കേസരി 2020 ഡിസംബര്‍ 25ലെ വി.ടി.വാസുദേവന്റെ ‘അക്കിത്തത്തിന്റെ പൊന്നാനിത്തം’ എന്ന ലേഖനം ശ്രദ്ധേയമായി. അന്ന് കേരളത്തില്‍ നിളാനദി ആസ്ഥാനമായി ഒരു സാംസ്‌കാരിക വിപ്ലവം ഉടലെടുക്കുകയും സാര്‍വ്വത്രികമായും അത് അതിന്റെ പ്രായോഗിക നീര്‍ചാലുകളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ഒഴുകിയെത്തുകയും സാമൂഹ്യജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മത-ജാതി-വര്‍ണ്ണ രഹിതമായി നന്മ നിറഞ്ഞതും ധര്‍മ്മപൂരിതവുമായ ഒരു വ്യവസ്ഥിതി ഇവിടെ സ്ഥാപിച്ചെടുക്കുന്നതില്‍ ഈ കൂട്ടായ്മ നിര്‍ണ്ണായക പങ്കു വഹിച്ചുവെന്നുള്ളതും അവിതര്‍ക്കിതമാണ്. ലേഖകന്‍ സൂചിപ്പിച്ചതുപോലെ അതിന്റെ അമരത്തുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പിതാവായ വി.ടി. ഭട്ടതിരിപ്പാട്, അക്കിത്തം, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, മറ്റു സഹയാത്രികര്‍ എന്നിവരായിരുന്നു. അതിനുമുമ്പുതന്നെ നമ്പൂതിരി സമുദായത്തില്‍ പ്രത്യേകിച്ചും വിധവകള്‍ അനുഭവിച്ചുകൊണ്ടിരുന്ന തീരാദുഃഖത്തിനെതിരെ വി.ടിയും കൂട്ടരും ശബ്ദമുയര്‍ത്തിയിരുന്നു. സ്മാര്‍ത്ത വിചാരം നടത്തി, കുറ്റമാരോപിച്ചു ജീവിതാന്ത്യംവരെ മൂകമായിരിക്കാന്‍ വിധിയ്ക്കപ്പെട്ട യുവ നമ്പൂതിരി സ്ത്രീകളുടെ ശോച്യാവസ്ഥ മാറ്റാനും, വിധവാ വിവാഹം പ്രായോഗികമാക്കാനും ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ വേണ്ടി അന്ന് അവര്‍ തയ്യാറാക്കിയ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം നൂറുക്കണക്കിന് വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി.
പാഞ്ഞാളില്‍ നടന്ന അതിരാത്രത്തി ലെ അവസാന ചടങ്ങായ പശുവിന്റെ നവദ്വാരങ്ങളും അടച്ച് കൊണ്ടുള്ള വപയെടുക്കല്‍ എന്ന ഹീനമായ കര്‍മ്മം വേണ്ടെന്ന് വെയ്ക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത് വി.ടിയും സംഘവുമാണെന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്നത്തെ കേസരി പത്രാധിപര്‍ എം.എ. കൃഷ്ണന്‍ നിര്‍വ്വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.
ഭാരതത്തിന് സിന്ധുനദീതട സംസ്‌കാരം പോലെ കേരളത്തിനു പ്രത്യേകമായി അവകാശപ്പെടാന്‍ ഒരു നിളാനദി സംസ്‌കാരം ഉണ്ടായിരുന്നു. ആ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാനും അവിടെ നിന്നാരംഭിച്ച നവോത്ഥാനത്തെയും അതിന്റെ ശില്പികളായ എല്ലാ സാഹിത്യനായകന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സ്മരണിക നിളാപതിപ്പ് പ്രത്യേകമായി പ്രസിദ്ധീകരിച്ചു ലോകസമക്ഷം സമര്‍പ്പിയ്ക്കാനും കേസരിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പെ കഴിഞ്ഞു.
കേരളത്തില്‍ തെക്ക് ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും നയിച്ച പ്രസ്ഥാനങ്ങളും നിളാനദിതീരത്ത് വി.ടി.ഭട്ടതിരിപ്പാട്, അക്കിത്തം, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ മറ്റു സഹപ്രവര്‍ത്തകര്‍ ആരംഭിച്ച നവീകരണയത്‌നങ്ങളുമാണ് വാസ്തവത്തില്‍ ഇവിടുത്തെ നവോത്ഥാനത്തിന്റെ അടിത്തറയും നേട്ടങ്ങളും. ശരിയ്ക്കും നവോത്ഥാന കാലഘട്ടം എന്നു പറയാവുന്നത് ആ സമയത്തെയാണ്. രാഷ്ട്രീയമായും കലാ-സാംസ്‌കാരികവും സാഹിത്യപരവുമായി പിന്നീട് വന്നതെല്ലാം ഉപരിപ്ലവമായ മാറ്റങ്ങളാണ്. ആ നവോത്ഥാന കാലഘട്ടത്തിന്റെ ശില്പികള്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പിന്തുടരുക. അതാകട്ടെ നമ്മുടെ കര്‍മ്മം.