കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എത്രനേരം നോക്കി നിന്നാലും കൊതി തീരില്ല. ഉത്സവമെന്ന് പറയുമ്പോള്‍ മനസ്സില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര് തെളിഞ്ഞുവരും. ആനകളുടെയും മഹാരാജാക്കന്മാരുടെയും നാടായിട്ടാണ്
പണ്ട് വിദേശികള്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത്. അന്നും ഇന്നും ഉത്സവങ്ങളിലെ പ്രധാന ആകര്‍ഷണം ലക്ഷണമൊത്ത ആനകള്‍ തന്നെ.
പണ്ട് ആനകള്‍ സമ്പത്തിന്റെയും അന്തസ്സിന്റെയും അടയാളമായിരുന്നു. ഇന്ന് വില കൂടിയ കാറുകള്‍ വാങ്ങി വീടിന്റെ മുന്‍വശത്ത് ഇടുന്നതുപോലെയാണ് തറവാടുകളില്‍ പണ്ട് ആനകളെ കെട്ടി പാരിപാലിച്ചിരുന്നത്. ആനക്ക് ഏകദേശം നൂറ് മനുഷ്യരുടെ തൂക്കമുണ്ട്. ഒരു ദിവസം 200 കിലോ ആഹാരവും 200 ലിറ്റര്‍ വെള്ളവും ആന അകത്താക്കുന്നു. വേനല്‍ക്കാലത്ത് കാട്ടരുവികളുടെ തീരത്ത് കൂട്ടം കൂട്ടുന്നതിനും കാട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നതിനും കാരണം ഈ വെള്ളക്കൊതിയും ഭക്ഷണ പ്രിയവും തന്നെയാണ്.
ആനകള്‍ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല. അവര്‍ കൂട്ടത്തോടെയേ സഞ്ചരിക്കാറുള്ളൂ. ഒരു ദിവസം മുഴുവന്‍ നടന്നാലും അവ ക്ഷീണിക്കില്ല. ആനക്കൂട്ടത്തെ നയിക്കുന്നത് തഴക്കം ചെന്ന പിടിയാനകളായിരിക്കും. അംഗരക്ഷകരെപ്പോലെ ഇരുവശങ്ങളിലും കൊമ്പന്മാര് അകമ്പടി സേവിക്കുന്നു. ഇരുപത് മുതല്‍ ഇരുപത്തിരണ്ട് മാസം വരെ അമ്മയുടെ വയറ്റില്‍ കിടന്നിട്ടാണ് ആനക്കുട്ടി ജനിക്കുന്നത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍
ആനക്കുട്ടി എണീറ്റ് നടക്കും. മാസങ്ങളോളം അമ്മയുടെ മുലപ്പാലാണ് ആഹാരം. അതിനുശേഷം ഇളം പുല്ലുകളും ചില്ലകളും തിന്ന് അവര്‍ കരുത്തരാകും.
ആനകള്‍ രണ്ട് തരമാണ്.
ആഫ്രിക്കയില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ആനകളും, ഇന്ത്യ, ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ എന്നിവിടങ്ങളില്‍ കാണുന്ന ഇന്ത്യന്‍ ആനകളും. കരുത്തില്‍ ആഫ്രിക്കന്‍ ആനകള്‍ മുന്നിലാണെങ്കിലും അഴകില്‍ ഭാരതത്തിന്റെ ആനകളാണ് തലയെടുപ്പോടെ മുന്നില്‍ നില്‍ക്കുന്നത്.
ആനക്കൊമ്പ് അമൂല്യമാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ. അതിന്റെ പേരില്‍ എത്രയെത്ര കൊമ്പന്മാരെയാണ് വേട്ടക്കാര്‍ കൊല്ലാറുള്ളത്. ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ക്ക് വിലമതിക്കാനാവില്ല. ആനയുടെ മുകളിലത്തെ അണയില്‍ നിന്നും തുമ്പിക്കൈയുടെ ഇരുവശത്തേക്കും വളര്‍ന്നിറങ്ങുന്ന ഉളിപ്പല്ലുകളെയാണ് നമ്മള് ആനക്കൊമ്പെന്ന് വിളിക്കുന്നത്.
ആനക്ക് ഏറ്റവും പ്രയോജനപ്രദം അതിന്റെ തുമ്പിക്കൈയാണ്. ഈച്ചയെ ഓടിക്കുന്നതു മുതല്‍, വെള്ളം കുടിക്കുന്നതിനും മരങ്ങള്‍ വലിച്ചൊടിക്കുന്നതിനും ആനക്കുട്ടിയെ ചേര്‍ത്തു നിറുത്തുന്നതിനും സഹായിക്കുന്നത് തുമ്പിക്കൈയാണ്. 40,000 പേശികള്‍ ചേര്‍ന്നതാണ് ആനയുടെ തുമ്പിക്കൈ.