നാട്ടുമാമ്പഴമണമുള്ള കാറ്റിന്റെ പാട്ടിലിന്നു
വിരുന്നുവരുന്നൊരു
നവ്യഹര്ഷപ്രദായകമാകുമീ
ദിവ്യ ചൈത്രത്തിന് സങ്കീര്‍ത്തനങ്ങളെ
എത്രമേല്‍ ഞാന്‍ പുകഴ്ത്തുന്നതിന് മേലേ
ചിത്രവര്ണ്ണാങ്കിതം വിഷുക്കാഴ്ചകള്‍
സ്വര്ണ്ണഭൂഷിതം വെള്ളരിക്കായ്കളും
മിന്നിയാടുന്ന കൊന്നക്കതിര്കളും
വീട്ടുമുറ്റം സുഗന്ധം പരത്തുന്ന
തേന്വരിക്കതന് സൗഭഗമൊക്കെയും
ഓട്ടുരുളിയില്‍ അമ്മ പകര്‍ത്തുന്ന
കാഴ്ചകളെത്ര വിസ്മയം ശോഭനം
കാതിലിന്നും കിലുങ്ങും കൈനീട്ടത്തിന്
ചാരുതയെത്ര? പോയൊരാ നഷ്ടവും
പുത്തരിചേര്ത്തുവച്ച വിഷുക്കഞ്ഞി
ഒത്തുചേരലിന് സൗന്ദര്യമൊക്കെയും
മാമ്പഴക്കാളനെത്ര നുകര്‍ന്നാലും
ചോര്ന്നുപോകാരുചി മേളമൊക്കെയും
മൂത്തചക്കച്ചുളയെരിശ്ശേരിയില്
ചേര്‍ത്തതെത്ര കരുതല്‍, കൈപ്പുണ്യവും
വാഴത്തൂശനിലയില് പകര്‍ന്നൊരു
സ്നേഹവാത്സല്യത്തേനിന്റെ മാധുരി
നാടുവിട്ടു കറങ്ങിയലയുന്ന
നാളിലൊക്കെയും കൂട്ടായി നിന്നിതേ-
ഇന്നുമേടക്കിളി വരവീലയീ-
മന്ദിരങ്ങളില്‍ കാറ്റും കയറില്ല
എങ്കിലും കൊന്നപൂക്കുമൊരുദിക്കില്
തങ്ങിനില്‍പ്പൂ മനക്കാഴ്ചയൊക്കെയും
മേടമാകുന്നു മേദുരചിന്തയില്
മേവിടുന്നു ഹൃദയം, പലതരം
ആകുലതയില്‍ മുഴുകി മേവീടിലും
ഗ്രാമനന്മകള്‍ ചേര്ത്തണച്ചീടുന്നു
സങ്കടക്കിളിയാണിന്നു നെഞ്ചിലെ
കൊന്നത്താലിയില് പൊന്‍ കണി വയ്പതും!!!