കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ശശി തരൂര്‍ എം.പി. കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഒരു ലേഖനമെഴുതിയിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തോറ്റു പോയ ട്രമ്പ് അനുകൂലികള്‍ അവിടുത്തെ പാര്‍ലമെന്റ്‌സമുച്ചയമായ ക്യാപിടോള്‍ഹില്‍സില്‍ ആക്രമം അഴിച്ചുവിടുകയുണ്ടായി. രണ്ടുനൂറ്റാണ്ട് പഴക്കമവകാശപ്പെടുന്ന ജനാധിപത്യ പാരമ്പര്യത്തിനും രാഷ്ട്രത്തിനും നേരെ നടന്ന ആക്രമണമായാണ് അമേരിക്കന്‍ ജനത ഇതിനെ കാണുന്നത്. ഈ ആക്രമണത്തെ അപലപിക്കാനെന്ന പേരില്‍ ശശി തരൂര്‍ എഴുതിയ ലേഖനത്തില്‍ ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരവും മോദി ഗവണ്‍മെന്റ് അതിനെ നേരിടുന്നതില്‍ കാണിക്കുന്ന ‘ജനാധിപത്യരാഹിത്യ’വും ഒക്കെ വിശദമായി ചര്‍ച്ചചെയ്യുന്നു. പ്രസ്തുത ലേഖനത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം സമരം ചെയ്യുന്ന കര്‍ഷകര്‍ ദില്ലിയിലെ ഭരണസിരാകേന്ദ്രത്തെ ആക്രമിച്ചാല്‍ അതിശയപ്പെടാനില്ല എന്നു സ്ഥാപിക്കുകയായിരുന്നു. അത്തരമൊരു ആക്രമണം നരേന്ദ്ര മോദി അര്‍ഹിക്കുന്നു എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കാനും ശശി തരൂര്‍ ലേഖനത്തിലൂടെ ശ്രമിക്കുന്നുണ്ട്.
ഗണതന്ത്ര ദിനത്തില്‍ ദില്ലിയില്‍ നടക്കാന്‍ പോകുന്ന അക്രമങ്ങളെക്കുറിച്ച് ശശിതരൂരിന് മുന്‍കൂട്ടി അറിയാമായിരുന്നു എന്നു വേണം ഇതില്‍ നിന്നും അനുമാനിക്കാന്‍, മാത്രമല്ല ട്രാക്ടര്‍ കലാപക്കാരില്‍ ഒരുവന്‍ ബാരിക്കേഡുകള്‍ ഇടിച്ച് തെറിപ്പിക്കാനുള്ള ശ്രമത്തില്‍ വണ്ടി മറിഞ്ഞ് മരിച്ചതിനെ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി ചിത്രീകരിക്കുകയും ചെയ്ത തരൂര്‍ കലാപം ആളിക്കത്തിക്കാന്‍ തന്നാലാവും വിധം പരിശ്രമിച്ചു. ലേഖനം പ്രസിദ്ധീകരിച്ച പത്രവും അവരുടെ ചാനലുമെല്ലാം റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയെ ആക്രമിച്ച ഖാലിസ്ഥാന്‍ വാദികളെ മഹത്വവല്‍ക്കരിക്കുവാന്‍ മത്സരിച്ചതും എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ എവിടെയൊക്കെയോ അപകടം മണക്കുന്നു. എന്തായാലും ശശി തരൂരിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുത്തിരിക്കുകയാണ്. സമാനമായ കുറ്റത്തിന് കേസെടുക്കേണ്ട ചില മലയാള ദിനപ്പത്രങ്ങളും ചാനലുകളും ഉണ്ടെന്ന് വിസ്മരിക്കാന്‍ കഴിയില്ല.
ഖാലിസ്ഥാന്‍ ഭീകരരും പാക്ബന്ധമുള്ള ചില കര്‍ഷക സംഘടനകളും ചേര്‍ന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക വലിച്ചെറിഞ്ഞ് ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയപ്പോള്‍ അതിനെ ചരിത്രമുഹൂര്‍ത്തം എന്നാണ് ‘പാകിസ്ഥാന്‍ ഫസ്റ്റ്’ട്വീറ്റ് ചെയ്തത്. സമാനമായ ഭാഷയും ശൈലിയുമായിരുന്നു ശശി തരൂരിന്റെ ലേഖനം കൊടുത്ത കോഴിക്കോടന്‍ പത്രത്തിന്റേത് എന്നതും ശ്രദ്ധേയമാണ്. മെഹ്‌റ തരാര്‍ എന്ന പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകയുമായി ശശി തരൂരിനുണ്ടായിരുന്ന ദുരൂഹബന്ധം മാധ്യമങ്ങള്‍ പലതും മുന്നേ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വിഘടന-തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മലയാളികളായ രാഷ്ട്രീയ നേതാക്കന്മാരുടെയും ചില മലയാള മാധ്യമങ്ങളുടെയും നിലപാട് അടുത്തകാലത്ത് കൂടുതല്‍ ഉയര്‍ന്നുകേട്ടു തുടങ്ങിയിരിക്കുകയാണ്. ജനാധിപത്യ രീതിയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ അടുത്തകാലത്തൊന്നും സാധ്യമല്ലെന്ന നിരാശയില്‍നിന്നും ശത്രുരാജ്യങ്ങളുടെയും ഭീകര പ്രവര്‍ത്തകരുടെയും സഹായം പറ്റിക്കൊണ്ട് നടന്ന അട്ടിമറി ശ്രമമായിരുന്നു റിപ്പബ്ലിക്ക് ദിനത്തില്‍ ദില്ലിയില്‍ അരങ്ങേറിയത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പൗരത്വനിയമഭേദഗതിയുടെ മറവില്‍ ദില്ലിയില്‍ അഴിഞ്ഞാടിയ അതേ ശക്തികള്‍ തന്നെയാണ് കര്‍ഷകസമരത്തിന്റെ പേരിലും കലാപമുണ്ടാക്കിയത്. ആഗോളതലത്തില്‍ ഭാരതത്തിന് വര്‍ദ്ധിച്ചുവരുന്ന യശസ്സും പിന്‍തുണയും ചൈനയേയും പാകിസ്ഥാനേയും ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിര്‍ത്തിയില്‍ ചൈനക്കുണ്ടായിരുന്ന മേല്‍ക്കൈ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ നഷ്ടപ്പെട്ടു എന്നത് ചൈനയുടെ ആഗോള പ്രതിച്ഛായയെ തന്നെബാധിച്ചിട്ടുണ്ട്. ആണവശക്തിയെന്ന ബഡായി കൊണ്ടൊന്നും ഭാരതത്തെ ഭയപ്പെടുത്താന്‍ ആവില്ല എന്ന് പാകിസ്ഥാനെ രണ്ടു സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍കൊണ്ട് ഭാരതം ബോധ്യപ്പെടുത്തിക്കഴിഞ്ഞു. അത്തരം സാഹചര്യത്തിലാണ് ഭാരതത്തിലെ ചില മാധ്യമങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിലക്കെടുത്തുകൊണ്ട് ശത്രുരാജ്യങ്ങള്‍ ഭാരതത്തിന്റെ ആഭ്യന്തര രംഗത്ത് നിരന്തരം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത്. കര്‍ഷക സമരത്തിന്റെ മറവില്‍ ഭാരതത്തിന്റെ എഴുപത്തിരണ്ടാം ഗണതന്ത്ര ദിനത്തെ രക്ത പങ്കിലമാക്കാനാണ് ചില വ്യക്തികളും മാധ്യമങ്ങളുംചേര്‍ന്ന് ശ്രമിച്ചത്. റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് ട്രാക്ടര്‍ ഓടിച്ച് കയറ്റുകയും അങ്ങിനെ രാഷ്ട്രസുരക്ഷയേയും അഭിമാനത്തേയും വെല്ലുവിളിക്കുകയും ചെയ്യുക എന്നതായിരുന്നു കലാപകാരികളുടെ ലക്ഷ്യം. ദില്ലി പോലീസിന്റെ സംയമന പൂര്‍ണ്ണമായ നിലപാട് ഒന്നുകൊണ്ടുമാത്രമാണ് വെടിവയ്പും വലിയ ചോരചൊരിച്ചിലും ഒഴിവായത്. തങ്ങളുടെ പദ്ധതികള്‍ പാളുന്നു എന്ന് കണ്ടപ്പോഴാണ് ശശി തരൂരും മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമൊക്കെ കര്‍ഷക സമരത്തിനു നേരെ പോലീസ് വെടിവയ്പുണ്ടായി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. കലാപത്തെ കൂടുതല്‍ വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്. യോഗേന്ദ്രയാദവ്, മേധാപട്കര്‍, കെ.കെ. രാഗേഷ്, ബിന്ദു അമ്മിണി തുടങ്ങിയവരൊക്കെ കര്‍ഷക സമരമെന്നപേരില്‍ നടന്ന ഖാലിസ്ഥാന്‍ വാദികളുടെ ഭീകര പ്രവര്‍ത്തനത്തിന്റെ മുന്നണിയില്‍ വന്നത് സ്വാഭാവികം മാത്രമാണ്. ദേശീയവാദികളുടെ ഭരണകൂടം അധികാരത്തില്‍ വന്നതോടെ ഇത്തരക്കാരുടെ രാഷ്ട്രവിരുദ്ധ നിലപാടുകള്‍ വിലപ്പോകാതെയായി. അതോടെ ഏതു വിധേനയും ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെ വിവിധ വേഷങ്ങളിലും ഭാവങ്ങളിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക എന്നതായി ഇവരുടെ പ്രവര്‍ത്തനശൈലി തന്നെ. സിക്കുകാരുടെ തലപ്പാവും ധരിച്ച് ഷാജഹാന്‍ പൂരില്‍ ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഇടിപ്പിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് എം.പി. കെ.കെ. രാഗേഷ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത് ‘ഞങ്ങള്‍ തുടങ്ങി എന്നായിരുന്നു.’ ഭാരതത്തിനെതിരെയുള്ള ഖാലിസ്ഥാന്‍, പാക്ക് ഭീകരരുടെ യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റുകളും അണിചേര്‍ന്നതിന്റെ ചിത്രമാണ് കെ.കെ.രാഗേഷ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
സിക്ക് മതത്തോടുള്ള ഭാരതത്തിലെ ദേശീയവാദസംഘടനകള്‍ക്കുള്ള മതിപ്പും ആദരവും തിരിച്ചറിയുന്ന പാക്-ചൈന കുബുദ്ധികള്‍ ഏതു വിധേനയും ആ സമൂഹത്തെ രാഷ്ട്രവിരുദ്ധ ചേരിയില്‍ എത്തിക്കാനാണ് കര്‍ഷക സമരത്തിന്റെ മറവില്‍ ശ്രമിച്ചത്. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം എന്ന പേരില്‍ കാനഡയിലും അമേരിക്കയിലും പ്രകടനം നടത്തിയത് ഖാലിസ്ഥാന്‍ ഭീകര സംഘടനയായിരുന്നു. പാകിസ്ഥാനോട് ചേര്‍ന്ന് ഇവര്‍ നടത്തിയ ഭാരതത്തിനെതിരെയുള്ള പ്രച്ഛന്നയുദ്ധമായിരുന്നു കര്‍ഷക സമരം. എല്ലാക്കാലത്തും രാജ്യത്തെ ഒറ്റുകൊടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റുകള്‍ അര്‍ബന്‍ നക്‌സലുകള്‍, ഇവരുടെ ഒക്കെ പണം പറ്റുന്ന മലയാളത്തിലേതടക്കമുള്ള ചില മാധ്യമങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്നുനടത്തിയ ഗൂഢാലോചനയാണ് റിപ്പബ്ലിക്ക് ദിനത്തിലെ ദില്ലികലാപം. ജനങ്ങള്‍ക്ക് ഒരിക്കല്‍കൂടി അഞ്ചാം പത്തികളെ തിരിച്ചറിയാനായി എന്നതാണ് ഈ സംഭവവികാസങ്ങള്‍ കൊണ്ടുണ്ടായ മെച്ചം.