ന്യൂദല്‍ഹി: ആയുധ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് ഇറക്കുമതിയില്‍ വന്‍തോതില്‍ കുറവു വരുത്തിയതായി പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള പദ്ധതികളാണ് ഇതിന് പ്രേരണയായതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആധികാരികമായ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015 മുതല്‍ 2020 വരെയായി ഇറക്കുമതി 33 ശതമാനം കുറഞ്ഞു. റഷ്യ അടക്കമുള്ള രാജ്യങ്ങളെ ആയുധങ്ങള്‍ക്ക് ആശ്രയിക്കുന്നത് കുറയ്ക്കാനും അവ സ്വന്തമായി നിര്‍മ്മിക്കാനും ഇന്ത്യ തീരുമാനിച്ചതാണ് കാരണം. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 20 ശതമാനം റഷ്യയില്‍ നിന്നാണ്. ഈ ഇറക്കുമതിയില്‍ 22 ശതമാനം കുറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയും വന്‍തോതില്‍ കുറഞ്ഞു.
ഈ വര്‍ഷം ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിച്ച ആയുധങ്ങള്‍ വാങ്ങാന്‍ 70,221 കോടിയാണ് മാറ്റിവച്ചത്. മൊത്തം സൈനിക ചെലവിന്റെ 63 ശതമാനം വരുമിത്.
ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച തേജസ് ലഘു യുദ്ധവിമാനം, ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകള്‍, പരിശീലന വിമാനങ്ങള്‍, അര്‍ജുന്‍ യുദ്ധ ടാങ്കുകള്‍, മിസൈലുകള്‍, പിനാക ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവയാണ് വാങ്ങുക. ഇവയെല്ലാം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും ഡിആര്‍ഡിഒയും മറ്റുമാണ് നിര്‍മ്മിക്കുന്നത്.