ലോകത്തിലെ ഏറ്റവും പ്രാചീനമായ നഗര സംസ്‌കാരങ്ങളിലൊന്നിന്റെ ഉടമയായ ഭാരതത്തിന്റെ വളര്‍ച്ച പഴമയും പുതുമയും നിലനിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ മറ്റ് രണ്ട് സംസ്‌കാര കേന്ദ്രങ്ങളായിരുന്ന ഇറാക്കും ഈജിപ്തും മുന്നോട്ട് കുതിച്ചത് പഴമയുടെ എല്ലാ കണ്ണികളും മുറിച്ച് കളഞ്ഞ് കൊണ്ടാണ്. പുരാതന സംസ്‌കാരങ്ങള്‍ മണ്‍മറഞ്ഞതിന്റെയും തല്‍സ്ഥാനത്ത് പുതിയ സംസ്‌കാരങ്ങള്‍ ഉയര്‍ന്നുവന്നതിന്റെയും ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. പക്ഷെ, ഭാരതത്തിലുള്ളത് പോലെ ഒരു തുടര്‍ച്ച കണ്ടെത്താന്‍ കഴിയില്ല.
വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്ത ഏതോ മഹാനാശത്തിന്റെ ഫലമായി ഹാരപ്പായിലെയും മൊഹന്‍ജോദാരോവിലെയും നഗരങ്ങള്‍ നശിച്ച് പോയിരിക്കാം. എന്നാല്‍ അനേകായിരം വര്‍ഷങ്ങളിലൂടെ വികാസം പ്രാപിച്ച ആ സംസ്‌കാരവും അതിന്റെ ശില്പികളും ഒന്നോ രണ്ടോ പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ഭാരതത്തിന്റെ വിശാലമായ ഭാഗങ്ങളില്‍ അതിന്റെ അലകള്‍ എത്തിയിരുന്നു. അവയെല്ലാം ഒരു നിമിഷം കൊണ്ട് നശിച്ച് നാമാവശേഷമായെന്ന് വിശ്വസിക്കാനാവില്ല. പല കാരണങ്ങള്‍ കൊണ്ട് അവയ്ക്ക് തളര്‍ച്ച സംഭവിച്ചിരിക്കാം എന്നുമാത്രം.
സിന്ധു നദീതട സംസ്‌കാരകാലത്തെ നഗരങ്ങള്‍ നശിക്കുകയും പകരം പുതിയ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും അഭിവൃദ്ധിപ്പെടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ വീക്ഷണത്തിലും ജീവിതരീതികളിലും ചില മാറ്റങ്ങള്‍ വന്നു. പരിഷ്‌കൃത നഗരങ്ങള്‍ കെട്ടിപ്പൊക്കുന്നതിലല്ല കാര്‍ഷികാഭിവൃദ്ധിയിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അവര്‍ പ്രകൃതി ശക്തികളെ സ്‌നേഹിക്കാനും ആരാധിക്കാനും തുടങ്ങി. ധര്‍മ്മത്തിലും തത്ത്വചിന്തയിലും അധിഷ്ഠിതമായ ജീവിതരീതിക്കാണ് അവര്‍ പ്രാധാന്യം നല്കിയത്. വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിലോ, പരിഷ്‌കൃത നഗരങ്ങള്‍ സംവിധാനം ചെയ്യുന്നതിലോ ശ്രദ്ധിച്ചില്ല. മനുഷ്യമനസ്സിന്റെ നിഗൂഢരഹസ്യങ്ങള്‍ മനസ്സിലാക്കിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. ഭൗതിക ജീവിതത്തിലെ സുഖഭോഗങ്ങളില്‍ താല്‍പര്യമില്ലായിരുന്ന അന്നത്തെ പണ്ഡിത ശ്രേഷ്ഠന്മാര്‍ക്ക് ആവശ്യമായിരുന്നത് നഗരങ്ങളിലെ ബഹളങ്ങളോ കൊട്ടാരസദൃശമായ ഭവനങ്ങളോ അല്ലായിരുന്നു. കാനനങ്ങളുടെ സുഖശീതളമായ അന്തരീക്ഷവും നദീപുളിനങ്ങളിലെ ആശ്രമങ്ങളുമായിരുന്നു. സിന്ധുനദീതട സംസ്‌കാരകാലത്തെ ജനത ഭൗതിക പുരോഗതിയില്‍ അത്യധികം ശ്രദ്ധചെലുത്തിയവരായിരുന്നു. പില്ക്കാല ജനത അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ആത്മീയ ചിന്തകള്‍ക്ക് മുന്‍തൂക്കം കൊടുത്തു. കെട്ടിടങ്ങളില്‍ എങ്ങനെ സൗകര്യം വര്‍ദ്ധിപ്പിക്കാം എന്നല്ല; ജീവാത്മാവിനെയും പരമാത്മാവിനെയും കുറിച്ചാണ് അവര്‍ ചിന്തിച്ചത്.
സിന്ധുനദീതടസംസ്‌കാരത്തിന്റെ പതനശേഷം ഭാരതത്തില്‍ മുന്നണിയിലെത്തിയ ജനവിഭാഗമാണ് ആര്യന്മാര്‍. ഭാരതത്തില്‍ വളരെയേറെ ഗോത്രങ്ങളുണ്ടായിരുന്നു. അതിലൊന്ന് മാത്രമാണ് ആര്യന്മാര്‍. ആര്യന്‍ എന്ന വാക്കിന് സംസ്‌കൃതത്തില്‍ കുലീനന്‍ എന്നാണ് അര്‍ത്ഥം. ജാതിയെയല്ല ഗുണവാനായ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിലാണ് വേദങ്ങളിലും ഇതിഹാസങ്ങളിലും ആര്യന്‍ എന്ന പേര് പ്രയോഗിച്ചിട്ടുള്ളതെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. വാല്മീകി ശ്രീരാമനെ ആര്യനെന്ന് വിശേഷിപ്പിക്കുമ്പോള്‍ കൈകേയിയെ അനാര്യയെന്നാണ് വിളിക്കുന്നത്. ശ്രീരാമനെ വനവാസത്തിന് അയയ്ക്കുവാന്‍ ആവശ്യപ്പെട്ടതാണ് കൈകേയിയെ അനാര്യയെന്ന് വിശേഷിപ്പിക്കാന്‍ കാരണം.
ഈ ദേശത്തിന്റെ പ്രാചീനനാമം ആര്യാവര്‍ത്തമെന്നാണ്. പ്രാചീനകാലത്ത് ഭാരതത്തിന്റെ അതിര്‍ത്തി ഇന്നത്തെക്കാള്‍ വളരെ വിശാലമായിരുന്നു. ഇന്നത്തെ പല അയല്‍രാജ്യങ്ങളും അന്നത്തെ ആര്യാവര്‍ത്തത്തില്‍ ഉള്‍പ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനും മറ്റും ആദ്യകാലത്ത് ആര്യാവര്‍ത്തത്തിന്റെ ഭാഗമായിരുന്നു.
ഇറാന്‍കാര്‍ വിശ്വസിക്കുന്നത് അവരുടെ പൂര്‍വ്വപിതാക്കള്‍ ഭാരതത്തില്‍ നിന്നാണ് കുടിയേറിപ്പാര്‍ത്തതെന്നാണ്. ഭാരതീയര്‍ ഇറാനിലേക്ക് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിട്ടുണ്ട്.
കുരുക്ഷേത്രയുദ്ധത്തില്‍ ചൈനക്കാരും കംബോജക്കാരും മാത്രമല്ല, പല വിദേശികളും പങ്കെടുത്തിരുന്നതായി മഹാഭാരതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിന് വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്.
വ്യാസനും വാല്മീകിക്കും തമിഴകവും തമിഴകത്തില്‍ ഉള്‍പ്പെട്ടിരുന്ന കേരളവും സുപരിചിതമായിരുന്നുവെന്ന് അവരുടെ കൃതികള്‍ സാക്ഷ്യം വഹിക്കുന്നു. മഹാഭാരതത്തില്‍ ഒന്നിലേറെ അവസരങ്ങളില്‍ ദക്ഷിണഭാരതത്തെ പരാമര്‍ശിക്കുന്നുണ്ട്.
അശ്വമേധപര്‍വ്വം അധ്യായം 83-ല്‍,
”തതസ്സമുദ്ര തീരേണ
വംഗാന്‍ പുണ്‍ഡ്രാന്‍ സ കേരളാന്‍
തത്ര തത്ര ചഭ്ര രീതി
മേച്ഛ സൈന്യാന്യനേകശ:” എന്നും,
സഭാപര്‍വ്വം അധ്യായം 78-ല്‍
”പാണ്ഡവായഭ ദൗപാണ്ഡ്യ
ശ്ശംഖാസ്താവത ഏവച
ചന്ദനാ ഗുരുചാനന്തം
മുക്താ വൈഡൂര്യ ചിത്രി നാ:
ചോളശ്ച കേരളശ്ചോ ഭൗ
ഭൗതു: പാണ്ഡവാ വൈ” എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ദിഗ് വിജയയാത്രയില്‍ സഹദേവന്‍ കേരളത്തിലേക്ക് വന്നതായും, രാജസൂയയാഗത്തിന് കേരളീയര്‍ യഥായോഗ്യം തിരുമുല്‍ക്കാഴ്ചയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയതായും യുദ്ധത്തില്‍ അവര്‍ക്ക് പങ്കുണ്ടായിരുന്നതായും മനസ്സിലാക്കാം.
രാമായണം കിഷ്‌കിന്ധാ കാണ്ഡം സര്‍ഗ്ഗം 41-ല്‍
”നദീം, ഗോദാവരീ ചൈവ
സര്‍വ്വമേവാനു പശ്ചത
തഥൈവാന്ധ്‌റാശ്ച പുണ്‍ഡ്രാം ശ്ച
ചോളാന്‍ പാണ്ഡാം ശ്ച കേരളാന്‍” എന്ന് കാണുന്നതില്‍ നിന്ന് സീതയെ തെരഞ്ഞുപിടിക്കാന്‍ സുഗ്രീവന്‍ അയച്ച വാനരന്മാര്‍ പരിചിതമായ ദക്ഷിണഭാരതത്തിലെ മറ്റ് സ്ഥലങ്ങള്‍ കടന്ന് കേരളത്തിലും അതിന്റെ തലസ്ഥാനമായ മുരചിപത്തനത്തിലും എത്തിയിരുന്നതായി മനസ്സിലാക്കാം.
മൗര്യഭരണകാലത്തും അതിന് മുമ്പും ദക്ഷിണ ഭാരതവുമായി വ്യാപാരബന്ധമുണ്ടായിരുന്നുവെന്നതിന് തക്കതായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഇയ്യാല്‍ എന്ന സ്ഥലത്ത് നിന്ന് മൗര്യകാലഘട്ടത്തിന് മുന്‍പുണ്ടായിരുന്ന 10 നാണ്യങ്ങളും ഏതാനും റോമന്‍ നാണ്യങ്ങളും ഒരേപാത്രത്തില്‍ നിന്ന് മണ്ണിന്നടിയില്‍ നിന്ന് ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയില്‍ ഏഴിക്കുളങ്ങര എന്ന സ്ഥലത്ത് നിന്ന് 1946-ല്‍ മൗര്യകാലഘട്ടത്തിന് മുന്‍പുള്ള ഒരു നാണ്യശേഖരം കണ്ടുകിട്ടി. പ്രാചീന കേരളത്തിന്റെ പ്രധാന തുറമുഖങ്ങളായിരുന്ന മുചിരിയും ചേറ്റുവായും ഭാരതത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളായിരുന്നു. വിദേശികള്‍ ഇവിടെ ഇറക്കുമതി ചെയ്തിരുന്ന ചരക്കുകള്‍ കച്ചവട സംഘങ്ങള്‍ വഴി ഭാരതത്തിലുടനീളം എത്തിച്ചിരുന്നു. അതുപോലെ കയറ്റി അയയ്ക്കുവാനുള്ള ചരക്കുകള്‍ ഇങ്ങോട്ടും കൊണ്ടുവന്നിരുന്നു. അതിന് ഒന്നാംതരം തെളിവാണ് പെരിപ്ലസ്‌കാരന്റെ വിവരണം. കേരളത്തിലെ ചരക്കുകള്‍ക്ക് പുറമെ, കിഴക്കും വടക്കുമുള്ള നാടുകളിലെ ചരക്കുകള്‍ ബംഗാളില്‍ നിന്ന് വരുന്ന ജടാമാഞ്ചി, ചുറ്റുപാടുള്ള ദ്വീപുകളില്‍ നിന്ന് ലഭിക്കുന്ന കവിടി മുതലായവയും മുസിരിസില്‍ നിന്നാണ് ലഭിച്ചിരുന്നത്.
കൗടില്യന് ദക്ഷിണഭാരതം സുപരിചിതമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അര്‍ത്ഥശാസ്ത്രം സാക്ഷ്യം വഹിക്കുന്നു. ഉത്തരഭാരതത്തെക്കാള്‍ വാണിജ്യപ്രാധാന്യമുള്ളത് ദക്ഷിണഭാരതമായിരുന്നുവത്രെ. ഉത്തരഭാരതീയരും ദക്ഷിണ ഭാരതീയരും നികട സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
ഭാരതത്തെ പൊതുവില്‍ ആര്യാവര്‍ത്തം എന്ന് വിളിച്ചിരുന്നുവെങ്കിലും ഈ മഹാരാജ്യം മുഴുവന്‍ ഏതെങ്കിലും ഒരു ഭരണാധികാരിയുടെ കീഴിലായിരുന്നില്ല. വ്യത്യസ്തങ്ങളായ അനവധി ഗോത്രങ്ങളും വര്‍ഗ്ഗങ്ങളും രാജ്യങ്ങളും ഭരണാധികാരികളുമുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളിലും ഭരണരീതികളിലും വ്യത്യസ്തത പുലര്‍ത്തിയിരുന്നുവെങ്കിലും അവരെയെല്ലാം അദൃശ്യമായി ബന്ധിപ്പിച്ചിരുന്ന ഒരു കണ്ണിയുണ്ടായിരുന്നു; ഭാരതീയത.
ഭാരതത്തിന്റെ വലിയൊരു ഭാഗം വനങ്ങളും കുറെയേറെ സ്ഥലങ്ങള്‍ ജനവാസയോഗ്യമല്ലാത്ത മരുപ്രദേശങ്ങളുമായിരുന്നു. ചില ഗോത്രങ്ങളും വര്‍ഗ്ഗങ്ങളും അധികാരത്തിനായി വടംവലി നടത്തിയിരുന്നുവെങ്കിലും പൊതുവില്‍ എല്ലാ ജനവിഭാഗങ്ങളും സൗഹൃദം പുലര്‍ത്തിയും പരസ്പരം വിവാഹബന്ധങ്ങളിലേര്‍പ്പെട്ടും യുദ്ധങ്ങളില്‍ അന്യോന്യം സഹകരിച്ചും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു.
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. എല്ലാ ഉത്സവാഘോഷങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുത്തിരുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ഗുരുക്കന്മാരില്‍ നിന്ന് വിദ്യയഭ്യസിച്ചിരുന്നു. പല കവയിത്രികളും വിദുഷികളും അക്കാലത്ത് ഭാരതത്തിലുടനീളമുണ്ടായിരുന്നു.
കൃഷിയിലും ഗ്രാമജീവിതത്തിലും ഊന്നിയ സമ്പദ് വ്യവസ്ഥയായിരുന്നു ഭാരതത്തിലുടനീളം. ഭൂരിഭാഗം ജനങ്ങളും കൃഷിയിലും കന്നുകാലി വളര്‍ത്തലിലും ഏര്‍പ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ മുഴുവന്‍ വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
”ആര്യന്‍ എന്നൊരു വംശം 2000-1500 ബി.സി.യില്‍ എപ്പോഴോ ഭാരതം കീഴടക്കി. അവര്‍ വടക്ക് പടിഞ്ഞാറെ ഭാഗത്ത് നിന്ന് വന്നവരാണ്. ഇവിടത്തെ ആദിവാസികളായ ദ്രാവിഡരെ അവര്‍ ആയുധശക്തികൊണ്ട് ആക്രമിച്ച് കീഴടക്കി.” 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പാശ്ചാത്യചരിത്രകാരന്മാരാണ് ഈ വാദം ആദ്യമായി ഉന്നയിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ദേശീയവികാരത്തിന് തടയിടാനും ഭാരതീയരെ ഭിന്നിപ്പിക്കാനുമാണ് പുതിയ തന്ത്രവുമായി അവര്‍ രംഗത്തെത്തിയത്. ബ്രിട്ടീഷുകാരെപ്പോലെ ആര്യന്മാരും വിദേശികളാണെന്നും അവര്‍ ദ്രാവിഡ വര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും ശത്രുക്കളാണെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി തയ്യാറാക്കിയ ‘കേംബ്രിജ് ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യം ആദ്യം രേഖപ്പെടുത്തിയത്. ഒരു ഭാഷ കൈകാര്യം ചെയ്യുന്നവര്‍, ഒരു പ്രത്യേക വംശക്കാരാണെന്ന തെറ്റിദ്ധാരണപരത്തി ആര്യന്മാരും ദ്രാവിഡരും തമ്മിലുള്ള സാങ്കല്പികമായ ആധിപത്യമത്സരം ഇന്ത്യാചരിത്രത്തിലെ മുഖ്യവിഷയമാക്കിയത് പാശ്ചാത്യര്‍ മാത്രമല്ല, സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവില്ലാത്ത ഭാരതീയ ചരിത്രമെഴുത്തുകാരും അത് ഏറ്റുപാടി.
1834-ല്‍ മെക്കാളെ പ്രഭു ഇന്ത്യാ കൗണ്‍സിലിന്റെ നിയമോപദേശകനായി. അദ്ദേഹമാണ് ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പാടേ തകിടം മറിച്ചത്. ഇംഗ്ലീഷുകാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി എഴുതി തയ്യാറാക്കിയ ഇന്ത്യാചരിത്രമാണ് ദീര്‍ഘകാലം നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും പഠിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 70 കൊല്ലം കഴിഞ്ഞിട്ടും അവയുടെ അവശിഷ്ടങ്ങള്‍ പാടേ മാറ്റാന്‍ സാധിച്ചിട്ടില്ല. നല്ലതെല്ലാം പുറമെനിന്ന് വന്നതാണെന്നും ഇവിടെയുള്ളതെല്ലാം കൊള്ളരുതാത്തതാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചു. ഭാരതീയ ഇതിഹാസങ്ങളും വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം അവരില്‍ പലരും പഠിച്ചതും വിവര്‍ത്തനം ചെയ്തതും വികലമായി വ്യാഖ്യാനിച്ചതുമെല്ലാം, ഭാരതീയരുടെ അന്ധവിശ്വാസങ്ങള്‍ അക്കമിട്ട് നിരത്തിക്കാണിക്കാനും, ഹൈന്ദവര്‍ക്ക് വൈദിക ഗ്രന്ഥങ്ങളിലുള്ള വിശ്വാസവും ആദരവും നഷ്ടപ്പെടുത്തുവാനുമാണ്.
ഒരുവംശത്തിന് ഒരു ഭാഷയും സംസ്‌കാരവും എന്നത് ചരിത്രത്തിന്റെ നിഷേധമാണ്. പല വംശങ്ങളും ഭാഷകളും സംസ്‌കാരങ്ങളും മനുഷ്യചരിത്രത്തില്‍ ഇടകലര്‍ന്ന് കൊണ്ടിരിക്കും. പ്രാചീന സാഹിത്യത്തിലോ ചിന്താധാരകളിലോ ഒരിടത്തും ആര്യ-ദ്രാവിഡ മത്സരത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇംഗ്ലീഷുകാര്‍ ചരിത്രം വളച്ചൊടിച്ച് ആര്യ-ദ്രാവിഡ മത്സരകഥ അവതരിപ്പിച്ചതെന്ന സത്യം വളരെ വൈകിയാണെങ്കിലും ഭൂരിപക്ഷം ഭാരതീയരും മനസ്സിലാക്കിയിട്ടുണ്ട്. ഭാരതം ഒരു പൊതു സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണ്. ആര്യ-ദ്രാവിഡ സംഘര്‍ഷം ഒരു മിഥ്യയാണ്. എല്ലാവംശങ്ങളും കൂടിക്കലര്‍ന്നതാണ് ഭാരത ജനതയും സംസ്‌കാരവും.
Comments