ജര്‍മ്മനിക്കാരനായ ജീന്‍ ക്രിസ്റ്റഫ് എന്ന സംഗീതജ്ഞന്റെ കഥയാണീ പുസ്തകം. റൊമൈന്‍ റോളണ്ടാണ് ഗ്രന്ഥകാരന്‍. മഹത്തായ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച പ്രതിഭ. കൊട്ടാരം ഗായകസംഘത്തലവനായ ജീന്‍ മൈക്കല്‍ ആണ് ക്രിസ്റ്റഫിന്റെ മുത്തച്ഛന്‍. മദ്യപാനാസക്തിയില്‍ സംഗീതസിദ്ധി മുക്കിക്കളഞ്ഞ മെല്‍ഷിയര്‍ പിതാവ്. കണ്ണീരിന്റെ പര്യായമായ അമ്മ ലൂഷ്യ പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമാണ്.
ക്രിസ്റ്റഫിന്റെ ജനനം. ദുരിതങ്ങള്‍ നിറഞ്ഞ ബാല്യം. പട്ടിണിയും രോഗങ്ങളും നിറഞ്ഞ ജീവിതം. സുഖലോലുപനായി കുടുംബത്തെ മറന്ന് അഴിഞ്ഞാടി ജീവിക്കുന്ന അച്ഛന്‍. ചെറുപ്പത്തില്‍ തന്നെ ജീവിതഭാരം ചുമലിലേറ്റേണ്ടിവന്നതിന്റെ യാതന. ഇതിനിടയില്‍ തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച മുത്തച്ഛന്‍. സംഗീതപഠനത്തിന്റെ ആദ്യദിനങ്ങള്‍. രാജസദസ്സില്‍ സംഗീതസദസ്സ് അവതരിപ്പിക്കാന്‍ ലഭിച്ച അസുലഭ മുഹൂര്‍ത്തം. മുത്തച്ഛന്റെ വേര്‍പാടുണ്ടാക്കിയ ഒറ്റപ്പെടല്‍. ഇങ്ങനെയാണ് നോവല്‍ തുടങ്ങുന്നത്.
കലയുടെ വിളഭൂമിയായ പാരീസില്‍ എത്തുകയായിരുന്നു ക്രിസ്റ്റഫ്. വിസ്മയങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും നിഗൂഢതകളുടെയും ആ നഗരം അയാളെ കുഴപ്പങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി. അതില്‍നിന്ന് രക്ഷപ്പെടാനായി അയാള്‍ ഫ്രാന്‍സ് വിട്ട് സ്വിറ്റ്‌സര്‍ലന്റിലേക്കു പോയി. അനന്തവൈവിധ്യങ്ങള്‍ നിറഞ്ഞ വഴികളിലൂടെ അയാളുടെ ജീവിതം വികസിക്കുകയാണ്. വിഷാദത്തിന്റെ ആഴങ്ങളും ആഹ്ലാദത്തിന്റെ ചിറകടികളും പ്രണയത്തിന്റെ നൈര്‍മ്മല്യവും ഇടകലര്‍ന്ന സങ്കീര്‍ണതകള്‍. ഒടുവില്‍ പ്രശസ്തനും സര്‍വാരാധ്യനുമായി ഫ്രാന്‍സില്‍ തന്നെ തിരിച്ചെത്തുന്നു.
ഇതിനിടയില്‍ അയാളുമായി ഇടപഴകിയതും അയാളെ സ്വാധീനിച്ചതുമായ നിരവധി കഥാപാത്രങ്ങളും സ്ഥലങ്ങളും കഥയില്‍ കടന്നുവരുന്നു. ക്രിസ്റ്റഫിന്റെ സഹോദരന്മാരായ റൊഡാള്‍ഫും ഏണസ്റ്റും അമ്മാവന്‍ ഫ്രൈഡ്, ബന്ധുവായ തീയോഡര്‍, ഒളിവര്‍, സാബിന്‍, ഗ്രേസി, ആന്റണയ്റ്റ്, ആഡ എന്നിങ്ങനെ നൂറിലേറെ കഥാപാത്രങ്ങള്‍. ബര്‍ലിന്‍, പാരിസ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ വന്‍ നഗരങ്ങള്‍. രാജകൊട്ടാരങ്ങള്‍, നാടകശാലകള്‍, പച്ചക്കുന്നുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ സ്ഥലങ്ങള്‍. ഇവയിലൂടെ കടന്നുപോകുന്ന വിചിത്രവൈവിധ്യങ്ങള്‍ നിറഞ്ഞതും സംഘര്‍ഷാത്മകവുമായ കഥാഗതി.
‘യാതന അനുഭവിക്കുകയും പൊരുതുകയും കീഴടക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളിലേയും സ്വാതന്ത്ര്യദാഹികളായ മനുഷ്യാത്മാക്കള്‍ക്ക്’ ആണ് റൊമൈന്‍ റൊളണ്ട് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ ഇരുട്ടുകളേയും അകറ്റുന്ന ഒരു ദീപനാളമാണ് ഈ നോവല്‍.
”മനുഷ്യവിദ്വേഷത്തിന്റെയും കൊള്ളരുതായ്മകളുടെയും ഇഴുകിപ്പിടിച്ച ഇരുളിനുപരി വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും തെളിനാളം എല്ലാ സൗകുമാര്യങ്ങളുടെയും പ്രതീകമായി ഇവിടെ ഉയരുന്നു. സുശോഭനമായ ഭാവിയെക്കുറിച്ച്, മനുഷ്യഹൃദയങ്ങള്‍ വഹിക്കുന്ന ധീരോദാത്തസങ്കല്‍പ്പത്തിന്റെ ദുഃഖാകുലമായ കഥയാണിത്. അനാഥമായ മാനവജീവിതത്തിന്റെ ഐതിഹാസികമായ ദുരന്തം” എന്നാണ് പ്രശസ്ത എഴുത്തുകാരനായ പ്രൊഫ. എസ്.കെ. വസന്തന്‍ ഈ കൃതിയെ വിലയിരുത്തിയത്.
സംഗീതത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ഈ കൃതി വിശ്വവിഖ്യാത സംഗീതജ്ഞനായ ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചതാണെന്ന് ചില സാഹിത്യവിശാരദന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ജീവിതസത്യങ്ങളുടെ നേര്‍ക്കാഴ്ചകളും ദാര്‍ശനികതത്ത്വങ്ങളുടെ ഉള്‍ക്കാഴ്ചകളും നീട്ടിനല്‍കുന്ന അതിബ്രഹത്തായ നോവല്‍. ഭാഷയുടെ സൗന്ദര്യവും കഥനത്തിന്റെ ആകര്‍ഷണീയതയും ഒത്തിണങ്ങിയ കൃതി.