മുയല്‍ക്കുട്ടനൊരു സംശയം.
ലോകത്തിലെ ഏറ്റവും വലിയ മല ഏതാണ്?
മുയല്‍ മാനിനോട് സംശയം ചോദിച്ചു.
മാന്‍ മുയലിനെയുംകൂട്ടി, കാട്ടുപോത്തിനരികിലെത്തി.
അവര്‍ ഒന്നിച്ച്, മലയന്വേഷിച്ച് നടന്നു.
കുറച്ചുദൂരം ചെന്നപ്പോള്‍ ആനച്ചേട്ടനും അവര്‍ക്കൊപ്പംകൂടി.
പോകും വഴിക്കുകണ്ട, പുല്‍ച്ചാടിയോട്, എവിടെയാണ് ഏറ്റവും വലിയ മല എന്ന് ചോദിച്ചു.
തൊട്ടടുത്തുള്ള ഒരു ചിതല്‍പ്പുറ്റ് കാണിച്ചിട്ട് പുല്‍ച്ചാടി പറഞ്ഞു, ഇതാണ് ഏറ്റവും വലിയ മല.
തീരെ ചെറിയ ജീവിയായ പുല്‍ച്ചാടിക്ക് വലിയമല പോലെയാണ് ചിതല്‍പുറ്റ് തോന്നുന്നത്.
അവര്‍ വീണ്ടും മുന്നോട്ടു നടന്നു.
വഴിക്ക്കണ്ട എലിക്കുട്ടനോട് ചോദ്യം ആവര്‍ത്തിച്ചു. എലിക്കുട്ടന്‍ ദൂരെക്കാണുന്ന കുന്ന് കാട്ടിക്കൊടുത്തിട്ട് പറഞ്ഞു
അമ്പമ്പോ !എന്തൊരു വലിയമല, അക്കാണും മലയാണു കൂറ്റന്‍മല. മുയല്‍ക്കുട്ടന് അത്
സമ്മതമായി.
മറ്റുള്ളവര്‍ അത് കൂട്ടാക്കാതെ മുന്നോട്ടുനടന്നു.
കുറച്ചുകൂടി പോയപ്പോള്‍ വേറൊരുമല കണ്ടു അതാകും ലോകത്തിലെ ഏറ്റവും വലിയ മലയെന്ന് മുയലും മാനും ഉറപ്പിച്ചുപറഞ്ഞു ”ആ കാണുന്നതാണ് വലിയ മല.’
ആനച്ചേട്ടനും പോത്തച്ചനും അതു സമ്മതിച്ചില്ല.
അവര്‍ വീണ്ടും മുന്നോട്ടു പോയി. കുറെദൂരം നടന്നപ്പോള്‍ നീണ്ടുനിവര്‍ന്ന് വിശാലമായ കൂറ്റന്‍ പര്‍വ്വതം കണ്ടു.
കാട്ടുപോത്ത്, ആവേശത്തോടെ പറഞ്ഞു.
ഇതാ നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതം കണ്ടെത്തിയിരിക്കുന്നു.
ആന അത് സമ്മതിച്ചില്ല. ”ഇതൊക്കെ എത്ര ചെറുത്. ഇതിലും വലിയ പര്‍വ്വതങ്ങള്‍ ഈ
പ്രപഞ്ചത്തില്‍ ഉണ്ട്.”
ദിവസങ്ങള്‍ സഞ്ചരിച്ച് അവര്‍ ഒടുവില്‍ വളരെ വലിയൊരു പര്‍വ്വതത്തിനു സമീപമെത്തി.
ആനച്ചേട്ടന് സന്തോഷമായി.
‘ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പര്‍വ്വതത്തിനരികിലാണ് നമ്മള്‍ നില്‍ക്കുന്നത്.’
അതു വഴി പറന്നുവന്ന പരുന്തിനോട് അവര്‍ തങ്ങളുടെ സംശയം പങ്കിട്ടു.
പരുന്ത് പറഞ്ഞു: ഇതിന്റെ നാലിരട്ടിവലിപ്പമുള്ള പര്‍വ്വതങ്ങള്‍ വേറെയുണ്ട് ഈ ലോകത്ത്.
ദിവസങ്ങളോളം പറന്നാല്‍ ഹിമാലയത്തിലെത്താം. എത്രദിവസം പറന്നാലാണെന്നോ ആ പര്‍വ്വതത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റത്തെത്താന്‍ കഴിയുക.?
അതിന്റെ ഉയരമുള്ള കൊടുമുടിക്കുമുകളില്‍ പറക്കാന്‍ എനിക്കുപോലും എളുപ്പമല്ല.
എന്റെ കൂടെപ്പറക്കുന്ന പക്ഷികള്‍ പറഞ്ഞിട്ടുണ്ട് അതുപോലെ
വലിയ വലിയ പര്‍വതങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും വേറെയുണ്ട്.
വലുപ്പം അത് കാണുന്നയാളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും എവിടെനിന്നു നോക്കുന്നു എന്നത് വിഷയമാണെന്നും പരുന്തു പറഞ്ഞു.
ആനച്ചേട്ടന്‍ സമ്മതിച്ചു. ‘ശരിയാണ് പ്രാണികള്‍ക്ക് ചെറിയ മണ്‍കൂനകള്‍ പര്‍വ്വതമായി തോന്നുന്ന പോലെ… ഓരോരുത്തര്‍ക്കും അവരവരുടെ വലിപ്പത്തിനനുസരിച്ച് ചുറ്റുമുള്ള വസ്തുക്കളും വളരെ വലുതായും ചെറുതായും തോന്നും. ലോകപരിചയത്തില്‍ നിന്നും, അറിവുള്ളവരുടെ വാക്കുകളില്‍ നിന്നും, സ്വന്തം ആലോചനാശേഷി കൊണ്ടുമാണ് യഥാര്‍ത്ഥ വലിപ്പം തിരിച്ചറിയാന്‍ കഴിയുക.
നാം അറിഞ്ഞതിനേക്കാളും എത്രയോ അധികം അറിവുകള്‍ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ട്.