് ആദ്യം സഹതാപം, പിന്നെ സൗഹൃദം. ഒടുവില്‍ പ്രണയത്തിന്റെ ചിറകുകള്‍ മുളയിട്ടപ്പോഴേക്കും ശങ്കരന്‍നായര്‍ കാര്യം കണ്ടുപിടിക്കുകയും പെരുംതൃക്കോവിലപ്പന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തി കെട്ടിക്കുകയും ചെയ്തു.
പിന്നീട് ജീവിതം താന്‍ ഭയപ്പെട്ട പോലെ മുടന്തുന്നില്ലെന്ന് വേലപ്പന് തോന്നി.
ആലയില്‍ പോയി രണ്ടു കാളകള്‍ക്കും വെള്ളവും പുല്ലും കൊടുത്താണ് വേലായുധന്‍ വരാന്തയിലേക്ക് കയറിയത്.
‘ന്തേ, വൈകീലോ’ അച്ഛന്‍ ചോദ്യചിഹ്നം പോലെ വളഞ്ഞിരുന്നു.
‘ഉം വൈകി, പോലായി’
പ്രാതലെടുത്ത് കഴിച്ച് വളരെ വേഗം പുറത്തിറങ്ങി ആലയിലേക്ക് പോയി. കാളകളെയഴിച്ച് വണ്ടിക്ക് കെട്ടി. കുടിക്കാനുള്ള വെള്ളം പാത്രത്തില്‍ നിറച്ച് വണ്ടിയില്‍ വെച്ചു. പാനീസ് വിളക്ക് ഉയര്‍ത്തി നോക്കി മണ്ണെണ്ണയുണ്ടെന്ന് ഉറപ്പു വരുത്തി.
വെയില്‍ മൂത്തു കഴിഞ്ഞിട്ടുണ്ട്. കാളകള്‍ നടന്നു തുടങ്ങി. വേദകാലം മുതല്‍ മനുഷ്യന് മുമ്പേ നടന്ന കാളകള്‍. മനുഷ്യനും അവന്റെ സാധന സാമഗ്രികളും ഭാരമാണെന്നറിഞ്ഞിട്ടും മിണ്ടാതെ അനുസരിച്ച മൂകജീവികള്‍. രണ്ടരക്കോല്‍ നുകത്തിനുകീഴെ ജന്മം നടന്നു തീര്‍ക്കുന്ന ഗോക്കള്‍. കരിവേലകമോ തേക്കോ കൊണ്ടു നിര്‍മ്മിച്ച വലിയ രണ്ടു ചക്രങ്ങള്‍ കാളകള്‍ നിശ്ചയിക്കുന്ന വേഗങ്ങളില്‍ കറങ്ങി. അങ്ങ് നാഗരികതയുടെ ഉണര്‍വു മുതല്‍ ഇങ്ങ് വേലായുധന്റെ കിതപ്പു വരെയുള്ള മാനവവംശത്തെ മുന്നോട്ടു നീക്കിയ ചക്രങ്ങള്‍.
എന്ത് വേവലാതിയിലും സ്വന്തം വണ്ടിയില്‍ കയറിയാല്‍പ്പിന്നെ വേലായുധന് മൂളിപ്പാട്ട് വരും. ചിലപ്പോള്‍ മണ്ണിലെ ഈ നെട്ടോട്ടത്തിനിടയിലും പ്രതീക്ഷകളുടെ മണം കലര്‍ന്ന പാട്ടുകള്‍. ചിലപ്പോള്‍ വിണ്ണിലെ നാഥന് എല്ലാം സമര്‍പ്പിക്കുന്ന പാട്ടുകള്‍. സ്വാതന്ത്ര്യ സമരഗീതികളോ വില്ലാളിവീരന്മാരുടെ വടക്കന്‍ വര്‍ണ്ണനകളോ പാടുമ്പോള്‍ കാളകള്‍ക്ക് ആവേശം കൂടും. യഥാര്‍ത്ഥത്തില്‍ അവ പാട്ടിന്റെ താളത്തില്‍ നടക്കുന്നതാണോ അവയുടെ താളത്തില്‍ താന്‍ പാടുന്നതാണോ എന്ന് ശങ്കിച്ചു കൊണ്ട് വേലായുധന്‍ കുടമണിക്കിലുക്കത്തിന്റെ ഒച്ചയില്‍ ശ്രദ്ധ കൂര്‍പ്പിക്കും.
രാവിലെ അരീക്കോട്ടേക്ക് പോയി, ഉച്ചയ്ക്ക് മുമ്പ് അവിടെയെത്തി എള്ളും കൊപ്രയും കയറ്റി, ഭക്ഷണം കഴിച്ച് ചാലിയാറിന്റെ തീരത്തെ ആഞ്ഞിലിച്ചുവട്ടില്‍ അല്‍പം മയങ്ങി ഫറോക്കിലേക്ക് തിരിക്കും. സന്ധ്യയ്ക്ക് ഫറോക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങും. ഇതാണ് പതിവുചിട്ടകളെങ്കിലും പലപ്പോഴുമത് തെറ്റും. കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തനം തന്നെ. മറ്റെല്ലാം തെറ്റിയാലും തനിക്കതൊരാവേശമാണ്.
ഇന്ന് ഇറങ്ങാന്‍ നേരംവൈകിയത് കാളകള്‍ തന്നെ മനസ്സിലാക്കി എന്ന് തോന്നുന്നു. അവയുടെ നടത്തത്തിന് പതിവിലും കൂടുതല്‍ വേഗം. കൊണ്ടോട്ടിയില്‍ നിന്നും വലത്തോട്ട് തെറ്റി എക്കാപ്പറമ്പ് കടന്ന് ആലിന്‍ ചുവട്ടിലെ തണല്‍ വിസ്താരത്തിലൂടെ നടക്കുമ്പോള്‍ അവ വേഗം കുറച്ചു. വേലായുധന്‍ ചെറിയ വടികൊണ്ട് വലത്തേ കാളയുടെ വലംഭാഗത്ത് ഒന്നു തലോടി.
വലംകാളയോട് പ്രത്യേകമായി ഒരു മമത മനസ്സില്‍ കൊണ്ടുവരാന്‍ കൃത്രിമമായി വേലായുധന്‍ കാളവണ്ടി യാത്രയില്‍ എപ്പോഴും ശ്രദ്ധിക്കും. അടി കൂടുതലേറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നവര്‍. ഓരോ ദിവസവും ഇടത്തും വലത്തും കാളകളെ പരസ്പരം മാറ്റുന്നതില്‍ തെറ്റുപറ്റാറുമില്ല. കീഴിശ്ശേരി കടന്ന് ചെറുകയറ്റത്തിലൂടെ നീങ്ങുമ്പോള്‍ വടക്കോട്ട് ചാഞ്ഞു വീഴുന്ന നിഴലിലേക്ക് വേലായുധന്‍ നോക്കി.
അതിവേഗം കറങ്ങുന്ന കുംഭത്തിലുറപ്പിച്ച പതിനാല് ആരക്കാലുകള്‍. ഈ കറക്കമാണ് തന്നെ മുന്നോട്ട് നീക്കുന്നത്.
ഇന്നേതായാലും മടങ്ങി ചരക്കും കൊണ്ട് ഫറോക്കിലെത്തുമ്പോഴേക്കും സ്റ്റേഷനിലെ സ്റ്റോക് റൂം അടക്കും. അരീക്കോട് തങ്ങി, നാളെ രാവിലെ മടങ്ങാം. എടവണ്ണയില്‍ ചര്‍ക്കാ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് നേതാവായ രാവുണ്ണി മേനോന്‍ പറഞ്ഞതാണ്. തന്റെ സാന്നിധ്യം പരിശീലകര്‍ക്കൊരു പിന്തുണയാകും.
ഇനി ചര്‍ക്കകളുടെ കറക്കമാണത്രേ ഭാരതത്തെ മുന്നോട്ട് കൊണ്ടുപോകുക. ഗാന്ധിയുടെ ആഹ്വാനം നേതാക്കളെല്ലാം ഏറ്റെടുത്തുകഴിഞ്ഞു.
ചെറിയൊരു കാറ്റ് കിഴക്കോട്ട് കടന്നു പോയപ്പോള്‍ വന്ന തണുപ്പില്‍ വേലായുധന്‍ കാളകളോട് പറഞ്ഞു.
‘ഞാനൊരു കടങ്കഥ ചോദിക്കാം. ഉത്തരം പറ’
കാളകള്‍ തലയാട്ടി
‘മൂളുന്നുണ്ട് വണ്ടല്ല, തിരിയുന്നുണ്ട് പമ്പരമല്ല’
(തുടരും)