നാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കഥകളിക്ക്. കലാചരിത്രത്തില്‍ നാല് ശതകം ഒരു വലിയ കാലയളവല്ല. എന്നാല്‍ ഒരു കലാരൂപത്തിന്റെ ചരിത്രത്തിന്റെ നാലിലൊന്നു വര്‍ഷങ്ങള്‍ തന്റെ ജന്മംകൊണ്ടും കര്‍മം കൊണ്ടും അടയാളപ്പെടുത്തിയ കലാകാരന്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു, 2021 മാര്‍ച്ച് 15 ന് പുലര്‍ച്ചെ 4.45 വരെ…
കഥകളിയില്‍ മൂന്നു തരത്തിലുള്ള സമ്പ്രദായങ്ങളുണ്ട്. അതില്‍ കല്ലടിക്കോടന്‍ ശൈലി പിന്‍തുടരുന്ന അവസാന വ്യക്തിയായിരുന്നു അദ്ദേഹം.
ഉത്തര മലബാറില്‍ കഥകളിരംഗത്തിന് പുനരുജ്ജീവനം നല്‍കിയ…. കേരളനടനമെന്ന പുതുകലാരൂപം ഗുരുഗോപിനാഥിനൊപ്പം ചിട്ടപ്പെടുത്തി നാടെങ്ങും പ്രചരിപ്പിച്ച…. 105-ാം വയസ്സിലും നവരസങ്ങളും മുദ്രകളും ചുവടുകളും ശിഷ്യര്‍ക്കായി പകര്‍ന്നു നല്‍കാന്‍ സദാ സമര്‍പ്പിതമായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെന്ന കലാ സപര്യക്ക് അന്ന് തിരശ്ശീല വീണു.
അരങ്ങിലാടുന്ന ഒരു കഥകളി വേഷക്കാരനായി മാറാന്‍, അണിയറയില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നം ആവശ്യമാണ്. ശരീരമൊന്നാകെ 64 കെട്ടുകളും, തലഭാഗത്ത് കിരീടം ഉറപ്പിക്കാനായി രണ്ടു കുത്തുകളുമാണ് ഉണ്ടാവുക. (64 കെട്ടും രണ്ടു കുത്തും).
ശാരീരികമായി വിശ്രമം ആവശ്യമാണ് ഈ പ്രായത്തില്‍. എന്നാല്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെന്ന കലാപ്രതിഭ നൂറ്റിരണ്ടാം വയസ്സിലും ആസ്വാദകര്‍ക്ക് മുന്നില്‍ തന്റെ ഇഷ്ട കൃഷ്ണ വേഷത്തില്‍ ആടി തിമിര്‍ത്തുവെന്നതിന് കോഴിക്കോട്ടെ ജനപ്രതിനിധികള്‍ അടക്കമുള്ള ആസ്വാദകര്‍ സാക്ഷി. ചുട്ടി കുത്തി ആട്ടവിളക്കിന് മുമ്പിലെത്തുമ്പോള്‍ എല്ലാം മറക്കും. വാഹനാപകടത്തില്‍ മുമ്പൊരിക്കല്‍ തകര്‍ന്ന വലതു കൈപ്പത്തി, തുന്നിക്കൂട്ടിയ കൈവിരലുകള്‍, പലപ്പോഴായി സംഭവിച്ച അപകടങ്ങളുടെ ഫലമായി തകര്‍ന്ന കാല്‍മുട്ടുകളിലെ എല്ലുകളില്‍ ഇട്ടിരിക്കുന്ന സ്റ്റീല്‍ കമ്പികള്‍, ശരീരത്തിലപ്പോള്‍ ഉടുത്തുകെട്ടും, കിരീടവുമായി 35 കിലോയിലധികം ഭാരവുമുണ്ടാവും. ഗിന്നസ്സ് അധികൃതര്‍ അടയാളപ്പെടുത്തിയില്ലെങ്കിലും നടന, നൃത്തരംഗത്തു തകര്‍ക്കാനാവാത്ത റെക്കോഡാണിത്.
ദശാബ്ദങ്ങള്‍ നീണ്ട തീവ്രമായ കലാസാധനയും വിവരിക്കാനാവാത്ത ഗുരുഭക്തിയുമാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെന്ന കലാകാരനെക്കൊണ്ടു ഇതെല്ലാം സാധ്യമാക്കിയതെന്നു അദ്ദേഹത്തിന്റെ ജീവിതം അടുത്തറിഞ്ഞാല്‍ ആര്‍ക്കും വിലയിരുത്താനാകും…..
അത്ഭുത മനുഷ്യന്‍
ഗോപി ആശാനോടൊപ്പം ഗുരു
ആശാന്റെ ഹൃദയ വിശാലത, നിഷ്‌കളങ്കത എന്നിവ എന്നെ ആകര്‍ഷിച്ചു. ഈ കാരണങ്ങളെക്കൊണ്ടു തന്നെ അദ്ദേഹത്തോട് എന്തെന്നില്ലാത്ത ഭക്തി, ബഹുമാനം എന്നിവ വര്‍ദ്ധിച്ചു വന്നു. മനസ്സു കൊണ്ട് അദ്ദേഹത്തെ ഗുരുവിനെപ്പോലെ തന്നെയാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരാശാന്റെ പ്രായം പരിഗണിച്ചാല്‍, കഥകളിയുടെ ചരിത്രത്തില്‍ ഇതുവരെ ഈ പ്രായത്തില്‍ വേഷം കെട്ടി അരങ്ങത്ത് പ്രകടനം കാഴ്ച വെച്ച് ശോഭിക്കാന്‍ പ്രാപ്തരായ ആചാര്യന്‍മാര്‍ ഉള്ളതായി കേട്ടറിവില്ല. അത്ഭുത മനുഷ്യന്‍! അല്ലാതെന്തു പറയാന്‍?
-കലാമണ്ഡലം ഗോപി ആശാന്‍
15-ാം വയസ്സില്‍ വള്ളിത്തിരുമണം എന്ന നാടകത്തില്‍ അഭിനയിച്ച പരിചയ സമ്പത്തുമായാണ് കഥകളി പഠിക്കാനായി ഗുരു ചേമഞ്ചേരി മേപ്പയ്യൂര്‍ രാധാകൃഷ്ണ കഥകളിയോഗത്തില്‍ എത്തുന്നത്. അവിടെ അച്ഛനു മകനോടെന്ന പോലുള്ള ഹൃദയ ബന്ധമായിരുന്നു ഗുരു കരുണാകരമേനോനും ശിഷ്യനും തമ്മില്‍. കഥകളി പരിശീലനം നല്‍കിയ ഗുരു കരുണാകരമേനോനില്‍ നിന്നും തുടങ്ങി, വിവിധ കാലയളവില്‍ നിരവധി ഗുരുനാഥന്‍മാര്‍, ആധ്യാത്മിക വര്യര്‍, സന്യാസി ശ്രേഷ്ഠര്‍. പേരെടുത്തു പരാമര്‍ശിച്ചാല്‍ ഇവിടെ തീരില്ല.
അന്തരിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് ഗുരു ചേമഞ്ചേരിയെ സന്ദര്‍ശിച്ചപ്പോള്‍ ആദ്യ ചോദ്യം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജിനെ കണ്ടിരുന്നോ എന്നും, ആശ്രമ വിശേഷങ്ങളുമെന്തെന്നായിരുന്നു. കാണാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ സ്വാമിജിയെ ഫോണില്‍ വീഡിയോ കാള്‍ ചെയ്തു നല്‍കി. ഗുരുകൃപയാവണം ആദ്യമായാണ് സ്വാമിജിയെ ഫോണില്‍ കണ്ടു സംസാരിക്കാനാവുന്നത്. അദ്ദേഹം അവസാനമായും.. കസേരയില്‍ ഇരുന്നു സന്തോഷ പൂര്‍വ്വം ഇരുവരും സംസാരിക്കുന്ന അസുലഭ നിമിഷങ്ങള്‍ക്ക് എന്നോടൊപ്പം ഗുരുവിന്റെ പേരമക്കളും സാക്ഷിയായിരുന്നു. അവിടെ എത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ഗുരുഭക്തി. നൂറ്റാണ്ടു കടന്ന ജീവിതത്തില്‍ ഓരോ ചുവടും പതറാതെ മുന്നോട്ടു ചലിച്ചത് തന്റെ ഗുരുവിനോടൊപ്പം കഴിഞ്ഞ കാലയളവിലെ ശിക്ഷണവും ശ്രദ്ധയും കൊണ്ടു മാത്രമാണെന്നും ആ അറിവുകള്‍ ജീവിതത്തില്‍ നിഴലിക്കുന്നുവെന്നും ഗുരു ചേമഞ്ചേരി പറഞ്ഞത് രേഖപ്പെടുത്താന്‍ ഭാഗ്യം ലഭിച്ചതിനാലാണ് ഈ എഴുത്തിന് എനിക്കും അവസരം ലഭിച്ചത്. ഗുരു എന്ന രണ്ടു വാക്കിന്റെ അര്‍ത്ഥമെന്തെന്ന് സമൂഹത്തിന് വ്യക്തമാക്കി നല്‍കിയ ചലിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹം. സ്വന്തം വാക്കിലും പ്രവൃത്തികളിലുമെല്ലാം ഗുരുത്വം പകര്‍ന്നു നല്‍കിയ, അണുവിട തെറ്റാതെ അനുഷ്ഠിച്ച ഗുരു വര്യന്‍. നാടിനും നാട്ടുകാര്‍ക്കും വിശിഷ്യാ കലാകാരന്‍ എങ്ങനെയാവണമെന്നു വഴികാട്ടിയാവുന്ന, നിരവധി മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ മഹദ് വ്യക്തിത്വം.
ഗുരു ശിവന്റെ വേഷമണിയുമ്പോള്‍ കാണാനെത്തിയ ചിദാനന്ദപുരി സ്വാമിക്കൊപ്പം
കലാജീവിതം ഗുരുവിന്റെ വാക്കുകളില്‍
കഥകളിപഠിക്കുക. നൃത്തം അഭ്യസിക്കുക, സര്‍ക്കസില്‍ എത്തുക, പിന്നെ മദ്രാസിലെ ഭരതനാട്യപഠനം, ഇതെല്ലാം മുന്‍കൂട്ടി തയ്യറാക്കിയ പദ്ധതികള്‍ അനുസരിച്ചായിരുന്നില്ല. എന്റെ കലാ ജീവിതയാത്രക്കിടയില്‍ ഓരോ പുതിയ കലാരൂപങ്ങള്‍ സ്വായത്തമാക്കാനായി അവസരങ്ങള്‍ വീണുകിട്ടുകയായിരുന്നു. എനിക്കത് ഫലപ്രദമായി വിനിയോഗിക്കുവാന്‍ സാധിച്ചു എന്നുമാത്രം. ഈയൊരു അനുഭവത്തില്‍ നിന്നും പറയട്ടെ…. നിങ്ങള്‍ക്ക് ലഭിക്കുന്ന അവയെ ഫലപ്രദമായി വിനിയോഗിക്കുക. അതുവഴി വരുന്ന നേട്ടങ്ങളില്‍ നിന്നും പാളിച്ചകളില്‍ നിന്നും പാഠം പഠിക്കുക. അതാണ് ജീവിതത്തില്‍ വിജയിക്കുവാനുള്ള വഴി.
കഥകളിയെന്ന കലാരൂപം സ്വായത്തമാക്കുക എന്നതുമാത്രമല്ല എങ്ങനെ ജീവിക്കണമെന്ന് അറിയുന്നതുകൂടിയായിരുന്നു പഠനം. പുതുതലമുറ വഴിതെറ്റുന്നുവെന്ന വാര്‍ത്തകള്‍ എന്നെ ചിന്തിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? പണ്ടുകാലത്ത് ഞാനനുഭവിച്ചപോലെ നാട്ടിലെ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ, കൂട്ടുകാരുമായി മനസ്സ് തുറന്ന് ഉല്ലസിക്കാനോ, അവര്‍ക്കവസരം ലഭിക്കുന്നില്ല. പകരം പുതിയ സാങ്കേതികവിദ്യകളെ കൂട്ടുപിടിക്കുന്നതിനാല്‍ പിന്നീട് നമ്മുടെ കുട്ടികള്‍ വഴിതെറ്റിപ്പോയെന്ന് പറഞ്ഞു പരിതപിക്കുകയും ചെയ്യുന്നു. ശരിക്കും ആരാണ്, എവിടെയാണ് വഴിതെറ്റിയത്?
വ്യക്തിപരമായി ഗുരു ചേമഞ്ചേരി ഉപാസിച്ചിരുന്ന കഥകളിയോ, മറ്റു നൃത്ത നടനങ്ങളോ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. പക്ഷെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തെ അക്ഷരങ്ങളിലേക്ക് പകര്‍ത്തി എഴുതിയതിലൂടെ ഗുരു എന്ന പദത്തിന്റെ പൊരുള്‍ അനുഭവിച്ചറിയാനായി. എന്നെപ്പോലെ പരിചയപ്പെടുന്ന ഏതൊരാളിലേക്കും ഗുരു ചേമഞ്ചേരി പകര്‍ന്നു നല്‍കിയതും ഈ ഗുരുഭക്തി തന്നെയാവും. കൂടെ സമൂഹത്തോടും, ശിഷ്യരോടും എപ്പോഴും പറയാറുള്ള കലയെ വളര്‍ത്തുക എന്ന ഉപദേശവും.
സമര്‍പ്പിത കലാകാരന്‍
കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരംഗങ്ങളില്‍ ഗുരുവിനെ അതിശയിക്കുന്ന മറ്റൊരു സമര്‍പ്പിത കലാകാരന്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളുമാണ് അദ്ദേഹത്തിന് തരണം ചെയ്യേണ്ടിവന്നിട്ടുള്ളത്? പക്ഷെ അതൊന്നും തന്റെ കലാ സപര്യയെ തെല്ലും പ്രതികൂലമായി ബാധിക്കാതെ അനുസ്യൂതമായൊരു ഗംഗാപ്രവാഹം പോലെ അതിന്നും മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്നു. ഒരു മഹാത്ഭുതമെന്നേ പറയേണ്ടൂ…
(ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ അനീഷ്‌കുട്ടന് 2014 ജൂലായ് 2ന് അയച്ച കത്തില്‍ നിന്നും.)
കെടാത്ത കളിവിളക്ക്
”വയസ്സായിട്ടും ചേമഞ്ചേരി ഭാവി തലമുറയില്‍ പ്രതീക്ഷയും അര്‍പ്പിച്ച് അശ്രാന്തം പരിശ്രമിക്കുന്നു എന്നത് പ്രചോദകം തന്നെ. കഥകളി വേദിയിലെ കളിവിളക്കെന്ന പോലെ കഥകളി ചരിത്രത്തില്‍ കെടാതെ നില്‍ക്കും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെന്ന അത്ഭുത മനുഷ്യന്‍.”- അന്തരിച്ച പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഗുരുവിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്. ഉത്തരമലബാറിലെ വിവിധ ചടങ്ങുകളില്‍ നിറസാന്നിധ്യമായിരുന്നു ഗുരു. ക്ഷേത്ര ചടങ്ങുകള്‍ മുതല്‍ അന്യമതസ്ഥരുടെ ആരാധനാലയങ്ങളിലടക്കം വിശിഷ്ട സാന്നിധ്യത്താല്‍ അനുഗ്രഹീതമാക്കി.
കലാകാരന്‍ എന്നതിലുപരിയായി പ്രായാധിക്യം പരിഗണിച്ചാണോ എന്നറിയില്ല, പല പൊതുചടങ്ങുകളിലേയ്ക്കും ക്ഷണിക്കാറുണ്ട്. കക്ഷി, മത, രാഷ്ട്രീയ ഭേദമന്യെ ക്ഷണിക്കപ്പെടുന്ന ഏതു ചടങ്ങിലും പങ്കെടുക്കാറുമുണ്ട്. ഒരു കലാകാരന്‍ അംഗീകരിക്കപ്പെടുന്നത് അയാള്‍ അവതരിപ്പിക്കുന്ന കലാരൂപം സമൂഹം വിലയിരുത്തുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്. അങ്ങനെ അംഗീകരിക്കപ്പെടുന്നതോടെ കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്തായിമാറുന്നു. ഇതെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗുരുവിന്റെ അഭിപ്രായമാണിത്:’ഞാന്‍ പഠിച്ചത് കഥകളി ചുവടുകളും കുറച്ചു മുദ്രകളുമാണ്. അതു കൊണ്ടു ഇവിടം വരെയെത്തി. നിങ്ങള്‍ കലയെ ആവോളം വളര്‍ത്തുക. പ്രചരിപ്പിക്കുക…’
മാതാ അമൃതാനന്ദമയീ ദേവിക്കൊപ്പം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍
പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനമായിരുന്നു ഏറെയിഷ്ടം. ഒരിക്കല്‍ പ്രിയ ശിഷ്യയുടെ മകളുടെ കല്യാണദിനം. അന്നു തന്നെയാണ് സമീപ ജില്ലയില്‍ പുതുതായി തുറക്കുന്ന പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനത്തിനായി പോകാമെന്നേറ്റതും. രണ്ടിലും പങ്കെടുക്കണം. ഏറെ വിഷമത്തോടെ കല്യാണത്തിന്റെ തലെ ദിവസം ഗുരു ശിഷ്യയുടെ വീട്ടിലെത്തി. അനുഗ്രഹം നല്‍കിയ ശേഷം പറയുകയാണ്: ”വിവിധ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ ഒരു പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തിട്ടില്ല. നാളെയാണ് അതിനവസരം.” മരണവീടുകളിലും ആശ്വാസ വചനവുമായി ഗുരു മുടങ്ങാതെ വന്നെത്തും. പത്രത്തില്‍ ചരമപേജ് ആദ്യം തന്നെ വായിക്കും. ഇതു കണ്ടു ചോദിച്ചപ്പോള്‍, ”ഇവരെല്ലാം ചേര്‍ന്നാണ് എന്നിലെ കലാകാരനെ വളര്‍ത്തിയത് എന്നാണ് മറുപടി. സന്തോഷത്തിലും സങ്കടത്തിലും ആശ്വാസമേകാന്‍ അദ്ദേഹം ഉണ്ടാകും.
കുട്ടിക്കാലം മുതലെ സസ്യാഹാരിയായിരുന്നു. കലാകാരന്മാര്‍ പൊതുവെ അടിമപ്പെടുന്നത് ലഹരിയുടെ ഉപയോഗത്തിനാണ്. അത് കലാകാരന്റെ ചിന്തയെയും ശരീരത്തെയും നശിപ്പിക്കുമെന്നാണ് പലരുടെയും ജീവിതത്തെ വിലയിരുത്തിയുള്ള അഭിപ്രായം. വ്യക്തിപരമായി ജീവിതത്തില്‍ തകര്‍ന്നുപോകുമെന്നു തോന്നിയ ഘട്ടങ്ങളില്‍ മദ്യവും മയക്കുമരുന്നും പോലുള്ള ലഹരിയെ അദ്ദേഹം അകറ്റി നിര്‍ത്തി. ഊണിലും ഉറക്കത്തിലും കലാപ്രവര്‍ത്തനമാണ് ലഹരി. മുറുക്ക് വരെയില്ല എന്നതാണ് പ്രത്യേകത. ഒറ്റപ്പെട്ടവന്റെ വേദനകള്‍ക്കുള്ള ആശ്വാസമായിരുന്നു കുട്ടിക്കാലത്തു ലഭിച്ച അഭിനയ അവസരങ്ങള്‍. അതുവഴിയാണ് കഥകളി രംഗത്ത് എത്തുന്നത്. വിവിധ കാലയളവില്‍ ഉറ്റവരും ഉടയവരുമായ പലരും വിട്ടുപോയപ്പോഴും തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് കലയോടുള്ള ഉപാസനകൊണ്ടുതന്നെ എന്നു ഗുരു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പൂക്കാട് കലാലയം സ്ഥാപകരായ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ഗുരു ചേമഞ്ചേരി, ശിവദാസ് ചേമഞ്ചേരി എന്നിവര്‍
ക്ലാസിക്കല്‍ കലയായ കഥകളിയെയും ഭരതനാട്യത്തെയും നാടോടിനൃത്തരൂപങ്ങളും നാടകം പോലുള്ള കലാരൂപങ്ങളുമായി സമന്വയിപ്പിക്കാനും ജനകീയമാക്കാനും കഴിഞ്ഞു എന്നതും ഗുരു ചേമഞ്ചേരി നല്കിയ മഹത്തായ സംഭാവനയാണ്. എന്നാല്‍ ദശാബ്ദങ്ങളായി മത്സരങ്ങളില്‍ വിധിനിര്‍ണയത്തിന് ഗുരു ചേമഞ്ചേരി പങ്കെടുക്കാറില്ല. ഒരിക്കല്‍ മത്സര വിധികര്‍ത്താവായ അനുഭവമാണതിനു കാരണം. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും തുല്യ മാര്‍ക്ക് നല്‍കിയതിനാല്‍ സംഘാടകര്‍ ചോദിച്ചപ്പോള്‍… എല്ലാവരുടെയും കലാപ്രകടനം മികച്ചതായിരുന്നു എന്ന അഭിപ്രായം പറഞ്ഞു. അതെ… ഗുരു ചേമഞ്ചേരിയുടെ കാഴ്ചയില്‍ ഏവരും മികച്ചവരും കേമന്‍മാരുമായിരുന്നു.
കഥകളി അവതരിപ്പിക്കാനായി എവിടെയെങ്കിലും പോയാല്‍ സംഘാടകര്‍ പതിവായി ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് ഗുരു പറയുന്നതിങ്ങനെ: ”എത്ര സമയം കൊണ്ട് കഥകളി തീരും…. ചുരുങ്ങിയത് രണ്ടു മണിക്കൂറിലധികം വേണം ചുട്ടികുത്തി ഒരുങ്ങാന്‍, രണ്ട്, രണ്ടര മണിക്കൂര്‍ അവതരണവും”, ഞാനീ മറുപടി പറയുമ്പോള്‍ ”അയ്യോ ഇത്രയും സമയമൊന്നും വേണ്ട, എല്ലാം കൂടി രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ക്കാമോ” എന്നാവും സംഘാടകരുടെ ആവശ്യം.
തിരഞ്ഞെടുപ്പ് കാലമായാല്‍ നേതാക്കള്‍ പ്രചരണം തുടങ്ങുക ഗുരുവിന്റെ അനുഗ്രഹ സാമീപ്യത്താലാണ്. എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കും. ആശിര്‍വാദം നല്‍കും. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കും. ഈ നിഷ്‌കളങ്കത ചൂഷണം ചെയ്തു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നെറികെട്ട അധാര്‍മ്മിക പ്രവൃത്തികള്‍ക്കും ഗുരു ചേമഞ്ചേരി ഇരയായിട്ടുണ്ട്. സംസ്ഥാന തലത്തില്‍ തന്റെ മേധാവിത്വം പ്രകടിപ്പിക്കാനായി സി.പി.എം പാര്‍ട്ടി നേതാവും മുന്‍ എം.എല്‍.എയുമായ വ്യക്തി ഗുരുവിന്റെ പ്രശസ്തി ദുരുപയോഗം ചെയ്യുകയായിരുന്നു.
പൂക്കാട് കലാലയത്തില്‍ അരങ്ങേറിയ ഭക്തപ്രഹ്‌ളാദന്‍ നൃത്തനാടകത്തില്‍ നരസിംഹമായി ഗുരു ചേമഞ്ചേരിയും ഹിരണ്യനായി രാജന്‍ കോഴിക്കോടും.
പരസ്യത്തിനും വിശിഷ്ട അതിഥികളെ സ്വീകരിക്കാനും പ്രദര്‍ശനത്തിനായി മാത്രം കഥകളി വേഷം അണിയുന്നതില്‍ ഗുരുവിന് അതൃപ്തിയാണ്. അണിയറയില്‍ വളരെ സമയം ചിലവഴിച്ചാണ്് കഥകളി വേഷം അണിയുന്നത്. അതിനാല്‍ കുറച്ചു മുദ്രകളും ചലനത്തിനും അവസരമൊരുക്കണമെന്ന പക്ഷക്കാരന്‍.
പാഠപുസ്തകങ്ങളിലൂടെ പുരണാകഥാപാത്രങ്ങളെയും സാഹിത്യത്തെയും പരിചയപ്പെടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നുവെന്നതിനെ അഭിനന്ദിക്കുമ്പോള്‍ കലാരൂപങ്ങള്‍ കണ്ടറിഞ്ഞ് അവയെ അടുത്തറിയാനും അനുഭവിച്ചറിയാനും പുതു തലമുറക്ക് അവസരം ലഭിക്കുന്നില്ല എന്നൊരു പരിഭവവും അദ്ദേഹത്തിനുണ്ട്.
ദൈവത്തിന് മരണമില്ല. കൂടെ എപ്പോഴുമുണ്ട്. ഗുരു ചേമഞ്ചേരിയെന്ന വ്യക്തിത്വത്തെ അടുത്തറിഞ്ഞവര്‍ക്കും ഈ അനുഭവമാവും. കുഞ്ഞുങ്ങള്‍ മുതല്‍ യുവത്വം പിന്നിട്ടവര്‍വരെയുള്ള തലമുറയുടെ ഓര്‍മ്മയില്‍ തെളിയുന്ന ഒരേ ഒരു മുഖം. നീട്ടി വളര്‍ത്തിയ നരച്ച മുടി, കൈയില്‍ ഊന്നു വടി….. ശരീരം വിട്ടു പോയെന്നുമാത്രം. ഗുരു ചേമഞ്ചേരി ദൈവത്തിന്റെ കാണപ്പെട്ട രൂപമായിരുന്നു…..