ഗുഹയ്ക്കകത്തേയ്ക്കു കയറിയ കൃഷ്ണന്‍ തെല്ലൊന്നു അമ്പരക്കാതിരുന്നില്ല. ഉദ്ദേശിച്ചതിനേക്കാള്‍ വളരെ വലിയ ഗുഹയാണ്. നല്ല പ്രകാശം വരുന്നുണ്ട്. എങ്ങനെയെന്നു മനസ്സിലാകുന്നില്ല.
കൃഷ്ണന്‍ ഏതാനും അടി മുന്നോട്ടു നടന്നു. അപ്പോള്‍ വലതുവശത്തെ ഭിത്തിയില്‍ കണ്ടു മനോഹരമായ ഒരു ചിത്രം…
ഭീമാകാരനായ ഒരു രാക്ഷസനെ വില്ലാളിവീരനായ ഒരു യുവാവ് അമ്പെയ്തു കൊല്ലുകയാണ്. കൃഷ്ണന്‍ സൂക്ഷിച്ചു നോക്കി. ആ യുവാവ് താന്‍ തന്നെയാണല്ലോ! കൊല്ലപ്പെടുന്നത് ലങ്കാധിപന്‍ രാവണനും!
ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു, ത്രേതായുഗ സ്മരണയുണരുകയായി കൃഷ്ണനില്‍. അടുത്ത ചിത്രത്തില്‍ ലക്ഷ്മണന്‍ ഇന്ദ്രജിത്തിനെ വധിക്കുന്നു. കൃഷ്ണന്‍ പതുക്കെ നടന്നു, ഓരോ ചിത്രവും കണ്ടു…
കുംഭകര്‍ണ്ണവധം, വാനരപ്പടയൊത്തു സേതുബന്ധനം, ഹനുമാന്റെ സീതാദര്‍ശനം, ലങ്കാദഹനം, കിഷ്‌കിന്ധയില്‍ സുഗ്രീവനെ വാഴിക്കല്‍, ബാലിവധം, സുഗ്രീവസഖ്യം, ശബരിമോക്ഷം, കബന്ധവധം, ജടായുമരണം, രാവണന്‍ ഭിക്ഷുവേഷത്തില്‍ വരുന്നത്, മാരീച നിഗ്രഹം, ശൂര്‍പ്പണഖയുടെ മൂക്കും ചെവിയും അരിയല്‍, വിരാധവധം, അഗസ്ത്യനെ കാണല്‍, ഭരതനു പാദുകം നല്‍കല്‍, ഗുഹന്റെ ആതിഥ്യം, അഭിഷേകവിഘ്‌നം, മന്ഥരയുടെ ഏഷണി, പരശുരാമദര്‍പ്പഹരണം, സീതാകല്യാണം, അഹല്യാമോക്ഷം, വിശ്വാമിത്ര യാഗരക്ഷ, താടകാവധം, വസിഷ്ഠന്റെ ഗുരുകുലത്തില്‍, ഒടുവില്‍ അയോദ്ധ്യാരാജധാനിയില്‍ ജന്മമെടുത്ത നാലുകുഞ്ഞുങ്ങള്‍!
കൃഷ്ണന്‍ ഒരു അത്ഭുത ലോകത്തില്‍ എത്തിയതു പോലെയായി. തന്റെ പൂര്‍വ്വ ജന്മത്തിലെ സുപ്രധാന സംഭവങ്ങള്‍ ആരാണിവിടെ വരച്ചുവെച്ചിരിക്കുന്നത്? അതും ലക്ഷ്യത്തില്‍ അമ്പുകൊള്ളുന്നിടത്തു നിന്നു പിറകിലോട്ടു പിറകിലോട്ടു, ക്രമമായി ഓരോന്നും അടയാളപ്പെടുത്തി, പിറവിത്തൊട്ടില്‍വരെ എത്തിച്ചിരിക്കുന്നുവല്ലോ!
സാധാരണയായി ജനനം തൊട്ടു മരണം വരെ, അല്ലെങ്കില്‍ ലക്ഷ്യങ്ങള്‍ നിറവേറുംവരെയാകും ജീവിതയാത്രാ വിവരണം. ഇവിടെ നേരെ മറിച്ചാണല്ലോ കാണുന്നത്! ‘അ’ മുതല്‍ ‘ക്ഷ’ വരെ ഒരാള്‍ക്കു വേഗത്തില്‍ തെറ്റാതെ പറയാന്‍ പ്രയാസമില്ല. എന്നാല്‍ ഇത് പിറകിലോട്ട് ‘അ’ വരെ തെറ്റാതെ പറയലല്ലേ? വല്ലാത്ത ഒരു അക്ഷരാഭ്യാസി തന്നെ! ആരാണാവോ ഈ ഭാവനാ സമ്പന്നന്‍?
(കഥ പറയുന്ന മുത്തച്ഛന്‍ ഇടയ്‌ക്കൊന്നു നിര്‍ത്തി ചോദിച്ചു: കുട്ടികളേ, നിങ്ങള്‍ക്കറിയില്ലേ ഈ ഭാവനാസമ്പന്നനെ? അറിയണം. മലയാളപ്പഴമക്കാര്‍ക്കറിയാം. മഹാകവി കുഞ്ചന്‍ നമ്പ്യാരാണ്. ”സ്യമന്തകം” തുള്ളല്‍ക്കഥയില്‍ ഈ ഗുഹാചിത്രവിവരണം വിശദമായി നല്‍കിയിട്ടുണ്ട്. അതിലെ നാലുവരി ഇങ്ങനെയാണ്:
തത്ര വലത്തേ ഭിത്തി തലത്തില്‍
ചിത്രമെഴുത്തുകള്‍ കണ്ടാന്‍ ദേവന്‍
ചിത്രം തത്ര വിചിത്രാകാരം
ചിത്ര വിനോദം രാമചരിത്രം.
അങ്ങനെ അത്ഭുതപ്പെട്ടും ആനന്ദിച്ചും നില്‍ക്കുന്ന കൃഷ്ണന്റെ അരികിലേയ്ക്ക് ആരോ എറിഞ്ഞതുപോലെ തിളക്കമാര്‍ന്ന ഒരു രത്‌നം ഉരുണ്ടു വന്നു. പിന്നാലെ ഒരു കുട്ടിക്കുരങ്ങനും ഓടിയെത്തി. അവന്‍ രത്‌നം കൈക്കലാക്കിയെങ്കിലും അപരിചിതനെ കണ്ടു അലറി വിളിച്ചു കരയുകയായി. കരച്ചിലിന്റെ പ്രതിധ്വനിയായി വന്നത് വലിയ മുഴക്കമുള്ള ശബ്ദമായിരുന്നു:
”ആരാണെന്റെ ഗുഹയില്‍ വലിഞ്ഞു കേറി വന്ന മൂഢന്‍? അവന്റെ കഥ ഞാനിന്നു തീര്‍ക്കുന്നുണ്ട്!”
ഒട്ടും വൈകിയില്ല. വലിയ പൊക്കവും വണ്ണവും കറുത്തുരോമാവൃതമായ ശരീരവുമുള്ള ഒരു രൂപം ദേഷ്യത്തോടെ കടന്നുവന്നു.
കൃഷ്ണന്‍ ചിരിച്ചുകൊണ്ടു മനസ്സില്‍ പറഞ്ഞു:
”ഇതാര്? എന്റെ പ്രിയഭക്തന്‍ ജാംബവാനാണല്ലോ! ഒരു യുഗം മുമ്പ് കണ്ടതല്ലേ? അന്നു കാണുമ്പൊഴും വൃദ്ധന്‍; ഇപ്പോഴും വൃദ്ധന്‍! നിത്യവൃദ്ധന്‍!” ഓര്‍ത്തപ്പോള്‍ കൃഷ്ണന്റെ ചിരി ഉച്ചത്തിലായിപ്പോയി.
”എന്ത്? എന്നെ കളിയാക്കി ചിരിക്കുന്നോ? ആരാണ് നീ? എന്തിനിവിടെ വന്നു? ഞാന്‍ ആരാണെന്നറിയോ നിനക്ക്? ശ്രീരാമദാസനായ ജാംബവാന്‍ എന്നു പറയും. രാമരാവണയുദ്ധത്തിലേറ്റ മുറിവിന്റെ പാടുകള്‍ ഇപ്പോഴുമുണ്ട് ഈ ശരീരത്തില്‍! എത്രയോ രാക്ഷസന്മാരെ അടിച്ചുകൊന്നതാണീ കൈകള്‍. അറിയണോ ശക്തി? ഇതാ തടുത്തോളൂ എന്ന് പറഞ്ഞു ഒരടി കൊടുത്തൂ കൃഷ്ണന്!
അടിയുടെ ആഘാതത്തില്‍ ഒരു വശത്തേയ്ക്കു മാറിപ്പോയി കൃഷ്ണന്‍!
”കൊള്ളാം! ഇത് ഞാന്‍ കൊള്ളേണ്ടവന്‍ തന്നെയാണ്! പണ്ട് എനിക്കുവേണ്ടി ഇവന്‍ എത്ര രാക്ഷസരുടെ അടിയും കുത്തും മുറിവും ഏറ്റിട്ടുള്ളവനാണ്! പാവം!”
മനസ്സില്‍ പറഞ്ഞു ചിരിച്ചു.
(തുടരും)