മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യാ മഹാരാജ്യത്ത് സ്വാതന്ത്ര്യം പകുതിയായിരിക്കയാണത്രെ! എന്തിനൊക്കെയാണ് സ്വാതന്ത്ര്യം കുറഞ്ഞിരിക്കുന്നതെന്നോ? കാശ്മീരിനെ വിഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, പാകിസ്ഥാന് പൗരന്മാര്ക്ക് ഈ രാജ്യത്ത് യഥേഷ്ടം വിഹരിക്കാനുള്ള സ്വാതന്ത്ര്യം, മതപരിവര്‍ത്തനം നടത്തി ഈ നാടിനെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള സ്വാതന്ത്ര്യം, ലൗജിഹാദിലൂടെ പ്രയോഗിക്കുന്ന മതംമാറ്റ തന്ത്രങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനു മേല്‍ പള്ളി പണിയാനുള്ള സ്വാതന്ത്ര്യം, അര്‍ബന്‍ നക്സലുകള്‍ക്ക് രാജ്യത്തെ അട്ടിമറിക്കാനുള്ള സ്വാതന്ത്ര്യം, സി.എ.എയുടെ പേരില്‍ റോഡ് തടഞ്ഞ് കലാപം നടത്താനുള്ള സ്വാതന്ത്ര്യം, കര്‍ഷക സമരത്തിന്റെ പേരില്‍ ഖാലിസ്ഥാനികള്‍ക്ക് പഞ്ചാബില്‍ വേരുറപ്പിക്കാനുള്ള സ്വാതന്ത്ര്യം – ഇങ്ങനെയുള്ള സ്വാതന്ത്ര്യക്കുറവിന്റെ കണക്ക് പറഞ്ഞുകൊണ്ട് അമേരിക്കന്‍ എന്‍.ജി.ഒയായ ‘ഫ്രീഡം ഹൗസ്’ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. അമേരിക്കന്‍ ആഭ്യന്തര കമ്മീഷന് എന്ന പേരില്‍ മറ്റൊരു എന്‍.ജി.ഒ. എല്ലാവര്‍ഷവും ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ല എന്നു റിപ്പോര്‍ട്ടു തയ്യാറാക്കാറുണ്ട്.
കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞില്ലേ പഞ്ചസാരയുടെ കയ്പ് അടിയന് പഥ്യമാണെന്ന്. ഇതേപോലെ ദേശഭക്തരായ ഭാരതജനത ഈ എന്‍.ജി.ഒകളോട് പറയുന്നത് ഞങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യക്കുറവിന്റെ കയ്പ് പഥ്യമാണെന്നാണ്. മേല്പറഞ്ഞ സ്വാതന്ത്ര്യം മുഴുവന്‍ അനുവദിച്ചാല്‍ ജമ്മുകാശ്മീര്‍ പാകിസ്ഥാന്റെതാകും. ഭാരതം കഷണം കഷണമായിമാറും. ‘ബ്രെയ്ക്ക് ഇന്ത്യ’യുടെ ഭാഗമായി ഭാരതത്തെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്‍.ജി.ഒകള്‍ കംസ കിങ്കരന്മാരെ പോലെ ഒന്നൊന്നായി രംഗത്തുവരികയാണ്. ജോര്‍ജ് സോറോസിന്റെ പണം പറ്റി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഒക്കെ പൂതനാവേഷം കെട്ടിവരുന്നവരെ തിരിച്ചറിയാന്‍ ഭാരത ജനതയ്ക്ക് കഴിയും. പൂതനയുടെ ജീവനെടുത്ത കൃഷ്ണന്റെ നാടാണിത്.