കാവിയെ തൂത്തെറിയണമെന്നതായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമാപന വേളയിൽ കെ മുരളീധരന്റെ ആഹ്വാനം! കുമ്മനത്തെ നേരിട്ട് നേമത്തെ കേമനാകാൻ നെറിയും നേരും കെട്ട പോരാട്ട കുതന്ത്രങ്ങളുമായി കളത്തിലിറങ്ങിയ മുരളിയുടെ രാഷ്ട്രീയ കലാശക്കൊകൊട്ടായി മാറിയ ആ ആഹ്വാനം തിരഞ്ഞെടുപ്പ് ഫലത്തിനുമപ്പുറം ചർച്ച ചെയ്യേണ്ടതാണ്. കുമ്മനം രാജശേഖരനെയോ താമരയെയോ ബിജെപിയെയോ നരേന്ദ്രമോദിയെയോ തൂത്തെറിയുവാൻ മുരളീധരന് ആവശ്യപ്പെടാമായിരുന്നു. ആരും അതിനെ എതിർക്കുകയില്ലായിരുന്നു. പക്ഷേ, ഹൈന്ദവ ധർമ്മത്തിന്റെ സനാതന മൂല്യങ്ങളുടെ ജ്വലിക്കുന്ന പ്രതീകമായ കാവിയെ തൂത്തെറിയാൻ ആവശ്യപ്പെട്ടത് ഹിന്ദുവിനെതിരെയുള്ള നേർക്കു നേർ പോരാട്ടത്തിനള്ള പോർവിളിയായേ കരുതാൻ കഴിയൂ. അത് കാവിയെയോ കുരിശീനെയോ ഇസ്ലാമിക പ്രതീകങ്ങളെയോ തൂത്തെറിയണമെന്ന് പറയുന്ന രാഷ്ട്രീയത്തോട് പൊരുത്തപ്പെടാൻ മനസ്സില്ലെന്നു പറയാൻ മടിയില്ലാത്ത സർവധർമ്മ സമഭാവന അടിസ്ഥാന പ്രമാണമായുള്ള, ഭാരതീയ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
നിലയ്ക്കല്‍ വിഷയത്തിൽ ജഗത് ഗുരു സത്യാനന്ദ സരസ്വതിയും പി പരമേശ്വരനും കുമ്മനം രാജശേഖരനും നേതൃത്വം നൽകിയ ജനകീയ പോരാട്ടത്തിലൂടെ അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരനെ ചുരുട്ടിക്കെട്ടിയ കേഥളത്തിലെ ഹൈന്ദവ സമൂഹത്തോട് പോർ കുറിക്കാനിറങ്ങിയത് അശ്ത്ഥാമാവിന്റെ അനുഭവം തേടിയുള്ള കെ മുരളീധരന്റെ യാത്രയുടെ തുടക്കം തന്നെയാണ്.
അംഗദനും അശ്വത്ഥാമാവും അവരുടെ അച്ഛന്മാർ വീഴുന്നത് കണ്ടവരാണ്. അച്ഛൻ, ബാലി, ആ വീഴ്ച ചോദിച്ചു വാങ്ങിയതാണെന്ന് തിരിച്ചറിഞ്ഞ അംഗദൻ ധർമ്മ വിജയത്തിനുള്ള തുടർ പോരാട്ടത്തിന് ശ്രീരാമചന്ദരനോടൊപ്പം ചേർന്നു. പക്ഷേ ആ തിരിച്ചറിവ് അശ്ത്ഥാമാവിനില്ലായിരുന്നു. ദുര്യോധനപക്ഷത്ത് നിന്ന ദ്രോണാചാര്യരെ പോരിൽ വീഴ്ത്തിയ പാണ്ഡവരോട് പക മൂത്ത അശ്വത്ഥാമാവ് പിഞ്ചുകുഞ്ഞുങ്ങളെ പോലും ഇല്ലാതാക്കാൻ പോയി, ചോദിച്ചു വാങ്ങിയ നിത്യ ദുരന്തം അറിവുള്ളവരാരും അറിയാത്തതല്ലല്ലോ. ആ വഴിയാണ് കെ മുരളീധരൻ തിരഞ്ഞെടുക്കുന്നതെങ്കിൽ ആർക്കും അദ്ദേഹത്തെ തിരുത്താനാകില്ല. ചില വാലുകൾ അങ്ങനയല്ലേ? ആയിരം വർഷം കുഴലിലിട്ടാലും വളവ് നിവരുകയില്ലല്ലോ?
എന്തായാലും,ഉമ്മൻ ചാണ്ടി ഒരിക്കലും അങ്ങനെ പറയില്ല. കാരണം പറച്ചിലിലല്ല പ്രവർത്തിയിലാണ് ഉമ്മൻ ചാണ്ടി വിശ്വസിക്കുന്നത്. ലോകമെല്ലാം കൃസ്ത്യൻ സമൂഹം വെറുത്തിരുന്ന കമ്യൂണിസ്റ്റ് പാർട്ടി 1957ലെ കേരളത്തിൽ അധികാരത്തിലെത്തിയത് ശബരിമല തീവെപ്പിനോട് ഹിന്ദു പ്രകടിപ്പിച്ച പ്രതികരണശേഷിയുടെ ബലത്തിൽ കൂടിയായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ തന്നെ ഹിന്ദുവിനോട് കൂടെ നിന്ന് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഇഎംഎസ്സ് സർക്കാരിനെ വിമോചന സമരത്തിലൂടെ പിഴുതെറിയുവാൻ കൃസ്ത്യൻ സമൂഹം തയ്യാറാകുന്നതിലേക്ക് ചരിത്രഗതി മാറി. അക്കാലത്ത് തന്നെ അവർ വിളിച്ചൊരു മുദ്രാവാക്യമുണ്ടായിരുന്നു: “പിള്ളേരൊന്നു വളർന്നോട്ടെ, പതിനെട്ടൊന്നു കഴിഞ്ഞോട്ടെ ഈ എം എസ്സിനെ ഈയം പൂശി ഈയലു പോലെ പറപ്പിക്കും”. മുദ്രാവാക്യോം വിളിച്ചിട്ട് അവർ വെറുതെയിരിക്കുകയായിരുന്നില്ല. ആ ലക്ഷ്യത്തോടെ അവർ നടത്തിയ നിരന്തര പരിശ്രമത്തിന്റെ സൃഷ്ടിയാണ് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ്. ആദ്യം, മലയാള മനോരമ പിന്നിൽ നിന്ന് നടത്തുന്ന, അഖിലകേരള ബാലജന സഖ്യത്തിലൂടെയും, പിന്നീട് കെ എസ്സ് യുവിലൂടെയും, യൂത്ത് കോൺഗ്രസ്സിലൂടെയും അവർ പേരും പെരുമയും പിന്തുണയും നൽകി വളർത്തിയ ഉമ്മൻ ചാണ്ടി വളർത്തി വിട്ടവരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. വളർത്തിയവരുടെ വർഗ-വർഗീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഹൈന്ദവ സമൂഹത്തിന്റെ വളർച്ചാ വഴികളിൽ ചതിക്കുഴികളൊരക്കുന്നതിലും ശാന്തവും കൗശല പൂർവമായുള്ള മികവ് അവരുടെ സ്വന്തം കുഞ്ഞൂഞ്ഞ് തെളിയിച്ചു. ഇപ്പോൾ തനിക്കു ശേഷം മകൻ ചാണ്ടി ഉമ്മനിലേക്ക് ചെങ്കോൽ കൈ മാറുന്നതിനുള്ള വഴിയൊരുക്കുവാനും വേണ്ടതൊക്കെ അദ്ദേഹം ചെയ്തു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉമ്മൻ ചാണ്ടിയെ വളർത്തിയവരുടെ താത്പര്യം സംരക്ഷിക്കുവാൻ അടുത്ത തലമുറയിലും ആളു വേണ്ടേ? ചാണ്ടി ഉമ്മൻ തുടങ്ങിയപ്പോൾ തന്നെ ചോദിച്ചു വാങ്ങിയ കൃസ്ത്യൻ സഭകുളുടെ വിമർശനം അച്ഛന്റെ കൗശലം മകനിലേക്കും വേണ്ടത്ര എത്തിയിട്ടുണ്ടെന്നതിന്റെ തെളിവായിരുന്നു. 1970ൽ പള്ളിയുടെയും പട്ടക്കാരുടെയും പാർട്ടിയുടെയും പിന്തുണയോടെ ജയിച്ചു കയറി നിയമസഭയിലെത്തിയ ഉമ്മൻ ചാണ്ടി പ്രതിജ്ഞ ചെയ്തത് ദൈവ നാമത്തിലായിരുന്നില്ല. അക്കാലത്തെ യുവപുരോഗമനവാദികളിലേക്ക് കൂടുതൽ അടുക്കാൻ വേണ്ടി ദൃഢപ്രതിജ്ഞയായിരുന്നു എന്നാണറിയുന്നത്. ചാണ്ടി ഉമ്മൻ കൃസ്ത്യാനികളെ വിമർശിച്ച് ഇസ്ലാം പക്ഷത്തിനോടൊപ്പമാണെന്ന് സൂചനകൾ നൽകിയതും സ്വന്തം കൂട്ടരുടെ മൗനാനുവാദത്തോടെ നടത്തിയ ഒരു നാടകമായിരുന്നുയെന്നു തന്നെയാണ് വായിച്ചെടുക്കേണ്ടത്. ചുരുക്കത്തിൽ കൃസ്ത്യൻ പക്ഷത്തോട് വ്യക്തമായ പ്രതിബദ്ധത പുലർത്തുമ്പോഴും അതിനു വേണ്ടി ചെയ്യരുതാത്തതൊക്ക ചെയ്യുമ്പോഴും കാവിയെ തൂത്തെറിയണമെന്നോ ഇസ്ലാമിനെ ഇല്ലാതാക്കണമെന്നോ പറയുന്നതല്ലാ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കൗശലം.
രമേശ് ചെന്നിത്തലയാണെങ്കിൽ ഇനിയുമങ്ങനെ പറയില്ല. കാരണം പല തവണ കൈ പൊള്ളിയതാണ്. മീശനോവൽ വിവാദത്തിൽ പ്രകടമായ ഹിന്ദുവിരുദ്ധ മനോഭാവം, ശബരിമല വിഷയത്തിൽ ഹിന്ദു അടിച്ചമർത്തപ്പെട്ടപ്പോൾ കാട്ടിയ നിസ്സംഗത, ഇസ്ലാമിക/കൃസ്ത്യൻ മതാധികാര കേന്ദ്രങ്ങളോടു കാട്ടിയ വിനീത വിധേയത്വം, തുടങ്ങിയവയൊന്നും കാര്യത്തോടടുത്തപ്പോൾ തനിക്ക് പ്രയോജനപ്പെട്ടില്ലായെന്ന തിരിച്ചറിവ് രമേശിന് ഉണ്ടായിട്ടുണ്ടാകണം. സോളാർ വിവാദത്തെ തുടർന്ന് കേരളം പരാജയപ്പെടുത്തിയ ഉമ്മൻ ചാണ്ടി ഒളിയിടങ്ങൾ തേടി ഒഴിഞ്ഞ് മാറിയപ്പോഴും പിണറായി സർക്കാരിനെതിരെ ഒരോന്നായി പോർമുഖങ്ങൾ തുറന്ന പ്രതിപക്ഷ നേതാവിനെ മുഖ്യമന്തി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാതിരിക്കുവാൻ കുതികാലുവെട്ടിയവരെ തിരിച്ചറിയാതിരിക്കാൻ തക്ക ‘കിങ്ങിണിക്കുട്ടൻ’ അല്ല രമേശെന്നതും സ്പഷ്ടമാണ്. അതോടൊപ്പം കേരളത്തിലെ ഹിന്ദുവിരുദ്ധ വർഗീയതുടെ മാധ്യമ പക്ഷം എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും രമേശിനോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്. ആർഎസ്സ്എസ്സിന്റെ വോട്ടു വേണ്ടായെന്ന് പരസ്യമായി പറയുമോയെന്ന്. പക്ഷേ അവർ ഒരിക്കലും, സമാനമായ രീതിയിൽ, ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ വോട്ടു വേണ്ടായെന്ന് തുറന്നു പറയുമോയെന്ന് ഉമ്മൻ ചാണ്ടിയോടോ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വോട്ടു വേണ്ടായെന്ന് തുറന്നു പറയുമോയെന്ന് എംഎം ഹസ്സനോടോ ചോദിക്കാറുമില്ല. (കൃസ്ത്യൻ വർഗീയ പാർട്ടിയായ കേരളാ കോൺഗ്രസ്സിനോടും മുസ്ലീം ലീഗിനോടും ചേർന്ന് മുന്നണിയുണ്ടാക്കിയവരോട് അത്തരം ഒരു ചോദ്യം വേണമൊയെന്നത് മറ്റൊരു കാര്യം!) ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ഉമ്മൻ ചാണ്ടി പക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികരായ ഒരു ചാനൽ രമേശിനോട് ചില കാര്യങ്ങൾ ‘നേരേ ചൊവ്വേ’ പറയാൻ പറഞ്ഞു. അതിലൊരു ചോദ്യമായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി തന്റെ പത്തനംതിട്ട പ്രസംഗം ‘സ്വാമിയേ ശരണം’ എന്ന മന്ത്രം മുഴക്കി ആരംഭിച്ചത് ശരിയാണോയെന്നത്. പഴയ അനുഭവങ്ങൾ ചികഞ്ഞു നോക്കിയാൽ രമേശിൽ നിന്ന് ഹിന്ദുവിന് പ്രകോപനപരമായ എന്തെങ്കിലും പ്രതീക്ഷിക്കാമായിരുന്നു. പക്ഷെ ഇത്തവണ ആ ചതിയിൽ രമേശ് വീണില്ല. ആ അഭിമുഖത്തിൽ രമേശിനെ പൊളിച്ചടുക്കി ഉമ്മൻ ചാണ്ടിയെ പരോക്ഷമായി സഹായിക്കാൻ ആവേശം കാട്ടിയ ആ മാധ്യമ പ്രവർത്തകനെ രമേശ് ചെന്നിത്തല നിഷ്കരുണം നിരാശപ്പെടുത്തി. അതിൽ നിന്ന് വായിച്ചെടുക്കേണ്ടത് കാവിയെ തൂത്തെറിയണമെന്നും പറഞ്ഞ് സ്വന്തം സമൂഹത്തെ വെറുപ്പിച്ച് ആരുടെയോ കയ്യിൽ നിന്ന് കിറ്റും നോക്കി കാത്തിരിക്കുന്ന കെ മുരളീധരന്റെ രാഷ്ട്രീയം രമേശിൽ നിന്ന് ഇനി പ്രതീക്ഷിക്കെണ്ടായെന്നതാകാനേ തരമുള്ളൂ.
മുരളിയുടെ വിവാദ വാക്കുകൾ നാവുപിഴവാകാനും ഇടയില്ല. മദാമ്മാ ഗാന്ധിയെന്ന് സോണിയയെ കൃത്യമായി വിളിച്ച് നിരീക്ഷണ വൈദഗ്ദ്ധ്യം തെളിയിച്ച പ്രതിഭയാണു മുരളി! എ.കെ. ആന്റണിയെ മുക്കാലിയേൽ കെട്ടിയടിക്കണം എന്ന ഉത്തരവ് വ്യക്തതയുള്ള ഭാഷയിൽ ഇറക്കിയ നീതിബോധമുള്ള നേതാവുമാണ് മുരളി! പക്ഷേ നേമത്തെ തിരഞ്ഞെടുപ്പ് കുഴിയിൽ വീണ് നടുവൊടിഞ്ഞ തന്നെ പിടിച്ചെഴുന്നേൽപ്പിക്കുവാൻ വരുമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞു മാറിയ, മദാമ്മാ ഗാന്ധിയുടെ മകൾ പ്രിയങ്കയോട്, ‘ഒന്നു വരൂ മാഡം എന്നെ രക്ഷിക്കൂ’ എന്നപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. അവസാനം വിശുദ്ധ ഉയിർത്തെഴുനേല്പിന്റെ ദിവസം രാഹുൽ എത്തിയപ്പോൾ തന്നെ രക്ഷിക്കാൻ തിരുവവതാരം പിറന്നൂയെന്ന് മുരളി തെറ്റിദ്ധരിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകാം ഹിന്ദുവിരുദ്ധവർഗീയതയുടെ മുന്നണിപ്പോരാളി രാഹുലിന്റെ ഉള്ളം നിറയുന്ന തരത്തിൽ കാവിയെ തൂത്തെറിയുമെന്ന പ്രസ്താവന നടത്താൻ കെ മുരളീധരനിലെ ധാർഷ്ട്യം ഉയർന്നത്. അതു കേട്ട കേരളം, അവിടെ രാഹുൽ നടത്തിയത് കെ മുരളീധരന്റെ രാഷ്ട്രീയത്തിന്റെ അന്ത്യ കൂദാശയാകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. കാവിയെയോ കുരിശീനെയോ ഇസ്ലാമിക പ്രതീകങ്ങളെയോ തൂത്തെറിയുമെന്ന് പറയുവാൻ ഇനിയൊരു രാഷ്ട്രീയക്കാരനും ധൈര്യമുണ്ടാകാത്ത തരത്തിൽ ഭാരതീയ ജനാധിപത്യം വളരണമെങ്കിൽ രാഹുൽ നടത്തിയത് അങ്ങനെയൊരു അന്ത്യ കൂദാശയാകേണ്ടത് അനിവാര്യമാണ്.