സംസ്ഥാന സര്‍ക്കാരിന്റെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ഹിന്ദു ന്യൂനപക്ഷ സമുദായങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് മതപരിഗണനയില്ലാതെ എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണമനുവദിച്ചുകൊണ്ടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവ്. ഹിന്ദു ഐക്യവേദി, മോസ്റ്റ് മൈനോരിറ്റീസ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നെങ്കിലും അശാസ്ത്രീയമായ മതസംവരണനീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്നാക്കം പോകാന്‍ തയ്യാറായിട്ടില്ല.
സംവരണത്തെപ്പറ്റി പറയുമ്പോള്‍ സംവരണസമുദായങ്ങള്‍ക്കെല്ലാം സാമൂഹ്യനീതി ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ആരും കാണുന്നില്ല എന്നതാണ് വാസ്തവം. സംവരണ സമുദായങ്ങളില്‍ ഈഴവ, മുസ്‌ളീം വിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലും അധികം സംവരണാനുകൂല്യങ്ങളാണ് ലഭിച്ചുവരുന്നത്. എന്നാല്‍ സംവരണസമുദായങ്ങളെന്ന് അറിയപ്പെടുകയും സംവരണത്തിന്റെ പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യുന്നവര്‍ എട്ടാം പട്ടികയിലുള്‍പ്പെടുന 82-ഓളം ചെറിയ ജാതിവിഭാഗങ്ങള്‍ മാത്രമാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഹിന്ദു സമുദായങ്ങളില്‍ ആനുകൂല്യങ്ങളും പരിഗണനകളും എല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന സദുദ്ദേശ്യത്തോടെയും ഭരണഘടന നിഷ്‌ക്കര്‍ഷിക്കുന്ന സാമൂഹ്യ നീതി ആര്‍ക്കും ബോധപൂര്‍വ്വം നിഷേധിക്കപ്പെടരുതെന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിലും ചിലരെ പട്ടികജാതിക്കാരെന്നും പിന്നാക്കജനവിഭാഗങ്ങളെന്നും വിഭജിക്കുകയും ഈ വിഭാഗങ്ങള്‍ക്ക് സംവരണമടക്കമുള്ള ചില ആനുകൂല്യങ്ങള്‍ നല്‍കിവരികയും ചെയ്തുവരുന്നു. സര്‍ക്കാരിന്റെ ആനുകൂല്യ പട്ടികയിലിടംനേടാത്ത വിഭാഗങ്ങള്‍ മുന്നാക്കമെന്ന് കണക്കാക്കപ്പെട്ടു. ഭരണകൂടങ്ങള്‍ നീതിനിര്‍വ്വഹണ മാനദണ്ഡങ്ങളെ ബോധപൂര്‍വ്വം തെറ്റായും ജനങ്ങളില്‍ വിഭാഗീയത വളര്‍ത്താനും എടുത്തുപയോഗിച്ചതിന്റെ ദുരന്തമാണ് ഇന്ന് പിന്നോക്ക-മുന്നോക്ക ഭേദമില്ലാതെ ഹിന്ദു സമുദായങ്ങള്‍ അനുഭവിച്ചികൊണ്ടിരിക്കുന്നത്.
പിന്നാക്ക ജാതിയില്‍ ഉള്‍പ്പെടാത്ത വിഭാഗങ്ങളെ ‘സമുന്നതി’ എന്ന പേരില്‍ ഒരു കോര്‍പ്പറേഷന്റെ പരിധിയിലൊതുക്കിനിര്‍ത്താനും ഇതര ജനവിഭാഗങ്ങളെ പിന്നാക്ക കോര്‍പ്പറേഷന്റെ പരിധിയിലൊതുക്കാനും ശ്രമിച്ചുകൊണ്ട് ഹിന്ദു സ്വത്വബോധത്തെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മാറിമാറി നടത്തിവരികയാണ്. ഈ നടത്തിപ്പില്‍ മുസ്ലീംലീഗ് എന്ന സംഘടന പ്രത്യേക താല്‍പ്പര്യമെടുത്തുവരുന്നതായും കാണാനാകും. കേരളത്തില്‍ ഇന്നുനിലനില്‍ക്കുന്ന മുന്നോക്ക-പിന്നോക്ക വിഭജനങ്ങള്‍ അശാസ്ത്രീയമാണ്. നായാടി മുതല്‍ നമ്പൂതിരി വരെ ചെറുതും വലുതുമായ ജാതികളും ഉപജാതികളുമായി 236-ല്‍ പരം വിഭാഗങ്ങളുള്‍പ്പെടുന്നതാണ് ഹിന്ദുസമുദായം. വലിയ സമുദായങ്ങള്‍ക്ക് വലിയ നീതിയും ചെറിയ സമുദായങ്ങള്‍ക്ക് ചെറിയനീതിയും നടപ്പാക്കിയതിന്റെ കെടുതികളാണ് ഇന്ന് ഹിന്ദു സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സംവരണത്തിന്റെ പേരില്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് ആരും തിരിച്ചറിയുന്നതേയില്ല. ഭരണഘടനാ വിരുദ്ധമായ ഉപസംവരണ വ്യവസ്ഥയാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. ഈഴവ പതിനാല് ശതമാനം, മുസ്ലീം പന്ത്രണ്ട് ശതമാനം, എല്‍.സി./ആംഗ്ലോ ഇന്ത്യന്‍ നാല് ശതമാനം, ധീവര ഒരു ശതമാനം, പരിവര്‍ത്തന ക്രിസ്ത്യാനി ഒരുശതമാനം, ഹിന്ദു നാടാര്‍ ഒരുശതമാനം, എസ്.ഐ.യു.സി. ഒരുശതമാനം, വിശ്വകര്‍മ്മ മൂന്ന് ശതമാനം, പട്ടികജാതി എട്ട് ശതമാനം, പട്ടിക വര്‍ഗ്ഗം രണ്ട് ശതമാനം, ക്രിസ്തുമതത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ആറ് ശതമാനം, 82-ല്‍ പരം വരുന്ന ചെറിയ ഒ.ബി.സി. വിഭാഗങ്ങള്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന അശാസ്ത്രീയ ഉപസംവരണ അനുപാതം. (എട്ടാംപട്ടികയിലെ 82-ല്‍പരം വരുന്ന വിഭാഗങ്ങള്‍ക്ക് 15 ശതമാനം സംവരണമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. ഇത് പലകാലങ്ങളിലായി എട്ടുശതമാനമായും നാലുശതമാനമായും ഇപ്പോള്‍ മൂന്നുശതമാനമായും കുറഞ്ഞു. പിന്നോക്കസമുദായത്തിലെ മറ്റ് സമുദായങ്ങള്‍ വേലികെട്ടിസ്വന്തമാക്കിവെച്ചിരിക്കുന്ന ഇപ്പോഴുള്ള ശതമാനക്കണക്ക് ഈ വിഭാഗത്തില്‍നിന്നും പലകാലങ്ങൡലായി തട്ടിയെടുത്തിട്ടുള്ളതാണ്.) സാമൂഹ്യനീതിയിലും ധാര്‍മ്മികതയിലും അധിഷ്ഠിതമായ സാമൂഹ്യനിര്‍മ്മിതിക്കാണ് ഈ ഉപസംവരണവ്യവസ്ഥ വിഘാതമായി നിലകൊള്ളുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡംപോലെ എല്ലാ സംവരണ വിഭാഗങ്ങളേയും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം പുനഃക്രമീകരിക്കാത്തതിന്റെ ദുരന്തമാണ് നമ്പൂതിരി, ബ്രാഹ്മണര്‍, ക്ഷത്രിയര്‍, പോറ്റി, അയ്യര്‍ എന്നീ ഹിന്ദു ന്യൂനപക്ഷ സമുദായങ്ങള്‍ പോലും ഒ.ബി.സി. സംവരണം ആവശ്യപ്പെട്ട് രംഗത്തുവരാനിടയാക്കിയിട്ടുള്ളത്. ഇതിലൂടെ സംഘടിതവിഭാഗങ്ങള്‍ക്കും ചില പ്രത്യേക ജാതിവിഭാഗങ്ങള്‍ക്കും അര്‍ഹതയിലധികം ആനുകൂല്യങ്ങള്‍ ലഭിക്കുവാനും അതിലൂടെ സാമൂഹ്യ നീതി അട്ടിമറിക്കപ്പെടാനും ഇടയാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഭരണഘടനാ വിരുദ്ധമായി സംഘടിത ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്കുകൂടി സംവരണം വീതംവെച്ചുകൊടുക്കുന്ന ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കാരണം ക്രിസ്തുമതത്തിലെ ഉപവിഭാഗങ്ങള്‍, ലാറ്റിന്‍ കത്തോലിക്ക, ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ എന്നിവര്‍ ഒരേസമയം പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും ന്യൂനക്ഷ ജനവിഭാഗങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ അനുഭവിച്ചുവരുന്നവരാണ്. ന്യൂനപക്ഷസമുദായത്തിന്റെയും പന്ത്രണ്ട് ശതമാനം ഉദ്യോഗസംവരണത്തിന്റെയും ഗുണഫലങ്ങള്‍ ഒരുമിച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംസമുദായം. അതേപോലെതന്നെ പ്രമുഖ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മുന്നോക്ക കോര്‍പ്പറേഷന്റെ ആനുകൂല്യപരിധിയിലും ന്യൂനപക്ഷങ്ങളെന്ന പരിഗണനയ്ക്കും ഒരുപോലെ അര്‍ഹതനേടുന്നു. ഈ ഇരട്ട ആനുകൂല്യപരിധിയിലേക്ക് നാടാര്‍ വിഭാഗങ്ങള്‍കൂടി കടന്നെത്തുമ്പോള്‍ ഹൈന്ദവസമൂഹം ഇത്തിള്‍കണ്ണിനിറഞ്ഞ മരംപോലെ ശോഷിക്കുമെന്നതില്‍ സംശയംവേണ്ട. അശാസ്ത്രീയവും ഭരണഘടനാ വിരുദ്ധവുമായ ഉദ്യോഗ ഉപസംവരണവ്യവസ്ഥയിലൂടെ ഹിന്ദുക്കളെ പലതട്ടുകളായി വിഭജിച്ചുനിര്‍ത്തുമ്പോള്‍ സെമറ്റിക് മതവിഭാഗങ്ങള്‍ ഇരട്ട ആനുകൂല്യങ്ങളിലൂടെ ബഹുദൂരം മുന്നേറിക്കൊണ്ടുമിരിക്കുന്നു. ആകെ ജനസംഖ്യയുടെ അഞ്ചുശതമാനത്തിലും താഴെ വരുന്ന ഹിന്ദു ജാതിവിഭാഗങ്ങള്‍ക്ക് മാത്രമായി ന്യൂനപക്ഷപദവിയും സംരക്ഷണവും ലഭ്യമാകുന്ന സാഹചര്യമൊരുക്കി സാമൂഹ്യനീതി എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിസ്വീകരിക്കണം. ന്യൂനപക്ഷസ്ഥാപനപദവി സംബന്ധിച്ചും ഹിന്ദുമതത്തെ സംബന്ധിച്ചുമുള്ള സുപ്രീംകോടതി വിധികള്‍ ഈ വിഷയത്തില്‍ നമുക്ക് മാനദണ്ഡമാക്കാവുന്നതുമാണ്.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉപസംവരണവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്. സാമ്പത്തിക സംവരണം എന്ന ആവശ്യത്തിലേക്ക് സമൂഹം ചിന്തിച്ചത് അശാസ്ത്രീയവും ഭരണഘടനാ വിരുദ്ധവുമായ, സംവരണത്തില്‍ ഉപസംവരണം നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ്. സാമ്പത്തിക സംവരണമല്ല, നിലവിലുള്ള ഉപസംവരണം അവസാനിപ്പിച്ച് എല്ലാ സംവരണ സമുദായങ്ങളേയും കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ട് കേരളത്തിലെ സംവരണവ്യവസ്ഥ അടിയന്തിരമായി പുന:ക്രമീകരിക്കുകയാണ് വേണ്ടത്.
ആന്ദ്രാ നായര്‍, അന്ദുരു നായര്‍, ചെട്ടി വിഭാഗങ്ങള്‍, എഴുത്തച്ഛന്‍, കണിയാര്‍-ഗണക വിഭാഗങ്ങള്‍, കൃഷ്ണന്‍വക, യാദവര്‍, യോഗി, യോഗീശ്വര, വാണിക, വാണിക വൈശ്യ, വിളക്കിത്തല നായര്‍, വീരശൈവ, വെളുത്തേടത്തു നായര്‍ എന്നീ സമുദായങ്ങള്‍ക്ക് ഗണ്യമായ വോട്ടുകള്‍ സംസ്ഥാനത്തെ 140 നിയമസഭാമണ്ഡലങ്ങളിലുമുണ്ട്. ഇരുമുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട ഈ ജനസമൂഹം ഇരുമുന്നണികള്‍ക്കുമെതിരെ സംഘടിതമായി രംഗത്തുവരാന്‍ ഇനിയെങ്കിലും തയ്യാറാകണം.
സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ മാത്രമായിരുന്നു ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇന്നലെവരെയുള്ള അതിജീവനത്തിനുള്ള ഏകാശ്രയം. എന്നാല്‍ ഭരണഘടനാവിരുദ്ധമായ ഉദ്യോഗഉപസംവരണവ്യവസ്ഥയുടെയും നിയമന അഴിമതികളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും ഇരകളാക്കി സര്‍ക്കാര്‍ ജോലികളില്‍നിന്നും അതിവേഗം ബഹുദൂരം തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്നീ വിഭാഗങ്ങള്‍. കമ്മ്യൂണല്‍ റൊട്ടേഷന്‍ പറഞ്ഞും ഉപസംവരണത്തിലൂടെയും സംഘടിത ജാതി-മത രാഷ്ട്രീയ ശക്തികളുടെ പ്രതിനിധികള്‍ പി.എസ്.സി. അംഗങ്ങളായി കയറിക്കൂടി നിയമനങ്ങള്‍ വ്യാപകമായി അട്ടിമറിക്കപ്പെട്ട സാഹചര്യമാണിന്നുള്ളത്. ഇങ്ങനെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബാലികേറാമലയാക്കി മാറ്റി അവരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയുമ്പോള്‍ അത് ഹിന്ദു വിഭാഗങ്ങളില്‍ വരുത്തുന്ന ശക്തിശോഷണം എത്ര വലുതായിരിക്കുമെന്ന കാര്യം നാം മറന്നുപോകരുത്.
എട്ടാം പട്ടികയിലുള്‍പ്പെടുന്ന ജനവിഭാഗങ്ങളെ ശാക്തീകരിക്കുക എന്ന ധര്‍മ്മമേറ്റെടുത്ത് ഹിന്ദു ഐക്യവേദി, മോസ്റ്റ് മൈനോരിറ്റീസ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ സജീവമായി ഇന്ന് രംഗത്ത് എത്തിയിരിക്കുന്നത് ശുഭോദാര്‍ക്കമാണ്. ഹിന്ദു വിഭാഗങ്ങളുടെ സാംസ്‌കാരികമായ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ സാമൂഹ്യ സാഹചര്യം. ഇരുമുന്നണികളും ഒരേ കൂട്ടുകച്ചവടത്തില്‍ പങ്കാളികളായി നിലകൊള്ളുന്നു. ജാതി വൈവിധ്യങ്ങളെ ആരാലും മുതലെടുക്കാന്‍ കഴിയാത്ത അവസ്ഥ ദേശീയബോധം രാമമന്ത്രധ്വനികളാല്‍ മുഖരിതമാകുന്ന ഇന്നത്തെ രാഷ്ട്രാവസ്ഥയില്‍ ക്ഷാത്രവീര്യത്തോടെ ഏറ്റെടുക്കേണ്ടത് ദേശസ്‌നേഹികളുടെ കര്‍ത്തവ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ജനവിഭാഗങ്ങളെ മുന്നാക്ക-പിന്നാക്ക വിഭജനം നടത്തി തമ്മില്‍തല്ലിക്കാനും വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിവരുന്ന ഇടത്-വലത് മുന്നണികളെ നിലയ്ക്കുനിര്‍ത്താനുള്ള അവസരമാണിത്.
( ഹിന്ദു ന്യൂനപക്ഷ ഐക്യസഭയുടെ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)