നേരത്തെ മാര്‍ക്‌സിസ്റ്റുകാരുടെ ഹീറോ സദ്ദാം ഹുസൈനായിരുന്നു. വൈകാതെ ആ സ്ഥാനം അവര്‍ മദനിയ്ക്കു നല്‍കി. പിന്നീടാണ് ‘ഞാന്‍ കാത്തലിക് സോഷ്യലിസ്റ്റാണ്’ എന്നു പറഞ്ഞ ചെഗുവേരയെ ഹീറോ ആക്കിയത്. ചെഗുവേര സഖാക്കളുടെ ബനിയനിലും ചുമരിലും വരെ സ്ഥാനം പിടിച്ചു. ആ സ്ഥാനത്തേയ്ക്ക് സഖാക്കള്‍ പുതുതായി പ്രതിഷ്ഠിക്കാന്‍ പോകുന്നത് മന്നത്ത് പത്മനാഭനെയാണ്. വിമോചനസമരകാലം മുതല്‍ സഖാക്കളുടെ കണ്ണിലെ കരടായ, എന്‍.എസ്.എസ്. എന്ന ജാതി സംഘടനയുടെ സ്ഥാപകനായ മന്നത്തിനെ. ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് മന്നം, ഏ.കെ.ജി വളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന ജാഥ വിജയിപ്പിക്കാന്‍ ശ്രമിച്ചു എന്ന യോഗ്യതയാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടി പത്രം അത്തരമൊരു സര്‍ട്ടിഫിക്കറ്റു നല്‍കിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സഖാക്കള്‍ മന്നത്തിന്റെ ചിത്രമുള്ള ബനിയനുമായി തെരുവിലിറങ്ങും. രണ്ടുവര്‍ഷം മുമ്പ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ മന്നവും എന്‍.എസ്.എസ്സും കുഴപ്പമില്ല, സുകുമാരന്‍നായര്‍ മാത്രമാണ് കുഴപ്പക്കാരന്‍ എന്നു പ്രഖ്യാപിച്ച് ഇതിനു തുടക്കമിട്ടിരുന്നു. ഇപ്പോഴവര്‍ മന്നത്തെ സഖാവ് മന്നമാക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ നായര്‍വോട്ട് തട്ടിയെടുക്കാനാണ് ഈ ആദര്‍ശം പണയം വെച്ചുള്ള ജാതി രാഷ്ട്രീയക്കളി.
കെ.എം. മാണിയ്‌ക്കെതിരെ സഖാക്കള്‍ വിളിക്കാത്ത തെറിയില്ല; ഉന്നയിക്കാത്ത ആരോപണമില്ല. നിയമസഭയില്‍ സ്പീക്കറുടെ കസേര വരെ തകര്‍ത്തു താഴെയിട്ടു. കൊല്ലം അഞ്ച് കഴിയുന്നതിനുമുമ്പ് അതേ മാണിയുടെ പ്രതിമാസ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് അന്നു നിയമസഭയില്‍ ബഹളമുണ്ടാക്കിയവരുടെ നേതാവ്, ഇന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാരെ കേരളത്തില്‍ നിന്നുമാത്രമല്ല ഈ നാട്ടില്‍ നിന്നുതന്നെ കെട്ടുകെട്ടിക്കണം എന്നു പ്രഖ്യാപിച്ചയാളാണ് മന്നം. ആ മന്നത്തിന്റെ ചിത്രത്തില്‍ ചുവപ്പു പൂശുന്നതിന്റെ രാഷ്ട്രീയതന്ത്രം മലയാളി തിരിച്ചറിയാതിരിക്കുമോ?