രാത്രിവണ്ടിയില്‍പ്പോവുകയാണയാള്‍
വിജനമേകാന്ത വീഥികള്‍ പിന്നിട്ടു
കുതികുതിക്കുന്നു വണ്ടി പലപ്പൊഴും.
വ്യര്‍ത്ഥമാകുലചിന്തകള്‍ തെരുതെരെ
വന്നുദിക്കവേയസ്വസ്ഥനാണയാള്‍……….
വെയിലുചാഞ്ഞയിടവഴിത്താരയില്‍
നിഴലുവന്നുപതിച്ചതായ് തോന്നവേ,
‘വിഷ്ണുവന്നുവോ?’യെന്നായിരംവട്ട-
മമ്മചോദ്യമുതിര്‍ത്തിട്ടുണ്ടാവണം
വേപഥുവോടെയശാന്തമാം
ചിത്തമോടെയിരിക്കിലു-
‘മേട്ടനിങ്ങെത്തു’മെന്നമ്മയെ-സ്വയ-
വുമാശ്വസിക്കുന്നുണ്ടാമനുജത്തി.
‘കൂട്ടുകാരോടു കേമത്തമോതുവാന്‍
വേണമേട്ടന്റെ സമ്മാന’മെന്നൊരാള്‍
ഒട്ടു ശങ്കയോടെങ്കിലും നിര്‍വ്യാജ
സ്‌നേഹഭാഷ്യമുരചെയ്തുസന്തതം.
കാഞ്ചിനീട്ടവേമുരളും കളിത്തോക്കിന്‍
മുന്നിലൊട്ടുപകച്ചതായ് ഭാവിച്ചു
വിളറിനില്‍ക്കണ, മാമിഴിക്കോണ്‍കളില്‍
ഞാന്‍ ജയിച്ചെന്ന ഭാവം പകരവേ,
ശകടമേറുന്നു വീഥികള്‍ പിന്നിട്ട്
നറുനിലാവും, തെരുവും,
മഴതോര്‍ന്ന കറുകറുത്തനിഴലും,
പിന്നിലേക്കടിചിതറുന്നു ചിത്രങ്ങളൊക്കെയും.
പെറ്റനാടിനെക്കാക്കുവാന്‍ ജീവിതം
തീറെഴുതിയ സേനാനിയെങ്കിലും
മോഹമേറുന്നയാള്‍ക്കുള്ളില്‍ പിന്നെയും…….
‘ജീവിതത്തിന്റെ നന്തുണികൊട്ടുമെന്‍
ഗ്രാമവീഥിയിലെത്തുവാനാവുമോ?
പൂവരശുകള്‍ പൂക്കും മണംപേറി-
യെത്തും കാറ്റിലുലാത്തുവാനാവുമോ?’