പ്രാചീന രാഷ്ട്ര സങ്കല്പങ്ങളില്‍ ഇന്നും ജീവിക്കുന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭാരതം നിലനില്‍ക്കുന്നത് ആധ്യാത്മികതയുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആധാരം ഇവിടെ ജനിച്ച ഋഷീശ്വരന്മാരാണെന്നും പറയാറുണ്ട്. ഭാരതത്തിന്റെ സംസ്‌കാരം അനാദിയും സനാതനവുമാണ് എന്ന് അംഗീകരിക്കപ്പെടുന്നു. എന്നാല്‍ ഈ നീണ്ടകാലത്തെ ജീവിതത്തില്‍ ഭാരതം ആഭ്യന്തരവും വൈദേശികവുമായ അനേകം വെല്ലുവിളികള്‍ നേരിട്ടു. ഈ വെല്ലുവിളികള്‍ രാഷ്ട്രീയവും സാമ്പത്തികവും എന്നപോലെ സാംസ്‌കാരികവുമായിരുന്നു. അതിനെയെല്ലാം തരണം ചെയ്തത് ദീര്‍ഘദൃഷ്ടികളായ മഹര്‍ഷീശ്വരന്മാരില്‍ക്കൂടിയായിരുന്നു. ഈ ഋഷീശ്വരന്മാര്‍ ഭാരതത്തില്‍ ധാര്‍മ്മിക ചിന്ത വളര്‍ത്തുക മാത്രമല്ല, ധര്‍മത്തിനു വേണ്ടി ജീവിക്കുന്ന വ്യക്തികളേയും അവരുടെ സംഘടനയെയും വളര്‍ത്തി. ഇങ്ങനെ സംഘടനയിലൂടെ ധാര്‍മ്മിക ജീവിതത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തി. ഈയര്‍ത്ഥത്തില്‍ വേദങ്ങളിലാരംഭിച്ച് വേദാന്ത തത്വങ്ങളിലൂടെ പുഷ്ടി നേടി സംഘടനാധര്‍മ്മത്തില്‍ വന്നു നില്‍ക്കുന്ന രാഷ്ട്രജീവിത ശൈലിയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഈ ചിരന്തനത്വത്തിന്റെ സൂത്രം.
വ്യാസഭഗവാന്‍ വേദങ്ങള്‍ ക്രോഡീകരിച്ച, ഇതിഹാസപുരാണങ്ങളുടെ കര്‍ത്താവുമായ മഹാമനീഷിയായിരുന്നു. എന്നാല്‍ അദ്ദേഹം മുഴുവന്‍ ഭാരതവും സഞ്ചരിച്ച് ഋഷീശ്വരന്മാരെ തയ്യാറാക്കി. വേദങ്ങളുടെ ക്രമീകരണത്തിലൂടെ പ്രാചീന ഭാരതത്തെ അതിപ്രാചീന ഭാരതവുമായും ആധുനിക ഭാരതവുമായും ബന്ധിപ്പിക്കുന്ന ഒരധ്യാത്മിക സേതുബന്ധനം നടത്തിയെന്നതാണ് വ്യാസഭഗവാന്‍ ചെയ്ത രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ചുരുക്കം. വ്യാസഭഗവാനു ശേഷം ശ്രീബുദ്ധനിലൂടെ അവൈദികമായ സനാതന തത്വങ്ങള്‍ പ്രവഹിക്കപ്പെട്ടു. തുടര്‍ന്ന് ശങ്കരാചാര്യര്‍ വേദാന്തതത്വ പ്രചരണം നടത്തി. നാലു മഠങ്ങള്‍ സ്ഥാപിച്ച് ഭാരതത്തിന്റെ അധ്യാത്മിക അടിത്തറ ശക്തിപ്പെടുത്തി. ശങ്കരന്‍ തന്റെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ശിഷ്യപരമ്പരയ്ക്ക് രൂപംനല്‍കി. നാലു മഠങ്ങള്‍ നാലു തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു. ഭാരതത്തിലുണ്ടായ വിഭ്രാന്തിക്ക് അവസാനം കുറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശങ്കരനു ശേഷം നിരവധി ശ്രേഷ്ഠരായ സന്യാസിമാര്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്തു. അക്കൂട്ടത്തില്‍ സ്മരണീയരാണ് ദയാനന്ദ സരസ്വതി സ്വാമികളും വിവേകാനന്ദ സ്വാമികളും. ഇങ്ങനെ ഭാരതത്തിലെ ഋഷി-സന്യാസി പരമ്പര ഇന്നാടിന്റെ നിലനില്‍പ്പിനായി നിരന്തരം പ്രയത്നം നടത്തി വന്നു എന്നത് ഈ ഉദാഹരണങ്ങളിലൂടെ സിദ്ധമാകുന്നു. ഈ പരമ്പരയിലാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ശ്രീഗുരുജിയുടെ സ്ഥാനം.
ഈ പരമ്പരയുടെ നൂതന മാര്‍ഗ്ഗത്തില്‍ ധര്‍മ്മത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംഘടിത ഭാവം കൈവന്നു. മുഗള്‍ ഭരണവും ബ്രിട്ടീഷ് ഭരണവും ഭാരതത്തിന്റെ ദേശീയത സംബന്ധിച്ച സങ്കല്‍പ്പങ്ങളില്‍ അനേകം വിഭ്രാന്തികള്‍ ഉണ്ടാക്കി. അവ പരിഹരിക്കാന്‍ സ്വാമി വിവേകാനന്ദന് ഭാരതത്തില്‍ മാത്രമല്ല, പാശ്ചാത്യ നാടുകളിലും തന്റെ വേദാന്ത സന്ദേശവുമായി പോകേണ്ടിവന്നു. ഭാരതത്തിന്റെ ദേശീയത സംബന്ധിച്ചുള്ള ആശയക്കുഴപ്പം അപകടകരമാംവണ്ണം വലുതായി. ഭാരതത്തില്‍ മിശ്ര സംസ്‌കാരമാണ്, പല സംസ്‌കാരങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഭാരതം, ഭൂമിയാണ് ദേശീയതയുടെ അടിസ്ഥാനം, മുസ്ലിം-ഹിന്ദു എന്നീ രണ്ടു സംസ്‌കാരങ്ങള്‍ ഇവിടെയുണ്ടെന്നും അവയ്ക്ക് ഒന്നിച്ചു ജീവിക്കാനാവില്ലെന്നുമുള്ള വിഭ്രാന്തികള്‍ ദേശീയത സംബന്ധിച്ചുണ്ടായി. ഈ അവസരത്തിലാണ് ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ ‘ഭാരതം ഹിന്ദു രാഷ്ട്രമാണ്’ എന്ന സത്യം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. അതു പ്രചരിപ്പിക്കുന്നതിനും അതിന്റെയടിസ്ഥാനത്തില്‍ രാഷ്ട്രത്തെ സംഘടിപ്പിക്കുന്നതിനുംവേണ്ടി അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടനയ്ക്ക് രൂപംനല്‍കി. എന്നാല്‍ ഡോ.ഹെഡ്ഗേവാര്‍ തന്റെ അമ്പതുകളുടെ ആദ്യ കാലം തന്നെ മരണമടഞ്ഞു. ശ്രീരാമകൃഷ്ണ ദേവനെപ്പോലെ കര്‍മ്മത്തിന്റെ ആദ്യ പാദം പൂര്‍ത്തിയാക്കി അദ്ദേഹം വിടവാങ്ങി. പിന്നീട് ആര്‍.എസ്.എസ്സിനെ നയിച്ചതും വളര്‍ത്തിയതും രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി ആയിരുന്നു. അഖണ്ഡാനന്ദ സ്വാമി ശിഷ്യന്‍ എന്ന നിലയില്‍ ഭാരതീയ ഋഷി പാരമ്പര്യവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അദ്ദേഹമാണ് കര്‍മ്മത്തിന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കത്.
വെല്ലുവിളികളില്‍ പതറാതെ
ഗുരുജി സര്‍സംഘചാലക് പദവിയിലെത്തിയപ്പോള്‍ ആര്‍.എസ്.എസ്സിന് അറിയപ്പെടുന്ന ഒരു നേതൃത്വം ഉണ്ടായിരുന്നില്ല. സംഘടനയാകട്ടെ വളരെ ചെറുതും. സംഘത്തിനും ഗുരുജിക്കും വളരെയധികം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടതായി വന്നു. അവയിലൊന്നാമത്തേത് സംഘം ഹിന്ദുമഹാസഭയുടെ വോളണ്ടിയര്‍ സംഘടനയാകണം എന്ന ആവശ്യമായിരുന്നു. ഡോക്ടര്‍ജി ജീവിച്ചിരുന്ന കാലത്തുതന്നെ ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍ജിയുടെ വ്യക്തിസ്വാധീനം ഉപയോഗിച്ച് ഇതിനെ തരണം ചെയ്യാന്‍ സംഘത്തിന് സാധിച്ചു. ഡോക്ടര്‍ജിയുടെ മരണശേഷം ഹിന്ദുമഹാസഭയുടെ ഈ ആവശ്യം വീണ്ടും ഉയര്‍ന്നു. ഹിന്ദു മഹാസഭയുടെ നേതാവ് സ്വതന്ത്രവീര വിനായക ദാമോദര സവര്‍ക്കറാണ് എന്നുള്ളത് ഈ നിര്‍ദ്ദേശത്തെ ചെറുക്കുന്നത് പ്രയാസമുളവാക്കി. ആദ്യത്തെ വെല്ലുവിളി ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കലായിരുന്നു. ഗുരുജി സംഘത്തിനെ കക്ഷി രാഷ്ട്രീയത്തിന്റെ അഴുക്കുചാലിലേക്ക് നയിക്കാനല്ല മറിച്ച് രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ രാജപാതയിലേക്ക് നയിക്കാനാണ് തീരുമാനിച്ചത്. ഈ തീരുമാനം വ്യക്തിപരവും സംഘടനാപരവുമായ അനേകം എതിര്‍ പ്രചരണത്തിന് കാരണമായി. എന്നാല്‍ ഒട്ടും പതറാതെ ഗുരുജി സംഘത്തെ ശരിയായ പാതയിലൂടെ നയിച്ചു.
സംഘത്തിന് ഒരു നേതൃത്വം ഉണ്ടെന്ന് വ്യക്തമായി വരുന്നതിനു മുന്‍പ് ഭാരത വിഭജനം നടന്നു. ഭാരതത്തിന്റെ ആധുനിക കാലത്തെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. അതുയര്‍ത്തിയ പ്രശ്‌നങ്ങള്‍ കേവലം ഭൂമിശാസ്ത്രപരമായിരുന്നില്ല. ഭാരതത്തിന്റെ ദേശീയത സംബന്ധിച്ച അനേകം പ്രശ്നങ്ങളുയര്‍ത്തി. അഭയാര്‍ത്ഥികളുടെ പുനരധിവാസം നടത്തുന്നതോടൊപ്പം എതിരാളികള്‍ നടത്തുന്ന അപവാദ പ്രചരണത്തെ നേരിടുന്നതിനൊപ്പം ദേശീയത സംബന്ധിച്ച യഥാര്‍ത്ഥ വീക്ഷണവും ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യം ഗുരുജി സമര്‍ത്ഥമായി നിര്‍വ്വഹിച്ചു. ഒരര്‍ത്ഥത്തില്‍ വിഭജനം ഭാരതത്തിന്റെ മുഴുവന്‍ ശ്രദ്ധയും സംഘത്തിലേക്കും അതിന്റെ നേതാവായ ഗുരുജിയിലേക്കും ആകര്‍ഷിച്ചു. അങ്ങനെ സംഘത്തിന് അറിയപ്പെടുന്ന നേതൃത്വമില്ല എന്ന പ്രശ്നം പരിഹരിക്കപ്പെട്ടു. ഗുരുജി സംഘത്തിന്റെ മാത്രമല്ല രാഷ്ട്രത്തിന്റെയും നായകനായി വളര്‍ന്നു. ഗുരുജിയുടെ ഈ വളര്‍ച്ച പലരേയും അസ്വസ്ഥരാക്കി. 1948 ല്‍ ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം സംഘത്തില്‍ കെട്ടിവച്ച് അതിനെ നിരോധിച്ചു. ഗുരുജിയെ ജയിലിലടച്ചു. അന്വേഷണം നടത്തിയ എല്ലാ ഏജന്‍സികളും കോടതിയും ആര്‍.എസ്.എസ്സിനെ കുറ്റവിമുക്തമാക്കി. എന്നിട്ടും നിരോധനം പിന്‍വലിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു. അവസാനം മറ്റു പോംവഴിയില്ലാതെ സംഘം സത്യഗ്രഹത്തിനൊരുങ്ങി. അങ്ങനെ സംഘനിരോധനം പിന്‍വലിക്കപ്പെട്ടു. ഇവിടെയും ഗുരുജിയുടെ വ്യക്തിത്വം വലിയ പങ്കുവഹിച്ചു. ഗുരുജിക്കുണ്ടായിരുന്ന പ്രശസ്തിയും അദ്ദേഹത്തോട് ജനങ്ങള്‍ക്കുണ്ടായിരുന്ന ഭക്തിയും വിശ്വാസവും സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കി. ഗുരുജിയുടെ വ്യക്തിപ്രഭാവവും സംഘത്തിന്റെ സത്യഗ്രഹവും കൂടി ഗാന്ധിവധം ആരോപിച്ചുള്ള നിരോധനം നീക്കാന്‍ സഹായിച്ചു.
സത്യഗ്രഹാനന്തരം ഗുരുജിക്കുണ്ടായ സ്വീകാര്യതയും ഗുരുജി നടത്തിയ ഭാരത പര്യടനവും ആധുനിക ഭാരത ചരിത്ര പുസ്തകത്തില്‍ ഒരു ദിഗ്‌വിജയ യാത്രയുടെ പ്രതീതിയുണ്ടാക്കുന്ന അധ്യായമായിരിക്കും. മൈതാനങ്ങളിലും ഹാളുകളിലും റെയില്‍വേ സ്റ്റേഷനുകളില്‍ പോലും പുഞ്ചിരിച്ചു കൊണ്ടു പ്രതിഷേധിക്കുന്ന ആയിരങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ ഒരേ സമയം ഡോക്ടര്‍ജിയുടെ സംഘടനാ ശാസ്ത്രത്തിന്റെയും ഗുരുജിയുടെ അധ്യാത്മ തേജസിന്റെയും ഉദാഹരണമാണ്. അതിഘോരമായ വെല്ലുവിളികളുടേയും അതിഭീഷണമായ പ്രതിസന്ധികളുടേയും നീണ്ട മൂന്നു വര്‍ഷക്കാലം ഗുരുജി ആത്മവിശ്വാസത്തിന്റെയും ആത്മസംയമനത്തിന്റെയും പുഞ്ചിരി കെട്ടുപോകാതെ കാത്തുസൂക്ഷിച്ചു. സ്വന്തം വീടും കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടപ്പോഴും ഇതേ മനോനില അദ്ദേഹം തുടര്‍ന്നു.
ഒരേ സമയം ദാര്‍ശനികനും സംഘാടകനും
തുടര്‍ന്ന് അദ്ദേഹം സംഘടനാ രംഗത്ത് പൂര്‍ണ്ണ ശ്രദ്ധ അര്‍പ്പിച്ചു. അദ്ദേഹം ഭാരതം മുഴുവന്‍ യാത്ര ചെയ്തു. സമര്‍ത്ഥരായ പ്രവര്‍ത്തകരെ വാര്‍ത്തെടുത്തു. സംഘപ്രവര്‍ത്തനം ലക്ഷ്യം തെറ്റാതെ ദീര്‍ഘകാലം തുടരാനാവശ്യമായ പ്രവര്‍ത്തക നിര തയ്യാറായി വന്നു. അതോടൊപ്പം രാഷ്ട്രം നേരിടുന്ന എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ സംഘ സ്വയംസേവകരെ പ്രാപ്തരുമാക്കി.
സംഘ നിരോധന കാലഘട്ടത്തില്‍ രാഷ്ട്രജീവിതത്തില്‍ സംഘത്തിന്റെ പങ്കിനെക്കുറിച്ച് വളരെ ആഴത്തിലുള്ള ചിന്തകള്‍ നടന്നു. ”സംഘം സമാജത്തിനകത്തെ സംഘടനയല്ല സമാജത്തിന്റെ സംഘടനയാണ്” എന്ന ഡോക്ടര്‍ജിയുടെ വീക്ഷണം അടിസ്ഥാനമാക്കി സമൂഹത്തിലെ എല്ലാ മേഖലകളിലും സംഘാശയം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ടാവുകയും അവ അതത് മേഖലകളെ സംഘടിപ്പിക്കുകയും അവിടെ നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെ വിദ്യാര്‍ത്ഥി, തൊഴിലാളി തുടങ്ങിയ മേഖലകളില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അപ്പോഴെല്ലാം ഒരു ആശയ കുടുംബം എന്ന നിലയില്‍ ഈ സംഘടനകള്‍ പ്രവര്‍ത്തിക്കും, ഒരിക്കലും അവ ഒരു സംഘടനാ രൂപം വരിക്കില്ല എന്നും തീരുമാനിച്ചു. പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു ധര്‍മ്മത്തിലൂന്നിയ സ്വതന്ത്ര ജീവിതമേഖലകള്‍ എന്നതിന്റെ കാലാനുസൃതമായ പുനരാവിഷ്‌കരണമാണ് ഇതുകൊണ്ടുദ്ദേശിച്ചത്. പാശ്ചാത്യ ജീവിതരീതിക്കു പകരംവയ്ക്കാവുന്ന ഒരു ജീവിതരീതി ആവിഷ്‌കരിക്കാന്‍ ഇതുമൂലം സാധിക്കുമെന്ന വിശ്വാസവുമുണ്ടായിരുന്നു.
മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കുന്നതിന് വിവിധ സംഘടനകള്‍ തുടങ്ങിയെങ്കിലും അവയ്ക്കെല്ലാം ആധാരമായിത്തീരേണ്ട ഹിന്ദുസമൂഹം ജാതി മുതലായ അനാചാരങ്ങള്‍കൊണ്ടു ദുര്‍ബലമായിരുന്നു. ശക്തവും നീതിയുക്തവുമായ ഒരു സമൂഹത്തിന് മാത്രമേ കാലാതിവര്‍ത്തിയായ ജീവിതവീക്ഷണം ഉള്‍ക്കൊള്ളുന്ന സംഘടനകളെ സൃഷ്ടിക്കാനാവൂ. ദുര്‍ബല സമാജത്തിന് ലോകത്തിന്റെ ചിത്രം മാറ്റിമറിക്കുന്ന സംഘടനകള്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ഹിന്ദുസമൂഹത്തിനെ ദുര്‍ബലപ്പെടുത്തുന്ന തൊട്ടുകൂടായ്മ, ജാതിവ്യത്യാസം എന്നിവയെ ഇല്ലാതാക്കുന്നതിന് അദ്ദേഹം ധര്‍മ്മാചാര്യന്മാരെ ചേര്‍ത്ത് വിശ്വഹിന്ദുപരിഷത്തിന് രൂപംനല്‍കി. സന്യാസിമാരുള്‍പ്പെടുന്ന ഒരു സംഘടന എന്നതിലപ്പുറം രാഷ്ട്ര ജീവിതത്തില്‍ അധ്യാത്മശക്തിയുടെ വിനിയോഗം എപ്രകാരമുണ്ടാവണമെന്ന വിവേകാനന്ദ വീക്ഷണത്തിന്റെ പൂര്‍ത്തീകരണമാണ് അദ്ദേഹം നിര്‍വഹിക്കാന്‍ ശ്രമിച്ചത്. സംഘത്തിന്റെ സംഘടനാ ദൃഷ്ടിയിലും അത്യന്തം പ്രാധാന്യമുള്ള ഒരു നീക്കമായിരുന്നു ഇത്. ഭാരതത്തിന്റെ ദേശീയധാരയും അധ്യാത്മധാരയും ഇണപിരിയാത്ത കൈവഴികളിലൂടെ ചേര്‍ന്നൊഴുകണമെന്ന് അദ്ദേഹം ചിന്തിച്ചു. ചേരേണ്ടപ്പോള്‍ ചേരാനും കലരേണ്ടപ്പോള്‍ കലരാനും പിരിയേണ്ടപ്പോള്‍ പിരിയാനും ഈ ധാരകള്‍ക്ക് കെല്പു വന്ന കാര്യം രാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് എന്ന രൂപത്തില്‍ ഇന്ന് നമുക്കു മുന്നില്‍ പ്രകടമാണ്. ഈ വീക്ഷണത്തിന് വിത്തുപാകിയത് വിവേകാനന്ദ സ്വാമികളാണെങ്കിലും അതിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം, യഥാര്‍ത്ഥത്തില്‍ ഗുരുജി എന്ന സന്യാസിയായ സര്‍സംഘചാലകന്റെ അധ്യാത്മ സാധന തന്നെയാണ്.
ഈ അധ്യാത്മ സാധനയുടെ വൈയക്തികമായ അനുഭവ സാക്ഷ്യങ്ങള്‍ ധാരാളമുണ്ട്. സഹപ്രവര്‍ത്തകരില്‍ പലരും അതനുഭവിച്ചറിഞ്ഞെങ്കിലും അഷ്ടസിദ്ധികള്‍ അവതരിപ്പിക്കുന്ന അമ്പരപ്പോടെ അവയൊന്നും അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചില്ലെന്നു മാത്രം. എങ്കിലും ഗുരുജിയുടെ കാലാനന്തരം അവര്‍ നടത്തിയ ചില വിവരണങ്ങള്‍ ഇതിലേക്ക് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നതാണ്. ഡോക്ടര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ച വിഭൂതിസദൃശമായ വ്യക്തിത്വങ്ങളുള്ള പല മഹാരഥികളും ഗുരുജിയുടെ കണ്ണുകളിലേക്ക് നോക്കി ആനന്ദാശ്രു പൊഴിച്ചിട്ടുണ്ടത്രേ. ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം വെല്ലുവിളികളെ നേരിട്ട ഒരു പ്രസ്ഥാനം അവയെ തരണം ചെയ്തത്, ഈ തരത്തില്‍ പരസ്പരം കണ്ണില്‍ നോക്കി കണ്ണീര്‍ പൊഴിക്കുന്ന ഉഗ്രപ്രതാപികളായ നേതാക്കന്മാര്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. ഡോക്ടര്‍ജിയുടെ സഹചാരിയായിരുന്ന അപ്പാജി ജോഷി പറഞ്ഞത് ഗുരുജി ആരാണെന്ന് ഞാനറിഞ്ഞത് ജയിലില്‍ ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ചപ്പോഴാണ് എന്നാണ്. ഞാനദ്ദേഹത്തിന്റെ തൃപ്പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകി എന്നു പറയുന്നത് ഉഗ്രമൂര്‍ത്തിയായിരുന്ന ദാദാറാവുജി പരമാര്‍ത്ഥ് ആവുമ്പോഴാണ് ഗുരുജിയുടെ പുഞ്ചിരിക്കു പിന്നിലെ അധ്യാത്മ തേജസെന്തായിരുന്നുവെന്ന് നാം ചിന്തിക്കുക. വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിനിടെ പ്രതിസന്ധികള്‍ വന്നപ്പോള്‍ ഞാനദ്ദേഹത്തിന്റെ അടുത്തു പോയി കുറെ സമയം വെറുതെയിരിക്കുമെന്ന് ഏകനാഥ റാനഡെജിയെപ്പോലെയുള്ള ഒരതികായന്‍ തന്നെ പറയുമ്പോഴാണ് ഇക്കാര്യം കൂടുതല്‍ സ്പഷ്ടമാവുക. ഡോ. വര്‍ഗീസ് കുര്യന്റെ ആത്മകഥയിലെ രണ്ടു മൂന്നു പേജുകളില്‍ അദ്ദേഹം ഗുരുജിയെക്കുറിച്ച് പറയുന്നതും ഏതാണ്ടിതേ കാര്യം തന്നെ. ഇക്കാര്യമാണ് ഡോ. സെയ്ഫുദ്ദീന്‍ ഗീലാനിയും ഖുശ്വന്ത് സിങ്ങും പറഞ്ഞതും. ഇങ്ങനെ സമശീര്‍ഷരായ സഹപ്രവര്‍ത്തകര്‍ക്കും സമകാലീന രാഷ്ട്രനേതാക്കള്‍ക്കും ഗുരുജിയുടെ പ്രഭാവമുണ്ടായി. ഡോക്ടര്‍ജിയുടെ നിര്‍ഭയത്വത്തിനും നിര്‍മമത്വത്തിന്നും ഗുരുജി പൂര്‍ണ്ണത നല്‍കി. അവ രണ്ടും സംഘത്തിന്റെ അടിസ്ഥാന പ്രകൃതത്തില്‍ ഉള്‍ച്ചേര്‍ന്നു. ഒരു സംഘടനയുടെ വളര്‍ച്ചയ്ക്ക് അതിന്റെ നെടുനായകത്വം വഹിക്കുന്നവര്‍ എത്ര മാത്രം ആത്മീയഭാവം നിലനിര്‍ത്തണം എന്നതിന്റെ വിശ്വ ചരിത്രത്തിലെ ഏകവും പൂര്‍ണ്ണവുമായ ഉദാഹരണമാണ് സംഘത്തിന്റെ വളര്‍ച്ചയും ഗുരുജിയുടെ വ്യക്തിത്വവും തമ്മിലുള്ള ബന്ധം.
ഈ അധ്യാത്മഭാവം അവസാനം വരെ അദ്ദേഹം കാത്തു. ഭാരതത്തിലെ ലക്ഷോപലക്ഷം സ്വയംസേവകരെയും അഭിസംബോധന ചെയ്തു കൊണ്ട് മാപ്പപേക്ഷിക്കുന്ന മൂന്നാമത്തെ കത്താണ് അദ്ദേഹത്തിന്റെ അധ്യാത്മഭാവത്തിന്റെ മൂര്‍ത്ത രൂപം. ഗുരുജി ഒരിക്കലും നിരഹങ്കാരിയാവാന്‍ പരിശ്രമിച്ചിരുന്നില്ല എന്നാണ് കൃഷ്ണറാവുജി മൊഹരീല്‍ പറഞ്ഞത്. കാരണം നിരഹങ്കാരം അദ്ദേഹത്തിന്റെ സഹജമായ സ്വഭാവമായിരുന്നുവത്രേ.
മുഗളാധിപത്യം മൂലവും ബ്രിട്ടീഷ് ഭരണം മൂലവും വിഭ്രാന്തിയിലായ ഭാരത സംസ്‌കാരത്തെ അതിന്റെ സനാതനലക്ഷ്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ഈ ശ്രമത്തിന് അദ്ദേഹത്തിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. എന്നാല്‍ അവയെല്ലാം വളരെ തീക്ഷ്ണമായ മേധാശക്തികൊണ്ടും ശുദ്ധജീവിതംകൊണ്ടും നിരന്തരമായ പരിശ്രമംകൊണ്ടും അതിജീവിച്ചു. ഗുരുജിക്കു നേരിടേണ്ടിവരുന്ന എതിര്‍പ്പുകള്‍ വലുതായിരുന്നു എന്നു മാത്രമല്ല ആധുനിക രാഷ്ട്ര നിര്‍മാതാക്കളില്‍ ഏറ്റവും അപൂര്‍വ്വവുമായിരുന്നു. ദേശീയത സംബന്ധിച്ച വികലവും തെറ്റായതുമായ ധാരണമൂലം രാഷ്ട്രം ഭിന്നിക്കുന്ന നില, വൈദേശിക സംസ്‌കാരങ്ങള്‍ ഭാരത സംസ്‌കാരത്തെ കീഴ് പ്പെടുത്താനുള്ള ശ്രമങ്ങള്‍, വൈദേശിക ജീവിതരീതികളിലും ചിന്താപദ്ധതികളിലും ഭാരതീയര്‍ക്കുണ്ടായ ആഭിമുഖ്യം, ഭാരതീയ ജീവിതത്തിന് ആധാരമായ ഹിന്ദുസമൂഹത്തിലെ അനാചാരങ്ങളും ദുര്‍ബലതയും, ഭാരതീയ ചിന്തയും പ്രവര്‍ത്തനവും നടപ്പിലാക്കാനുള്ള സംഘടിതവും ശക്തവുമായ സംഘടനകളുടെ അഭാവം, ഇതിന് ആവശ്യമായ നേതൃത്വമില്ലായ്മ എന്നിവയ്ക്കൊപ്പം പുരാതന ഭാരതീയ ജീവിതമൂല്യങ്ങളെ കാലാനുസൃതമായി ലോക സമക്ഷം അവതരിപ്പിക്കാനുള്ള ചുമതല എല്ലാം ഗുരുജി നേരിട്ട പ്രശ്നങ്ങളാണ്. അതോടൊപ്പം എതിരാളികളുടെ അപവാദ പ്രചരണവും അക്രമവും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ഇത്തരത്തില്‍ ഏറ്റവും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്ന രാഷ്ട്ര നേതാവ് ആധുനിക കാലഘട്ടത്തില്‍ മറ്റൊരാളില്ല. ഇവയെല്ലാം അദ്ദേഹം തരണം ചെയ്തത് അധികാരശ്രേണിയില്‍ നിന്ന് അകന്നുനിന്നുകൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്.
ഗുരുജി ആധുനിക ഭാരതത്തെ സജ്ജമാക്കി. ഭാവി ഭാരതത്തിന്റെ ദിശ എന്തായിരിക്കണമെന്ന് തീരുമാനിച്ചു. അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. അദ്ദേഹം മുന്നില്‍ വച്ച പരമവൈഭവം എന്ന ലക്ഷ്യം നേടുന്നതിലൂടെ മാത്രമേ അത് പൂര്‍ണമാകൂ. ലോകത്തിന് മുഴുവന്‍ വഴികാട്ടിയായി ഹിന്ദുത്വവും ഹൈന്ദവ ജീവിത മൂല്യങ്ങളും വ്യാപിക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ണമാകൂ. അതിന് അദ്ദേഹത്തിന്റെ ഭൗതികശരീരം ഇപ്പോഴില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവ് ഇതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. ഇങ്ങനെയുള്ള ഗുരുജിയെക്കുറിച്ച് ”നിന്നെ നേടിയ ഞങ്ങളെന്തൊരു സുകൃതശാലികളായിരുന്നു” എന്നു മാത്രമേ പറയാന്‍ കഴിയൂ.