കലാകൗമുദി (മാര്‍ച്ച് 21) യില്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത് ശബരിമല സമരത്തില്‍ സമരക്കാരെ നേരിടാനെത്തിയ ശ്രീജിത്ത് ഐ.പി.എസ്സിനെക്കുറിച്ച് വടയാര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ്. ഭക്തിപുരസ്സരം അയ്യപ്പസന്നിധിയില്‍ നില്‍ക്കുന്ന ഐ.പി.എസ് ഓഫീസര്‍ അന്നത്തെ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വലിയ വാര്‍ത്തയായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ”കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നുമെന്നോളമായാല്‍ അടങ്ങും” (കൂലിപ്പണിക്കാരന്റെ ചിരി) എന്ന വരികളാണ് ഓര്‍മ്മയില്‍ വരുന്നത്. പക്ഷെ ഈ വരികള്‍ ഇവിടെ യോജിക്കുന്നതല്ല. കാരണം ശ്രീജിത്ത് ഐ.പി.എസ്സിന്റെ ഭക്തി യാദൃച്ഛികമല്ല. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ ഭക്തനായിരുന്നുവെന്നും കുടജാദ്രിയില്‍ പോയി സന്യാസിയായി കുറച്ചുദിവസം ചെലവഴിച്ചിട്ടുണ്ടെന്നുമൊക്കെ അദ്ദേഹം പറയുന്നു. ഈ അനുഭവത്തോടൊപ്പം ഒരു അമേരിക്കന്‍ കവിയുടെ വരികള്‍ ചേര്‍ത്തുവയ്ക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. എഡ്ഗാര്‍ ലീ മാസ്റ്റേഴ്‌സ് (Edgar Lee Masters) ന്റെ ഗ്രാമീണ യുക്തിവാദി (The Village Atheist) എന്നൊരു കവിതയുണ്ട്.
എഡ്ഗാര്‍ ലീ മാസ്റ്റേഴ്‌സ് പ്രസിദ്ധനായ കവിയൊന്നുമല്ല. പക്ഷെ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ്. എന്തുകൊണ്ടെന്ന് വരികള്‍ വായിക്കുമ്പോള്‍ മനസ്സിലാവും.
“I who lie here was the village athiest
talkative, contentious, versed inthe arguments
Of the infidels.
But through a long sickness
Coughing myself to death
I read the Upanishads and the poetry of Jesus.
ഈ അമേരിക്കന്‍ കവി ആശ്വാസം കണ്ടെത്തുന്നത് ഉപനിഷത്തിലാണ്.
”ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്കപൂവേ.”
എന്നെഴുതിയ ആശാന്‍ ഒരിന്ത്യക്കാരനായതിനാല്‍ അത് സ്വാഭാവികം എന്നു പറയാം. എന്നാല്‍ ഭൂമിയുടെ മറുവശത്തുള്ള ഒരു കവി ഉപനിഷദ് സൂക്തികളില്‍ അഭയം തേടുന്നത് അസാധാരണം തന്നെ. ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത ആദ്യകാല അമേരിക്കന്‍ ചിന്തകരും കവികളും മിക്കവാറും എല്ലാവരുടേയും ആശയങ്ങളെ രൂപപ്പെടുത്തിയത് ഗീത, ഉപനിഷദ്, വേദങ്ങള്‍ എന്നിവയായിരുന്നു എന്നതാണ്.
എമേഴ്‌സനും (Ralph Waldo Emerson) തോറോയും (Henry David Thoreau) വാള്‍ട്ട് വിറ്റ് മാനും (Walt Witman) ഒക്കെത്തന്നെ ഇന്ത്യന്‍ ഫിലോസഫിയിലും ആത്മീയതയിലും മുങ്ങിനിവര്‍ന്നവരാണ്. ഇവര്‍ മഹാത്മജിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സത്യഗ്രഹം എന്ന സമരമുറ രൂപപ്പെടുത്തുന്നതില്‍ തോറോയുടെ സ്വാധീനം ചെറുതല്ല. ഇവര്‍ മൂവരും ചേര്‍ന്നു വികസിപ്പിച്ച, പ്രത്യേകിച്ചും എമേഴ്‌സണ്‍, അമേരിക്കന്‍ അതീന്ദ്രിയവാദം (Transcendentalism)സ്വാമി വിവേകാനന്ദനേയും വളരെയേറെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പാശ്ചാത്യരുടെ മഹത്തായ കൃതികളില്‍ നമുക്ക് കണ്ടെത്താനാവുന്നതു ഭാരതത്തെത്തന്നെ; സര്‍ഗ്ഗാത്മകകൃതികളിലും തത്ത്വചിന്തയിലുമെല്ലാം.
കലാകൗമുദിയില്‍ കെ.പി. സുധീരയുടെ ‘അറിയപ്പെടാത്ത വന്‍കര’ എന്ന കവിത വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ഒരു തമിഴ് ചൊല്ലാണ്: ”ചുരുക്കിച്ചൊല്‍വതു വിളക്കം”. കവിത കൂടുതല്‍ ആസ്വാദ്യവും ധ്വന്യാത്മകവുമാകുന്നത് ചുരുക്കുമ്പോഴാണ്. നമ്മുടെ കുഞ്ഞുണ്ണിയുടെ കവിതകള്‍ക്കും ജാപ്പനീസ് ഹൈക്കുകള്‍ക്കുമൊക്കെ ധാരാളം ആസ്വാദകരെ കിട്ടിയത് അതൊക്കെ ചുരുക്കി ചുരുക്കി ധ്വന്യാത്മകമാക്കിയതു കൊണ്ടാണ്. (കുഞ്ഞുണ്ണി കുട്ടികളുടെ കവിയാണെന്നു തെറ്റിദ്ധരിച്ചു പ്രചരിപ്പിക്കുന്ന പലരുമുണ്ട്. ”ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു”
”വോട്ടു ചെയ്‌തോട്ടു ചെയ്‌തോട്ടക്കലമായി നമ്മള്‍”
”എന്നിലൂടെ നടക്കാനേ
എന്റെ കാലിനറിഞ്ഞിടൂ”
”ഞാനാകും കുരിശിന്മേല്‍ തറഞ്ഞു കിടക്കുകയാണു, എന്നിട്ടും ഹാ ക്രിസ്തുവായ് തീരുന്നില്ല ഞാന്‍” എന്നൊക്കെ എഴുതുന്ന കുഞ്ഞുണ്ണി ഒരിക്കലും കുട്ടികളുടെ കവിയല്ല. കുട്ടികള്‍ക്കുവേണ്ടിയും അദ്ദേഹം എഴുതിയിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ പല കവിതകളും മുതിര്‍ന്ന കാവ്യാസ്വാദകരെ ഉദ്ദേശിച്ചുള്ളവ തന്നെ.)
പാശ്ചാത്യരായ ചില കവികള്‍ പാരഗ്രാഫ് തിരിച്ചു കവിത എഴുതിയിരിക്കുന്നതു കണ്ടിട്ടുണ്ട്; റോബിന്‍സണ്‍ ജഫേഴ്‌സ്, കാള്‍സാന്റ് ബര്‍ഗ് തുടങ്ങിയവര്‍. മലയാളത്തിലും കടമ്മനിട്ടയൊക്കെ അത്തരം ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പരീക്ഷണങ്ങള്‍ നല്ലതുതന്നെ. പക്ഷെ കവിതയുടെ ഗദ്യത്തില്‍ നിന്നുമുള്ള വ്യതിരിക്തത സൂക്ഷിക്കാനായില്ലെങ്കില്‍ അതു കവിതയാകില്ല. സുധീരയുടെ കവിത തിരുത്താന്‍ ഞാനാളല്ല. നൂറോളം വരികളിലെഴുതിയിരിക്കുന്ന ഈ കവിത മുപ്പത് വരികളില്‍ ഒതുക്കാമായിരുന്നു. എല്ലാം വ്യക്തമാക്കിപ്പറയുന്നതു കവിതയാകില്ല. കവിതയില്‍ ചിലതു ഒളിപ്പിച്ചു പറഞ്ഞേ തീരൂ! സുധീരയുടെ കവിതയില്‍ ”കാലം അനന്തവിസ്തൃതമെന്ന് അറിഞ്ഞിരുന്നു. അനാദിയെന്നും കേട്ടിരുന്നു…” ഇങ്ങനെ മുഴുവന്‍ പ്രസ്താവനകളാണ്. കവിതയ്ക്ക് സാധാരണ ഗദ്യരീതിയിലുള്ള വാക്യഘടനയും പദചേരുവയുമാണോ വേണ്ടത്? ”കാലം അനന്തവിസ്തൃതം അനാദി” എന്നുപോരെ. അറിഞ്ഞിരുന്നു കേട്ടിരുന്നു എന്നൊക്കെ വേണോ? അറിഞ്ഞതും കേട്ടതും ഒക്കെയാണല്ലോ എല്ലാവരും എഴുതാറുള്ളത്!!
കലാകൗമുദിയില്‍ രാജന്‍ ചുങ്കത്തിന്റെ സ്മാര്‍ത്തവിചാരത്തെക്കുറിച്ചുള്ള പഠനത്തെ പുകഴ്ത്താതെ വയ്യ. വളരെ സമഗ്രം. പക്ഷെ അതില്‍ തമിഴ്‌നടനായിരുന്ന എം.ജി. ആറിന്റെ മാതാപിതാക്കളെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമാണോ എന്നു സംശയം. എം.ജി.ആറിന്റെ അച്ഛന്‍ മരുതൂര്‍ ഗോപാല മേനോന്‍ ഒരു സ്മാര്‍ത്തവിചാരത്തില്‍ പ്രതിയായി നാടുവിട്ടു എന്നാണ് ചുങ്കത്ത് പറയുന്നത്. അങ്ങനെ പോയ ഒരാള്‍ നേരെ ശ്രീലങ്കയില്‍ കാന്‍ഡിയില്‍ ചെന്നു ജില്ലാ മജിസ്‌ട്രേറ്റ് ആകുമോ? എം.ജി.ആറിന്റെ അമ്മ സത്യഭാമ ഒരു തമിഴ് സ്ത്രീ ആയിരുന്നു എന്ന പരാമര്‍ശവും ശരിയാണെന്നു തോന്നുന്നില്ല. ഗോപാലമേനോന്റെ തന്നെ ബന്ധുവുമായിരുന്നു അവരെന്നു കേട്ടിട്ടുണ്ട്. പാലക്കാട് ചിറ്റൂര്‍ വടവന്നൂര്‍ എം.ജി.ആറിനു സ്മാരകവും ബന്ധുക്കളും ഒക്കെയുള്ളതായി കേട്ടിട്ടുണ്ട്. എം.ജി.രാമചന്ദ്രന്റെ ആദ്യഭാര്യ അമ്മുക്കുട്ടിയും പാലക്കാട്ട് കുഴല്‍മന്ദം ഭാഗത്തുള്ളതാണെന്നാണ് അറിഞ്ഞിട്ടുള്ളത്. രാജന്‍ ചുങ്കത്ത് അക്കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കുന്നതു നന്നായിരിക്കും.
‘പച്ചക്കുതിര’യുടെ അവസാന ഭാഗത്ത് പി.കെ.രാജശേഖരന്‍ ഒരു സ്പാനിഷ് നോവല്‍ പരിചയപ്പെടുത്തുന്നു. നോവലിസ്റ്റായ ഹോ സെ കാര്‍ലോസ് സൊമോസയെ ഈ ലേഖകന്‍ മുന്‍പു കേട്ടിട്ടില്ല. കേള്‍ക്കാത്തതിനു കാരണം ജോസ് കാര്‍ലോസ് എന്നതിനെ സ്പാനി ഷ് ഉച്ചാരണമായ ഹോസെ എന്നാക്കിയതു കൊണ്ടാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ക്യൂബയില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളാല്‍ ആട്ടിയോടിക്കപ്പെട്ട ഒരു കുടുംബത്തിലാണ് ജോസ് (ഹോസെ) ജനിച്ചത്. അതുകൊണ്ടുതന്നെ ഈ നോവലിസ്റ്റിനു പ്രാധാന്യമുണ്ട്.
സ്വേച്ഛാധിപത്യത്തിനെതിരെ നടക്കുന്ന ചെറുത്തു നില്പുകളെ പിന്‍താങ്ങേണ്ടതും ലോകം മുഴുവനും ജനാധിപത്യഭരണകൂടങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടതിനുവേണ്ടി നിലകൊള്ളേണ്ടതും പരിഷ്‌കൃത മനുഷ്യന്റെ കടമയാണ്. കേരളത്തില്‍ ഇന്നു നടക്കുന്നതുപോലെ മാധ്യമങ്ങളെ വിലക്കെടുത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ കൃത്രിമം കാണിച്ചും കള്ളവോട്ടു നടത്തിയുമൊക്കെ പല ഭരണാധികാരികളും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കും. അത്തരം പരിമിതികളൊക്കെയുണ്ടെങ്കിലും ജനാധിപത്യത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ഭരണരീതി മനുഷ്യവംശം ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോകത്ത് അവശേഷിക്കുന്ന രാജ്യങ്ങളില്‍ക്കൂടി ഭാരത മാതൃകയിലുള്ള തുറന്ന ജനാധിപത്യം നടപ്പാക്കേണ്ടതാണ്.
ഏഥെനിയന്‍ മര്‍ഡേഴ്‌സ് (Athenian Murders) – എന്ന നോവല്‍ പരിചയപ്പെടുത്തിയതിനു പി.കെ.രാജശേഖരന് നന്ദി പറയുന്നു. നോവല്‍ ഇതെഴുതുന്നയാള്‍ വായിച്ചിട്ടില്ല. ഇനി വായിക്കണമെന്നു തോന്നുന്നുമില്ല. കാരണം ഈ കൃതിയിലെ ഉള്ളടക്കത്തോടു സാദൃശ്യമുള്ള എത്രയോ കൃതികള്‍ ലോകത്ത് എല്ലാഭാഷകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആവര്‍ത്തനം വിരസതയുണ്ടാക്കും. പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റില്‍ തുടങ്ങിയ ഒരുതരം നിഗുഢതാപ്രണയം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഡാണ്‍ബ്രൗണിന്റെ (Dan Brown) ദ ഡാവിഞ്ചി കോഡ് The Davinci code) നമ്മുടെ മലയാളത്തിലെ ടി.ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, പിന്നെ അസംഖ്യം സ്പാനിഷ് നോവലുകള്‍, ഹോളിവുഡ് ചിത്രങ്ങള്‍ ഒക്കെ ഇത്തരം നിഗൂഢതാന്വേഷണങ്ങള്‍ തന്നെ. മനുഷ്യേന്ദ്രിയങ്ങളുടെ പരിമിതി അംഗീകരിക്കാം. മനുഷ്യനു മനസ്സിലാക്കാനാവാത്ത ധാരാളം നിഗൂഢതകള്‍ പ്രകൃതിയിലുണ്ട്. ഇതൊക്കെ സമ്മതിക്കാം. എങ്കിലും അതുമാത്രം നിരന്തരം ആവര്‍ത്തിക്കുന്നത് മടുപ്പ് ഉളവാക്കും. ഇവിടെ നമ്മള്‍ കാണുന്ന ചെറിയ ജീവിതത്തിന്റെ സങ്കീര്‍ത്തനങ്ങളാണ് കൂടുതല്‍ ആസ്വാദ്യമായ ഇതിവൃത്തം.
വൈക്കം മുരളിയും പി.കെ. രാജശേഖരനും വലിയ വായനക്കാരാണ്. വൈക്കം മുരളി വായനയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആളാണെന്നും പലപ്പോഴും പ്രൊഫ. എം.കൃഷ്ണന്‍ നായര്‍ക്കു പുസ്തകം എത്തിച്ചു കൊടുത്തിട്ടുണ്ടെന്നുമൊക്കെ വായിച്ചിട്ടുണ്ട്. പക്ഷെ യാന്ത്രികമായ വായനകൊണ്ട് ആസ്വാദനം മാത്രമേ നടക്കൂ. വായിച്ച വിവരങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ കുറച്ചു സര്‍ഗാത്മകത കൂടി വേണം. ധാരാളം വായിക്കുന്നതിനേക്കാള്‍ പ്രധാനം വായിക്കുന്നവയെ സര്‍ഗാത്മകമായി അവതരിപ്പിക്കുക എന്നതാണ്. വൈക്കം മുരളിയും എം. കൃഷ്ണന്‍നായരും വ്യത്യസ്തരായത് അതുവഴിയാണ്. തീര്‍ച്ചയായും കൃഷ്ണന്‍ നായരേക്കാള്‍ കൂടുതല്‍ മുരളി വായിച്ചിട്ടുണ്ട്. പക്ഷെ കൃഷ്ണന്‍ നായര്‍ക്ക് ഒരു പാശ്ചാത്യ കൃതിയെ അവതരിപ്പിക്കുന്നതിനു ചില പൊടിക്കൈകളൊക്കെയുണ്ട്. ആ പൊടിക്കൈകളൊക്കെയില്ലെങ്കില്‍ പാശ്ചാത്യകൃതികളെ പരിചയപ്പെടുത്തുന്ന പംക്തികളെ ജനങ്ങള്‍ ശ്രദ്ധിക്കില്ല. നമ്മുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധമില്ലെങ്കില്‍ മറ്റൊരു ഭാഷയിലെ കൃതികൊണ്ട് നമുക്കെന്തു പ്രയോജനമാണുള്ളത്?