അതൊരു വസന്തകാലമേളയായിരുന്നു. ഏതൊരു മേളയേക്കാളും കൂടു തല്‍ ആളുകളതിനുണ്ടായിരുന്നു.
ജനങ്ങള്‍ നാലുപാടും ഒഴുകി നീങ്ങുന്നു. താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളില്‍ പലതരം അലങ്കാരവസ്തുക്കള്‍ ഒരുക്കി വച്ചിരിക്കുന്നു. വര്‍ണാഭമായ പുഷ്പശേഖരം മേളയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. കച്ചവടക്കാര്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. അവസാനമെത്തിയവര്‍ക്കു സ്ഥലം കിട്ടാതെ കവാടത്തിനു പുറത്തും നിരന്നിട്ടുണ്ട്.
അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിയെത്തിയ ഒരു കുട്ടിയെ പലരും കൗതു കത്തോടെ നോക്കുന്നുണ്ടായിരുന്നു. കൗതുകം പെട്ടെന്ന് സഹതാപമായി. ഇപ്പോള്‍ അമ്മ അവനെ അവരുടെ ഒക്കത്ത് എടുത്തിരിക്കുകയാണ്. അവന്റെ ഇടതുകൈ തോളിനു താഴെ ചെറിയൊരു മാംസമായി തൂങ്ങുന്നത് കാണാം. അവര്‍ പാവപ്പെട്ടവരായിരുന്നു. ആ അമ്മ അവനെയും കൊണ്ട് മേളയില്‍ കച്ചവടത്തിനു വന്നതായിരുന്നു.
വര്‍ണ്ണബലൂണുകളും കളിപ്പാട്ടങ്ങളും വിടര്‍ന്ന കണ്ണുകളോടെ അവന്‍ നോക്കുകയാണ്. പണക്കാരും പാവപ്പെട്ടവരും ഇടത്തരക്കാരും പലതരം വര്‍ണ വസ്ത്രങ്ങളണിഞ്ഞ് അവനു മുന്നിലൂടെ തിക്കിത്തിരക്കുന്നു. മേളയുടെ നിറപ്പകിട്ടില്‍ അവനെ പിന്നെയാരും ശ്രദ്ധിച്ചില്ല. അവിടെ വീശിയ പൊടിക്കാറ്റില്‍ അവന്റെ ചെമ്പിച്ച മുടി പാറിക്കളിച്ചു. മെലിഞ്ഞുണങ്ങിയ അവന്‍ ആ കാറ്റത്തു പറന്നുപോകുമെന്നു തോന്നിച്ചു. എന്നാല്‍ അവന്‍ ഉല്ലാസവാനായിരുന്നു കണ്ണുകള്‍ അദ്ഭുതംകൊണ്ടു തിളങ്ങി. അവന്റെ ഉത്സാഹത്തെ ആ ഇടതുകൈക്കുപോലും തോല്പിക്കാനായില്ല.
അവനിപ്പോള്‍ അമ്മയുടെ അടുത്തല്ല. കുറച്ചു ദൂരെ ചേച്ചിയുടെ കയ്യും പിടിച്ച് മധുര പലഹാരക്കടയിലെ വാസന നുകര്‍ന്നു നില്ക്കുകയാണ്. ആരോ ഊതി വിട്ട വര്‍ണക്കുമിളകള്‍ അവനു ചുറ്റും പറന്നു കളിക്കുന്നു. അവന്‍ അതില്‍ ചിലതു പൊട്ടിച്ചു രസിച്ചു. കുമിളകള്‍ ഊതി വിടാന്‍ അവനും ആഗ്രഹമുണ്ട്.
പക്ഷെ അതിനു പണം കൊടുക്കണമല്ലോ. ഒന്നിനും അവന്‍ വാശി പിടിക്കാറില്ല. മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും ചോദിക്കാതിരിക്കാന്‍ അവന്‍ പഠിച്ചിട്ടുണ്ട്.
അമ്മയ്ക്ക് കച്ചവടത്തിന് തരക്കേടില്ലാത്ത സ്ഥലം കിട്ടിയിരിക്കുന്നു. ചാക്കില്‍ സാധനങ്ങള്‍ നിരത്തിവെക്കാന്‍ ചേച്ചിയും സഹായിക്കുന്നുണ്ട്. ഒരുപാടു കുട്ടികള്‍ അതു കണ്ട് അങ്ങോട്ടു വരുന്നു. ഇന്ന് ഒരു നല്ല ദിവസമായിരിക്കും. അവന്‍ കണക്കുകൂട്ടി.
സമയം ഉച്ചയായി. സംഘാടകര്‍ നല്‍കിയ പൊതിഭക്ഷണം അവര്‍ കഴിച്ചു. ഉച്ചച്ചൂടിനും ആളുകളുടെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ മടിയില്‍ നിന്ന് ഒരു നാണയം ഊര്‍ന്നുവീണത് അവന്‍ എടുത്തു. മോശമല്ലാത്ത കച്ചവടം നടന്നതിന്റെ സന്തോഷം കൊണ്ടാവണം ആ നാണയം അമ്മ തിരികെ വാങ്ങിയില്ല. അവന്‍ അതുമായി കുതിച്ചു.
അവന് മിഠായി വാങ്ങണം. കുമിളകള്‍ ഊതി വിടണം. ബലൂണ്‍ വേണം. ചേച്ചിയ്ക്ക് പൂക്കള്‍ കൊടുക്കണം. ആഗ്രഹങ്ങളുടെ കുമിളകള്‍ പാറുന്ന മനസ്സുമായി അവന്‍ കടകള്‍ നോക്കി നടന്നു. കൊച്ചു കുട്ടിയായതിനാല്‍ ആരും അവനെ ശ്രദ്ധിച്ചില്ല.
കുറേ നാണയങ്ങളുടെ കിലുക്കം അവന്‍ ശ്രദ്ധിച്ചു. അത് അവനെ ആകര്‍ഷിച്ചു. അത് ഒരു ഭിക്ഷക്കാരന്റെ പാത്രത്തില്‍ നിന്നായിരുന്നു. പെട്ടെന്നാണ് അവന്‍ അതു കണ്ടത്. തന്നെപ്പോലെ, ഇടതു കൈ ഇല്ലാത്ത ഒരു മനുഷ്യന്‍. അവര്‍ രണ്ടു പേരും പരസ്പരം നോക്കി. കുട്ടി ഓടിച്ചെന്ന് ആ പാത്രത്തില്‍ നാണയം ഇട്ടു.
എന്നിട്ട് തന്റെ ഇടതു കൈയില്‍ മെല്ലെ തലോടി.
ചുറ്റിലും കളിപ്പാട്ടത്തിനു വേണ്ടി കരയുന്ന കുട്ടികളെ അവന്‍ കണ്ടു. എന്നാല്‍ ഒരു കളിപ്പാട്ടത്തിലും കിട്ടാത്ത സന്തോഷമാണ് അവനിപ്പോള്‍ കിട്ടിയിരിക്കുന്നത്. തന്നെപ്പോലെ ഒരാളെ അവന്‍ ആദ്യമായി കാണുകയാണ്. ഒറ്റയ്ക്കല്ല എന്ന തോന്നല്‍ അവനെ കൂടുതല്‍ ഉല്ലാസവാനാക്കി. അവനറിയാവുന്ന ഏറ്റവും മധുരമുള്ള പാട്ടുമൂളിക്കൊണ്ട് അമ്മയുടെ അടുത്തേക്കു പോകുമ്പോള്‍ മേളയിലെ പൂക്കളെല്ലാം കുമിളകളെപ്പോലെ അവിടെയെല്ലാം പറന്നു നടക്കുന്നതായി വെറുതേ തോന്നി.