ഈ ലേഖനം അച്ചടിച്ച് വരുമ്പോഴേയ്ക്കും തിരഞ്ഞെടുപ്പ് ഫലം പുറത്തായിക്കാണും. അതുകൊണ്ട് തന്നെ ഒരു പ്രവചനത്തിന്റെ യുക്തി തുലോം കുറവാണ്. എന്നിരുന്നാലും ഈ സമയത്ത് പ്രവചനത്തിന് അതിന്റെതായ വശ്യതയുള്ളതുകൊണ്ടും, മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുകൊണ്ടും കുറഞ്ഞവാക്കില്‍ ഒതുക്കുന്നു. ഭരണം സംബന്ധിച്ച് അഞ്ച് സാധ്യതകളാണുള്ളത്. 1. ഇടതുപക്ഷം പിണറായി വിജയന്റെ കരുത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചുവരുന്നു. 2. ചെറിയ ഭൂരിപക്ഷത്തില്‍ ഇടത് ഭരണം. 3. വളരെ വലിയ ഭരണവിരുദ്ധ തരംഗത്തില്‍ യു.ഡി.എഫ് ഭരണം. 4. എന്‍ഡിഎയും മറ്റു ചെറുപാര്‍ട്ടികളും രണ്ടക്ക സംഖ്യ കടക്കുകയും ചെറുഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും ചെയ്യും. 5. എന്‍.ഡി.എയ്ക്കും മറ്റു കക്ഷികള്‍ക്കുംകൂടി 10 സീറ്റുകള്‍ കിട്ടുക. ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതെ വരിക.
മാധ്യമങ്ങള്‍ എത്രയെല്ലാം സഹായിച്ചിട്ടും കേരളത്തില്‍ ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നു. സര്‍വ്വേകളില്‍ എല്ലാം വ്യക്തമായി സൂചിപ്പിച്ചതുപോലെ ശബരിമല, ആഴക്കടല്‍, കോവിഡ്, സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി, പ്രളയം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ ഭരണകൂടത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. എല്ലാ സര്‍വ്വേയിലും ചൂണ്ടിക്കാട്ടിയതുപോലെ 50 ശതമാനത്തിനു മുകളില്‍ എതിര്‍പ്പ് ഉണ്ടായിട്ടും നല്ലൊരു ശതമാനത്തിന് അഭിപ്രായം ഇല്ലാതിരുന്നിട്ടും വിജയിക്കുന്നത് എല്‍.ഡി.എഫ് എന്ന് പറയുവാന്‍ സഫോളജിയില്‍ വിചിത്രജ്ഞാനം തന്നെ ഉണ്ടാകണം.
മാത്രവുമല്ല പിണറായി ഭക്തര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇടതുപക്ഷ തുടര്‍ ഭരണം ഉറപ്പാണെന്ന് കടുത്ത പിണറായി ആരാധകര്‍ പോലും ഇന്ന് പറയുന്നില്ല. സി.പി.എമ്മില്‍ സംസ്ഥാന സെക്രട്ടറി തന്നെ വിജയം 95 സീറ്റില്‍ നിന്ന് 80 സീറ്റ് വരെയായി കുറച്ചിരിക്കുന്നു. സി.പി.എം രഹസ്യമായി, ബംഗളൂരുവിലുള്ള സ്വതന്ത്ര സര്‍വ്വേ ഏജന്‍സിയോട് തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വിജയ സാധ്യത സത്യസന്ധമായി വിലയിരുത്തുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറഞ്ഞത് 20 സീറ്റെങ്കിലും നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഈ ഏജന്‍സി ചൂണ്ടിക്കാണിച്ചത് പരമ്പരാഗതമായി ഇടതുപക്ഷം ജയിക്കുന്ന തെക്കന്‍ കേരളത്തിലെ സീറ്റുകളുടെ കുറവാണെങ്കില്‍, ഇവര്‍ പോലും പറയാന്‍ ഭയക്കുകയോ, തെറ്റായി കണക്കാക്കുകയോ ചെയ്ത മലബാറിലെ പല സീറ്റുകളും – വടകരയും നിലമ്പൂരും തവന്നൂരും അടക്കം, ഇടതിന് നഷ്ടപ്പെടും എന്ന് പാര്‍ട്ടി രഹസ്യമായി സമ്മതിക്കുന്നു. ഒരുപക്ഷെ ഇവയെല്ലാം വിജയിച്ച് ഇടതുമുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ മലയാളികളുടെ ജനാധിപത്യബോധത്തിന്റെ നിലവാരത്തകര്‍ച്ചയെന്നല്ല, മറിച്ച് മാധ്യമ പിന്‍തുണയോടെ വിലക്കെടുക്കപ്പെട്ട ജനവിധിയെന്നായിരിക്കും ചരിത്രം ഈ വിജയത്തെ കാണുക; സംശയമില്ല.
ഇവിടെയാണ് രാഷ്ട്രീയ കേരളം ഭയക്കുന്ന മറ്റൊരു രാഷ്ട്രീയ കരുനീക്കത്തിന്റെ സാദ്ധ്യതകള്‍ ജനങ്ങള്‍ കാണുന്നത്. ഇടതിന് വളരെ ചെറിയ ഭൂരിപക്ഷമോ, 70-ല്‍ കുറവ് സീറ്റുകളോ കിട്ടുകയും നേരത്തെ സൂചിപ്പിച്ചതുപോലെ എന്‍.ഡി.എയ്ക്കും മറ്റും 10ല്‍ കൂടുതല്‍ സീറ്റ് ലഭിക്കുകയും യു.ഡി.എഫിന് 65ല്‍ താഴെ സീറ്റുകള്‍ മാത്രം ലഭിക്കുകയും ചെയ്താല്‍ സി.പി.എം മുസ്ലിംലീഗുമായി സഖ്യമുണ്ടാക്കി ഭരണത്തില്‍ തുടരും. ഈ സഖ്യത്തിന് സി.പി.എമ്മും മുസ്ലിംലീഗും നിരത്തുവാന്‍ പോകുന്ന പ്രധാന കാരണം തൂക്ക്മന്ത്രിസഭ വന്നാല്‍ പ്രസിഡന്റ് ഭരണത്തിലൂടെ ബി.ജെ.പി പിന്‍വാതില്‍ ഭരണം കേരളത്തില്‍ നടത്തുന്നത് തടയാന്‍ സി.പി.എമ്മും മുസ്ലിംലീഗും ചെയ്യുന്ന രാഷ്ട്രീയത്യാഗം എന്ന അടവുനയം ആവും. മാധ്യമ പാണന്മാര്‍ ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ തീരുമാനമായി പുകഴ്ത്തി പാടും. അതോടെ കേരളഭരണം സി.പി.എമ്മിലെയും ലീഗിലെയും തീവ്രജിഹാദി ഗ്രൂപ്പുകളുടെ പിടിയില്‍ ആവുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി പ്രതിപക്ഷമായി വളരുവാനും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത വരുവാനും ഇത് കാരണമാകുമെങ്കിലും കേരളത്തിന് കോവിഡിനേക്കാള്‍ മാരകമായ ഒരു വൈറസ് ബാധയായിരിക്കും ഈ ഭരണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.
ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഭരണം ആര്‍ക്കും സുഖകരമായ യാഥാര്‍ത്ഥ്യമാവില്ല. കോവിഡ് പോലുള്ള രോഗങ്ങളെ മാത്രമല്ല, തൊഴില്‍ ഇല്ലായ്മയും വ്യാവസായിക വളര്‍ച്ചാ മുരടിപ്പും സാമ്പത്തിക ഞെരുക്കവും കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും. പുതിയ നിയമനങ്ങളും ശമ്പളപരിഷ്‌കരണവും പിടിച്ച ശമ്പളം തിരികെ നല്‍കലും പുതുക്കിയ ക്ഷേമ പെന്‍ഷനുകളും അടക്കം പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഭരണകൂടത്തിന് വലിയ തലവേദനയാകും.
യു.ഡിഎഫ് അബദ്ധവശാല്‍ എങ്ങാനും വന്നാലും 72,000 രൂപ പ്രതിവര്‍ഷം നല്‍കുമെന്ന വാഗ്ദാനവും, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാകുമെന്ന വാഗ്ദാനവും തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ഖജനാവ് എങ്ങിനെ താങ്ങുമെന്ന് കണ്ടറിയണം. ഇപ്പോള്‍ തന്നെ കേരളത്തിന്റെ പ്രധാന വരുമാനങ്ങള്‍ പ്രവാസി നിക്ഷേപവും അവരുടെയും കുടുംബത്തിന്റെയും ഉപഭോഗവും ആണെന്നിരിക്കെ അറബ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവും ആ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കും. പിന്നെ കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യവില്പനയും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനവുമാണ്. സത്യത്തില്‍ ഇത് ‘റിവേഴ്‌സ് സോഷ്യലിസം’ ആണ്. കാരണം കേരളത്തിലെ ബഹുഭൂരിപക്ഷവും മദ്യപാനികളും പാവപ്പെട്ടവരോ, ഇടത്തരക്കാരോ ആണ്. ലോട്ടറിയുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഈ വിഭാഗം തന്നെ. ലോട്ടറിയുടെ 60 ശതമാനം പോലും ഭാഗ്യസമ്പത്തായി ഉപഭോക്താക്കളില്‍ എത്തുന്നില്ല എന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുമ്പോള്‍, മദ്യത്തിന്റെ ഉല്‍പാദന വിലയേക്കാള്‍ പതിന്മടങ്ങ് നികുതിയായി സര്‍ക്കാര്‍ പിരിക്കുമ്പോള്‍ സത്യത്തില്‍ പാവപ്പെട്ടവന്റെ കയ്യില്‍ നിന്ന് പിടിച്ചുവാങ്ങി മാത്രമാണ് കേരളം മുന്നോട്ട് പോകുന്നത്. കാലാകാലങ്ങളായി വന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തിന്റെ വരുമാനം കൂട്ടുവാനായി വ്യാവസായിക – ഉല്‍പാദക-നിര്‍മ്മാണ വ്യവസ്ഥയെ നിഷ്‌കരുണം നശിപ്പിക്കുകയോ, നിരുല്‍സാഹപ്പെടുത്തുകയോ ചെയ്തതിന്റെ തിക്തഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.
ഈ കടക്കെണിയില്‍ നിന്ന്, അതെ 3.5 ലക്ഷം കോടി രൂപയുടെ ഭീകരമായ കടക്കെണിയില്‍ നിന്ന് കേരളം രക്ഷപ്പെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, സമൂഹം ഒട്ടാകെ അവരുടെ മലയാളിത്ത ചിന്താവൈകല്യത്തെ തിരുത്തിഎഴുതിയേ മതിയാകൂ. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളം കൂട്ടിയതുകൊണ്ടൊ, അവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് പെന്‍ഷനും, അലവന്‍സും നല്‍കിയതുകൊണ്ടോ മാത്രമല്ല കേരളത്തിന് ഇത്രയേറെ കടബാധ്യത ഉണ്ടായത്. ഇവയും നിയന്ത്രിക്കേണ്ടത് ആണെങ്കില്‍ കൂടി കേരളത്തിലെ സര്‍ക്കാര്‍ ധൂര്‍ത്ത് ഇതിനേക്കാള്‍ ഭീകരമാണ്. കെ.എസ്.ആര്‍.ടി.സിയിലെ ആയിരക്കണക്കിന് തൊഴിലാളികളും, കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ചെയ്യാത്ത നൂറുകണക്കിന് സര്‍ക്കാര്‍ കൃഷി സ്ഥാപനങ്ങളും കേരളത്തിന് ബാധ്യതതന്നെയാണ്. ഇതുകൂടാതെ ശരാശരി 75 പേരെ ദിവസം നിയമിക്കാന്‍ പി.എസ്. സിയില്‍ ഉള്ളത് ചെയര്‍മാനും 21 മെമ്പര്‍മാരും ഉള്‍പ്പെടാതെ 1678 തൊഴിലാളികളാണ്. ഇവയെല്ലാം ഒരു മഹാസാമ്പത്തിക ബാധ്യതയായി, നടുവൊടിക്കുന്ന മാലിന്യഭാണ്ഡങ്ങളായി, എന്തിന് ഓരോ മലയാളിയും മരിക്കുവോളം ചുമക്കുന്നു എന്ന ചോദ്യവും ഓരോ മലയാളിയും ചോദിച്ചുതുടങ്ങിയിരിക്കുന്നു.
വിദ്യാഭ്യാസത്തിലെ മലയാളിയുടെ നേട്ടങ്ങള്‍ സംസ്ഥാനത്തു തന്നെ പ്രയോജനപ്പെടുത്തി, കേരളത്തെ വയോജന പരിപാലന കേന്ദ്രതലസ്ഥാനമായി ഭാവിയില്‍ മാറുവാനുള്ള സാധ്യത മറികടക്കുവാന്‍ ഇനി വരുന്ന സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി പലതും ചെയ്യേണ്ടിവരും. യുവാക്കളെ കേരളത്തില്‍ പിടിച്ചുനിര്‍ത്തി അവര്‍ക്ക് തൊഴിലാളികളെന്ന സ്വപ്‌നമല്ലാതെ, സര്‍ക്കാര്‍ ജോലിയെന്ന മനപ്പായസമല്ലാതെ തൊഴില്‍ ദാതാക്കള്‍ ആകുവാനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കണം. അതുവഴി കേരളത്തിന്റെ തലച്ചോര്‍ ചോര്‍ച്ച തടയണം. നിലവിലെ അനുവര്‍ത്തിച്ചു വരുന്ന, പുരോഗമനമെന്ന് നാം വിശ്വസിച്ചുപോന്ന പല അറുപഴഞ്ചന്‍ വിശ്വാസപ്രമാണങ്ങള്‍ക്ക്, പ്രത്യേകിച്ച് ലോകമെമ്പാടും തകര്‍ന്ന ഇടതു ചിന്താഗതിക്ക് വിരുദ്ധമായിരിക്കും ഇത്.
അതുകൊണ്ട് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടം ഭരണകൂടത്തിനും സമൂഹത്തിനും ഒരേപോലെ സമ്മാനിക്കുന്നതാവും അടുത്ത അഞ്ച് വര്‍ഷം. മലയാളിയായി, ഭാരതീയനായി കേരളത്തില്‍ ജീവിക്കണമെങ്കില്‍ നമ്മള്‍ ഒറ്റക്കെട്ടായി സാംസ്‌കാരിക അധിനിവേശത്തെ തടയുകയും അതോടൊപ്പം തന്നെ ആധുനിക കാഴ്ചപ്പാടില്‍ ചിന്തിച്ചുകൊണ്ട്, ഭാരതീയ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് ഒരു വികസിത കേരളം സൃഷ്ടിക്കുകയും വേണം. അതിനുള്ള അവസാന ബസ് നഷ്ടപ്പെട്ടോ എന്നുള്ളത് തിരഞ്ഞെടുപ്പിന്റെ അന്തിമ വിധിയില്‍ മാത്രമല്ല, തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന്റെ ഓരോ സൂക്ഷ്മ ചലനത്തിലും വായിച്ചെടുക്കാന്‍ കാത്തുനില്‍ക്കുകയാണ് കേരളത്തിലെ യുവാക്കളും അഭ്യുദയകാംക്ഷികളും. ഒരു ചെറിയ പരാജയം പോലും ഇനി കേരളത്തിന് താങ്ങാനാവില്ല. ഉത്തിഷ്ഠത, ജാഗ്രത. പ്രാപ്യവരാന്‍ നിബോധത.