സത്രാജിത്ത് തന്റെ കൈയിലെ സ്യമന്തകമാല ശ്രീകൃഷ്ണന്റെ കരങ്ങളില്‍ വെച്ചുകൊടുത്തു. പക്ഷെ, കൃഷ്ണന്‍ അതേപടി അത് തിരികെ സത്രാജിത്തിന്റെ കൈയില്‍ തന്നെ ഏല്പിച്ചുകൊണ്ടു പറഞ്ഞു:
”സങ്കടപ്പെടാതിരിക്കൂ സുഹൃത്തേ! നാട്ടില്‍ മോഷണമോ കൊലപാതകമോ ഉണ്ടായാല്‍ അതേപ്പറ്റി അന്വേഷിക്കേണ്ടതും ജനങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കേണ്ടതും രാജാവിന്റെ ധര്‍മ്മമല്ലേ? ഞാന്‍ അതു നിര്‍വ്വഹിച്ചു. അത്രയേയുള്ളൂ. താങ്കള്‍ക്ക് ആശ്വാസമായി. ജനങ്ങള്‍ക്കു സത്യം ബോധ്യമായി; തെറ്റിദ്ധാരണകള്‍ മാറിയതില്‍ എനിക്ക് സന്തോഷമായി! വാസ്തവത്തില്‍ അങ്ങയോടു നന്ദിപറയണമെന്നാണ് എന്റെ തോന്നല്‍!”
”അയ്യോ, കൃഷ്ണാ! അങ്ങനെ പറയല്ലേ! കുറ്റബോധം കൊണ്ട് ഞാന്‍ ലജ്ജിതനായും ഭൂമിയിലേയ്ക്കു താഴ്ന്നുപോകും പോലെയും തോന്നിപ്പോകുന്നു! അതോടൊപ്പം എന്റെ സന്തോഷത്തിനും ഇപ്പോള്‍ അതിരില്ല. അങ്ങയെപ്പോലൊരു രാജാവിന്റെ ഭരണം ഏതു നാടിന്റെയും സൗഭാഗ്യമാണ്. അതിനാല്‍ എനിക്കു ഒരു അപേക്ഷയുണ്ട്. കൃഷ്ണാ!”
”എന്താണത്?” കൃഷ്ണന്‍ ചോദിച്ചു.
സത്രാജിത്ത് അകത്തേയ്ക്കു നോക്കി മകളെ വിളിച്ചു. വിനമ്രയായി അടുത്തുവന്ന മകളുടെ കരം ഗ്രഹിച്ചുകൊണ്ടു സത്രാജിത്ത് പറഞ്ഞു:
”കൃഷ്ണാ! ഇത് എന്റെ മകള്‍ സത്യഭാമ. ഇവള്‍ സൗഭാഗ്യവതിയായിരിക്കാന്‍ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ ഏല്പിക്കുകയാണ്. സ്യമന്തകം അങ്ങ് സ്വീകരിച്ചില്ല. പക്ഷെ, എന്റെ സര്‍വ്വസ്വവുമായ ഇവളെ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണം. നിരസിക്കല്ലേ കൃഷ്ണാ!”
ഇത്രയും കേള്‍ക്കേ, കൃഷ്ണന്‍ മന്ദഹാസത്തോടെ തന്റെ വലതുകരം നീട്ടി. സത്രാജിത്ത് മുന്നോട്ടുനീങ്ങി മകള്‍ സത്യഭാമയുടെ കരം കൃഷ്ണന്റെ കരത്തില്‍ ചേര്‍ത്തുവെച്ചു കൃതാര്‍ത്ഥതയോടെ കണ്ണടച്ചു ധ്യാനനിരതനായി. സന്തോഷാശ്രു പൊഴിച്ചു.
അപ്പൊഴേയ്ക്കും വിവരമറിഞ്ഞു അവിടെയെത്തിയ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു; സ്ത്രീകള്‍ കുരവയിട്ടു.
സത്രാജിത്ത് ഉടനെ കൃഷ്ണനേയും ജാംബവതീ സത്യഭാമമാരെയും ഒരിടത്തു തല്‍ക്കാലം ഇരുത്തിയശേഷം ഭൃത്യന്മാരെ വിളിച്ചു കല്പിച്ചു:
”നിങ്ങള്‍ എന്റെ രഥം വേഗത്തില്‍ കമനീയമായി അലങ്കരിച്ചു കൊണ്ടുവരുവിന്‍…” ഒപ്പം മറ്റു ചില ക്രമീകരണങ്ങളും നിര്‍ദ്ദേശിച്ചു.
അധികം കാത്തിരിക്കേണ്ടിവന്നില്ല. അതിമനോഹരമായി അലങ്കരിച്ച രഥം എത്തിച്ചേര്‍ന്നു. അതില്‍ കൃഷ്ണനേയും ജാംബവതീ സത്യഭാമമാരെയും കയറ്റി, സത്രാജിത്തു തന്നെ സാരഥിയായി ഒരു ഘോഷയാത്ര ദ്വാരകയിലേയ്ക്കു പുറപ്പെട്ടു.
നാട്ടിലെങ്ങും വാര്‍ത്ത പരന്നു കഴിഞ്ഞിരുന്നു. വഴിനീളെ ജനാവലി കാത്തുനില്‍ക്കുകയാണ്. കൗതുകം നിറഞ്ഞ അനേകായിരം കണ്ണുകളുടെ സ്വീകരണമേറ്റുകൊണ്ടു, രഥത്തില്‍ ഇടത്തും വലത്തും രണ്ടു തരുണീ രത്‌നങ്ങള്‍ക്കു നടുവില്‍ സൂര്യകാന്തക്കല്ലുപോലെ ശ്രീകൃഷ്ണന്‍ തിളങ്ങി. ആ ഘോഷയാത്രയെത്തവേ ദ്വാരക ഒരു ഉത്സവ നഗരിയായി മാറി.
ദ്വാരകാവാസികളുടെ ഭാഗ്യമെന്നേ പറയേണ്ടൂ. കൃഷ്ണന്റെ അതിസാഹസികമായ ആദ്യവിവാഹത്തിന് അവര്‍ സാക്ഷികളായിട്ടു അധികകാലം ആയിരുന്നില്ല. വാസ്തവത്തില്‍ അതൊരു പ്രേമവിവാഹമായിരുന്നു. രുഗ്മിണിയായിരുന്നു വധു.
എന്നാല്‍ കൃഷ്ണനോടു ശത്രുത ഉണ്ടായിരുന്ന അച്ഛനും ജ്യേഷ്ഠനും രുഗ്മിണിക്കു മറ്റൊരു വരനെ നിശ്ചയിച്ചു. അപ്പോള്‍ രുഗ്മിണിയില്‍ നിന്ന് ”എന്നെ രക്ഷിക്കണേ കൃഷ്ണാ!” എന്ന സന്ദേശം കിട്ടി. കൃഷ്ണന്‍ സമര്‍ത്ഥമായ അവളുടെ പദ്ധതിയെ അനുകൂലിക്കുക തന്നെ ചെയ്തു.
അങ്ങനെ, വിവാഹഗൃഹത്തില്‍ നിന്നു തന്ത്രപൂര്‍വ്വം തട്ടിക്കൊണ്ടുവന്നതാണ് രുഗ്മിണിയെ! വഴിക്കുവെച്ചുണ്ടായ ഏറ്റുമുട്ടലുകളെ കൃഷ്ണനും ജ്യേഷ്ഠന്‍ ബലരാമനും സംഘവും ചേര്‍ന്നു പരാജയപ്പെടുത്തി. രുഗ്മം എന്നാല്‍ സ്വര്‍ണ്ണമാണ്. രുഗ്മിണി സ്വര്‍ണ്ണകുമാരിയാണ്, മഹാലക്ഷ്മിയാണ്! കൃഷ്ണനൊപ്പം രുഗ്മിണി ദ്വാരകയില്‍ വലതുകാല്‍ വെച്ചു കയറിയ അന്ന് ഗംഭീരമായ ഒരു വിവാഹോത്സവം നടന്നിട്ടുണ്ട്.
ഇപ്പോള്‍ നോക്കൂ. നഷ്ടപ്പെട്ട സ്യമന്തക രത്‌നത്തെച്ചൊല്ലിയാണല്ലോ കൃഷ്ണന്‍ ദ്വാരകയില്‍ നിന്നു പുറപ്പെട്ടത്. തിരിച്ചുവന്നതോ രണ്ടു സ്ത്രീരത്‌നങ്ങളേയും കൊണ്ട്! ഇരട്ട വിവാഹം! അതിന്റെ ആഘോഷങ്ങളും സദ്യവട്ടങ്ങളും പറഞ്ഞറിയിക്കാന്‍ വയ്യ.
(കഥ പറയുന്ന മുത്തച്ഛന്‍ ഒരിക്കല്‍ക്കൂടി ഇടയ്ക്കു കയറി ചോദിച്ചു: ”ആര്‍ക്കെങ്കിലും അറിയണോ ആവിശേഷങ്ങള്‍? മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ‘സ്യമന്തകം’ തുള്ളല്‍ വായിച്ചു നോക്കൂ. എന്തു രസകരമായ അനുഭവമായിരിക്കുമെന്നോ!”)
(അവസാനിച്ചു)