പച്ചക്കൊടിയും തലപ്പാവും പര്‍ദ്ദയുമൊക്കെയായി സിനിമയെടുക്കാന്‍ ക്ഷേത്രത്തില്‍ വന്നവരുടെ ഉദ്ദേശ്യം എന്താണ്? ക്ഷേത്രാന്തരീക്ഷം മലിനമാക്കുകയും അവിടുത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമല്ല എന്ന് വിശ്വസിക്കുവാന്‍ അരിയാഹാരം കഴിക്കുന്ന ആരെയെങ്കിലും കിട്ടുമോ? കാവിക്കൊടിയും ബ്രാഹ്മണവേഷവുമായി പള്ളിയില്‍ സിനിമ പിടിക്കാന്‍ പോകാന്‍ ഇക്കൂട്ടര്‍ ധൈര്യം കാണിക്കുമോ? അഥവാ ഇത്തരം സംവിധാനവുമായി പള്ളിപ്പരിസരത്തേക്ക് പോയാല്‍ അവര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരുമോ? കടമ്പഴിപ്പുറം വായില്യംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ സിനിമ പിടിക്കാന്‍ പോയവര്‍ക്ക് ബീമാ പള്ളിയിലേക്കോ മമ്പുറം പള്ളിയിലേക്കോ പോകാനാകുമോ?
പറയിപെറ്റ പന്തിരുകുലത്തിലൂടെ പ്രസിദ്ധമായ കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രാങ്കണം സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുവാനാണ് ചിലര്‍ ശ്രമിച്ചത്. ഹിന്ദു-മുസ്ലീം പ്രണയകഥ പറയുന്ന ‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് ക്ഷേത്രാങ്കണത്തില്‍ ഏപ്രില്‍ 10ന് നടന്നത് എന്നാണവര്‍ അവകാശപ്പെടുന്നത്.
തുടക്കത്തിലിത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്നുണ്ടായ ചില ചിത്രീകരണങ്ങളാണ് അന്തരീക്ഷം വഷളാക്കിയത്. ഒരു യുവതി ക്ഷേത്ര ദര്‍ശനത്തിനു ശേഷം പുറത്തേക്കുവരുന്ന ദൃശ്യമാണ് ആദ്യം ചിത്രീകരിച്ചത്. ഈ സമയം മുസ്ലീം വിഭാഗത്തില്‍പ്പെട്ടൊരു യുവാവ് അങ്ങോട്ടേക്ക് പ്രവേശിക്കുന്നു. അവര്‍ പരസ്പരം കണ്ടുമുട്ടുന്നു. ഇതായിരുന്നു ആദ്യ രംഗം. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകരില്‍ ഒരാളുമായ സല്‍മാനായിരുന്നു ഈ യുവാവ്.
ഹിന്ദു-മുസ്ലിം പ്രണയ കഥ എന്ന പേരിലാണ് സിനിമക്ക് ക്ഷേത്രാങ്കണത്തില്‍ സെറ്റ് ഒരുക്കിയിരുന്നത്. എന്നാല്‍, സിനിമക്ക് ആസ്പദമായ ചിത്രീകരണമല്ല അവിടെ നടന്നത്. പച്ച പതാകയും തലപ്പാവും പര്‍ദ്ദ ധരിച്ച പെണ്‍കുട്ടികളും ഒപ്പം ഒരു പാര്‍ട്ടിയുടെ കൊടിയുമായിരുന്നു സെറ്റില്‍ ഉണ്ടായിരുന്നത്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലാണ് ഇതെന്നറിഞ്ഞതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. നിലമ്പൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് ചിത്രീകരണത്തിനായി ഇവിടെയെത്തിയത്.
ആഷിക്, ഷിനു, സല്‍മാന്‍ ഫാരിസ് എന്നിവരാണ് സിനിമയുടെ സംവിധായകര്‍. സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ അന്യമതത്തില്‍പ്പെട്ട മൂന്ന് പേര്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ചു എന്നത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അന്യമതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ല എന്നുള്ള നിയമം നിലനില്‍ക്കെയാണ് സിനിമയുടെ പേരില്‍ അന്യ മതത്തില്‍പ്പെട്ട ആളുകള്‍ ക്ഷേത്ര വളപ്പിനകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഈ നടപടി. സംഭവം രൂക്ഷമായതോടെ ഹൈന്ദവ സംഘടനാ നേതാക്കള്‍ രംഗത്തെത്തി. ഒരു കാരണവശാലും മതവികാരം വ്രണപ്പെടുത്തുന്ന സിനിമ ചിത്രീകരിക്കുവാന്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. ക്ഷേത്രത്തിന് പ്രത്യേക ട്രസ്റ്റിബോര്‍ഡുമുണ്ട്. ദേവസ്വത്തിന്റെയോ ട്രസ്റ്റി ബോര്‍ഡിന്റെയോ അനുമതി കിട്ടിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, തങ്ങള്‍ രേഖാമൂലം അനുമതി ചോദിക്കുകയും നല്‍കിയിട്ടുണ്ടെന്നുമാണ് സംഘാടകരുടെ അവകാശവാദം.
മലബാര്‍ പ്രദേശത്തിന്റെ ഒരു പ്രത്യേകതയുള്ളതുകൊണ്ടാണ് തങ്ങളിവിടെ എത്തിയതെന്നായിരുന്നു സംവിധായകന്‍ പറയുന്നത്. വരിക്കാശ്ശേരി മനയില്‍ ചിത്രീകരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഭാരിച്ച ചെലവാണത്രെ അതില്‍നിന്നും പിന്തിരിപ്പിച്ചത്. ഇവിടെ 3000 രൂപ അടച്ചെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ സിനിമക്കുള്ള ചിത്രീകരണത്തിനായി രേഖാമൂലമോ അല്ലാതെയോ യാതൊരുവിധത്തിലുള്ള അനുമതിയും നല്‍കിയിട്ടില്ലെന്ന് ക്ഷേത്രം എക്സി. ഓഫീസറും ട്രസ്റ്റി ബോര്‍ഡും അറിയിച്ചു. മാത്രമല്ല, ശ്രീകൃഷ്ണപുരം പോലീസ് സ്്റ്റേഷനിലും അവര്‍ ഇക്കാര്യം വ്യക്തമാക്കി. പ്രശ്നം രൂക്ഷമായതോടെ ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തിയാണ് പരിഹാരമുണ്ടാക്കിയത്. ചിത്രീകരണം തടഞ്ഞു എന്ന കാരണം പറഞ്ഞ് അഞ്ച് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അനുമതിയില്ലാതെ ക്ഷേത്രാങ്കണത്തില്‍ കടന്നു സിനിമ ചിത്രീകരിക്കുകയും ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കുകയും ആചാരലംഘനം നടത്തുകയും ചെയ്തവര്‍ക്കെതിരെ കേസ്സെടുക്കാന്‍ പോലീസ് തയ്യാറായില്ല.
തികച്ചും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നിടത്താണ് സിനിമയുടെ പേരില്‍ മതവൈര്യം ഉണ്ടാക്കുവാന്‍ ചിലര്‍ രംഗത്തെത്തിയത്. ഇതിനിടെ മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ ഡിവൈഎഫ്ഐയും രാഷ്ട്രീയ കളി ആരംഭിച്ചു. സിനിമാ ചിത്രീകരണം ഒരിക്കലും നിര്‍ത്തിവെക്കരുതെന്നും അതിനായി തങ്ങള്‍ വേണ്ട സംരക്ഷണം നല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ രീതിയിലാണ് ഡിവൈഎഫ്ഐയുടെ രംഗപ്രവേശം ഉണ്ടായത്.
ഹിന്ദുഐക്യവേദി പ്രക്ഷോഭവുമായി വന്നതോടെ പ്രശ്നം വഴിത്തിരിവിലായി. ബോര്‍ഡ് അനുമതി നല്‍കിയാലും ക്ഷേത്രാങ്കണത്തില്‍ ഇത്തരമൊരു സിനിമ ചിത്രീകരിക്കുവാനുള്ള അനുവാദം നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി. പ്രദേശത്തെ ഹിന്ദുക്കള്‍ രാഷ്ട്രീയഭേദമില്ലാതെ സംഘടിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
ഇത്തരമൊരു സിനിമ ക്ഷേത്രവളപ്പിനകത്ത് ചിത്രീകരിക്കുവാനുള്ള പ്രേരണ എവിടെനിന്നു വന്നുവെന്നറിയില്ല. പൊതുസ്ഥലങ്ങളില്‍ ക്ഷേത്രത്തിന്റെയും മറ്റും മാതൃക നിര്‍മ്മിച്ച് ഷൂട്ടിങ് നടത്തുന്നതാണ് സാധാരണ ക്ഷേത്രാന്തരീക്ഷം ചിത്രീകരിക്കാന്‍ സ്വീകരിക്കാറ്. അവിടെയും മതവികാരം വ്രണപ്പെടുത്തുന്ന അന്തരീക്ഷം ഉണ്ടാക്കാറില്ല. എന്നിട്ടും എന്തുകൊണ്ട് നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള വായില്യാംകുന്ന് ക്ഷേത്രം ഈ സിനിമക്കാര്‍ തിരഞ്ഞെടുത്തത് എന്നതും ദുരൂഹതയുളവാക്കുന്നു. സിനിമക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കെ ക്ഷേത്ര പരിസരം എങ്ങനെ അവര്‍ ചിത്രീകരണത്തിനായി ഉപയോഗിച്ചു എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. ഹിന്ദു-മുസ്ലീം പ്രണയകഥയുടെ പേരില്‍ മതവൈരാഗ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണ് ഇതിനു പിന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ക്ഷേത്രവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതിനാല്‍ ചിത്രീകരണം തടഞ്ഞതല്ലാതെ ഇവര്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ളബലപ്രയോഗമോ നാശനഷ്ടമുണ്ടാക്കലോ ഉണ്ടായിട്ടില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതേതരത്വത്തിന്റെ കുടപിടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹൈന്ദവാശയങ്ങളെ അവഹേളിക്കാന്‍ കിട്ടുന്ന ഏതൊരവസരവും ഉപയോഗിക്കുമെന്ന തീവ്രമായ വാശിയാണ് ഇതിനുപിന്നില്‍. ഹിന്ദു-മുസ്ലീം പ്രണയകഥ ചിത്രീകരിക്കുന്ന എത്രയോ സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അതിനെയൊന്നും ഹൈന്ദവസംഘടനകള്‍ എതിര്‍ത്തിട്ടില്ല. സിനിമയുടെ കഥയോ തിരക്കഥയോ എന്തെന്നോ അതിന്റെ സംവിധായകര്‍ ആരെന്നോ അന്വേഷിക്കാറുമില്ല. ഇവിടെ പ്രശ്നം അതല്ല. ക്ഷേത്ര പരിസരമാണ് ഇത്തരമൊരു സിനിമയുടെ ചിത്രീകരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ്. ക്ഷേത്ര പരിസരത്ത് സിനിമയെടുക്കാന്‍ രേഖാമൂലമുള്ള അനുവാദം അനിവാര്യമാണ്. അനുവാദം നല്‍കുമ്പോള്‍ത്തന്നെ കഥാതന്തു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതോ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കുന്നതോ ആണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഇവിടെ അതുമുണ്ടായിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്ഷേത്രങ്ങളെക്കൂടി ഹിന്ദു നിന്ദയ്ക്ക് ഇരയാക്കുകയാണ് ഈ സിനിമയുടെ പിന്നണിക്കാര്‍ ചെയ്യാനുദ്ദേശിച്ചത്. ഹൈന്ദവസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതോടെയാണ് അവര്‍ പിന്‍മാറിയത്.