കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തില്‍ തന്നെ തലയെടുപ്പോടെ നിന്നിരുന്ന വിദ്യാഭ്യാസസ്ഥാപനമാണ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്. ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച കെ.ആര്‍.നാരായണന്‍ ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരായ വ്യക്തികള്‍ വിദ്യാഭ്യാസം നേടി പുറത്തുവന്ന കലാലയം. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ക്യാമ്പസിനെ കുറിച്ചുള്ള വാര്‍ത്തകളായി പുറത്തുവരുന്നത് അക്കാദമിക മികവിനെകുറിച്ചോ കലാ-കായിക മേഖലയിലെ വിജയങ്ങളെക്കുറിച്ചോ ഉള്ള വാര്‍ത്തകളല്ല, മറിച്ച് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഏകാധിപത്യമനോഭാവത്തോടുകൂടി ഈ ക്യാമ്പസിന്റെ ഭരണം കയ്യാളുന്ന എസ്.എഫ്.ഐ. എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭീകരതയാണ്.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യങ്ങള്‍ കൊടിയിലെഴുതി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ. പക്ഷേ തങ്ങള്‍ ശക്തമായ സ്ഥലങ്ങളില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ബാധകമല്ല എന്നതാണ് എസ്.എഫ്.ഐയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. ഭൂതം നിധികാക്കുന്നപോലെ ആ കോളേജിനകത്ത് മറ്റൊരു വിദ്യാര്‍ത്ഥി യുവജന സാംസ്‌കാരിക സംഘടനകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാതെ ഫാസിസം നടപ്പാക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നത്. എസ്.എഫ്.ഐയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനെ സ്വാതന്ത്ര്യമെന്നും എസ്.എഫ്.ഐയുടെ, തിരഞ്ഞെടുപ്പില്ലാതെ ഏകപക്ഷീയമായി വിജയം പ്രഖ്യാപിക്കുന്നതിനെ ജനാധിപത്യമെന്നും എല്ലാവരും എസ്.എഫ്.ഐ മാത്രമായി ജീവിക്കുന്നതിനെ സോഷ്യലിസമെന്നും വിശേഷിപ്പിക്കുന്നതാണ് അവരുടെ നിലപാട്.
ഇവിടെ സ്വാതന്ത്ര്യവും ജനാധിപത്യവുമില്ല എന്ന് ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പൊതു സമൂഹത്തോടു വിളിച്ചു പറയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. എസ്.എഫ്.ഐയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു തങ്ങളുടെ ആധിപത്യം ഫാസിസ്റ്റ് രീതിയിലൂടെ ഉറപ്പിക്കുകയാണ് വര്‍ഷങ്ങളായി എസ്.എഫ്.ഐ. ഈ ക്യാമ്പസില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേവലം വിദ്യാര്‍ത്ഥികള്‍ മാത്രമല്ല യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ എസ്.എഫ്.ഐ ഭീകരതക്ക് ഇരകളായി തീര്‍ന്നിട്ടുള്ളത്. എസ്.എഫ്.ഐ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പല തരത്തിലുള്ള അവഹേളനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവരില്‍ ഒരു പറ്റം അധ്യാപകരുമുണ്ട്. അധ്യാപികയ്ക്ക് യാത്രയയപ്പിനുപകരം കുഴിമാടമൊരുക്കിയവര്‍ക്കും ക്യാമ്പസിനകത്ത് പോലും വിദ്യാര്‍ത്ഥികളെ അരും കൊല ചെയ്യുന്നവര്‍ക്കും എന്ത് അധ്യാപകര്‍….! എന്ത് വിദ്യാര്‍ത്ഥികള്‍!
ഭരണകൂട ഭീകരതയുടെ വീര്‍പ്പുമുട്ടലുകളില്‍ നിന്നും മോചനം ആഗ്രഹിച്ച ജനത അവര്‍ക്കുചുറ്റും തീര്‍ത്തുവച്ച അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തള്ളിത്തുറന്ന് പുറത്തുവന്ന നിരവധി സംഭവങ്ങള്‍ ചരിത്രത്തിനു പറയാനുണ്ട്. പക്ഷേ ഒരു തരത്തിലും സംഭവിക്കാനിടയില്ല എന്ന് എസ്.എഫ്.ഐ വിശ്വസിച്ചിരുന്ന, എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ച ആ വിമോചന ശബ്ദം കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഉയരുകയുണ്ടായി. കോളേജില്‍ മൂന്നാംവര്‍ഷ ബിരുദത്തിനു പഠിക്കുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കൂടിയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ ആ കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ യൂണിറ്റു ഭാരവാഹികളുമായ ചിലര്‍ ചേര്‍ന്ന് അക്രമിക്കുകയും നെഞ്ചില്‍ കഠാരയിറക്കി വധിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. ഒരു ക്യാമ്പസില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ സംഭവിച്ചത്. എസ്.എഫ്.ഐ.യുടെ ഈ ഭീകരതക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് എന്ന് വിളിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എസ്.എഫ്.ഐയോട് ചോദിക്കാന്‍ തുടങ്ങി ‘എവിടെ സ്വാതന്ത്ര്യം, എവിടെ ജനാധിപത്യം, എവിടെ സോഷ്യലിസം’? എന്ന്. കാലം കാത്തുവച്ച കാവ്യനീതിയെന്നവണ്ണം യൂണിവേഴ്‌സിറ്റി കോളേജിലും കേരളത്തിന്റെ പൊതു സമൂഹത്തിലും എസ്.എഫ്.ഐ. എന്ന സംഘടനയുടെയും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിന്റെയും പൊയ്മുഖം അഴിഞ്ഞുവീണു. അഖിലിനു നേരെ നടന്ന ദാരുണമായ അക്രമണം മാത്രമല്ല വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐക്കെതിരെ തിരിച്ചത്. വര്‍ഷങ്ങളായി അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കൂടിയായിരുന്നു.
ഭരണസിരാകേന്ദ്രത്തിനു തൊട്ടടുത്ത് മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ പാര്‍ട്ടി ഓഫീസിന്റെ വിളിപ്പാടകലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമണത്തിന് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ വിദ്യാര്‍ത്ഥി ഇരയാവേണ്ടി വന്നു എന്ന സാഹചര്യം കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് സംഘടനാശൈലിയും ഏകസംഘടനാ വാദവും ഒക്കെ പൊതുസമൂഹം ഒന്നടങ്കം എതിര്‍ക്കാന്‍ ആരംഭിച്ചു. ക്യാമ്പസില്‍ സഹപാഠികള്‍ക്കൊപ്പമിരുന്ന് പാട്ടുപാടിയതിനാണ് അഖിലിന് കുത്തേറ്റത് എന്ന വാര്‍ത്ത കേരളത്തിലെ ക്യാമ്പസുകളെ വലിയ രീതിയില്‍ സ്വാധീനിച്ചു. ക്യാമ്പസിനകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ പാട്ടുകള്‍പാടി എസ്.എഫ്.ഐക്കെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എസ്.എഫ്.ഐ പീഡനം സഹിക്കാനാവാതെ ആ ക്യാമ്പസില്‍ നിന്നുമാത്രം പഠനം ഉപേക്ഷിച്ചു പുറത്തുപോവേണ്ടി വന്നത് 187 വിദ്യാര്‍ത്ഥികള്‍ക്കാണ് (നിയമസഭയില്‍ വന്ന മറുപടി). കായിക വിദ്യാര്‍ത്ഥികളും വനവാസി വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ഈ കൂട്ടത്തിലുണ്ട് എന്നത് ഗൗരവകരമായ വസ്തുതയാണ്. ശരീരത്തില്‍ ചാപ്പകുത്തിയും പരീക്ഷ എഴുതാന്‍ അനുവദിക്കാതെയും നിരവധി വിദ്യാര്‍ത്ഥികളെയാണ് വര്‍ഷങ്ങളായി എസ്.എഫ്.ഐ ആ ക്യാമ്പസിനകത്ത് ഉപദ്രവിച്ചു പോന്നത്.
എസ്.എഫ്.ഐ. അക്രമം നേതൃത്വത്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ് എക്കാലത്തും നടന്നിട്ടുള്ളത്. എസ്.എഫ്.ഐയുടെ നേതൃത്വം മാത്രമല്ല, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വവും എല്ലാ കാലത്തും എസ്.എഫ്.ഐയുടെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിച്ചു കൊടുക്കുകയാണുണ്ടായിട്ടുള്ളത്. പരുമല പമ്പാകോളേജിലെ വിദ്യാര്‍ത്ഥികളുടെ മരണം നടന്ന സമയത്ത് പാര്‍ട്ടിസെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞ ഡയലോഗ് ‘പോക്കറ്റില്‍ വെള്ളംകയറി ചത്തവര്‍’ എന്നായിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജിലെ അധ്യാപികയ്ക്ക് എസ്.എഫ്.ഐ കുഴിമാടമൊരുക്കിയപ്പോള്‍ പോളിറ്റ്ബ്യൂറോ മെമ്പര്‍ പറഞ്ഞത് അതൊരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ആണെന്നാണ്. അവസാനം സ്വന്തം സഹപ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ ചേര്‍ന്ന് കുത്തി വീഴ്ത്തിയപ്പോള്‍ മുഖം രക്ഷിക്കാനായി പലവിധ വ്യാഖ്യാനങ്ങളും തള്ളിപ്പറയല്‍ നാടകങ്ങളും അവിടെ അരങ്ങേറി.
ഈ വിഷയം ഒരു വധശ്രമത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്നതാണ് ഏറെ ആശങ്കയുളവാക്കുന്നത്. പ്രതികള്‍ പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്കുള്‍പ്പെടെ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കിയത് കൃത്രിമം കാട്ടിയാണ് എന്ന സംശയം ഉയര്‍ന്നു കഴിഞ്ഞു. ഇത് പ്രതികള്‍ക്ക് ഭരണരംഗത്തുള്ള സ്വാധീനത്തെയാണ് തുറന്നു കാട്ടുന്നത്. ഇതുമൂലം അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കും പൊതുസമൂഹത്തിനും പി.എസ്.സിയില്‍ ഉണ്ടായ വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. പാര്‍ട്ടി ഗുണ്ടകളായി പ്രവര്‍ത്തിച്ചിരുന്നവരെ പ്രതിഷ്ഠിക്കുന്ന ഇടമായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മാറുന്നു എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായി.
പാര്‍ട്ടിയും ഭരണവും മാത്രമല്ല ഇത്തരത്തിലുള്ള ക്രിമിനല്‍ സംഘത്തെ വളര്‍ത്തിയെടുക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിനകത്ത് ഇത്രവലിയ സംഭവവികാസങ്ങള്‍ അരങ്ങേറിയിട്ടും ‘ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ’ എന്ന് മാധ്യമങ്ങളോട് വിളിച്ചു പറയേണ്ടി വന്ന പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും ഇതിന്റെ ഭാഗഭാക്കാണ്. വധശ്രമകേസിന്റെ ഭാഗമായി ഒന്നാം പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ കണ്ടെടുത്ത യൂണിവേഴ്‌സിറ്റി ഉത്തരകടലാസുകളും സീലും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു കൊടുത്ത ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപകര്‍ ഉള്‍പ്പെടെ ഇതില്‍ പ്രതികളാണ്. എസ്.എഫ്.ഐ നേതാക്കന്മാര്‍ക്ക് ഇന്റേണല്‍ മാര്‍ക്കും ആള് മാറി പരീക്ഷ എഴുതാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്ന ഇത്തരത്തിലുള്ള അധ്യാപകര്‍ ഈ നാടിന്റെ ശാപമാണ്. എസ്.എഫ്.ഐയുടെ എല്ലാ തോന്ന്യവാസത്തിനും കൂട്ടുനില്‍ക്കുന്ന ഇടതുപക്ഷ സംഘടയില്‍പ്പെട്ട അധ്യാപകരാണ് ക്യാമ്പസുകളെ മലീമസമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് തരംതാഴാന്‍ പറ്റുന്നതിലധികം അധഃപതിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. കേരള നിയമസഭയലെ സ്പീക്കറും പഴയ എസ്.എഫ്.ഐ നേതാവുമായ ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്: ”എന്റെ തല ലജ്ജകൊണ്ട് താഴ്ുന്നു പോകുന്നു എന്നാണ്.” പഴയ എസ്.എഫ്.ഐക്കാരും ഇന്നത്തെ ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളും എസ്.എഫ്.ഐയെ രക്ഷപ്പെടുത്താന്‍ തീവ്രമായി ശ്രമിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. അവര്‍ പറയുന്നു പഴയ എസ്.എഫ്.ഐ അല്ല ഇത്, ശരിക്കും ഇതല്ല എസ്.എഫ്.ഐ. എന്നൊക്കെ. പക്ഷേ യാഥാര്‍ത്ഥ്യം അതല്ലല്ലോ. നിലമേല്‍ എന്‍.എസ്.എസ്. കോളേജിനുള്ളില്‍ ദുര്‍ഗ്ഗാദാസിനെ കുത്തിവീഴ്ത്തിയതും ധനുവച്ചപുരം വിടിഎം എന്‍.എസ്.എസ്. കോളേജില്‍ മുരുകാനന്ദനെ അരുംകൊല ചെയ്തതും പരുമലയിലെ പമ്പാനദിയുടെ ആഴക്കയങ്ങളിലേക്ക് അനുവിനെയും സുജിത്തിനേയും കിം കരുണാകരനെയും ചുടുകട്ടയെറിഞ്ഞ് മുക്കിത്താഴ്ത്തിയതും ഇതേ എസ്.എഫ്.ഐ തന്നെയാണ്. രാഷ്ട്രീയ എതിരാളികളോട് എസ്.എഫ്.ഐയുടെ നിലപാട് എല്ലാകാലത്തും ഇങ്ങനെയാണ്. യൂണിവേഴ്‌സിറ്റികോളേജില്‍ രാഷ്ട്രീയ എതിരാളിയെ കിട്ടാതായപ്പോള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്തി വീഴ്ത്തി എസ്.എഫ്.ഐ ആ പാരമ്പര്യം നിലനിര്‍ത്തി എന്നുമാത്രം.
കേരളത്തിന്റെ സമസ്ത മേഖലയേയും തകര്‍ത്ത ഇടതുപക്ഷം വിദ്യാഭ്യാസമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കലാലയങ്ങള്‍ക്കകത്ത് പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, പാര്‍ട്ടി ചാവേറുകളായി മാത്രം ജീവിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍, അതോടൊപ്പം സര്‍വ്വപിന്തുണയും നല്‍കുന്ന അധികാരസംവിധാനങ്ങള്‍ എല്ലാം ചേര്‍ന്ന് കേരളത്തിലെ ക്യാമ്പസുകളെ അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രങ്ങളാക്കുന്നു. മുഖംമൂടിയണിഞ്ഞ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ ഭിക്ഷാംദേഹികളും മനഃപൂര്‍വ്വം മൗനം പൂകുന്നു. എന്നാല്‍ ഈ ഭീകര സംഘത്തിനെതിരായ ശബ്ദം കലാലയങ്ങളില്‍ ഉയരുക തന്നെ ചെയ്യും. ഇരുള്‍ മൂടിക്കെട്ടിയ ചുവപ്പന്‍ കോട്ടകളില്‍ നന്മയുടെ കിരണങ്ങള്‍ പതിയും. സര്‍ഗ്ഗാത്മകതയുടെ അമൃതകുംഭങ്ങളായി നമ്മുടെ കലാലയങ്ങള്‍ മാറും. അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ബോധ്യപ്പെടുത്തുകയാണ് യൂണിവേഴ്‌സിറ്റി കോളേജ്.
(എ.ബി.വി.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)