കേരളത്തിലെ ഭരണകക്ഷിയും ‘ഇടത് മതേതര അപ്പോസ്തലന്‍’ എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുമായ സി.പിഎമ്മിനെ ജിഹാദികള്‍ വിഴുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പ്രീണനരാഷ്ട്രീയം തങ്ങള്‍ക്കു നേരെ തിരിഞ്ഞു കൊത്തുമ്പോള്‍ നിസ്സഹായമായി നോക്കിനില്‍ക്കേണ്ട ഗതികേടിലേക്ക് സി.പി.എം. കൂപ്പുകുത്തിയിരിക്കുന്നു. മലബാര്‍ മേഖലയില്‍ സി.പി.എമ്മിനെ ജിഹാദികള്‍ വരിഞ്ഞു മുറുക്കിയതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന ‘ജിഹാദി’ പ്രകടനങ്ങള്‍.
‘മാപ്പിള ലഹളയുടെ നൂറാംവര്‍ഷികത്തിന്റെ സമയത്താണ് ഈ പ്രകടനങ്ങള്‍ നടന്നത് എന്നത്, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെങ്കിലും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്ന ജിഹാദിവല്‍ക്കരണം മറനീക്കി പുറത്തുവന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ചേളാരിയിലും പാണ്ടിക്കാട്ടും 1921-ലെ സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം നടത്തി കൊലവിളി മുദ്രാവാക്യങ്ങളുമായി നടന്ന പ്രകടനങ്ങളും പൊന്നാനിയിലെയും കുറ്റ്യാടിയിലെയും പ്രകടനങ്ങളും കൂട്ടിവായിക്കേണ്ടതാണ്. അപ്പോഴാണ് ജിഹാദികളുടെ നുഴഞ്ഞുകയറ്റം എത്രത്തോളം സി.പി.എമ്മിനെ വിഴുങ്ങിയിരിക്കുന്നു എന്നത് കൃത്യമായി മനസ്സിലാകുക.
മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്ന് പറയാതെ പറഞ്ഞുള്ള പ്രകടനങ്ങളാണ് സിപിഎമ്മിനുള്ളിലെ ജിഹാദികള്‍ എന്നറിയപ്പെടുന്ന ‘എസ്.ഡി.പി.ഐ ഫ്രാക്ഷന്‍’ പൊന്നാനിയിലും കുറ്റ്യാടിയിലും നടത്തിയത്. പൊന്നാനിയില്‍ സംസ്ഥാന കമ്മിറ്റി നന്ദകുമാറിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ സി.പി.എമ്മില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പൊട്ടിത്തെറിയാണ് നടന്നത്. സി.പി.എമ്മിന്റെ ചെങ്കൊടിയേന്തിയ ആയിരത്തിലധികം വരുന്ന ‘ജിഹാദികള്‍’ – അതില്‍ തട്ടമിട്ടവരും ഉണ്ട് – ആവേശത്തോടെ ‘നന്ദകുമാര്‍ വേണ്ട, സിദ്ധിഖ് മതി’ എന്ന് മുദ്രാവാക്യം വിളിച്ചപ്പോള്‍ ഉത്സാഹത്തോടെ ഏറ്റു വിളിച്ചവര്‍ ആവശ്യപ്പെട്ടത്, യഥാര്‍ത്ഥത്തില്‍ നന്ദകുമാര്‍ വേണ്ട എന്നല്ല, ഹിന്ദുസ്ഥാനാര്‍ത്ഥി വേണ്ട എന്നായിരുന്നു. സിദ്ധിഖ് വേണം എന്നാവശ്യപ്പെട്ടപ്പോള്‍ പറയാതെ പറഞ്ഞ് മുസ്ലിം സ്ഥാനാര്‍ത്ഥി വേണം എന്നുതന്നെയായിരുന്നു. ‘മാപ്പിളലഹള’യുടെ ഒരു ‘പൊന്നാനി പതിപ്പ്’ ആയിരുന്നു ആ പ്രകടനത്തില്‍ ദൃശ്യമായത്. തടയാന്‍ ശ്രമിച്ചു എന്ന് സിദ്ധിഖ് പറയുമ്പോഴും പാര്‍ട്ടിയിലെ ഒളിഞ്ഞിരിക്കുന്ന ‘ജിഹാദി’കളുടെ മുഴുവന്‍ മൗനാനുവാദവും ഇതിനുണ്ടായിരുന്നു എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മൂന്നോളം മുസ്ലിം നാമധാരികളായ ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പ്രവര്‍ത്തകരും രാജിവെച്ചു. പാര്‍ട്ടി ചിഹ്നങ്ങളും കൊടിയും തീയിട്ടു നശിപ്പിച്ചു. ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ഒരു പ്രകടനം നടക്കണമെങ്കില്‍ അതിനു പിന്നില്‍ വലിയ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും. മൗനത്തുല്‍ ഇസ്ലാം സഭയുടെ കേന്ദ്രമായ പൊന്നാനിയില്‍ ‘മതേതര’ പാര്‍ട്ടിയായ സി.പി.എം എവിടെ എത്തിനില്‍ക്കുന്നു എന്ന് ലോകത്തെ അറിയിച്ച സംഭവമായിരുന്നു അവിടെ അരങ്ങേറിയത്.
കുറ്റ്യാടിയില്‍ സംഭവിച്ചതും ഇതു തന്നെയായിരുന്നു. കുറ്റ്യാടി സീറ്റ് മാണി കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവിടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കാന്‍ സാധ്യത. അവിടെയും സി.പി.എമ്മിലെ ‘ജിഹാദികള്‍’ തെരുവിലിറങ്ങി ചെങ്കൊടിയേന്തി പ്രകടനം നടത്തി. ആയിരത്തിലധികം പേര്‍ അവിടെയും പ്രകടനത്തില്‍ അണിചേര്‍ന്നു. അവരുടെ ആവശ്യം മുസ്ലിം ആയ കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം പ്രകടനം നടന്നു. നേതൃത്വത്തിനെതിരെ കൊലവിളി നടത്തിക്കൊണ്ടായിരുന്നു കുറ്റ്യാടിയിലെ പ്രകടനം. തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയാണ് കുറ്റ്യാടി. കേരള കോണ്‍ഗ്രസ് മുഹമ്മദ് ഇക്ബാലിനെ സ്ഥാനാര്‍ത്ഥിയാക്കി ജിഹാദികളെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ്. ജിഹാദികള്‍ നുഴഞ്ഞുകയറി സി.പി.എമ്മിനെ എത്രത്തോളം കീഴടക്കിയിരിക്കുന്നു എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് പൊന്നാനിയും കുറ്റ്യാടിയുമെങ്കില്‍ ഇതേ അന്തര്‍ധാര സജീവമായ മണ്ഡലങ്ങള്‍ വേറെയുമുണ്ട് കേരളത്തില്‍. തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍, മുസ്ലിം സ്ഥാനാര്‍ത്ഥി മാത്രമേ വാഴൂ എന്നുള്ള നിലപാടിനു മുന്നില്‍ സിപിഎം കീഴടങ്ങിയിരിക്കുന്നു. ആലപ്പുഴയില്‍ ജി.സുധാകരനു പകരം എസ്.ഡി.പി.ഐക്ക് സ്വീകാര്യനായ മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവരുമായുള്ള ചങ്ങാത്തത്തിന് അംഗീകാരം നല്‍കിയിരിക്കയാണ്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും മലബാറിലും മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരെ മാത്രമെ സ്ഥാനാര്‍ത്ഥിയാക്കൂ എന്ന നിലപാടിലേക്ക് സി.പി.എം എത്തിയിരിക്കുന്നു. ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ മലപ്പുറം ജില്ല അനുവദിച്ച ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ പാത പിന്തുടര്‍ന്ന്, ഇന്ന് മലബാര്‍ സംസ്ഥാനത്തിന് വേണ്ടിയുള്ള മുറവിളി ജിഹാദികള്‍ ആരംഭിച്ചിരിക്കുന്നു. ന്യൂനപക്ഷ പ്രീണനവും വര്‍ഗ്ഗീയരാഷ്ട്രീയവും മതതീവ്ര വാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സമീപനങ്ങളും സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീളുകയാണ്. സി.എ.എക്കെതിരെയുള്ള സമരത്തില്‍ ജമാഅത്തെ ഇസ്‌ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും പോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് പ്രക്ഷോഭം നടത്തി അവരെ വളര്‍ത്തിവലുതാക്കി, തിരഞ്ഞെടുപ്പില്‍ വോട്ടുവാങ്ങി, പല സ്ഥലങ്ങളിലും അവരെ ജയിപ്പിച്ച്, ജനപ്രതിനിധികള്‍ കൂടിയാക്കിയ സി.പി.എമ്മിന് ഭിന്ദ്രന്‍വാലയെ വളര്‍ത്തി വലുതാക്കിയ ഇന്ദിരാഗാന്ധിയുടെ ഗതിയാണ് വരാന്‍ പോകുന്നത്. ഈ സംഘടനകള്‍ സി.പി.എമ്മിന്റെ ഭാരവാഹികളായി കടന്നു കൂടി ആ പ്രസ്ഥാനത്തിന്റെ അന്തകരായി മാറാന്‍ പോവുകയാണ്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇവരെ താലോലിച്ചു, വളര്‍ത്തിയ സി.പി.എം വലിയ ദുരന്തമാണ് ഏറ്റുവാങ്ങാന്‍ പോകുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുസ്ലിംലീഗ് വിഴുങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. മലബാര്‍ മേഖലയിലെ കോണ്‍ഗ്രസ്സിനെ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഴുങ്ങിയപ്പോള്‍, തിരുവിതാംകൂര്‍ മേഖലയില്‍ കോണ്‍ഗ്രസ്സിനെ ഉമ്മന്‍ചാണ്ടി കൈപ്പിടിയിലൊതുക്കിയിരിക്കയാണ്. പ്രതിപക്ഷനേതാവായി നാലരവര്‍ഷക്കാലം നിയമസഭയിലും പുറത്തും ‘വെള്ളം കോരിയും വിറകുവെട്ടിയും’ പാര്‍ട്ടിയെ നയിച്ച ‘ഹിന്ദു’വായ രമേശ് ചെന്നിത്തലയെ തഴഞ്ഞാണ് ദല്‍ഹിയില്‍ നിന്നും ചാണ്ടിയെ പെട്ടെന്ന് കെട്ടിയിറക്കി തിരഞ്ഞെടുപ്പിനെ നയിക്കാന്‍ ചുമതല നല്‍കിയത്. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാണക്കാട്ട് നിന്നാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ടിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സഖ്യമുണ്ടാക്കിയത് എന്നാണ് ചാണ്ടി പ്രതികരിച്ചത്. ലീഗാണ് കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസ്സില്‍ മുസ്‌ലിം പ്രാതിനിധ്യം വേണമെന്ന് കെ.പി.സി.സിയില്‍ വാദിച്ചയാളാണ് എം.എം.ഹസ്സന്‍. മതേതര പ്രസ്ഥാനമെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിനെയും ജിഹാദികള്‍ വിഴുങ്ങിയിരിക്കുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം കാണുന്നത്. കോണ്‍ഗ്രസ്സും സി.പി.എമ്മും എങ്ങിനെയും ഭരണം പിടിക്കാന്‍ എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളോടും സന്ധി ചെയ്യുകയാണ്. ഇതിന്റെ ദുരന്തഫലങ്ങള്‍ കേരളം അനുഭവിക്കുകയാണ്. ബി.ജെ.പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളിലും തങ്ങളുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പരസ്യമായി പത്രക്കാരോട് പറഞ്ഞിരുന്നതാണ്. രണ്ട് പാര്‍ട്ടികളെയും ജിഹാദികള്‍ കഴുത്തറ്റം വിഴുങ്ങിയിരിക്കുന്നു.
കേരളം ഒരു അഗ്നിപര്‍വ്വതത്തിന് മുകളിലാണ്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയില്‍. എല്ലാ മേഖലയിലും മത തീവ്രവാദികള്‍ പിടിമുറുക്കിയിരിക്കുന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിഷ്പക്ഷനായ ഒരു അക്കാദമീഷ്യനെ വൈസ്ചാന്‍സിലറായി നിയമിക്കാന്‍ ശ്രമിച്ചപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് ‘ഹിന്ദു വി.സി’ വേണ്ട എന്ന അജണ്ട മൂടിവെച്ചുകൊണ്ട് ‘സംഘപരിവാര്‍ വി.സി. വേണ്ട’ എന്ന മുദ്രാവാക്യം മതതീവ്രവാദികള്‍ ഉയര്‍ത്തി. സി.പി.എം. വിദ്യാഭ്യാസ മന്ത്രിയായി രവീന്ദ്രനാഥിനെ നിയമിച്ചപ്പോള്‍ മതതീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി രവീന്ദ്രനാഥില്‍ നിന്നും ഉന്നതവിദ്യാഭ്യസവകുപ്പ് എടുത്ത് മാറ്റി പഴയ സിമി നേതാവായ കെ.ടി. ജലീലിന് നല്‍കിയത് ജിഹാദി സ്വാധീനം മൂലമായിരുന്നു. ആരു ഭരിച്ചാലും ‘വിദ്യാഭ്യാസം’ ന്യൂനപക്ഷം കൈകാര്യം ചെയ്യണമെന്ന് ജിഹാദി ഹിഡണ്‍ അജണ്ട നടപ്പിലാവുകയായിരുന്നു. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ കൂടി ജിഹാദി അജണ്ട നടപ്പിലായാല്‍ കേരളം സമാനതകളില്ലാത്ത അപകടത്തിലേക്കാണ് നീങ്ങുക. അതുകൊണ്ട് ദേശീയതയുടെ പടഹധ്വനി മുഴക്കി കേരളത്തെ തിരിച്ചുപിടിക്കേണ്ട വലിയ ഉത്തരവാദിത്വത്തിലേക്കാണ് സമകാലിക സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതിന് കേരളീയ സമൂഹം തയ്യാറാവണം.