ജീവകൂലത്തിന്റെ ആവാസഗേഹമായ ഭൂമി ആസന്നമൃതിയിലാണെന്ന് പരിസ്ഥിതിസ്‌നേഹികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞുവന്ന ഭൂമുഖത്തെ ആവാസവ്യവസ്ഥ ഏതാനും നൂറ്റാണ്ടുകള്‍കൊണ്ട് തകിടം മറിഞ്ഞ് തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നുള്ളത്. കൃഷിയില്‍നിന്നും വ്യവസായത്തിലേക്ക് ഉപജീവനമാര്‍ഗ്ഗം പരിവര്‍ത്തിച്ചതോടെ പരിസ്ഥിതി മലിനീകരണവും ശക്തമായെന്നു പറയാം. വ്യാവസായിക വിപ്ലവം മലിനീകരണ വിപ്ലവം കൂടിയായതിങ്ങനെയാണ്. ആധുനിക കാലത്ത് കൃഷിയും മറ്റൊരു വ്യവസായമായി മാറിയെന്നു കാണാം.
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കീടങ്ങളെ ചെറുക്കാനും മണ്ണില്‍ ചൊരിഞ്ഞ രാസവസ്തുക്കള്‍ മണ്ണിന്റെ ജൈവികത നഷ്ടപ്പെടുത്തുകയും മണ്ണിനെ മൃതപ്രായമാക്കുകയും ചെയ്തിരിക്കുന്നു. വൈദിക ഭാരതം ഭൂമിയെ അമ്മയായി കണ്ട് ആരാധിച്ചിരുന്നതുകൊണ്ടാണ് ‘മാതാ ഭൂമി പുത്രോഹം പൃഥ്വിവ്യാം’ എന്ന തത്ത്വത്തെ ഹൃദയത്തിലേറ്റിയത്. ഭൂമി അമ്മയും ഞാനമ്മയുടെ പുത്രനും എന്ന വൈദിക സങ്കല്പത്തിലൂന്നിനിന്നുകൊണ്ട് വലിയൊരു പരിസ്ഥിതിവിപ്ലവത്തിന് രാഷ്ട്രീയസ്വയം സേവക സംഘത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഒത്തൊരുമിച്ച് ചേര്‍ന്നുകൊണ്ട് സമാരംഭം കുറിച്ചിരിക്കുകയാണ്. തൊട്ടതെല്ലാം തങ്കമാക്കി മാറ്റിയ പാരമ്പര്യമുള്ള സംഘപ്രസ്ഥാനങ്ങള്‍ സമാന ചിന്താഗതിയുള്ള സന്നദ്ധ സാമൂഹ്യ ആത്മീയ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിലൂടെ ആധുനിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക പരിഹാരമാതൃക സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിവൃഷ്ടിയും അനാവൃഷ്ടിയും പ്രകൃതി ദുരന്തങ്ങളും എല്ലാംകൊണ്ട് ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ് ഇനിഎത്ര കാലം എന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്. മനുഷ്യന്റെ ദുര മൂത്ത പരക്കം പാച്ചിലുകളും പരിസ്ഥിതി വിരുദ്ധമായ വികസന സമീപനങ്ങളുംകൊണ്ട് ആഗോള താപനം എന്ന പ്രതിഭാസം വര്‍ദ്ധിച്ചുവരികയാണ്.
വ്യവസായശാലകളും വാഹനങ്ങളും പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ ഭൂമിയുടെ കവചമായ ഓസോണ്‍ പാളികളില്‍ അര്‍ബുദം പോലെ പടര്‍ന്നുപിടിക്കുകയും അതിനെ ദ്രവിപ്പിച്ച് വന്‍ ദ്വാരങ്ങള്‍ വീഴ്ത്തുകയും ചെയ്തിരിക്കുന്നു. ഓസോണ്‍ പാളിയിലെ ദ്വാരങ്ങളിലൂടെ കടന്നുവരുന്ന സൂര്യന്റെ മാരക രശ്മികള്‍ അന്തരീക്ഷ താപം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആഗോള താപനമെന്ന ഈ പ്രതിഭാസം ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞു മലകളെ ഉരുക്കുകയും കടല്‍നിരപ്പ് ഉയരുന്നതിന് കാരണമാകുകയും ചെയ്യുന്നു. 1.5ഡിഗ്രി സെല്‍ഷ്യസായി ആഗോള താപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു കല്‍പ്പാന്ത പ്രളയത്തിലേക്ക് അധികദൂരം ഉണ്ടാവില്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിവര്‍ഷം 3.3 മില്ലിമീറ്റര്‍ സമുദ്ര ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭൂമി എഴുപത് ശതമാനവും ജലത്താല്‍ ചുറ്റപ്പെട്ടതെങ്കിലും ഇതില്‍ മൂന്നു ശതമാനംമാത്രമാണ് ശുദ്ധജലമുള്ളത്. പ്രാണജലത്തെ രാസമാലിന്യങ്ങളും പ്ലാസ്റ്റിക്കും നിക്ഷേപിച്ച് മലിനമാക്കുന്ന മനുഷ്യന്‍ കുടിവെള്ളത്തിനു വേണ്ടി പരക്കം പായുന്നകാലം വിദൂരമല്ല. മണ്ണ്, ജലം, വായു, ബഹിരാകാശം എന്നിവയെ തത്ത്വദീക്ഷയില്ലാതെ മലിനമാക്കുന്ന മനുഷ്യന്‍ എല്ലാ ജീവവര്‍ഗ്ഗത്തിന്റെയും അന്തകനായി മാറുകയാണ്. വികസന വേഗമാര്‍ജ്ജിക്കുവാന്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ചെറുതല്ല.
പ്രതിവര്‍ഷം 70 ലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് മനുഷ്യന്‍ അന്തരീക്ഷത്തിലേക്ക് വിസര്‍ജ്ജിക്കുന്നത്. വായു മലിനീകരണം ഇന്ന് നഗരങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഗ്രാമങ്ങളെ വരെ വായുമലിനീകരണം ഗ്രസിച്ചിരിക്കുന്നു. ഓരോ മണിക്കൂറിലും 800 പേര്‍ മലിന വായു ശ്വസിക്കുന്നതിനാല്‍ മരണപ്പെടുന്നു എന്നറിയുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാകുക. ഭൂമിയിലെ കാടുകളേക്കാള്‍ പ്രാണവായു ഉല്‍പ്പാദിപ്പിക്കുന്നത് കടല്‍ സസ്യങ്ങളാണ്. എന്നാല്‍ രാസമാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കുന്നതിലൂടെ കടലിന്റെ അമ്ലീകരണം അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത് കടല്‍ സസ്യങ്ങളെയും ജലജീവികളെയും നശിപ്പിക്കുമെന്ന് മാത്രമല്ല കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ലോകത്ത് ഇപ്പോള്‍ തന്നെ ഏഴിലൊരാള്‍ പട്ടിണിയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടലിനെയും കാടിനെയും ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ 80 ശതമാനം വനങ്ങളും മനുഷ്യന്‍ ഇതിനോടകം വെട്ടിനശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
2016 നുശേഷം 2.8കോടി ഹെക്ടര്‍ വനമാണ് പ്രതിവര്‍ഷം നശിപ്പിക്കപ്പെടുന്നത്. ഇത് മരങ്ങളുടെ തിരോധാനം മാത്രമല്ല ഉണ്ടാക്കുന്നത്. കാടിനെ ഉപാശ്രയിച്ച് കഴിയുന്ന സൂക്ഷ്മ ജീവികളടക്കം നിരവധി ജന്തുജാലങ്ങളെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കുവാന്‍ വനനശീകരണം കാരണമാകുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ കണക്കനുസരിച്ച് പ്രതിദിനം 137 ഇനം സസ്യ, ജീവ, പ്രാണിവര്‍ഗ്ഗങ്ങള്‍ ഭൂമുഖത്തു നിന്നും തിരോഭവിച്ചു കൊണ്ടിരിക്കുന്നു.കടലാസിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം എത്രയോ ഹെക്ടര്‍ വനം നമുക്ക് കാത്തുരക്ഷിക്കാന്‍ കഴിയും. എത്രയും വേഗം ജനങ്ങളെ ഡിജിറ്റല്‍ സാക്ഷരരാക്കുന്നതിലൂടെ കടലാസിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ കഴിയും. പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് മരങ്ങള്‍ നട്ടു പരിപാലിക്കുക എന്നത്. അതുപോലെ തന്നെ പ്രധാനമാണ് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടു വരുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി മരിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
1950 നു ശേഷം മാത്രം ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടത് 830 കോടിടണ്‍ പ്ലാസ്റ്റിക്കാണ്. അതില്‍ 70 ശതമാനം മണ്ണില്‍ ലയിച്ചു ചേരാതെ കിടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ‘ഭൂപോഷന്‍ അഭിയാന്‍’ എന്ന പേരില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ പോകുന്ന ഭൂമി സംരക്ഷണ യജ്ഞത്തിന്റെ പ്രസക്തി. കഴിഞ്ഞ ഏപ്രില്‍ 13 ന് യുഗാദി ദിനത്തില്‍ ഭൂമിപൂജയോടെ ആരംഭിച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ കേരളത്തില്‍ മാത്രം ഒരു കോടി വൃക്ഷ തൈകള്‍ നട്ടുകൊണ്ട് വലിയൊരു പരിസ്ഥിതി മുന്നേറ്റത്തിന് തുടക്കംകുറിക്കുകയാണ്.
മെയ് മാസം ഒന്നിന് വരാഹ ജയന്തി സുദിനത്തില്‍ കേരളത്തിലെ ആയിരക്കണക്കിന് ജലസ്രോതസ്സുകളെ ശുചീകരിക്കുന്നതിലൂടെ ശുദ്ധജലലഭ്യത ഉറപ്പു വരുത്തുകയാണ്. ഭൂമിയിലെ ഭാവി ജീവസഹസ്രങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ഈ പാരിസ്ഥിതിക യജ്ഞത്തില്‍ എല്ലാംമറന്ന് പങ്കെടുക്കുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.