സഖാക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ഏതാണ് ഏറ്റവും ആപത്കരമായ വര്‍ഗ്ഗീയത – ഭൂരിപക്ഷവര്‍ഗ്ഗീയതോ ന്യൂനപക്ഷവര്‍ഗ്ഗീയതയോ? മുക്കത്ത് വെച്ച് ഇടതു മുന്നണി വികസനമുന്നേറ്റയാത്രയില്‍ സംസാരിക്കവെ പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു ന്യൂനപക്ഷ വര്‍ഗ്ഗീയതയാണ് കൂടുതല്‍ അപകടകാരി എന്ന്. പിറ്റേന്നു രാവിലെ ബാലുശ്ശേരിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് കൂടുതല്‍ അപകടകാരി എന്ന്. തനിക്ക് തെറ്റുപറ്റിയിട്ടില്ല എന്നും പത്രക്കാരാണ് കുഴപ്പക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചാനലുകളില്‍ അദ്ദേഹം പറയുന്നത് അപ്പടി സഖാക്കള്‍ കാണുകയും ചെയ്തു. ഇപ്പോഴാണ് കുറച്ചു ദിവസം മുമ്പ് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞ, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഈ മണ്ണില്‍ പറ്റില്ല എന്ന കാര്യം അവര്‍ക്ക് ബോധ്യമായത്.
ഏതാണ് കടുത്ത വര്‍ഗ്ഗീയത അല്ലെങ്കില്‍ കമ്മ്യൂണലിസം എന്ന ചോദ്യത്തിന് സഖാക്കള്‍ക്ക് ചരിത്രത്തില്‍ നിന്നു കിട്ടുന്ന ഉത്തരം കമ്മ്യൂണിസം എന്നാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം അധികാരത്തിലേറിയത് ശബരിമല തീവെപ്പു കേസ്സിന്റെ പേരില്‍ ഭൂരിപക്ഷ വികാരം ആളിക്കത്തിച്ചായിരുന്നു. പിന്നീട് അധികാരത്തിലെത്തിയത് മുസ്ലിംലീഗെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയെ മുന്നണിയില്‍ ചേര്‍ത്തായിരുന്നു. ഹിന്ദു-മുസ്ലിം വൈരം ആളിക്കത്തിച്ച് വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ അയോദ്ധ്യയില്‍ ബാബരികെട്ടിടത്തിനടിയില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടം ഇല്ല എന്ന് കള്ളം പറഞ്ഞ് മുസ്ലി ങ്ങളെ ഇളക്കിവിട്ടത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ്. അതിന്റെ പേരില്‍ എത്രയെത്ര വര്‍ഗ്ഗീയകലാപങ്ങളും ജീവഹാനികളുമുണ്ടായി. ഇപ്പോള്‍ മനസ്സിലായില്ലേ ഏറ്റവും ഭീകരമായ വര്‍ഗ്ഗീയത കമ്മ്യൂണിസം തന്നെ!