മാനവചരിത്രത്തിലൂടെ ഒരു വിശദമായ നിരീക്ഷണം നടത്തിയാല്‍ നമുക്ക് മനസ്സിലാകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഏത് കാലഘട്ടത്തിലും, ഏത് തലമുറയിലും മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി വന്ന ദുരന്തങ്ങള്‍ ആണവ. ഭൂമിയെ അടക്കിവാണ ദിനോസറുകളുടെ വംശത്തെ തുടച്ചുനീക്കി പുതിയ ജൈവിക വ്യവസ്ഥകള്‍ക്ക് വഴിമരുന്നായത് ഒരു ഭീമന്‍ ഉല്‍ക്ക ഭൂമിയില്‍ പതിച്ചതുകൊണ്ടാണ് എന്ന് ആധികാരിക പഠനങ്ങള്‍ പറയുന്നു. പിന്നീടുള്ള സഹസ്രാബ്ദങ്ങളില്‍, കൊടുങ്കാറ്റുകള്‍, അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍, അധിനിവേശങ്ങള്‍, മഹായുദ്ധങ്ങള്‍, മഹാമാരികള്‍ തുടങ്ങി നൂറുകണക്കിന് വെല്ലുവിളികള്‍ മാനവരാശിയെ പിടിച്ചു കുലുക്കിയിട്ടുണ്ട്. അങ്ങനെ വന്ന മഹാദുരന്തങ്ങളില്‍ അവസാനത്തേത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
ഏഴു പതിറ്റാണ്ടുകള്‍ക്ക് പിന്നില്‍ നടന്ന രണ്ടാം ലോകമഹായുദ്ധം ഏതൊക്കെ തരത്തിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ സ്വാധീനിച്ചത് എന്ന് നമുക്കറിയാം. മനുഷ്യന്റെ കാഴ്ചപ്പാടുകളും പുരോഗതിയുമെല്ലാം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വികസിക്കുന്ന കാഴ്ചയാണ് യുദ്ധാനന്തരലോകത്ത് നടന്നത്. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒരു തുടര്‍ക്കഥ ആയിരുന്നുവെങ്കില്‍ ലോകയുദ്ധത്തിന് ശേഷം അവ വിരലില്‍ എണ്ണാവുന്നിടത്തോളം ചുരുങ്ങി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന മൂന്നു യുദ്ധങ്ങള്‍, ചൈന ഇന്ത്യ യുദ്ധം, മൂന്ന് അറബ് ഇസ്രായേല്‍ യുദ്ധങ്ങള്‍, ഫോക്‌ലാന്‍ഡ് യുദ്ധം, രണ്ടു ഗള്‍ഫ് യുദ്ധങ്ങള്‍, വിയറ്റ്‌നാം, ചീന യുദ്ധം, കൊറിയന്‍ യുദ്ധങ്ങള്‍, ഇറാന്‍-ഇറാഖ് യുദ്ധം ഇത്രയുമാണ് 1945 നു ശേഷം നടന്ന ആകെ യുദ്ധങ്ങള്‍. ഒരു സാധാരണ ചരിത്രവിദ്യാര്‍ത്ഥിക്ക് ലളിതമായി ഓര്‍ത്തെടുക്കാന്‍ തക്കവിധം ചെറുതാണ് ഈ എണ്ണം. എന്നാല്‍ ഏറ്റവും ഭീകരമായ ആയുധപ്പന്തയം, ലോകത്തെ പലതവണ ചുട്ടുകരിക്കാന്‍ പ്രാപ്തിയുള്ള ആണവായുധങ്ങള്‍ വന്‍ശക്തികള്‍ കുന്നുകൂട്ടിയതും ഈ കാലത്തുതന്നെ ആയിരുന്നു.
അതേ സമയം തന്നെ മറ്റൊന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ഭ്രാന്ത് പിടിച്ച ഗവേഷണങ്ങളും കിടമത്സരങ്ങളുമാണ് മനുഷ്യന്‍ ഇന്നുവരെ നേടിയതില്‍വെച്ച് ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക കുതിച്ചു ചാട്ടം ഇരുപതാം നൂറ്റാണ്ടില്‍ സാധ്യമാക്കിയത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ശീതയുദ്ധകാലത്ത് നടന്ന പ്രതിരോധ, ബഹിരാകാശ, കായിക മത്സരം ലോകത്തിനു നല്‍കിയ നേട്ടങ്ങള്‍ വിവരണാതീതമാണ്.
സെര്‍ജി ബൂബ്ക, കാള്‍ ലൂയിസ് തുടങ്ങിയ ലോകോത്തര കായിക താരങ്ങളും അത്യാധുനിക സ്‌പോര്‍ട്‌സ് സാങ്കേതിക വിദ്യകളും, അഡിഡാസ്, നൈക്ക് തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും ഇവയിലൂടെ ഉണ്ടായ തൊഴിലവസരങ്ങളും ജീവിത നിലവാരവും ഒക്കെ ഇക്കാലത്തെ കായിക രംഗത്തിന്റെ സംഭാവനകളാണ്.
അതുപോലെ, ഇക്കാലത്ത് നടന്ന ആണവ ഗവേഷണങ്ങളാണ് വമ്പന്‍ ആണവ നിലയങ്ങളും ആണവ വൈദ്യുതിയുമൊക്കെ ആയത്. അന്നത്തെ ബഹിരാകാശ മത്സരമാണ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത്, ചൊവ്വയില്‍ വരെ പേടകം ഇറക്കിയത്. ഇന്നത്തെ ഉപഗ്രഹ അധിഷ്ഠിതമായ എല്ലാ വാര്‍ത്താവിനിമയ സൗകര്യങ്ങളും ആ മത്സരത്തിന്റെ ഫലമാണ്. ഇന്ന് ജീവവായുപോലെ അത്യാവശ്യമായ ഇന്റര്‍നെറ്റ് അമേരിക്കന്‍ പ്രതിരോധ സേന അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി എണ്‍പതുകളില്‍ വികസിപ്പിച്ചതാണ്.
യുദ്ധാനന്തരമുള്ള ലോകക്രമം തന്നെ നോക്കൂ, യൂറോപ്പില്‍ ഒരു കാലത്ത് കടിച്ചുകീറാന്‍ നിന്ന ശത്രുരാജ്യങ്ങളെല്ലാം ഇന്ന് രാജ്യാതിര്‍ത്തിയും നാണയവും പോലും അപ്രസക്തമാക്കുന്ന വിധം സൗഹൃദ രാജ്യങ്ങളാണ്. യൂറോപ്പിനെ മുഴുവന്‍ ബന്ധിപ്പിച്ചു കൊണ്ട് ഒറ്റ റെയില്‍വേ, ഒറ്റ വിസ എല്ലാം നടപ്പായിക്കഴിഞ്ഞു. ഫിജി, സുരിനാം, മഡഗാസ്‌കര്‍ പോലുള്ള തീരെ ചെറിയ രാജ്യങ്ങള്‍ക്കുപോലും അധിനിവേശ ഭീഷണിയോ ശത്രുഭയമോ ഇല്ലാതെ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് നിലനില്‍ക്കാന്‍ കഴിയുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഈ ലോകം, സാമൂഹ്യമായും ശാസ്ത്രീയമായും അഭിവൃദ്ധി പ്രാപിച്ചതിന്റെ കാരണം രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച പ്രത്യേക മാനസികാവസ്ഥയും സാമൂഹ്യബോധവുമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ലോകക്രമത്തെ നിയന്ത്രിച്ചത് അമേരിക്കയും യൂറോപ്പും ഒരു പരിധിവരെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ചേരിയുമായിരുന്നു. കോളനിവാഴ്ചകളുടെ അവശിഷ്ടങ്ങളായി മാറിയ, ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അതില്‍ വലിയ പങ്കൊന്നും ഉണ്ടായിരുന്നില്ല. വലിയ ഭൂപ്രദേശം, ജനസംഖ്യ, സഹസ്രാബ്ദങ്ങള്‍ നീളുന്ന സാംസ്‌കാരിക പാരമ്പര്യം എന്നിവയൊക്കെ മുഖമുദ്രയായ ഭാരതവും ചൈനയും ഈ സ്വാധീനത്തില്‍ നിന്ന് കുതറി മാറാന്‍ ഒരുപരിധിവരെ ശ്രമിച്ചെങ്കിലും പടിഞ്ഞാറിന്റെ ആധിപത്യം അതിന് അനുവദിച്ചില്ല. തങ്ങളുടെ ഒരു വമ്പന്‍ വിപണി എന്നതിലപ്പുറത്തേക്ക് ഭാരതം വളരാന്‍ പാടില്ല എന്ന വാശിയിലാണ് അവര്‍ ഓരോ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തിയത്.
എഴുപതുകളുടെ അവസാനം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പ്രായോഗികതലത്തില്‍ കൈവെടിഞ്ഞു, ഉദാരവല്‍ക്കരണത്തിന്റെയും വിദേശനിക്ഷേപത്തിന്റെയും വാതിലുകള്‍ ചൈന തുറന്നിട്ടതോടെ അവര്‍ വലിയൊരളവോളം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തി. ഭാരതത്തില്‍ ഉദാരവല്‍ക്കരണത്തിന്റെ കാറ്റുവീശാന്‍, നെഹ്റു കുടുംബം അധികാരത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ട 1990 കള്‍ വരെ കാത്തിരിക്കേണ്ടി വന്നു. ചിത്രം നന്നായി മാറിയെങ്കിലും, ഭാരതത്തിലെ രാഷ്ട്രീയ അസ്ഥിരത, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സങ്കുചിത താല്പര്യങ്ങള്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതി, രാജ്യത്തിനകത്തുതന്നെയുള്ള രാജ്യദ്രോഹ ഭീഷണികള്‍, വര്‍ഗ്ഗീയ സാമൂഹ്യ പ്രശ്‌നങ്ങള്‍, ഇച്ഛാശക്തിയുള്ള നേതൃത്വത്തിന്റെ അപര്യാപ്തത എന്നിവ കാരണം ലോകത്തിന്റെ വികസനവേഗതയുടെ അടുത്തെങ്ങും എത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനു 2014 വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു.
മുപ്പതുകൊല്ലത്തിനു ശേഷം സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍, രാജ്യം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും സമര്‍പ്പിതവും കാഴ്ചപ്പാടുള്ളതുമായ നേതൃത്വം എന്നിവ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ തിരിച്ചുകിട്ടിയത് നഷ്ടപ്പെട്ടുപോയ വികസനത്തിന്റെ പതിറ്റാണ്ടുകളാണ്. ജീവിതത്തിന്റെ സമസ്തമേഖലകളെയും ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കഴിയുന്നു എന്നതിനാലാണ് അതെ സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തത്. അങ്ങനെ വലിയൊരു കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുമ്പോള്‍ ആണ് ചൈനയില്‍ നിന്ന് പുറപ്പെട്ട കോവിഡ് മഹാമാരി വിമാനമേറി ലോകത്തെ തന്നെ പനിക്കിടക്കയില്‍ ആക്കുന്നതും, ഒരുപാട് സ്വപ്‌നങ്ങളെ തല്ലിത്തകര്‍ക്കുന്നതും.
140 കോടിയോളം ജനസംഖ്യയുള്ള ഭാരതത്തിനെയാകും കൊറോണ ഏറ്റവും ഭീകരമായി ബാധിക്കാന്‍ പോകുന്നത് എന്ന കണക്കുകൂട്ടലുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വന്‍ ജനസംഖ്യ, വൃത്തിഹീനമായ തെരുവുകള്‍, ശീലങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങളുടെ അപര്യാപ്തത, ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ ഡോക്ടര്‍മാരുടെയും ആശുപത്രിക്കിടക്കകളുടെയും എണ്ണത്തിലുള്ള കുറവ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കൂട്ടിവായിച്ച്, ഭാരതത്തില്‍ കോടിക്കണക്കിനു ആള്‍ക്കാര്‍ തെരുവുകളില്‍ ഇയ്യാം പാറ്റകളെപ്പോലെ മരിച്ചുവീഴും, അതോടെ കഴിഞ്ഞ ആറുകൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രതിച്ഛയ തകര്‍ന്നു തരിപ്പണമാകും എന്ന് മനപ്പായസമുണ്ടവര്‍ ശത്രുരാജ്യങ്ങളേക്കാള്‍ ഉപരി രാജ്യത്തിനകത്ത് തന്നെയാണ് ഉണ്ടായിരുന്നത്.
പക്ഷേ ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിന് മഹാദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന വിസ്മയങ്ങള്‍ക്കാണ് കൊറോണക്കാലം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ മാര്‍ച്ച് വരെ പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങി മെഡിക്കല്‍ സാങ്കേതിക രംഗത്തെ സമസ്തമേഖലകള്‍ക്കും ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന രാജ്യമായിരുന്നു ഭാരതം. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഈ മഹാഭീഷണിയെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ നേരിടാന്‍ തീരുമാനിച്ചപ്പോള്‍ രാജ്യത്ത് നടന്നത്, മുമ്പ് പറഞ്ഞപോലെ ഭ്രാന്ത് പിടിച്ച ഗവേഷണവികസനങ്ങളാണ്. ഇരുപത് ലക്ഷം രൂപക്ക് ഇറക്കുമതി ചെയ്തിരുന്ന വെന്റിലേറ്ററുകളുടെ അതേ നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ന് അഞ്ചും ആറും ലക്ഷത്തിനു ലഭ്യമാണ്. പിപിഇ കിറ്റുകള്‍, എന്‍-95മാസ്‌കുകള്‍ എന്നിവ പൂര്‍ണ്ണമായി ഇറക്കുമതി ചെയ്തിരുന്ന ഭാരതം ഇപ്പോള്‍ ഇവയുടെ കയറ്റുമതിയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ്. ഇരുനൂറു രൂപ വിലയുണ്ടായിരുന്ന എന്‍ 95 മാസ്‌കിനു ഇപ്പോള്‍ ശരാശരി വില മുപ്പത് രൂപയാണ്. ഇവയുടെ നിര്‍മ്മാണ വിതരണ മേഖലയിലേക്ക് കടന്നുവന്നത് ആയിരക്കണക്കിന് സ്റ്റാര്‍ട്ട് ആപ്പുകള്‍ ആണ്. അങ്ങനെയങ്ങനെ ഈ ദുരന്തകാലത്തെ ഒരു വലിയ അവസരമായി ഉപയോഗിക്കുന്നതില്‍ ഭാരതം വിജയിച്ചു.
പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് ആത്മനിര്‍ഭര്‍ ഭാരത് അഥവാ സ്വയംപര്യാപ്ത ഭാരതം എന്ന കാഴ്ചപ്പാടിലൂടെ പ്രധാനമന്ത്രി അവതരിപ്പിച്ചതും, അതിനനുസരിച്ചുള്ള നയരൂപീകരണവുമായി ധനമന്ത്രാലയം മുന്നോട്ട് പോയതും എല്ലാം, ലോകരാജ്യങ്ങള്‍ കൊറോണക്ക് മുമ്പില്‍ അന്തം വിട്ടുനിന്ന, രാജ്യം അടച്ചുപൂട്ടിയിട്ടിരുന്ന ലോക്ക്ഡൗണ്‍ സമയത്താണ്. ഇരുപത് ലക്ഷം കോടിയാണ് ഈ പദ്ധതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്തുകൂടി മഹാമാരിയെ തുരത്താന്‍ യുദ്ധം ചെയ്യുമ്പോള്‍ മറുവശത്ത് ഈ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ബഹുമുഖ യുദ്ധമുഖങ്ങളാണ് രാജ്യം തുറന്നത്.
ഏറ്റവും ശ്രദ്ധേയമായത് കൊറോണ വാക്‌സിന്‍ നിര്‍മ്മാണമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ മൂന്നില്‍ രണ്ടു കുട്ടികള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഏതെങ്കിലുമൊരു വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ആണ്. സിറം ഇന്‍സ്റ്റിട്യൂട്ടിനെ കൂടാതെ ഹൈദരാബാദിലെ ഭാരത് ബയോടെക്ക്, അഹമ്മദാബാദിലെ സൈഡസ് കാഡില എന്നീ ഭാരത കമ്പനികള്‍ കൂടി വാക്‌സിന്‍ വികസനത്തിന് വേണ്ടി മുന്നിട്ടിറങ്ങി. സാധാരണഗതിയില്‍ ഗവേഷണവികസനങ്ങള്‍, പല ഘട്ടങ്ങളിലെ ട്രയലുകള്‍, നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഒരു വാക്‌സിന്‍ വിപണിയിലെത്താന്‍ ഏഴ് മുതല്‍ പത്ത് വര്‍ഷം വരെ ആവശ്യമാണ്. ഇവിടെയാണ് ഭാരതത്തിന്റെ ശാസ്ത്രപ്രതിഭകള്‍ ലോകത്തിലെ ഏറ്റവും വിശ്വാസ്യതയും വിലക്കുറവുമുള്ള കൊറോണ വാക്‌സിന്‍ എട്ടുമാസം കൊണ്ട് ലഭ്യമാക്കിയത്.
ഭാരതത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല തൊണ്ണൂറിലധികം രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ കരാറായിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ അടക്കം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ലക്ഷക്കണക്കിന് ഡോസാണ് നല്‍കിയത്. ഇന്ദ്രജിത്തിന്റെ നാഗാസ്ത്രമേറ്റു വീണുപോയ രാമലക്ഷ്മണന്മാരെ രക്ഷിക്കാന്‍ മൃതസഞ്ജീവനിയുമായി കുതിച്ചെത്തിയ ഹനുമാനോടാണ്, ഭാരതം നല്‍കിയ വാക്‌സിന്‍ സ്വീകരിച്ച് ബ്രസീല്‍ പ്രധാനമന്ത്രി ഭാരതത്തെ ഉപമിച്ചത്. ലോകത്തിന്റെ ഫാര്‍മസി എന്നാണു ബ്രിട്ടീഷ് പ്രധാനമന്ത്രി ഭാരതത്തെപ്പറ്റി പറഞ്ഞത്. ലോകസമൂഹം ഭാരതത്തെ എത്രയോ അദ്ഭുതാദരങ്ങളോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ചെറിയ ഉദാഹരണങ്ങള്‍ ആണിവ.
അതായത്, ഒരേ സമയം മാനുഷികവും എന്നാല്‍ തന്ത്രപരവുമായ ഈ വാക്‌സിന്‍ നയതന്ത്രത്തിലൂടെ ലോകസമൂഹം ഭാരതത്തിനു പിന്നില്‍ അണിനിരക്കാന്‍ പോകുന്ന കാഴ്ചയാണ് വരും ദിനങ്ങളില്‍ കാണാന്‍ കഴിയുന്നത്.
പ്രതിരോധമേഖലയിലെ മുന്നേറ്റം
ഭാരതം ചരിത്രത്തില്‍ ഏറ്റവുമധികം പ്രതിരോധ പരീക്ഷണങ്ങളും ഇടപാടുകളും നടത്തിയ സമയമായിരുന്നു കോവിഡ് കാലം.ഓരോ നാല്പത്തിയെട്ടു മണിക്കൂറിലും ഓരോ മിസൈല്‍ പരീക്ഷണങ്ങള്‍ ആണ് നടന്നത്. കൂടാതെ , മലേഷ്യ തായ്വാന്‍ തുടങ്ങി അനേകം രാഷ്ട്രങ്ങള്‍ ഭാരതവുമായി ആയുധ ഇടപാടുകള്‍ തുടങ്ങിയതും ഇക്കാലത്ത് തന്നെ. നമ്മുടെ സ്വന്തം യുദ്ധവിമാനമായ തേജസ് പോര്‍വിമാനങ്ങള്‍ ,83 എണ്ണം വ്യോമസേനക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചതും കോവിഡ് കാലത്ത് തന്നെ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഭ്യന്തര പ്രതിരോധ ഇടപാടാണ് 49000 കോടിയുടെ ഈ കരാര്‍.
ഏറെക്കാലമായി കാത്തുകാത്തിരുന്ന റാഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ആണ്. അഞ്ചാം തലമുറ വിമാനങ്ങള്‍ക്ക് തൊട്ടുതാഴെ നില്‍ക്കുന്ന റാഫേല്‍ ആവര്‍ത്തിച്ചു കഴിവ് തെളിയിക്കപ്പെട്ട ഒരു വിമാനമാണ്. ഭാരതം ഇത് സ്വന്തമാക്കുന്നതോടെ ആകാശത്തിലെ മേധാശക്തി നമുക്കനുകൂലമായി മാറുകയാണ്.
ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമായ ട 400 റഷ്യയില്‍ നിന്ന് വാങ്ങുന്ന പ്രക്രിയ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ പ്രതിരോധ സേന ഉപയോഗിച്ച് തുടങ്ങി.
ഇതേ സമയത്ത് തന്നെയാണ് അമേരിക്ക, ആസ്ട്രേലിയ ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് മലബാര്‍ എന്ന പേരിട്ട വന്‍ നാവിക അഭ്യാസം നടന്നത്.
അങ്ങനെ രാജ്യരക്ഷയുടെ സമസ്തമേഖലകളിലും വന്‍ കുതിപ്പാണ് സംഭവിക്കുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ നടക്കുന്നുണ്ടങ്കിലും പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുന്ന തുകയില്‍ ഒരു വര്‍ധനയും ഉണ്ടായിട്ടില്ല. പ്രതിരോധ ഇടപാടുകാള്‍ പൂര്‍ണ്ണമായും അഴിമതിമുക്തമായി, അനുവദിക്കുന്ന തുക കൃത്യമായി ,ഇടനിലക്കാരില്ലാതെ പ്രയോജനപ്പെടുന്നു എന്നതിനാല്‍ തന്നെ ഇവിടെ അഴിമതിക്ക് ഇനി സാധ്യതയുമില്ല.
കൊറോണയിലും കൂകിപ്പായുന്ന റെയില്‍വേ
റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ച സമയമായിരുന്നു ലോക്ക്ഡൗണ്‍ കാലം. പക്ഷെ റെയില്‍വേ ഇതിനെ ഒരു വലിയ അവസരമായിട്ടാണ് ഉപയോഗിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ അറ്റകുറ്റപ്പണികളാണ് ഈ സമയത്ത് നടന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ട്രാക്കുകള്‍ നവീകരിച്ച്, മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതക്ക് പര്യാപ്തമാക്കി.
ഈ സമയത്തെ ഏറ്റവും വലിയ നേട്ടം 2500 കിലോമീറ്റര്‍ നീളമുള്ള രണ്ടു ചരക്ക് ഇടനാഴികളാണ്. ശരാശരി 160 കിലോമീറ്റര്‍ വേഗതയില്‍ പൂര്‍ണ്ണമായി ചരക്ക് ഗതാഗതത്തിനു വേണ്ടി മാത്രം സജ്ജീകരിച്ച ഈ ലൈനുകളിലൂടെ ഓടുന്ന ചരക്ക് വണ്ടികളുടെ നീളം ഒരു കിലോമീറ്ററില്‍ അധികമാണ്. രാജ്യത്തിന്റെ തുറമുഖങ്ങളെയും ,പ്രധാന പട്ടണങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇടനാഴികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഇതോടെ , സാധാരണ പാസഞ്ചര്‍ ലൈനുകള്‍ ചരക്കു ഗതാഗതത്തില്‍ നിന്നും മുക്തമാവുകയും സര്‍വീസ് ഗുണനിലവാരം ഉയരുകയും ചെയ്യും.
ഗൂഢപദ്ധതികള്‍ പൊളിഞ്ഞു; ചൈന പിന്‍വാങ്ങി
കോവിഡ് മഹാമാരിയെ കെട്ടഴിച്ചുവിട്ടു മാനരാശിയെ മുഴുവന്‍ അടച്ചുപൂട്ടിയ ചൈനയുടെ കണക്കുകൂട്ടലുകള്‍ ഭാരതം തകര്‍ത്തെറിഞ്ഞ നാളുകള്‍ കൂടിയായിരുന്നു കടന്നു പോയത്. പടര്‍ന്നുപിടിക്കുന്ന കൊറോണ ബാധയില്‍ ഭാരതം തകര്‍ന്നു പോകുമെന്നും അത് തങ്ങളുടെ വലിയ അവസരമായിരിക്കെമെന്നുമായിരുന്നു ആ കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡിനെ ഒന്നാന്തരമായി പ്രതിരോധിക്കുന്നതില്‍ ഭാരതം വിജയിച്ചു. കോവിഡ് വാക്‌സിന്‍ വിപണി കൂടി ചൈന ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഈ മഹാമാരിയെ ലോകം ശ്രദ്ധിക്കുന്നതിനും മുമ്പ് തന്നെ ചൈനീസ് ലാബുകളില്‍ വാക്‌സിന്‍ ഗവേഷണം ആരംഭിച്ചിരുന്നു എന്ന് വിശ്വസ്തനായ വാര്‍ത്തകളുണ്ട്. ലക്ഷക്കണക്കിന് കോടികള്‍ മറിയുന്ന വന്‍ വ്യവസായമാണിത്. പക്ഷെ ഏറ്റവും മികച്ച വാക്‌സിന്‍ കുറഞ്ഞ വിലയില്‍ ഭാരതം ലഭ്യമാക്കിയതോടെ നിലവാരമില്ലാത്ത ചൈനീസ് വാക്‌സിനുകള്‍ അവരുടെ സൗഹൃദ രാജ്യങ്ങള്‍ പോലും തിരസ്‌കരിച്ചു. മാത്രവുമല്ല, ചൈനയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ വന്ന കുറവ്, വലിയ കോര്‍പ്പറേറ്റുകള്‍ ചൈന വിടുന്ന അവസ്ഥ എല്ലാം കൂടി ചേര്‍ന്നപ്പോഴാണ് അതിര്‍ത്തിയില്‍ ഒരു കൈയ്യാങ്കളിക്ക് അവര്‍ മുതിര്‍ന്നത്.
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ധാരണയ്ക്ക് വിരുദ്ധമായി ഗള്‍വാന്‍ താഴ്വരയില്‍ അവര്‍ സ്ഥിരം പോസ്റ്റുകള്‍ സ്ഥാപിക്കുമ്പോള്‍ ഇത് പഴയ ഭാരതമല്ല എന്ന് ഒരു നിമിഷം അവര്‍ മറന്നുപോയി.ശക്തമായി പ്രതികരിച്ച നമ്മുടെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ ,ഇനിയൊരിക്കലും മറക്കാത്ത പാഠമാണ് ഇന്ത്യന്‍ സേന അവരെ പഠിപ്പിച്ചത്. അന്‍പതോളം ചൈനീസ് ഭടന്മാര്‍ക്ക് ആണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ഇത്ര വലിയ ഒരു ചെറുത്തുനില്‍പ്പും പ്രത്യാക്രമണവും ചൈന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്താരാഷ്ട്രതലത്തില്‍ ഭാരതം ഒരു വഴക്കാളി രാജ്യം എന്ന പ്രതീതി ജനിപ്പിക്കാന്‍ നടത്തിയ തന്ത്രം അടിമുടി തകര്‍ന്നു. ചൈന, അന്താരാഷ്ട്ര സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണിപ്പോള്‍. തങ്ങള്‍ സ്ഥാപിച്ച ടെന്റുകള്‍ പൊളിച്ച് പിന്നോട്ടുപോകുന്ന അവസ്ഥയില്‍ ചൈന എത്തി എന്നത് അവരുടെ പതനത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്നു.
കൊറോണക്ക് ശേഷം വിശ്വാസ്യത നഷ്ടപ്പെട്ട ചൈനയില്‍ നിന്നും ഭാരതത്തിന്റെ ജനാധിപത്യ തണലിലേക്ക് ലോകത്തിലെ വന്‍ ബ്രാന്‍ഡുകള്‍ ചുവടുമാറ്റിത്തുടങ്ങി. ആപ്പിള്‍, ടെസ്ല, സാംസങ് തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാര്‍ ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമൊക്കെ പ്ലാന്റുകള്‍ തുറക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ലോക്ക്ടൗണ്‍ കാലത്ത് ആരംഭിച്ച സാമ്പത്തിക നടപടികള്‍ ഫലം കണ്ടതിനാല്‍, സാമ്പത്തിക രംഗം അതിവേഗമാണ് തിരിച്ചു വന്നതും കുതിപ്പ് തുടരുന്നതും. ഇത് അന്താരാഷ്ട്ര രംഗത്ത് ഭാരതത്തിനുള്ള വിശ്വാസ്യത പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചു. അങ്ങനെ ഒഴുകി വന്ന ബില്യണുകളാണ് ചരിത്രത്തിലാദ്യമായി ബോംബെ ഓഹരിവിപണിയെ 50000 പോയിന്റ് എന്ന മാസ്മരിക സംഖ്യയില്‍ എത്തിച്ചത്. കാര്‍ഷിക വ്യാവസായിക വാഹന മേഖലകള്‍ നേടുന്നത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്. ആരോഗ്യ രംഗത്ത് ഇത്തവണ ബജറ്റില്‍ മാറ്റിവെച്ച തുക കഴിഞ്ഞ തവണത്തേതിലും 140 ശതമാനം കൂടുതലാണ്. മെഡിക്കല്‍ രംഗം പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനുള്ള വലിയ ഒരു നീക്കമാണിത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രണ്ടു ചേരികളിലായി ലോകം അണിനിരന്നപ്പോള്‍ കൊറോണ ദുരന്തത്തിന് ശേഷമുള്ള ലോകക്രമത്തില്‍, ഭാരതമായിരിക്കും ലോകത്തെ നയിക്കാന്‍ പോകുന്നത്. ഇതൊരു ദൈവനിശ്ചയമോ നിയോഗമോ എന്നൊക്കെ പറയാം. അതുകൊണ്ടാവണം സുസ്ഥിരമായ, സമര്‍പ്പിതമായ ഒരു നേതൃത്വത്തിന്റെ കരങ്ങളില്‍ ഭാരതത്തിന്റെ മാത്രമല്ല ലോകസമൂഹത്തിന്റെയും വരെ ഭാവിയെ സുരക്ഷിതമാക്കാന്‍ നിയതി തീരുമാനിച്ചത്.