മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് തീവ്രവാദ വിരുദ്ധതയുടെ ബാനറുമായി മതമൗലികവാദവും രാജ്യവിരുദ്ധതയും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം കണക്ക് കേരളത്തിലാകമാനം വിതരണം ചെയ്യുകയാണ് മുസ്ലീംലീഗ്. നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരാകാന്‍ കോണ്‍ഗ്രസ്സിനോടും കമ്മ്യൂണിസ്റ്റുകളോടും ലീഗ് നടത്തുന്ന മത്സരമാണിത്. രാജ്യത്ത് നടക്കുന്ന ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളും ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് വിജയവും അനുദിനം വര്‍ദ്ധിക്കുന്ന നരേന്ദ്രമോദിയുടെ ജനപ്രീതിയും ലീഗിനെ ഒട്ടൊന്നുമല്ല അങ്കലാപ്പിലാക്കുന്നത്. മോദിവിരുദ്ധനായ ഏതുചെകുത്താനെയും തലയിലേറ്റി നടക്കാന്‍ അവര്‍ കാണിക്കുന്ന ആവേശത്തില്‍ നിന്നു അതു വ്യക്തമാണ്.
രാജ്യദ്രോഹികളെയും തീവ്രവാദികളെയും നിയമലംഘകരെയും ലീഗ്, മനുഷ്യാവകാശത്തിന്റെ പേരില്‍ കുട പിടിച്ച് സ്വീകരിച്ചാനയിക്കുന്നത് ആദ്യമായല്ല കേരളം കാണുന്നത്. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുള്‍നാസര്‍ മദനിയെ സന്ദര്‍ശിച്ച് പിന്‍തുണയറിയിക്കുകയും, പീസ് സ്‌ക്കൂളില്‍ പിഞ്ചുകുട്ടികളെ മതംമാറ്റാന്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ എം.എം. അക്ബര്‍ പ്രതിക്കൂട്ടിലായപ്പോഴും, വിദ്വേഷ പ്രസംഗകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെ കേസെടുത്തപ്പോഴും, പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പ്രണയക്കുരുക്കിലാക്കി കടത്തിക്കൊണ്ടുപോയ അഖില ഹാദിയയുമായി ബന്ധപ്പെട്ട കേസ്സില്‍ നിയമ നടപടികള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുമ്പോഴും രാജ്യത്തെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയില്‍ സംശയം പ്രകടിപ്പിച്ചും ചോദ്യം ചെയ്തുമുളള നിലപാടാണ് മുസ്ലീംലീഗ് സ്വീകരിച്ചത്. ഈ കേസ്സില്‍ ലീഗു പോപ്പുലര്‍ ഫ്രണ്ടിനു പിന്തുണ നല്‍കുകയുമുണ്ടായി.
ബംഗ്ലാദേശിലെ ധാക്കയില്‍ ഐ.എസ് നടത്തിയ ആക്രമണത്തിന് പ്രതികള്‍ക്ക് പ്രേരണയായത് സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്നും, നായിക്കിനെതിരെ നടപടി വേണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസും, കേന്ദ്ര സര്‍ക്കാറും നടപടി ആരംഭിച്ചപ്പോള്‍ അയാള്‍ക്ക് സംരക്ഷണ കവചവുമായി രംഗത്ത് വന്നത് മുസ്ലീംലീഗായിരുന്നു. അന്ന് രാജ്യത്ത് പ്രമുഖ സുന്നി-ഷിയാ നേതാക്കള്‍ സക്കീര്‍ നായിക്കിനെ തള്ളി പറയുകയാണുണ്ടായത്. ലീഗിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ. പി.ടി തോമസ് എതിര്‍പ്പ് പ്രകടിപ്പിക്കുകയും, തോമസിന്റെ മണ്ഡലമായ തൃക്കാക്കരയിലെ ക്രിസ്ത്യന്‍ യുവതി മെര്‍ലിന്‍ മതംമാറി മറിയയായി ഐഎസ്സിലേക്ക് ചേക്കേറിയത് സക്കീര്‍ നായിക്കിന്റെ പ്രേരണയിലാണെന്ന് പറയുകയുമുണ്ടായി. സംഭവം വിവാദമായപ്പോള്‍ ലീഗിനെ തളളിപ്പറയാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം ഗുലാം നബി ആസാദിനെ ചുമതലപ്പെടുത്തുകയായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരാണെന്ന പ്രചാരണത്തിനായി ആത്മഹത്യ ചെയ്ത യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ അമ്മ രാധികാ വെമൂലയെ കഴിഞ്ഞ വര്‍ഷം മുസ്ലീംലീഗ് കേരളത്തിലുടനീളം കൊണ്ടുനടന്നു മോദിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിക്കുകയുണ്ടായി. വീടുവെക്കാന്‍ ഇരുപത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് രാധികാ വെമൂലക്ക് യൂത്ത്‌ലീഗ് നല്‍കിയ അഞ്ച് ലക്ഷം രൂപയുടെ വണ്ടിചെക്ക് മടങ്ങിയത് വാര്‍ത്തയായി. മോദി വിരുദ്ധ പ്രചരണത്തിന് മുസ്ലീംലീഗ് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ അമ്മയെ വിലക്കെടുക്കുന്ന കാര്യം ബി.ജെ.പി. ഉന്നയിക്കുകയും മാധ്യമ ശ്രദ്ധ നേടുകയുമുണ്ടായി. പ്രശ്‌നം വിവാദമായപ്പോള്‍ യൂത്ത്‌ലീഗ് പണം നല്‍കാമെന്ന് പറഞ്ഞ് തടിയൂരിയത് മലയാളി മറന്നിട്ടില്ല. ഇന്ന് രാധികാ വെമൂലക്ക് പകരം സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ടിനെയാണ് ലീഗ് ബി.ജെ.പി-മോദി വിരുദ്ധ പ്രചരണത്തിന് കേരളത്തിലേക്ക് കെട്ടിയിറക്കിയത്.
കേരള നിയമസഭയില്‍, കോണ്‍ഗ്രസ്സും ലീഗും ഒറ്റക്കെട്ടായ ഇടുക്കിയില്‍ കസ്റ്റഡി മരണത്തിന് കാരണക്കാരായ എസ്.പി. വേണുഗോപാല്‍ ഉള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഭ ബഹിഷ്‌ക്കരിക്കുമ്പോള്‍, പുറത്ത് കോഴിക്കോട് നഗരത്തില്‍ കസ്റ്റഡി മരണ കേസ്സില്‍ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി ഗുജറാത്തിലെ ജാംനഗര്‍ ജില്ലാകോടതി ശിക്ഷ വിധിച്ച മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതഭട്ടിനെ മുന്‍നിര്‍ത്തി ‘അംബ്രല്ലാ മാര്‍ച്ച്’ നടത്തുകയായിരുന്നു.
ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്രമോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയെ സമീപിക്കുകയും, സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം എ. ആര്‍. രാഘവന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) അന്വേഷണത്തിലൂടെ നരേന്ദ്രമോദിക്ക് അഗ്നിശുദ്ധി വരുത്തുകയും ചെയ്തു. മോദിക്കെതിരെ ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് – ഇടതു ബുദ്ധിജീവി അച്ചുതണ്ട് കരുവാക്കിയ, മുന്‍ എം.പി. ഇര്‍ഫാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ കൊടുത്ത കേസ്സും തള്ളി. ഇവരുടെ മറ്റൊരു കരുവായിരുന്നു സഞ്ജീവ് ഭട്ട്.
സഞ്ജീവ് ഭട്ടിനെ നമ്മുടെ നീതിന്യായ കോടതി ജീവപര്യന്തം ശിക്ഷിച്ചത് തെളിവുകളുടെയും, സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ്. മുപ്പത് വര്‍ഷം മുമ്പേ നടന്ന കേസില്‍ മുന്‍ ഐ.പി.എസ്‌കാരനെ ശിക്ഷിച്ചത് മഹാഅപരാധമാണെന്നു കണ്ടെത്തുന്ന ലീഗ് കേരളത്തില്‍ നക്‌സല്‍ വര്‍ഗ്ഗീസ് വധകേസില്‍ നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.ജി. ലക്ഷ്മണയെ കേരളത്തിലെ കോടതി കുറ്റക്കാരനായി കണ്ട് ശിക്ഷ വിധിച്ചകാലത്തും ഇവിടെ ഉണ്ടായിരുന്നില്ലേ? സഞ്ജീവ് ഭട്ടിന് കിട്ടിയ ശിക്ഷ നരേന്ദ്രമോദിയുടെ പ്രതികാര നടപടിയായാണ് ലീഗ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ നിയമത്തിന് മുമ്പാകെ ഐ.പി.എസ്‌കാരനും ബി.പി.എല്‍കാരനും തുല്യരാണെന്ന സാമാന്യ തത്ത്വംപോലും മോദി വിരോധത്താല്‍ ലീഗ് വിസ്മരിക്കുകയാണ്.
ജാംനഗറിലെ പ്രത്യേക കോടതി സഞ്ജീവ് ഭട്ടിനെ കുറ്റക്കാരനായി കണ്ടെത്തിയ 432 പേജുളള വിധിന്യായത്തില്‍ ഒരു അവ്യക്തതയുമില്ല. സംഭവകാലത്ത് ജാംനഗര്‍ എ.എസ്.പിയായിരുന്ന സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ എടുത്ത നൂറിലധികം പേരില്‍ നിരവധി ആളുകള്‍ക്ക് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. മരണപ്പെട്ടയാളോടൊപ്പം മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ ദൃക്‌സാക്ഷികളുടെ മൊഴികളാണ് കേസില്‍ നിര്‍ണ്ണായകമായത്. ആരോഗ്യവാനായ മനുഷ്യന്റെ ഇരു വൃക്കകള്‍ക്കും ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം എന്ന് പത്മശ്രീ നേടിയ ഡോക്ടറുടെ സാക്ഷിമൊഴിയും, പ്രതിയുടെ ഡ്യൂട്ടിയും സാന്നിധ്യവും തെളിയിക്കുന്ന ഔദ്യോഗിക രേഖകളും വിചാരണ കോടതിക്ക് മുമ്പാകെ ശക്തമായ തെളിവുകളായപ്പോഴാണ് സഞ്ജീവ് ഭട്ട് ജീവപര്യന്തം അഴിയെണ്ണണമെന്ന് കോടതി വിധിച്ചത്. വിചാരണക്കിടെ പ്രതിയുടെ ഭാഗത്ത് നിന്ന് പതിനൊന്ന് സാക്ഷികളെ വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി നിരസിക്കുകയായിരുന്നു. മുഗുള്‍ റോത്തകിയെ പോലുളള പ്രമുഖ അഭിഭാഷകന്റെ വാദംപോലും സുപ്രീംകോടതി അംഗീകരിക്കുകയുണ്ടായില്ല എന്നതില്‍ നിന്ന് അത്രക്ക് ബാലിശമായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെന്ന് വ്യക്തമാകുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു അഭിഭാഷകനെ ലഹരി മരുന്ന് കേസില്‍ കുടുക്കി ജയിലിലടച്ച കേസിലും സഞ്ജീവ് ഭട്ട് പ്രതിയാണ്.
രാജ്യത്തെ വിചാരണ കോടതി പോലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം ശിക്ഷവിധിക്കുന്നത് ആദ്യത്തെ സംഭവമല്ല. നമ്മുടെ ക്രിമിനല്‍ നിയമ വ്യവസ്ഥ അവിടെ അവസാനിക്കുന്നതുമല്ല. ഹൈക്കോടതിയും, സുപ്രീംകോടതിയും വിധിന്യായത്തിലെ പിശകുണ്ടെങ്കില്‍ തിരുത്തുവാനാണ് നിലകൊളളുന്നത്. അതാണ് കോടതി വിധിക്കെതിരായ വ്യവസ്ഥാപിത പരിഹാര മാര്‍ഗ്ഗം എന്നിരിക്കെയാണ്, സഞ്ജീവ് ഭട്ടിനെ രക്ഷിക്കാന്‍ മുസ്ലീം ലീഗ് നടത്തുന്ന ‘കുടപിടിക്കല്‍ മാര്‍ച്ച്’. ഇത് ഒരു രാഷ്ട്രീയ പ്രചരണം മാത്രമായി തളളിക്കളയാനാവില്ല, മറിച്ച് രാജ്യത്തെ ജനാധിപത്യത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്കും എതിരായി മുസ്ലീം ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് രാജ്യ വിരുദ്ധ ചേരിയിലെത്തിക്കുക എന്നതാണ് ലീഗ് ലക്ഷ്യം വെക്കുന്നത്.