ഇരിഞ്ഞാലക്കുട: ത്യാഗത്തിന്റെ ഭാരതീയ ദര്‍ശനത്തെ പ്രത്യക്ഷവല്‍ക്കരിക്കുന്ന ഒരു സ്ഥാപനമാണ് സേവാഭാരതി ഇരിഞ്ഞാലക്കുടയില്‍ ആരംഭിക്കുന്നതെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാരതം ഉയരണമെങ്കില്‍ ദേശസ്‌നേഹികളായ നിസ്വാര്‍ത്ഥസേവകര്‍ വളര്‍ന്നുവരണമെന്നും നേടിയതിനേക്കാള്‍ കൂടുതല്‍ അര്‍ഹരായ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോളാണ് മനുഷ്യ ജീവിതം ധന്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വാനപ്രസ്ഥാശ്രമം പുനര്‍നിര്‍മ്മാണ സമിധി ചെയര്‍മാന്‍ ഗോപിനാഥന്‍ പീടികപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണന്‍ ശിലാസ്ഥാപനത്തിന്റെ യോഗം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തി. സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, വിശ്വ സേവാഭാരതിയുടെ മോഹന്‍ ചിന്മയ, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, സംഗമേശ്വര ട്രസ്റ്റ് അംഗം ഡോ.ആനന്ദം എന്നിവര്‍ സംസാരിച്ചു. സേവാഭാരതി പ്രസിഡന്റ് ഐ.കെ. ശിവാനന്ദന്‍ നിര്‍മ്മാണ നിധി സ്വീകരിച്ചു. പി.കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും സതീഷ് പള്ളിച്ചാടത്ത് നന്ദിയും പറഞ്ഞു.