വൈക്കം മുഹമ്മദ് ബഷീറിന്റെ, ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. ഭാരതത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്നിപ്പോൾ ചിലവാകില്ലെന്ന് മാക്സിസ്റ്റ് നേതാവ് എം വി ഗോവിന്ദൻ തുറന്നു പറയുന്നതു മനസ്സിലാക്കുവാൻ മമ്മൂഞ്ഞ് മാക്സിസറ്റ് ആയിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന വീക്ഷണ വ്യതിയാനം സങ്കല്പിച്ചു നോക്കിയാൽ മതി. മക്കളുണ്ടാകില്ലാത്ത മമ്മൂഞ്ഞ് മാക്സിസ്റ്റാകുന്നതിന് മുമ്പ് ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെവിടെയെങ്കിലും ബാപ്പയാരെന്നറിയാത്ത കുട്ടിയുണ്ടായാൽ ‘അത് ഞമ്മടേതാണെന്ന്’ അങ്ങ് പ്രഖ്യാപിക്കും. മമ്മൂഞ്ഞ് മാക്സിസ്റ്റായതോടെ മട്ടു മാറി. അടുത്ത വീട്ടിൽ യുവദമ്പതികൾ താമസം തുടങ്ങിയപ്പോള്‍ മുതൽ അവിടെ ഇനി സംഭവിക്കേണ്ട കാര്യങ്ങൾ മനസ്സിൽ കുറിച്ചു, ഒന്നാം ദിവസം മുതൽ അവർ തമ്മിലുള്ള ‘വൈരുദ്ധ്യങ്ങൾ’ സംഘർഷ കാരണമായിമാറും. ഇഷ്ടമുള്ള ആഹാരത്തിനു വേണ്ടി, ഇഷ്ടമുള്ള വസ്ത്രങ്ങൾക്കു വേണ്ടി, ഇഷ്ടമുള്ള ഇണചേരൽ രീതികൾക്കു വേണ്ടി, നിരന്തര സംഘർഷങ്ങൾ നിറഞ്ഞതായിരിക്കും അവരുടെ കുടുംബജീവിതം. ഭർത്താവും ഭാര്യയുമായി ഒരു തരത്തിലും ഒത്തു ചേരാത്ത അവസ്ഥയുണ്ടാകും. ഒരു കുട്ടി ജനിക്കുന്നതു പോലും ബലാൽസംഗത്തിലൂടെയാകും. അതോടെ കുട്ടിക്ക് മിട്ടായി വാങ്ങിച്ചു കൊടുത്തും കെട്ടിയോളെ കണ്ണു കാണിച്ചും സഖാവ് മമ്മൂഞ്ഞ് ആ സംഘർഷ കുടുംബത്തിലേക്ക് കടന്നു കയറും. കെട്ടിയോളെ കൂട്ടുപിടിച്ച് കെട്ടിയോനെ വെട്ടിക്കൂട്ടി കുഴിയിൽ മൂടും. മമ്മൂഞ്ഞിനങ്ങനെ കുടുംബമാകും, കെട്ടിയോളാകും. മക്കളുണ്ടാകാത്ത എട്ടു കാലി മമ്മൂഞ്ഞിന് കുട്ടിയുമാകും പക്ഷേ വരാൻ പോകുന്ന ‘പുതിയൊരു ജീവിതമെന്ന’ മമ്മൂഞ്ഞിന്റെ മാക്സിയൻ സങ്കല്പം തകർന്നു തരിപ്പണമാകുന്നതാണ് കാലം കണ്ടത്. അതിനു കാരണം മമ്മൂഞ്ഞിലെ കമ്മ്യൂണിസ്റ്റ് കാണാത്ത ഒരു ഇഴയടുപ്പം ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്നൂയെന്നതാണ്. രണ്ടു വ്യക്തിയെന്നുള്ള നിലയിൽ ഉണ്ടാകുവാനിടയുണ്ടായിരുന്ന സ്വാഭാവിക വൈരുദ്ധ്യങ്ങൾ പരിഹരിക്കുവാനുതകുന്ന ഒരു ഇഴയടുപ്പം! മമ്മൂഞ്ഞ് അടുക്കടുക്കായി മനസ്സിൽ കണക്കു കൂട്ടിയ സംഘർഷങ്ങളിലേക്ക് കാര്യങ്ങളെത്തുന്നത് അങ്ങനെ ഒഴിവായി.. അതിനപ്പുറം ‘എട്ടുകാലി’ കടിക്കാനിടയുണ്ടെന്നത് അറിഞ്ഞ് മുൻ കരുതലുകളെടുക്കാനും കുടുംബം തയാറായി. അവസാനം മനസ്സിൽ കരുതിയ ‘പണി പാളിയപ്പോഴും’ മമ്മൂഞ്ഞ് സ്വന്തം ശരീരത്തിന്റെയും സങ്കല്പശേഷിയുടെയും പോരാഴികകൾ സമ്മതിക്കാതെ വിളിച്ചു പറയുകയാണ്: കുറ്റം ആ കുടുംബത്തിന്റേതാണ്, അവരുടെയിടയിലെ തമ്മിൽ തല്ല് ബലാൽസംഗത്തിന്റെ ഘട്ടത്തിൽ പോലും എത്താത്തതുകൊണ്ടാണ് തത്കാലം അവരുടെ കുടുംബത്തിൽ കയറിക്കൂടാനുള്ള തന്റെ മോഹങ്ങൾ മുരടിച്ചതെന്നും മൊതിരക്കൈ മരവിച്ചതെന്നും! ഇപ്പോഴും തന്റെ മനസ്സു മാത്രം മുരടിച്ചിട്ടില്ലെന്നും ആവർത്തിക്കുന്നുണ്ടെന്നു മാത്രം.
പ്രാകൃത കമ്മ്യൂണിസത്തിൽ നിന്ന് പരിഷ്കൃത കമ്മ്യൂണിസത്തിലേക്ക് ഭാരതത്തെ മാറ്റിയെടുക്കുവാൻ വൈരുദ്ധ്യാത്മക ഭൌതികവാദം പ്രയോഗിച്ചു നോക്കാൻ മാത്രം ഇപ്പോൾ ‘നേരം വെളുത്തിട്ടില്ലെന്നാണ്’ എം വി ഗോവിന്ദന്റെ ‘ദാർശനിക’ വിലയിരുത്തൽ. അതുകൊണ്ട് ആ പൊതിയാത്ത തേങ്ങയെടുത്തെറിഞ്ഞ് ഇപ്പോൾ ഇവിടെ രാഷ്ട്രീയ ഇടപെടൽ നടത്താൻ ഇടമില്ലെന്നാണ് പ്രായോഗിക രാഷ്ട്രീയത്തിലെ പ്രയോഗ സാദ്ധ്യതകളെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശദീകരണം. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ശ്രദ്ധിക്കാം:
‘ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ വൈരുദ്ധ്യാത്മക ഭൗതികവാദമാണ് പകരം വെക്കേണ്ടത് എന്ന ആശയതലത്തിലുള്ള പ്രധാനപ്പെട്ട കാര്യമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. പക്ഷേ ഫ്യൂഡൽ സമൂഹത്തിന്റെ ആശയപരമായ നിലപാട്, അതാണല്ലോ പ്രധാനപ്പെട്ട അടിസ്ഥാനം. ജീർണമായ സാമൂഹിക അവബോധമാണ് അവർ മുന്നോട്ടേയ്ക്ക് വയ്ക്കുന്നത്. ജീർണമായ ഒരു നിലപാടാണ്. ആ നിലപാട് അവസാനിപ്പിക്കുന്ന വർഗവീക്ഷണവും വർഗനിലപാടുമൊന്നും ഉയർന്നുവരാത്ത പശ്ചാത്തലത്തിൽ, മുതലാളിത്തം ഭൂപ്രഭുത്വത്തിന്റെ മേലെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ, വർഗീയതയെ പ്രതിരോധിക്കുന്നതിനു വേണ്ടി യോജിക്കാവുന്ന മുഴുവൻ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അതിൽ വിശ്വാസികളും അവിശ്വാസികളുമെല്ലാം ഉൾക്കൊള്ളുന്നതാണ്’.
വളരെ ‘ലളിതമായ’ ഗോവിന്ദന്റെ വിശദീകരണം ശരിയായി മനസ്സിലാക്കണമെങ്കിൽ ആദ്യം തിരിച്ചറിയേണ്ടത് ആരാണ് ഇത്തരം ഒരു വിശദീകരണത്തിന് വഴിവെച്ച ചോദ്യം ഉന്നയിച്ചതെന്നുള്ളതാണ്. ഇൻഡ്യൻ കമ്യൂണിസ്റ്റുകാർ ഇന്ന് ആർക്കൊക്കെ വിനീത വിധേയരായി നിൽക്കുന്നുവോ അത്തരം യജമാനന്മാരായ ഇസ്ലാമിക മത മൗലിക തീവ്ര വാദ ശക്തികളോ സോണിയാ രാഹുൽ കോൺഗ്രസ്സോ കൃസ്ത്യൻ വർഗീയ ശക്തികളോ അങ്ങനെയൊരു ചോദ്യം ചോദിക്കില്ല. കാരണം അവർ ഇവരെ കൂടെ കൂട്ടിയിരിക്കുന്നത് ഇസ്ലാമിക രാഷ്ട്രം, കുടുംബവാഴ്ച, ക്രൈസ്തവവത്കരണം തുടങ്ങിയ സ്വന്തം അജണ്ടകൾ നടപ്പിലാക്കാനാണ്. അല്ലാതെ ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിപ്പിച്ച്’ കമ്മ്യൂണിസം നടപ്പിലാക്കാനല്ല. ഭാരതീയ ദേശീയ പക്ഷവും സ്വാഭാവികമായും അങ്ങനൊരു ചോദ്യം ചോദിക്കില്ല. കാരണം വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നെറിയും നേരുമില്ലാത്ത വികലമായ കാഴ്ചപ്പാടാണെന്ന ശാസ്ത്രീയമായ ബോദ്ധ്യം അവർക്കുള്ളതുകൊണ്ട് കമ്യൂണിസത്തെ എത്രയും വേഗം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയണമെന്ന സമീപന വ്യക്തത അവർക്കുണ്ട്. അങ്ങനെ വരുമ്പോൾ കമ്യൂണിസ്റ്റ് കക്ഷത്തിൽ തലപെട്ട് ഞെരിഞ്ഞമരുന്ന അണികൾ മാത്രമേ അത്തരം ചോദ്യം ചോദിക്കൂയെന്ന് വ്യക്തം. വർത്തമാനകാല ഭാരത രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പരിവാർ അപ്രസക്തമാകുന്നതു കണ്ട് ഹിന്ദുവിരുദ്ധ വർഗീയ ശക്തികൾക്ക് വിടുപണി ചെയ്യുന്നതിനു പകരം വൈരുദ്ധ്യാത്മക ഭൗതികവാദത്തിലധിഷ്ഠിതമായ കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗസാദ്ധ്യത തേടുകയല്ലേ പാർട്ടി ചെയ്യേണ്ടതെന്ന്, വഴിപിഴച്ച പോക്ക് തിരുത്തുവാനാഗ്രഹിക്കുന്ന അണികൾ തന്നെയായിരിക്കുമല്ലോ ചോദിച്ചിട്ടുണ്ടാകുക. അവിടെ ‘ഒന്നര മണിക്കൂർ’ ദാർശനിക വളച്ചു കെട്ടലിനു പോയി ചോദ്യം ചോദിച്ചവരെ സ്വയം ശപിക്കുന്ന അവസ്ഥയിലെത്തിക്കുന്നതിനു പകരം ‘നമ്മൾക്ക് തെറ്റി സഖാക്കളേ’ എന്ന് കുമ്പസാരം നടത്താൻ ഗോവിന്ദൻ തയാറാകാത്താണ് യഥാർത്ഥ ഗതികെട്ട അവസ്ഥ.
ഇവിടെ ലളിതമായ ചില ചോദ്യങ്ങൾ ഉയരുന്നു.
1) പ്രാകൃത കമ്മ്യൂണിസത്തിൽ നിന്ന് ഫ്യൂഡൽ വ്യവസ്ഥയിലേക്കും അതിൽ നിന്ന് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലേക്കും വൈരുദ്ധ്യാത്മക ഭൗതികശക്തികളുടെ ഏറ്റു മുട്ടലുകളിലൂടെ മാനവസമൂഹമാകെ മാറുന്നത് അനിവാര്യമാണെന്ന മാക്സിയൻ കാഴ്ചപ്പാടിന് ശാസ്ത്രീയത അവകാശപ്പെടാനാണ് ഭാവമെങ്കിൽ അങ്ങനെ സംഭവിക്കുന്ന ലക്ഷണം ലോകത്തൊരിടത്തും കാണുന്നില്ലായെന്ന് കാണുമ്പോൾ ആ പ്രത്യയശാസ്ത്ര അടിത്തറ തെറ്റായിരുന്നെന്ന് ഏറ്റു പറയുന്നതല്ലേ ശരിയായ സമീപനം.?
2) കമ്യൂണിസമാണ് മാനവരാശിക്ക് വിമോചനത്തിനുള്ള വർഗ്ഗസമരത്തിനും വർഗശത്രുക്കളുടെ ഉന്മൂലനത്തിനും അടിസ്ഥാന വർഗം സർവാധിപത്യം നേടുന്നതിനുമുള്ള മാർഗമെങ്കിൽ അതിനുള്ള സാഹചര്യങ്ങളും സന്നാഹങ്ങളും സ്വയം സമാഹരിച്ച് പടയ്ക്കിറങ്ങേണ്ട പണി സഖാക്കളുടേതല്ലേ? അതിൽ തോറ്റു തുന്നം പാടിയിട്ട് ഫ്യൂഡൽ വ്യവസ്ഥ, മുതലാളിത്തം തുടങ്ങിയവ തങ്ങൾ വിചാരിച്ച രീതിയിലേക്ക് രൂപം പ്രാപിച്ചില്ലായെന്നും അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പരാജയപ്പെട്ടതെന്നും ന്യായം പറഞ്ഞാൽ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോ?
3) കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഹരശേഷിയോ ആക്രമണശേഷിയോ തിരിച്ചറിഞ്ഞാൽ ഫ്യൂഡൽ പക്ഷമാണെങ്കിലും മുതലാളിത്ത പക്ഷമാണെങ്കിലും സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള തിരുത്തലുകൾക്കും വിട്ടുവീഴ്ചകൾക്കും തയാറാവുകയോ മറ്റു രണതന്ത്രങ്ങൾ പ്രയോഗിച്ച് കമ്യൂണിസ്റ്റ് പിടിച്ചടക്കലിന് പ്രതിരോധം തീർക്കുകയോ ചെയ്യാമെന്നത് മുൻകൂട്ടി മനസ്സിലാക്കി മറുതന്ത്രം മെനയേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകാതെയിരുന്നത് പ്രത്യയശാസ്ത്ര പരമായ അപൂർണ്ണതയല്ലേ ഉയർത്തിക്കാട്ടുന്നത്.
ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റെയും വ്യവസായ വിപ്ളവത്തിന്റെയും ഫ്രഞ്ച് വിപ്ലവത്തിന്റെയുമൊക്കെ ഘട്ടങ്ങളിലേക്ക് ഭാരതം എത്താത്തതുകൊണ്ട് ഇവിടെ ഇപ്പോൾ വൈരുദ്ധ്യാത്മക ഭൌതിക വാദം പ്രയോഗിക്കാൺ സമയമാകാത്തതെന്ന് പറയുമ്പോൾ 1920കളിൽ തന്നെ ഈ രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്യൂണിസ്റ്റു പരിവാർ ഇതുവരെ ഇവിടെ എന്തു ചെയ്യുകയായിരുന്നുയെന്ന് ചോദിക്കേണ്ടിവരും. ഗോവിന്ദൻ പറയും പോലെ’ജീർണമായ സാമൂഹിക അവബോധമാണ് അവർ മുന്നോട്ടേയ്ക്ക് വയ്ക്കുന്നത്. ….. ആ നിലപാട് അവസാനിപ്പിക്കുന്ന വർഗവീക്ഷണവും വർഗനിലപാടുമൊന്നും ഉയർന്നുവരാത്ത പശ്ചാത്തലത്തിൽ’ ഇന്നും ഭാരതം തുടരുന്നുയെങ്കിൽ ഒരു നൂറ്റാണ്ട് ഇവിടെ പ്രവർത്തിച്ച കമ്യൂണിസം എട്ടുനിലയിൽ പൊട്ടിയെന്ന സ്വയം വിമർശനാത്മക വെളിപ്പെടുത്തലിനല്ലേ സഖാക്കൾ തന്നെ തയാറെടുക്കേണ്ടത്. ഒപ്പം തന്നെ മാക്സിയൻ കാഴ്ചപ്പാടനുസരിച്ചുള്ള ഘട്ടങ്ങളിലൂടെ കടന്നു പോയി വ്യവസായ വിപ്ളവത്തിനു വരെ സാക്ഷ്യം വഹിച്ച ഇംഗ്ളണ്ടിലും അമേരിക്കയുൾപ്പടെയുള്ള മുതലാളിത്ത രാജ്യങ്ങളിലും എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് വിപ്ലവം വരാഞ്ഞതെന്ന് വിശദീകരിക്കേണ്ടതായും വരും. തന്നെയുമല്ല, ഈ ഘട്ടങ്ങളിലേക്കൊന്നും എത്തിച്ചേരാതിരുന്ന റഷ്യയിലും ചൈനയിലും കിഴക്കൻ ജർമ്മനിയിലും ക്യൂബയിലും വടക്കൻ കൊറിയയിലുമടക്കം പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് ഭരണം എങ്ങനെയാണ് വന്നതെന്നും വിശദീകരിക്കേണ്ടതായി വരും. അവിടെയൊക്കെ കമ്യൂണിസ്റ്റ് ഭരണം കൊണ്ടു വരാമെങ്കിൽ ഭാരതത്തിൽ അതു സാധിക്കാതെ പോയത് പ്രത്യയശാസ്ത്രമെന്ന തടിയുടെ വളവും പാർട്ടിയെന്ന ആശാരിയുടെ കഴിവുകുറവുമാണെന്ന സത്യം സ്വയം അംഗീകരിച്ച് സത്യസന്ധത കാട്ടിക്കൂടേ?
പക്ഷേ അങ്ങനെ കുറ്റവും തെറ്റും ഏറ്റു പറയാൻ തയാറായില്ലെങ്കിലും ഭാരതീയ പൊതു സമൂഹത്തിന് കമ്യൂണിസ്റ്റ് പരിവാറിനോട് നന്ദിയുണ്ട്. കാരണം അവരുടെ തെറ്റുകളും കുറ്റങ്ങളും കാരണമാണ് ഭാരതം കമ്യൂണിസമെന്ന മഹാ വിപത്തിൽ നിന്ന് ഒഴിവായത്. കൈ നനയാതെ മീൻ പിടിക്കാൻ ലക്ഷ്യം വെച്ചുള്ള പാർട്ടി പരിപാടികളിൽ ചുറ്റിക്കെട്ടപ്പെട്ടതാണ് ഇൻഡ്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിരന്തര പരാജയം കണ്ട ഒരു നൂറ്റാണ്ടിന്റെ ചരിത്രം. ഈ രാജ്യത്തെ അടിസ്ഥാന ജനസമൂഹത്തെ സംഘടിപ്പിച്ച് കമ്യൂണിസ്റ്റ് വിപ്ലവത്തിനൊന്നും മെനക്കെടാതെ കാലാകാലങ്ങളിൽ ഓരോ അധികാര കേന്ദ്രങ്ങളെ കൂട്ടു പിടിച്ച് എളുപ്പ വഴിയിൽ ക്രിയ ചെയ്യാനായിരുന്നു സഖാക്കൾ എന്നും കുതന്ത്രങ്ങൾ മെനഞ്ഞത്. 1920 കളിൽ സോവിയറ്റ് യൂണിനോടാണ് ചങ്ങാത്തത്തിനു പോയത്. എംഎൻ റോയി ആ വഴിക്ക് ഒരു പരിധി വരെ വിജയിച്ചതുമാണ്. താഷ്ക്കന്റ് കേന്ദ്രമാക്കി ഇൻഡ്യൻ സഖാക്കൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് കടന്നുവരാൻ സോവിയറ്റ് കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന് മോഹവുമുണ്ടായിരുന്നിരിക്കണം. പക്ഷേ അതിനിടെ സോവിയറ്റ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടനുമായി ഒരു സമാന്തര സൗഹൃദം ശ്രമം നടത്തുന്നുമുണ്ടായിരുന്നു. അത് ആംഗ്ളോ സോവിയറ്റ് ട്രേഡ് ട്രീറ്റി 1921 ഒപ്പിടുന്നതിലെത്തിയതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ഇൻഡ്യൻ കമ്യൂണിസ്റ്റുകളുടെ പരിശ്രമങ്ങളെ സോവിയറ്റ് യൂണിയൻ തടസ്സപ്പെടുത്തി. ഭാരതീയ ദേശീയത വളർത്തുന്നത് സാർവദേശീയതയുടെ വഴിമുടക്കുമെന്ന് കമ്യൂണിസ്റ്റ് ഇന്റർ നാഷണൽ വഴി നിർദ്ദേശം നൽകുകയും ഇനി നിങ്ങൾ ചെയ്യേണ്ട പണി സോവിയറ്റ് യൂണിയനെന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ സംരക്ഷണമാണെന്ന് പറഞ്ഞ് പ്രായോഗികമായി ഇന്നാട്ടിലെ തനത് കമ്യൂണിസ്റ്റ് പോരാട്ട സാദ്ധ്യതകളുടെ വഴിയടക്കുകയുമാണ് ചെയ്തത്. പിന്നീട് വിദേശരാജ്യവുമായി ചങ്ങാത്തം കൂടുന്ന കുതന്ത്രം കമ്മ്യൂണിസ്റ്റുകൾ ഇറക്കിയത് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇംഗ്ലീഷുകാരോട് കൂട്ടുകൂടി ക്വിറ്റ് ഇൻഡ്യാ സമരത്തിനു പോലും പാര പണിതതിലൂടെയാണ്. കാട്ടിയ വിധേയത്വത്തിനൊക്കെ കൈ നിറയെ കൊടുത്തുവെങ്കിലും കമ്യൂണിസ്റ്റുകൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന ബോദ്ധ്യമുണ്ടായിരുന്നതു കൊണ്ട് സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ പങ്കു നൽകുവാൻ ഇംഗ്ലീഷുകാരോ നെഹ്രുവോ തയാറായില്ലെന്നു മാത്രം.
സ്വാതന്ത്ര്യാനന്തരം സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ സഹായത്തോടെയുള്ള ഒരു കമ്യൂണിസ്റ്റ് അട്ടിമറിയുടെ കുതന്ത്രങ്ങളാണ് സഖാക്കൾ മെനഞ്ഞെടുത്തത്. അതും ഇതുവരെ ഫലം കണ്ടില്ല. അതിനിടെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചു. കയ്യിലിരുപ്പു കാരണം അവിടെയും ഒരുതരത്തിലും ഗതി പിടിച്ചില്ല. എല്ലാം പയറ്റി പരാജയപ്പെട്ടപ്പോൾ പുതിയ ഒരു കൂട്ടു കെട്ടിലാണിപ്പോൾ. ആ കൂട്ടുകെട്ടിന്റെ അടിസ്ഥാന അജണ്ടകൾ ഹിന്ദു വിരുദ്ധ വർഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവുമാണ്. അതിന് കമ്യൂണിസ്റ്റ് പരിവാറിൽ പെട്ട ഇടതുവലതു കമ്യൂണിസ്റ്റ് പാർട്ടികളും കാടൻ/നാടൻ നക്സലുകളും സോണിയാ-രാഹുൽ കോൺഗ്രസ്സും മുസ്ലീം ലീഗും ഒവൈസിയും ഇസ്ലാമിക മതമൗലിക വാദ തീവ്രവാദശക്തികളും മത പരിവർത്തനവാദികളും ഖാലിസ്ഥാൻ വാദികളും എല്ലാം ചേർന്ന് ശത്രുരാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും ഭാരതത്തോട് സംശയകരമായ ബന്ധം പുലർത്തുന്ന മറ്റുചില അന്താരാഷ്ട്ര ശക്തികളുടെയും സഹായം തേടി ഇവിടെ ഒരു അട്ടിമറിക്ക് അവസരം തേടുകയാണ്. ആ കൂട്ടായ്മയുടെ ഭാഗത്ത് നിലയുറപ്പിക്കുവാൻ കമ്യൂണിസ്റ്റ് പക്ഷത്തിന് ചെയ്യേണ്ടി വന്ന ഏറ്റവും നാണം കെട്ട വിട്ടു വീഴ്ച കാരണമാണ് വർഗസമരം ഉപേക്ഷിച്ച് ന്യൂന പക്ഷ വർഗീയതയോട് ചങ്ങാത്തം കൂടി ഹിന്ദുവിരുദ്ധ വർഗീയത പാർട്ടി അജണ്ടയായി സ്വീകരിക്കേണ്ടിവന്നത്. ഒരുതരം വർഗീയതയോടും പക്ഷം പിടിക്കാത്തവരായ പാർട്ടിക്കുള്ളിലെ യഥാർത്ഥ മതേതരവാദികളായ ഹിന്ദു സഖാക്കളിൽ നിന്നാകണം എം വി ഗോവിന്ദനെ ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ ഉയർന്നത്. വർഗീയതയുൾപ്പടെയുള്ള അനാരോഗ്യ പ്രവണതകൾക്കെതിരെ കമ്യുണിസത്തിന്റെ അടിസ്ഥാന പ്രമാണമായ വൈരുദ്ധ്യാത്മക ഭൌതികവാദം ഉയർത്തിയുള്ള പ്രതിരോധമല്ലേ വേണ്ടതെന്ന് അവർ ചോദിച്ചിട്ടുണ്ടാകണം. ആ ചോദ്യത്തിനുത്തരം നൽകാൻ പാർട്ടിക്ക് ബാദ്ധ്യതയുമുണ്ട്. അവിടെയാണ് പാർട്ടിയുടെ അടിസ്ഥാന പ്രമാണമായ വൈരുദ്ധ്യാത്മക ഭൌതികവാദം ഇന്നത്തെ ഭാരതത്തിൽ പ്രയോഗക്ഷമമല്ലെന്നു പറഞ്ഞ് ന്യൂനപക്ഷത്തിന്റെ ഹിന്ദു വിരുദ്ധ വർഗീയതക്കൊപ്പം കമ്മ്യൂണിസ്റ്റ് പക്ഷം നിൽക്കുന്നതിന്റെ ന്യായം നിരത്താൻ എം വി ഗോവിന്ദൻ ദർശന വിശദീകരണത്തിന് തുനിഞ്ഞത്.
പാർട്ടിക്കുള്ളിലുള്ള ചോദ്യങ്ങൾക്കപ്പുറം കമ്യൂണിസ്റ്റ് പക്ഷം ചെന്നു പെട്ടിട്ടുള്ള കൂട്ടായ്മയുടെ അന്തർ വൈരുദ്ധ്യങ്ങളെ പാർട്ടി എങ്ങനെ നേരിടുമെന്ന് അറിയാൻ പൊതുജനങ്ങൾക്കും കൗതുകമുണ്ടാകാം. ആ ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും കൂട്ടായ്മയുടെ പരാജയം സുനിശ്ചിതമായതുകൊണ്ട് കേവലം അക്കാദമിക താത്പര്യം മാത്രമുള്ളതായിരിക്കും ഇനിയെഴുതുന്ന ചോദ്യങ്ങൾ.
1) കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം വൈരുദ്ധ്യാത്മക ഭൌതിക വാദം ആണെന്നു വരുമ്പോൾ അത് സകല മത വിശ്വാസങ്ങളെയും വെല്ലുവിളിക്കുന്ന തത്വശാസ്ത്രം എന്ന തനി സ്വരൂപം എടുക്കേണ്ട ഒരു ഘട്ടമെത്തുമ്പോൾ ഇപ്പോൾ കൂടെ നിൽക്കുന്ന കൃസ്ത്യാനിയുടെയും മുസ്ലീമിന്റെയും അവസ്ഥയെന്താകും?
2) കമ്യൂണിസ്റ്റുകാരുടെ നടക്കാൻ പാടില്ലാത്തതും നടക്കാനിടയില്ലാത്തതുമായ മോഹമായ ചൈനയുടെ ഭാരതത്തിലേക്കുള്ള സാമ്രാജ്യത്വ കടന്നുകയറ്റം സംഭവിച്ചാൽ ഇൻഡ്യയിലെ ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയുമടങ്ങുന്ന വിശ്വാസി സമൂഹത്തിന്റെ ഗതിയെന്താകും. അതുപോലെ തന്നെ ഭാരതം അത്തരത്തിലൊരു അവസ്ഥയിലെത്തിയാൽ പാക്കിസ്ഥാന്റെ അവസ്ഥയെന്താകും. അതോടെ ഭാരതത്തെ എതിർക്കാൻ പാക്കിസ്ഥാൻ നിലനിൽക്കേണ്ട ആവശ്യകതയില്ലാതാകുന്നതുകൊണ്ട് ആ രാജ്യത്തിന് ചൈനയുടെ സാമ്രാജ്യത്വത്തിന് പുറത്ത് ഒരു സ്വതന്ത്ര നിലനിൽപ്പിന് അവസരമുണ്ടാകുമോ? അതോടെ ചൈനക്കുള്ളിൽ ഉയ്ഗാർ മുസ്ലീങ്ങളുടെ ദയനീയ അവസ്ഥയിലേക്ക് പാക്ക് മുസ്ലീംകളും എത്തിപ്പെടുകയില്ലേ?
3) മറ്റൊരു അപകടമായ ഇസ്ലാമിക തീവ്രവാദത്തിന്റെ വിജയം സംഭവിച്ചാൽ കമ്യൂണിസ്റ്റുകാരുടെ ഗതി വിഭജനത്തിനുശേഷം പാക്കിസ്ഥാനിൽ കയറിക്കൂടിയ സഖാക്കളുടേതാകില്ലേ? മതതീവ്രവാദ നിബന്ധനകളിൽ നിന്ന് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്സുകാർക്കും കൃസ്ത്യാനികൾക്കും പ്രത്യേക ഇളവിന് വ്യവസ്ഥയുണ്ടാകുമോ?
4) ഈ അവസരം മുതലെടുത്ത് സോണിയ അധികാരം തിരിച്ചു പിടിച്ചാൽ 2008ൽ ഡോ. മൻ മോഹൻ സിംഗ് ഭരണകാലത്ത് അമേരിക്കയോട് ചങ്ങാത്തം കൂടുവാൻ കമ്യൂണിസ്റ്റുകളെ പുറം കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ രീതി ആവർത്തിക്കില്ലായെന്നുറപ്പുണ്ടോ?
5) ഇത്തരം അവസരവാദപരമായ കൂട്ടുകെട്ടുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പെട്ടു പോകുന്നതോടെ ആ വക കൂട്ടായ്മകളിലുള്ള വർഗ്ഗശത്രുക്കളുമായി സന്ധി ചെയ്യേണ്ടിവവരികയും പാർട്ടിയിൽ പ്രതീക്ഷ അർപ്പിച്ച അടിസ്ഥാന വർഗത്തോടു നടത്തുന്ന വഞ്ചനയുടെ തോത് വർദ്ധിക്കുകയുമില്ലേ?
ചോദ്യങ്ങൾ ഇനിയും നിരവധിയുണ്ട്. ഉത്തരങ്ങൾ എന്തു തന്നെയായാലും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിനു മുകളിൽ കെട്ടിപ്പെടുത്ത കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം പ്രയോഗക്ഷമമല്ലെന്ന പരോക്ഷ സൂചനകളെങ്കിലും എം വി ഗോവിന്ദനെ പോലൊരാൾ പ്രകടിപ്പിക്കാൻ തയാറായത് രാഷ്ട്രീയ സംവാദങ്ങളിൽ പ്രതീക്ഷയ്ക്ക് ഇടം നൽകുന്നു.