2021 ഫിബ്രവരി 5-ാം തീയതിയിലെ കേസരിയില്‍ ഡോ.നീലം മഹേന്ദ്ര എഴുതിയ ‘ഹലാല്‍ എന്ന സാമ്പത്തികയുദ്ധം’ എന്ന ലേഖനത്തില്‍ വളരെ ശ്രദ്ധേയമായ പല കാര്യങ്ങളും വിവരിച്ചിട്ടുണ്ട്. ഇതിന് തടയിടാന്‍ ലോകരാജ്യങ്ങളില്‍ വെച്ച് ഭാരതത്തിനു മാത്രമേ നട്ടെല്ലോടെ കാര്യക്ഷമമായി നടപടി എടുക്കാന്‍ സാധിക്കൂ എന്നാണ് ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. ഇപ്പോള്‍ തന്നെ അല്‍പം സമയം വൈകിപ്പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു: എങ്കിലും ഇനിയും വൈകാതെ നിയമനടപടിയിലേക്ക് ഭാരത സര്‍ക്കാര്‍ കടന്നില്ലെങ്കില്‍ ദൂരവ്യാപകമായ പല പ്രശ്‌നങ്ങള്‍ക്കും രാജ്യം സാക്ഷിയാകേണ്ടി വരുമെന്നു കരുതേണ്ടിയിരിക്കുന്നു.
ഹലാല്‍ എന്നത് കുഴല്‍പണം പോലുള്ള സാമ്പത്തിക സ്രോതസ്സാണെന്ന് മനസ്സിലാക്കുന്നു. മോദി ഗവണ്‍മെന്റ് കൊണ്ടുവന്ന പല നിയമ പരിഷ്‌ക്കാരങ്ങളാലും ചട്ടങ്ങളാലും (നോട്ടുനിരോധനം, എന്‍.ജി.ഒ.കളെ നിയന്ത്രിക്കുന്ന നിയമങ്ങളുള്‍പ്പെടെ) നട്ടംതിരിയുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഇതിലൂടെ കുമിഞ്ഞുകൂടുന്ന പണം ദുര്‍വിനിയോഗം ചെയ്യാന്‍ വഴി എളുപ്പമാകും. മറ്റൊരു സമാന്തര സമ്പദ്ഘടന രൂപപ്പെടാന്‍ വഴിയൊരുക്കും. ആയതിനാല്‍ ഭാരത സര്‍ക്കാര്‍ പൊതുവായ ഒരു ഉല്‍പ്പന്ന നിയമവും കയറ്റുമതി നിയമവും എത്രയും വേഗം നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഭാരത ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാന്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന നിയമം പൊതുവായി കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. ഇങ്ങനെ ചെയ്താല്‍ ആദ്യം ചില അറബ് രാജ്യങ്ങള്‍ (സൗദി അറേബ്യ, ഖത്തര്‍, ഓമാന്‍, ബഹ്‌റൈന്‍ ഒരു പക്ഷേ യു.എ.ഇയും) അവിടേക്കുള്ള ഇറക്കുമതി കുറച്ചു നാളേക്ക് നിരോധിച്ചേക്കാം; എന്നാല്‍ ക്രമേണ അവര്‍ ക്ക് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ നിരോധനം എടുത്തുകളയുകയും ചെയ്യുമെന്നതില്‍ സംശയത്തിന് ഇടമില്ല.