അമ്മയ്ക്ക് കല്യാണിയമ്മ എത്രയാണ് സഹായം എന്നറിയില്ല. അവര്‍ പതിവായി നന്നെ നേരത്തെ വീട്ടില്‍ എത്തിയിരുന്നു.
ചില കാര്യങ്ങള്‍ അമ്മ മറന്നാലും കല്യാണിയമ്മ മറക്കില്ല.
അടിക്കലും തുടക്കലും തുണി അലക്കലും പശുവിനെ നോക്കലും വളംവാരലും പാക്കലപ്പണിയും നെല്ല് വെക്കലും കുത്തലും അവിലിടിയും എന്നു വേണ്ട എല്ലാത്തിനും ഒപ്പമുണ്ടാകും.
ഓണം, വിഷു, ആതിര, പിറന്നാളുകള്‍ എന്നീ ദിവസങ്ങളില്‍ അമ്മയെപ്പോലെ തന്നെ നേരത്തെ കുളിച്ച് വെളുത്തത് ഉടുത്ത് ചന്ദനം തൊട്ട് എല്ലായിടത്തും നിറസാന്നിദ്ധ്യമായി കല്യാണിയമ്മയെ കാണുമ്പോള്‍ ഐശ്വര്യം വേറെ തേടേണ്ട.
തനിക്കുള്ളതുപോലുള്ള വെള്ള വസ്ത്രങ്ങളും ചെട്ടിയാരോടു വാങ്ങാറുള്ള ബ്ലൗസിനുള്ള ചീട്ടിത്തുണികളും കല്യാണിയമ്മയ്ക്ക് അമ്മ നല്‍കാറുണ്ട്. ചിരിയോടെ മാത്രമേ കല്യാണിയമ്മയെ കാണാറുള്ളൂ. അമ്മ അങ്ങനെ ചിരിക്കില്ല…
ചെറിയ ഒരസുഖം വന്നാല്‍ മരുന്നുകളായി!
വയലിനില്‍ നിന്നോ മറ്റോ കിനിയുന്ന ഒരു രാഗസുഗന്ധം, ഈ പാരസ്പര്യത്തിലൂടെ വീട്ടിലാകെ പരക്കുന്നുണ്ട്!
പണികള്‍ക്കിടയില്‍ ഓരോ പിഞ്ഞാണം കഞ്ഞി മതി. രണ്ടാളും പ്ലാവിലകൊണ്ട് മുക്കിക്കുടിച്ചോളും. തൊട്ടു കൂട്ടാന്‍ പുളിങ്ങാച്ചമ്മന്തിയോ മാങ്ങാക്കറിയോ ധാരാളം!
ചോറാണെങ്കില്‍ രണ്ടാള്‍ക്കും വാഴയില തന്നെ വേണമെന്നില്ല. തേക്കില, പൊടുണ്ണിയില അങ്ങനെ ഏതിലെങ്കിലും വിളമ്പി ഉണ്ടോളും.
കല്യാണിയമ്മ വെറുതെ ഇരിക്കില്ല. ഒന്നുമില്ലെങ്കില്‍ ഓലക്കൊടി കെട്ടുകളാക്കും, മുറ്റത്തെ പുല്ലുപറിക്കും. ശാഠ്യക്കാരനായ കുട്ടനെ ആശ്വസിപ്പിക്കും….
കൂട്ടാനും ഉപ്പേരിയുമൊന്നും നിര്‍ബന്ധമല്ല. രണ്ടു ചെന (ഉപ്പു) മാങ്ങയും കാന്താരിയും എമ്പാടുമാണ്. അല്ലെങ്കില്‍ ഇത്തിരി സംഭാരമോ ഉപ്പോ മതിയാവും.
അമ്മക്കെന്നല്ല, വീട്ടില്‍ ഏവര്‍ക്കും നിത്യവും കല്യാണിയമ്മ ഇല്ലാതെ വയ്യ….
അമ്മ പോയ ദിവസം ഉടുമുണ്ടിന്റെ കോന്തലകൊണ്ട് കണ്ണുതുടച്ച്, തേങ്ങലടക്കാന്‍ പണിപ്പെടുന്ന കല്യാണിയമ്മയെ സമാധാനിപ്പിക്കാനായിരുന്നു പാട്!
വല്ലാതെ വൈകാതെ കല്യാണിയമ്മയും കടന്നുപോയി….
ഇപ്പോള്‍ വീട്ടുമുറ്റത്ത് മതിലരികില്‍ രണ്ടു നിത്യകല്യാണി ചെടികള്‍ മാത്രം!