കോവിഡാനന്തരകാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. പ്രമോദ് പയ്യന്നൂര്‍ കലാകൗമുദിയില്‍ എഴുതിയിരിക്കുന്ന ലേഖനമാണ് ‘കോവിഡാനന്തരം പുതുജീവനം സത്യാനന്തരം അതിജീവിനം.’ കോവിഡാനന്തരം മനുഷ്യരുടെ സാമൂഹ്യസാംസ്‌കാരിക ജീവിതം അമ്പേ മാറിപ്പോകും എന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ അതിവൈകാരികമാണ്. ലോകത്തിന് ഒരു മാറ്റവും കോവിഡ് ഉണ്ടാക്കാനിടയില്ല. 1918-ല്‍ ‘സ്പാനിഷ് ഫ്‌ളൂ’ എന്ന പകര്‍ച്ചവ്യാധി ലോകം മുഴുവന്‍ വീശിയടിക്കുകയും അഞ്ചുകോടിയിലധികം മനുഷ്യരെ കൊന്നുതള്ളുകയും ചെയ്തു. എന്നിട്ടും ലോകത്തിനു മാറ്റമൊന്നുമുണ്ടായില്ല. കോവിഡിനു ശേഷം ലോകം ഒരിക്കലും പഴയപോലെ ആയിരിക്കില്ല എന്ന വിലയിരുത്തലുകളില്‍ ഒരു തരത്തിലുമുള്ള യാഥാര്‍ത്ഥ്യബോധമില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ എത്രയോ ദുരന്തങ്ങളിലൂടെയാണ് മനുഷ്യവംശം കടന്നുവന്നത്. കോവിഡിനുശേഷം പെട്ടെന്നു തന്നെ ലോകം പഴയ അവസ്ഥയിലേയ്ക്കു മടങ്ങിപ്പോകും സംശയമേതും വേണ്ട.
എന്നാല്‍ സത്യാനന്തര അതിജീവനം എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. സത്യത്തെ ഒരു രീതിയിലും ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്കു കഴിയാത്ത രീതിയില്‍ ദൃശ്യ മാധ്യമങ്ങള്‍ നുണകള്‍ വിതറിക്കൊണ്ടേയിരിക്കുന്നു. അതു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിയുന്നില്ല. എല്ലാനുണകളേയും ജനം തൊണ്ടതൊടാതെ വിഴുങ്ങുന്നു. പലതും ഇത് ‘സത്യാനന്തരസമൂഹം’ എന്ന വിലയിരുത്തലിനെ ശരിവയ്ക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന, ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന, ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടക്കുന്ന, പോലീസ് ഏറ്റവും നീതിരഹിതമായി പെരുമാറുന്ന സംസ്ഥാനം കേരളമാണ് എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ ആ യാഥാര്‍ത്ഥ്യത്തെ തന്ത്രപൂര്‍വ്വം മറച്ചുപിടിച്ച് കേരളം ഇന്ത്യയിലെ മെച്ചപ്പെട്ട സംസ്ഥാനമാണെന്ന് ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജനം സത്യവിരുദ്ധമായ ആ സംഗതി വിശ്വസിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ നുണകളുടെ കൂമ്പാരം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളമാണെന്ന കാര്യത്തില്‍ സംശയമേവേണ്ട. ഒരു മൂല്യസങ്കല്പവുമില്ലാത്ത ജനതതിയാണ് കേരളത്തിലെ സത്യാനന്തര സമൂഹത്തില്‍ അധിവസിക്കുന്നത്. അഴിമതിക്കാരനു വോട്ടുചെയ്യുക, അക്രമിക്കുക, സ്തുതി പാടുക, വ്യാജബിംബങ്ങളെ ആരാധിക്കുക എന്നതൊക്കെയാണ് ഇന്നത്തെ കേരള സമൂഹത്തിന്റെ പൊതുരീതി.
* * *
സുഗതകുമാരിയെക്കുറിച്ചു മധുമാഷ് വെഞ്ഞാറമൂട് ‘കെടാവിളക്ക്’ എന്നൊരു കവിത കലാകൗമുദിയില്‍ എഴുതിയിരിക്കുന്നു. ഒരു കവിയെക്കുറിച്ച് മറ്റൊരു കവി എഴുതുക എന്നത് വലിയ കാര്യമാണ്. കവിതയുടെ മെച്ചത്തെക്കാളുപരി മറ്റൊരു കവിയുടെ തൂലികയ്ക്ക് വിഷയീഭവിക്കുക അക്കവിയുടെ മഹത്വത്തിനു നിദര്‍ശനമാണ്. സുഗതകുമാരി മനുഷ്യത്വത്തിനുവേണ്ടി എഴുതുകമാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതാണ് പ്രത്യേകത. സുഗതകുമാരിയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളേക്കാള്‍ മഹത്വമേറിയതായി ഈ ലേഖകന് തോന്നുന്നത് നിരാലംബരായ സ്ത്രീകള്‍ക്കുവേണ്ടി ടീച്ചര്‍ നടത്തിയ അഭയപോലുള്ള കര്‍മ്മങ്ങളാണ്.
* * *
മാതൃഭൂമി (മാര്‍ച്ച് 14) യില്‍ സുഗതകുമാരിയുടെ വേര്‍പാടിനെക്കുറിച്ച്, മകള്‍ ലക്ഷ്മീദേവി എഴുതിയ കവിത ‘അമ്മ’ സാധാരണ വിലാപഗീതങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നതാണ്. വ്യത്യസ്തത എന്നതുകൊണ്ടുദ്ദേശിക്കുന്നത് ടീച്ചര്‍ എന്തായിരുന്നോ അതിനെ ധ്വനിപ്പിക്കുന്ന ബിംബങ്ങളാല്‍ കവിത സമ്പന്നമായിരിക്കുന്നു എന്നതാണ്. പാരിസ്ഥിതിക ബിംബങ്ങള്‍ എന്നുവേണമെങ്കില്‍ പറയാം. വലിയ ഒരു തരുവായി സുഗതകുമാരിയേയും മകളായ കവിയെ അതിന്റെ കീഴില്‍ നിന്ന പുല്‍ക്കൊടിയായും സങ്കല്പിച്ചിരിക്കുന്നത് തീര്‍ച്ചയായും ടീച്ചര്‍ക്കു ചേര്‍ന്ന കല്പന തന്നെ.
”കൃഷ്ണവനച്ചോലകളില്‍ കണ്ണുനീരു കുതിരുന്നു
കൃഷ്ണദാസി ഗോപനാരി വിടചൊല്ലവേ” എന്നെഴുതുമ്പോള്‍ സുഗതകുമാരിയുടെ കാവ്യവ്യാപാരങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളുമൊക്കെയതില്‍ ധ്വനിപ്പിക്കപ്പെടുന്നുണ്ട്. അട്ടപ്പാടിയില്‍ വനവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കു ടീച്ചര്‍ നല്‍കിയ സംഭാവനയും കാവ്യവ്യാപാരങ്ങളില്‍ സ്വയം പ്രതിഷ്ഠിച്ച രാധാസ്വത്വവും അതിലുണ്ട്. ഗോപനാരിയായി സ്വയം അവരോധിച്ച കാവ്യവ്യക്തിത്വമാണല്ലോ സുഗതകുമാരിയുടേത്. ‘കൃഷ്ണാ നീയെന്നെയറിയില്ല’ പോലുള്ള കവിതകള്‍ കൂടാതെ ‘രാധയെവിടെ’ എന്നൊരു ഖണ്ഡകാവ്യം കൂടി എഴുതി തന്റെ ഗോപികാത്വം ടീച്ചര്‍ തെളിയിച്ചിട്ടുണ്ട്. കേകയില്‍ നല്ല പദസംഘാതങ്ങളോടെ എഴുതിയ ലക്ഷ്മി ദേവിയുടെ കവിത കുറച്ചൊരാശ്വാസം നല്‍കുന്നതാണെന്നു പറയാതെവയ്യ. ‘സഹ്യാത്മജേ’ എന്നു കവിയെ സംബോധന ചെയ്യുന്നതും ഉചിതം തന്നെ.
നമ്മുടെ സാംസ്‌കാരിക ജീവിതം തന്നെ ഒരു ‘ഗിമ്മിക്കാ’ണോ എന്നു തോന്നിപ്പോകുന്നതാണ് മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളുടെ പല സംസ്‌കാരസഞ്ചാരങ്ങളും. സ്ത്രീയുടെ മഹത്വത്തെക്കുറിച്ചും സ്ത്രീയുടെ വിമോചനത്തെക്കുറിച്ചുമൊക്കെ വലിയ കവര്‍ സ്റ്റോറികള്‍ ചെയ്യും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്ന സന്ദര്‍ഭങ്ങളെയും പ്രസ്ഥാനങ്ങളെയും കുറിച്ചൊക്കെ മൗനം പാലിക്കും. വര്‍ഗീയതയെക്കുറിച്ച് വലിയ വെളിപാടുകള്‍ തട്ടിവിടും. എന്നാല്‍ യഥാര്‍ത്ഥ വര്‍ഗ്ഗീയത കണ്‍മുമ്പില്‍ ഉറഞ്ഞുതുള്ളിയാല്‍ പോലും കണ്ടതായി നടിക്കില്ല. ഫാസിസത്തെക്കുറിച്ച് കണ്ണീരൊഴുക്കും. എന്നാല്‍ ശരിയായ ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി കേരളം ഭരിച്ചത് അവര്‍ അറിഞ്ഞിട്ടേയില്ല. ഇത്തരത്തിലുള്ള സാംസ്‌കാരിക തട്ടിപ്പാണ് മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും കൈമുതല്‍.
മാതൃഭൂമി പെണ്‍മ എന്ന വലിയ സ്റ്റോറിയില്‍ പത്തു സ്ത്രീകളെ അവതരിപ്പിക്കുന്നു. കൂട്ടത്തില്‍ ട്രാന്‍സ്‌ജെന്ററിനെ ആഘോഷിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ കേരളത്തില്‍ വലിയ ആഘോഷമാക്കുന്ന ഒന്നാണ് ട്രാന്‍സ് ജെന്റര്‍ ജീവിതം – ട്രാന്‍സ്‌ജെന്റര്‍ ആയിരിക്കുക എന്നത് പല കാരണങ്ങള്‍ കൊണ്ടും ദുഃഖകരമാണ്. അത്തരക്കാര്‍ പൊതുസമൂഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള അവഹേളനമോ അവഗണനയോ അനുഭവിക്കുന്നുവെങ്കില്‍ അതിനെ ചെറുക്കേണ്ടതുമാണ്. പക്ഷെ ട്രാന്‍സ്‌ജെന്ററുകളെ എന്തിനാണ് ആഘോഷിക്കുന്നത്. അതിന്റെ ആവശ്യകതയുണ്ടോ? ‘ഞാന്‍ മുടന്തനാണേ’ എന്നോ ബധിരനാണേ’ എന്നോ ഒരാളിനെക്കൊണ്ടു വിളിച്ചുകൂവിക്കുന്നത് അയാള്‍ക്ക് എന്തുതരം പരിരക്ഷയാണ് നല്‍കുക? അതുപോലെ ട്രാന്‍സ്‌ജെന്ററാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതുകൊണ്ട് ആ പരാധീനത അനുഭവിക്കുന്നയാള്‍ക്ക് ആനന്ദമുണ്ടാകുമോ? ഉണ്ടാകാനിടയില്ല എന്നാണ് തോന്നുന്നത്. ഇത്തരം ആഘോഷങ്ങള്‍ പൊതുസമൂഹത്തില്‍ അത്തരക്കാരെ അവഹേളിക്കാനേ ഉതകുകയുള്ളു. പുതിയ കാലത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം കോലാഹലങ്ങള്‍ ആര്‍ക്കെങ്കിലും പ്രയോജനം ചെയ്യുന്നതാണെന്ന് തോന്നുന്നില്ല.
പെണ്മയിലെ പത്തുപേരില്‍ കര്‍ഷകസമരനായിക കവിത കുറുഗണ്ടിയുമുണ്ട്. ആരാണ് കര്‍ഷകരെന്നോ, അവര്‍ എന്തിനുവേണ്ടി സമരം ചെയ്യുന്നുവെന്നോ, കാര്‍ഷിക ബില്ല് എന്താണെന്നോ അതു കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതാണോ എന്നൊന്നും കവിതയ്ക്ക് അറിയില്ല. പക്ഷെ അവര്‍ സമരത്തിന്റെ മുന്നിലുണ്ട്. ഈ സമരത്തില്‍ മാത്രമല്ല ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഏതു സമരമുണ്ടായാലും അതിന്റെയൊക്കെ മുന്‍പന്തിയില്‍ ആക്ടിവിസ്റ്റുകള്‍ എന്നുപേരായ ഒരു വിഭാഗം നില്‍ക്കുന്നുണ്ട്. വളരെ പെട്ടെന്നു ധനികരായിത്തീരുന്ന ഇത്തരക്കാരുടെ സാമ്പത്തികസ്രോതസ്സുകളെ ക്കുറിച്ചൊക്കെ കാര്യമായ അന്വേഷണം വേണ്ടിയിരിക്കുന്നു.
രാജീവ്ഗാന്ധി വധക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട പേരറിവാളന്‍ നിരപരാധിയാണെന്ന് ഒരു സംഘം പറഞ്ഞു തുടങ്ങിയിട്ടുകാലം കുറെയായി. അതു ശരിയാണോ എന്നറിവില്ല. ശരിയാണെങ്കില്‍ ആ വസ്തുത ഏവരേയും വേദനിപ്പിക്കുന്നതുതന്നെ. ആ പ്രതിയുടെ മാതാവ് അര്‍പ്പുതമ്മാള്‍ നടത്തുന്ന സമരത്തോട് അവരുടെ ആവശ്യം ന്യായമാണെങ്കില്‍ നമ്മള്‍ ഐക്യപ്പെടണ്ടിയിരിക്കുന്നു. വി.ത്യാഗരാജന്‍ എന്ന എസ്.പി. പേരറിവാളനെ താന്‍ മനഃപൂര്‍വ്വം പ്രതിയാക്കുകയായിരുന്നുവെന്നു തുറന്നു പറഞ്ഞുവത്രേ! എങ്കില്‍ അയാളും കുറ്റക്കാരനാണല്ലോ! നിയമത്തിന്റെ പഴുതുകളിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനോടും നമുക്കു യോജിക്കാനാവില്ല. എന്നാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതു നീതിന്യായവ്യവസ്ഥയുടെ പരാജയം ആണ്. പേരറിവാളന്‍ നിരപരാധിയാണെങ്കില്‍ ഉടന്‍ വിട്ടയയ്ക്കപ്പെടുക തന്നെ വേണം.