പനിനീര് മണക്കുന്ന വാക്കുകള്‍
ചെമ്പകപ്പൂപോലെ പൊട്ടിച്ചിരിക്കണം.
പരലുപോല്‍ തുഴയെറിഞ്ഞൊഴുകണം
കതിര്ക്കുലകള്പോല്
തലചെരിച്ചാടണം.
കനലായെരിയണം വാക്കുകള്‍
ഹൃദയത്തിലെവിടെയോ
നീറ്റലായ് മാറണം.
പുലരിപോല്‍ കുളിരു നിറയ്ക്കണം
നട്ടുച്ച വെയിലായി വെട്ടിത്തിളങ്ങണം.
വഴിയിരുളുമൂടി മുഷിയുമ്പോള്‍
വാക്കുകള്‍
നക്ഷത്ര ദീപമായ് മാറണം.
മരമായി തണലുവിരിക്കണം
കാട്ടു ചെറുവള്ളിയായ്
കെട്ടിപ്പുണരണം.
ചിറകുവിരിച്ചു പറക്കണം
വാക്കുകള്‍
കാറ്റായി കടലായി മാറണം.
കവി പോലുമറിയാതെ-
യൊഴുകണം
വാക്കുകള്‍ കവിതയായ്
ഹൃദയങ്ങള്‍ നിറയണം.