“Long live deathless Subhash. Victory to goddess of freedom”. (മരണമില്ലാത്ത സുഭാഷ് നീണാള്‍ വാഴട്ടെ! സ്വാതന്ത്ര്യത്തിന്റെ ദേവത വിജയിക്കട്ടെ!) വീരഭാരതപുത്രന്‍ വിനായക ദാമോദര്‍ സവര്‍ക്കറുടെ വാക്കുകളിലൂടെ (1952 മേയ്: ‘അഭിനവ് ഭാരത്’ വേദി) ഭാരതാംബയുടെ ഹൃദയ വികാരങ്ങളാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ തഴുകി അനുഗ്രഹിച്ചത്.
‘നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാമെന്ന’ നേതാജിയുടെ വാക്കുകള്‍ കേട്ട് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പടകുടീരത്തിലേക്ക് ദേശീയതയുടെ വീര പോരാളികള്‍ ആവേശത്തോടെ ഒഴുകിയെത്തി. സൂര്യനസ്തമിക്കില്ലായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം പരാജയം മുഖത്തോടുമുഖം കണ്ടു. പിന്നീട് സഖ്യ കക്ഷികളുടെ ബലത്തില്‍ യുദ്ധത്തില്‍ അന്തിമ വിജയം സാമ്രാജ്യത്വ ശക്തികള്‍ തന്നെ നേടിയെങ്കിലും ദില്ലിയിലെ ചുവപ്പു കോട്ടയില്‍ യൂണിയന്‍ ജാക്ക് താഴ്ത്തി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഭാരത് മാതാ കീ ജയ് മുഴങ്ങുന്നതിന് ഇടവരുത്തിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് പൊരുതി വീണ നേതാജിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമാണെന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണെന്നതിന് ചരിത്രം തന്നെ സാക്ഷി.
ആ ചരിത്ര സത്യത്തെ മറച്ചുവെക്കുവാനുള്ള ആസൂത്രിതശ്രമങ്ങള്‍ക്ക് നേരെ ചരിത്രത്തോട് ഒപ്പം സഞ്ചരിക്കുകയും മുന്നില്‍ നിന്നു നയിക്കുകയും ചെയ്ത ഡോ. ഭീംറാവ് അംബേദ്കര്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തിയെന്നതും വളരെ ശ്രദ്ധേയമാണ്.
‘എനിക്കറിയില്ല മിസ്റ്റര്‍ ആറ്റ്‌ലി ഇന്ത്യക്കു സ്വാതന്ത്ര്യം നല്‍കുവാന്‍ പെട്ടെന്നു തീരുമാനിച്ചത് എങ്ങനെയാണെന്ന്’. ഡോ. ഭീംറാവ് അംബേദ്കര്‍ 1955 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സ് വാറ്റ്‌സന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനയാണിത്. ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കാന്‍ നിശ്ചയിച്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി അന്ന് അങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയിരുന്നില്ലായെന്നതാണ് ഡോ.അംബേദ്കര്‍ ആ അഭിമുഖത്തില്‍ എടുത്തു പറഞ്ഞത്. ആറ്റ്‌ലി സ്വന്തം ആത്മകഥ എഴുതുമ്പോള്‍ അതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയും ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കമ്പനി പ്രക്ഷേപണം ചെയ്ത ആ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു.
അംേബദ്കറുടെ മരണശേഷം മാസങ്ങള്‍ക്കുള്ളില്‍, 1956 ആഗസ്റ്റില്‍, ഭാരതം സന്ദര്‍ശിച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.ബി ചക്രവര്‍ത്തിയോട് നടത്തിയ വെളിപ്പെടുത്തലുകള്‍ അംബേദ്കര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കി. ജസ്റ്റിസ് ചക്രവര്‍ത്തി ചോദിച്ചു: ‘ഗാന്ധിയുടെ ‘ക്വിറ്റ് ഇന്ത്യാ’ പ്രസ്ഥാനം വളരെ നേരത്തെ തന്നെ തകര്‍ന്നു. അന്തര്‍ദേശീയ രംഗത്ത് ബ്രിട്ടന് ഭാരതത്തില്‍ നിന്ന് അധികാരം വിട്ടുപോകുവാനുള്ള പ്രത്യേകിച്ചൊരു സമ്മര്‍ദ്ദവും ഉരുത്തിരിഞ്ഞു വന്നതുമില്ല. പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ക്ക് 1947ല്‍ ഇന്ത്യ വിടേണ്ടി വന്നത്?’
ആറ്റ്‌ലി പല കാര്യങ്ങള്‍ പറഞ്ഞൂവെങ്കിലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രഭാവം കാരണം ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും റോയല്‍ എയര്‍ഫോഴ്‌സിലെയും ഇന്ത്യന്‍ പടയാളികളുടെയിടയില്‍ ബ്രിട്ടീഷ് ഭരണകിരീടത്തോടുള്ള വിധേയത്വത്തിലും പ്രതിജ്ഞാബദ്ധതയിലും ഉണ്ടായ ഇടിവും വിമോചനത്തിനുവേണ്ടി ഉയര്‍ന്നുവരുമെന്ന് അവര്‍ മുന്നില്‍ കണ്ട സാദ്ധ്യതകളുമാണ് ഇന്ത്യ വിടുവാന്‍ ആ ഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയെന്നത് കൃത്യമായും വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് ചക്രവര്‍ത്തി ചോദിച്ചത് ബ്രിട്ടീഷ് പിന്‍മാറ്റത്തില്‍ ഗാന്ധിജിയുടെ പങ്ക് എത്രയുണ്ടെന്നായിരുന്നു. അര്‍ത്ഥഗര്‍ഭമായ ഭാവപ്രകടനത്തോടെ ആറ്റ്‌ലി നല്‍കിയ മറുപടി ‘മി…നി…മ….ല്‍’ (വ…ള…രെ… കു…റ…..വ്) എന്നായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1945ല്‍ ഭാരതത്തില്‍ ഉരുത്തിരിഞ്ഞു വന്ന സാഹചര്യം പൊതുസമൂഹം വായിച്ചറിയേണ്ടത് അനിവാര്യമാകുന്നത്. ബ്രിട്ടീഷ് ഭരണകൂടം നേതാജിയോടും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയോടും പ്രതികാര നടപടികളുടെ കൊടുംക്രൂരത അഴിച്ചു വിടുവാനാണ് തയ്യാറെടുത്തത്. കുപ്രസിദ്ധമായ റെഡ് ഫോര്‍ട്ട് ട്രയലിലൂടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഓഫീസേഴ്‌സിനെ കുടുക്കാന്‍ പഴുത് തേടിയതുള്‍പ്പടെയുള്ള നടപടികളിലേക്ക് അവിടെ നീങ്ങി. ആ വക നടപടികള്‍ 78 ബ്രിട്ടീഷ് യുദ്ധക്കപ്പലുകളിലെ 20,000 ലധികം ഭാരതീയ നേവല്‍ ഉദ്യോഗസ്ഥരെ കലാപത്തിനിറങ്ങുവാന്‍ പ്രേരിപ്പിച്ചു. അവര്‍ ബ്രിട്ടീഷ് യജമാനന്മാരെ അനുസരിക്കുവാന്‍ തയ്യാറായില്ല. നേതാജിയുടെ ചിത്രവും വഹിച്ചുകൊണ്ട് ബോംബെ തെരുവുകളില്‍ പ്രകടനം നടത്തി. ബ്രിട്ടീഷുകാരെക്കൊണ്ട് ജയ് ഹിന്ദ് വിളിപ്പിച്ചു. തങ്ങള്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് കപ്പലുകളില്‍ നിന്നും യൂണിയന്‍ ജാക്ക് താഴെ ഇറക്കി. റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലും നേവല്‍കലാപത്തിന്റെ മാറ്റൊലികള്‍ ഉണ്ടാവുകയും ചെയ്തു. ഇതിനെല്ലാം പുറമേ രണ്ടാം ലോകമഹായുദ്ധത്തിന് വേണ്ടി നിയമിച്ചതും അതിനു ശേഷം ഡീകമ്മീഷന്‍ ചെയ്യപ്പെട്ടവരുമായ ലക്ഷക്കണക്കിന് ഭാരതീയ കരസേനാ അംഗങ്ങളും സായുധവും വ്യാപകമായ വിമത പോരാട്ടങ്ങളുടെ സാദ്ധ്യതകളുയര്‍ത്തി. ആ കാലയളവില്‍ ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് സേനാംഗങ്ങളുടെ സംഖ്യ കേവലം 40,000 മാത്രവും. അവരാണെങ്കില്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുവാന്‍ ധൃതി കാട്ടിയിരുന്നവരും വീണ്ടും ഒരു സംഘര്‍ഷത്തിന് സന്നദ്ധത ഇല്ലാതിരുന്നവരും! അങ്ങനെയൊരന്തരീക്ഷത്തിലാണ്, 1857ലെ അനുഭവം മറന്നിട്ടുണ്ടാകാനിടയില്ലാതിരുന്ന ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുകയെന്ന തീരുമാനം എടുത്തതെന്നത് ചരിത്രം പഠിക്കുന്നവര്‍ക്ക് ബോദ്ധ്യപ്പെടും. അതോടൊപ്പം തങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യരായുള്ളവരിലേക്ക് അധികാരം കൈമാറാനുള്ള കൗശലം കാണിക്കുകയും ചെയ്തു. അങ്ങനെ കിട്ടിയ അധികാരം നിലനിര്‍ത്തുന്നതിന് പുതിയ അധികാര കേന്ദ്രങ്ങള്‍ നടത്തിയ ശ്രമങ്ങളും ഇവയോട് ചേര്‍ത്ത് പഠിക്കേണ്ടിയിരിക്കുന്നു.
ആ പഠനം തുടരുമ്പോഴാണ് വിമാനാപകടത്തില്‍ നേതാജി യശശ്ശരീരനായെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കമ്യൂണിസ്റ്റ് സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലുണ്ടെന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലിക്കെഴുതിയ ഒരു കത്തിലെ പരാമര്‍ശങ്ങള്‍ ദേശസ്‌നേഹികളുടെ മനസ്സുമുറിക്കുന്ന ഓര്‍മ്മപ്പെടുത്തലായി ഉയര്‍ന്നു വരുന്നത്.”I understand from a reliable source that Subhas Chandra Bose, your war criminal, has been allowed to enter Russian territory by Stalin. This is clear treachery and a betrayal of faith by the Russians. As Russia has been an ally of the British Americans, it should not have been done. Please take note of it and do as you consider proper and fit.” (വിശ്വസനീയമായ ഒരു വൃത്തത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളുടെ യുദ്ധക്കുറ്റവാളി, സുഭാഷ് ചന്ദ്രബോസിനെ സ്റ്റാലിന്‍ റഷ്യന്‍ ഭൂപ്രദേശത്തില്‍ കയറാന്‍ അനുവദിച്ചുവെന്ന്. ഇത് റഷ്യയുടെ ഭാഗത്തുനിന്നുള്ള ചതിയും വിശ്വാസ വഞ്ചനയുമാണ്. ബ്രിട്ടീഷ് അമേരിക്കന്‍ കൂട്ടുകെട്ടിന്റെ സഖ്യ കക്ഷിയായിരുന്നതുകൊണ്ട്, റഷ്യ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഈ വിവരം കണക്കിലെടുത്തുകൊണ്ട് നിങ്ങള്‍ക്ക് ശരിയും യുക്തവുമെന്നു തോന്നുന്ന നടപടി എടുക്കുക.) 1971ല്‍ നേതാജിയുടെ തിരോധാനം അന്വേഷിച്ച ഖോസ്ലാ കമ്മീഷന് മുമ്പില്‍ നെഹ്രുവിന്റെ സ്റ്റെനോഗ്രാഫര്‍ ശ്യാം ലാല്‍ ജയിന്‍ നല്‍കിയ മൊഴി ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നു.
ഈ വെളിപ്പെടുത്തലുകള്‍ സ്വാഭാവികമായും ചില ചോദ്യങ്ങളുയര്‍ത്തും. 1) അങ്ങനെയൊരു വിവരം കിട്ടിയെങ്കില്‍ തന്നെ അത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൈ മാറുവാന്‍ ജവഹര്‍ലാല്‍ നെഹ്രുവിന് എന്തു ബാദ്ധ്യതയാണുണ്ടായിരുന്നത്? 2) അങ്ങനെയെന്തെങ്കിലും ബാദ്ധ്യതയുണ്ടായിരുന്നെങ്കില്‍ തന്നെ ആ ധീരദേശാഭിമാനിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ചത് പക മൂലമോ ഭയം മൂലമോ? ആ വക ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഭാവി ഭാരതത്തിന് ലഭിച്ചേ തിരൂ. ചരിത്ര വസ്തുതകള്‍ സത്യസന്ധമായി പുറത്തുകൊണ്ടുവരുന്നതിന്റെ പേരില്‍ ഉടയാനിടയുള്ള വിഗ്രഹങ്ങള്‍ ഉടയട്ടെ!
ഈ വക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം സംശയലേശമെന്യേ വ്യക്തമാകും. നേതാജിയേയും മറ്റും തമസ്‌കരിക്കുന്നവരുടെ ലക്ഷ്യം ഒരിക്കലും മഹാത്മജിയെ മഹത്വവത്കരിക്കയല്ല. കാരണം, കമ്യൂണിസ്റ്റൂ സഖാക്കള്‍ ‘ഗാന്ധിയെന്താക്കി? ഇന്ത്യയെ മാന്തിപ്പുണ്ണാക്കി!’എന്ന് തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചു, ജിന്നയും മുസ്ലീം വര്‍ഗീയവാദികളും, (ഇന്നവര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെ അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തുന്നതുപോലെ) ഗാന്ധിജിയെ വര്‍ഗീയ വാദിയെന്നു വിളിച്ചു കൊണ്ട് മുസ്ലീം ജനസമൂഹത്തിലെ പാവപ്പെട്ടവരെയും അറിവു കുറഞ്ഞവരെയും തെരുവിലിറക്കി, കൃസ്ത്യന്‍ പാതിരിമാര്‍ ഗാന്ധിജിയെ അന്തി കൃസ്തുവെന്ന് അധിക്ഷേപിച്ചു, ഗോഡ്‌സെയെന്ന പക്വതയില്ലാത്ത ക്ഷുഭിത വ്യക്തിത്വം മഹാത്മജിയെ വെടിയുണ്ടകള്‍ക്കിരയാക്കി. പക്ഷേ അത്തരം വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായി ഗാന്ധിജിയുടെ ആത്മാവ് മൃത്യുവിനെയും വിജയിച്ച് വിരാജിക്കുന്നു. അതുകൊണ്ടു തന്നെ ഗാന്ധിജിയുടെ തിളക്കം ഉറപ്പാക്കുവാന്‍ വീര സവര്‍ക്കറെയോ നേതാജി സുഭാഷ്ചന്ദ്രബോസിനെയോ ഒന്നും ഇകഴ്‌ത്തേണ്ടിയിരുന്നില്ല. ബാപ്പുവിനെ രാഷ്ട്രപിതാവെന്ന് ആദ്യം വിളിച്ചത് തന്നെ നേതാജിയായിരുന്നു. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ജപ്പാന്‍ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ബര്‍മ്മ വഴി ഭാരതത്തിലേക്ക് ഇംഗ്ലീഷ് ശക്തികളെ പരാജയപ്പെടുത്തി കടന്നു കയറൂമെന്ന പ്രതീക്ഷ പടര്‍ന്നപ്പോള്‍ അഭിമാനത്തോടെ ബോസ് ബാപ്പുജിക്കൊരു റേഡിയൊ സന്ദേശം അയച്ചു. തന്റെ നേതൃത്വത്തില്‍ പടപൊരുതി സ്വതന്ത്രയാക്കുന്ന ഭാരതത്തെ ഗാന്ധിജിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുമെന്നായിരുന്നു ആ സന്ദേശം. ചുരുക്കത്തില്‍ ഗാന്ധിജിയുടെ പേരിനെയും പെരുമയെയും അന്നും നേതാജി വെല്ലുവിളിച്ചിട്ടില്ല. നേതാജിയുടെ വീരസ്മരണകള്‍ വീറോടെ സ്മരിക്കുന്നത് ഇന്ന് അങ്ങനെ ഒരു വെല്ലുവിളികള്‍ക്ക് ഇടം നല്‍കുമെന്ന് ഭയപ്പെടേണ്ട കാര്യവുമില്ല. പക്ഷേ ഗാന്ധിജിയുടെ പേരു പോലും സ്വന്തമാക്കി അധികാരത്തിന്റെ കുത്തകാവകാശം സ്വന്തമാക്കിയ കപട ഗാന്ധിയന്മാര്‍ക്ക് ചരിത്ര സത്യങ്ങളെ ഭയപ്പെട്ടേതീരൂ.