പാകിസ്ഥാന് വേണം അല്പം ‘മതേതര’ സ്റ്റഡി ക്ലാസ് !

ശാകല്യന്‍

ഇസ്ലാമിലേക്ക് ആളെക്കൂട്ടാന്‍ നിയമത്തേയും ഭരണഘടനയുടെ പഴുതുകളെയും മനുഷ്യാവകാശത്തേയും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു സ്റ്റഡിക്ലാസ് പാക് ഭരണാധികാരികള്‍ക്ക്, പ്രത്യേകിച്ച് സിന്ധ് പ്രവിശ്യ ഭരണകൂടത്തിന് അത്യാവശ്യമായിരിക്കുന്നു. അതിനായി ഇവിടുത്തെ ‘മതേതര’ ഇസ്ലാമിസ്റ്റ് വിദഗ്ദ്ധസംഘം ഉടനെ തന്നെ പാകിസ്ഥാനിലേയ്ക്ക് വിമാനം കയറണം. യെച്ചൂരി – രാജ – ഗുലാം നബിമാര്‍ ജമാഅത്തെ ഇസ്ലാമി അമീറിന്റെ നേതൃത്വത്തില്‍ തന്നെ പോകണം. കാരണം അവിടെ ഇസ്ലാം അപകടത്തിലാണ്. നിര്‍ബ്ബന്ധ മതംമാറ്റം തടയുന്ന നിയമം നിയമസഭ ഏകകണ്‌ഠേന പാസ്സാക്കിയിരിക്കുന്നു. കേവലം ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമല്ല മുത്താഹിദ ക്വാമി മൂവ്‌മെന്റും താരിഖ് ഇ ഇന്‍സാഫും ജമാഅത്തെ ഇസ്ലാമിക്കാരും വരെ നിയമത്തെ പിന്തുണച്ചിരിക്കുന്നു. അതിനാല്‍ ഇവര്‍ക്കൊക്കെ സ്റ്റഡിക്ലാസ് നിര്‍ബ്ബന്ധമാണ്.

സിന്ധില്‍ പ്രതിവര്‍ഷം ആയിരത്തിലധികം ഹിന്ദുപെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത്. ഇതിലേറെയും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കുവേണ്ടി പ്രത്യേക മദ്രസകള്‍ വരെയുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇതു ചര്‍ച്ചയായി. പാക് മനുഷ്യാവകാശ കമ്മീഷനും എതിര്‍പ്പറിയിച്ചു. ഈ സാഹചര്യത്തിലാണ് സിന്ധ് നിയമസഭയില്‍ ഗ്രാന്റ് ഡമോക്രാറ്റിക് സഖ്യത്തിലെ നന്ദകുമാര്‍ ബില്ല് അവതരിപ്പിച്ചത്. ഹിന്ദുപെണ്‍കുട്ടികളെ നിര്‍ബ്ബന്ധിച്ച് മതംമാറ്റുന്നത് തടയുക എന്ന പേരില്‍ നിയമം കൊണ്ടുവരുന്നത് പാകിസ്ഥാന് നാണക്കേടാണെന്നും അതിനാല്‍ ഹിന്ദു എന്ന വാക്ക് മാറ്റണമെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. അത് അംഗീകരിച്ച് ‘ഹിന്ദു’ എന്ന പദം ഒഴിവാക്കിയാണ് നിര്‍ബ്ബന്ധിച്ച് മതംമാറ്റുന്നവന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം പാസ്സായത്.

(ഈ നിയമം തയ്യാറാക്കിയ 14 നിയമവിദഗ്ദ്ധര്‍ക്ക് നേരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്.) ഇത്തരമൊരു നിയമം നടപ്പാക്കി എന്നറിഞ്ഞപ്പോള്‍ അമ്പരന്നത് ഇവിടുത്തെ മതേതരക്കാരാണ്. നിര്‍ബ്ബന്ധ മതംമാറ്റം തടയല്‍ നിയമം വേണമെന്ന ആവശ്യത്തെ ഇവിടെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവരാണ് ഇടത് മതേതര കക്ഷികള്‍. മാത്രമല്ല, നിലവിലുള്ള നിയമത്തിന്റെ പഴുതു തേടി മനുഷ്യാവകാശത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും മറവില്‍ മതംമാറ്റത്തിന് അനുകൂലമായി വിധിയുണ്ടാക്കുന്നതില്‍ വിദഗ്ദ്ധരുമാണവര്‍. സിറിയയിലേക്ക് ആടുമേയ്ക്കാന്‍ മസ്തിഷ്‌കപ്രക്ഷാളനം നടത്തപ്പെട്ട ഹാദിയമാരെ സൃഷ്ടിക്കുന്ന മതംമാറ്റപ്രവര്‍ത്തത്തിന് നിയമപ്രാബല്യമുണ്ടാക്കാന്‍ മാത്രമല്ല അതുപോലെ ഇനിയും ഹിന്ദുപെണ്‍കുട്ടികളെ തട്ടിയെടുക്കുമെന്നു ഭീഷണി ഉയര്‍ത്താനും ഇവിടെ ആളുണ്ട്. അവര്‍ക്ക് എങ്ങനെ സഹിക്കും പാകിസ്ഥാനിലെ ഈ നിയമം? അതിനാല്‍ സ്റ്റഡിക്ലാസിന് അവര്‍ തന്നെ പരമയോഗ്യര്‍!