ദല്‍ഹി: കേരളത്തില്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങളോടും സാംസ്കാരിക മൂല്യങ്ങളോടും ഇടതുപക്ഷ കപടമതേതര ചിന്താഗതിക്കാര്‍ നടത്തുന്ന അസഹിഷ്ണുതാ മനോഭാവത്തിനെതിരെ ഹൈന്ദവ സമൂഹം ഒന്നിക്കണമെന്ന് സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ”ഹിന്ദുമതവും ആചാരാനുഷ്ഠാനങ്ങളും എന്തുകൊണ്ട് അവഹേളിക്കപ്പെടുന്നു” എന്ന വിഷയത്തില്‍ സമൂഹമാധ്യമത്തിലൂടെ നവോദയം നടത്തിയ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ അടിച്ചമര്‍ത്താന്‍ അവരുടെ ആത്മവിശ്വാസവും ആത്മവീര്യവും തകര്‍ത്ത് അടിമകളാക്കാനാണ് അധിനിവേശ മതങ്ങളും മാറി മാറി വന്ന കേരള സര്‍ക്കാരും ശ്രമിച്ചത്. അതിനായി വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനകളേയും അവഹേളിക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവര്‍ അവലംബിച്ച മാര്‍ഗ്ഗം. ഇതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കുവാന്‍ ഹിന്ദുസമൂഹത്തിനായില്ല. സനാതന ധര്‍മ്മത്തിന്റെ നിലനില്പ് ഹിന്ദുസമാജത്തിനും ദേശത്തിനും അത്യന്താപേക്ഷിതമാണെന്നും അതിനായി മതത്തിനും, ജാതിക്കും ഭാഷക്കും അതീതമായി എല്ലാവരും ഒത്തൊരുമിക്കണമെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ഓര്‍ഗനൈസര്‍ വാരികയുടെ മുഖ്യ പത്രാധിപര്‍ ഡോ. പ്രഫുല്ല കേത്കര്‍, ദല്‍ഹിയിലെ മലയാളി വ്യവസായ പ്രമുഖനായ പികെഡി നമ്പ്യാര്‍, നവോദയം ജനറല്‍ സെക്രട്ടറി എം.ആര്.വിജയന്, ദല്‍ഹിയിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളായ ബാബു പണിക്കര്‍, എ.കെ.ജി. പിള്ള, ടി.കെ.കുട്ടപ്പന്, വരത്ര ശ്രീകുമാര്‍, ഇ.ആര്. നന്ദകുമാര്‍, രവി നായര്‍ എന്നിവര്‍ സംസാരിച്ചു. നവോദയം സംസ്ഥാന അധ്യക്ഷന്‍ എം.പി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.പി ഹരിസുതന് സ്വാഗതവും സുനിതാ സതീശന് നന്ദിയും രേഖപ്പെടുത്തി.