‘370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആരു പറഞ്ഞു?’ – ചോദിക്കുന്നത് നരേന്ദ്രമോദിയോ അമിത്ഷായോ അല്ല. കഴിഞ്ഞ ഒക്‌ടോബറില്‍ ഈ ആവശ്യം ഉന്നയിച്ച് രൂപംകൊണ്ട ഗുപ്കര്‍ മുന്നണിയുടെ നേതാവ് യൂസഫ് താരിഗാമിയാണ്. താരിഗാമി ചോദിക്കുന്നത് കേട്ടാല്‍ തോന്നും അദ്ദേഹത്തിന്റെ മുന്നണി 370-ാം വകുപ്പിന് എതിരും ബി.ജെ.പി അ നുകൂലവുമാണെന്ന്. ഈ വകുപ്പ് പുനഃസ്ഥാപിച്ചുകിട്ടാന്‍ ജമ്മുകാശ്മീരിലെ ഏഴു വിഘടവാദസംഘടനകള്‍ ചേര്‍ന്നാണ് ‘പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍’ രൂപീകരിച്ചത്. ‘ഞങ്ങള്‍ കണ്‍വെന്‍ഷന്‍ വിളിക്കുന്നുണ്ട്. ജനങ്ങളുമായി സംവദിക്കുന്നുണ്ട്’ എന്നൊക്കെ പറയുന്നതു കേട്ടാല്‍ ഇവര്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പോവുകയാണ് എന്നു തോന്നും. എന്നാല്‍ 370-ാം വകുപ്പിനുവേണ്ടി ഒരു അജണ്ടയും തങ്ങളുടെ കയ്യിലില്ല എന്നു താരിഗാമി കൈമലര്‍ത്തുന്നു.
ജമ്മുകാശ്മീരിലെ ജനങ്ങള്‍ 370-ാം വകുപ്പിനുവേണ്ടി കൂടെ നില്‍ക്കില്ല എന്ന തിരിച്ചറിവാണ് ഈ ഒഴിഞ്ഞുമാറലിന്റെ കാരണം. 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്നു ഞങ്ങളില്‍ ആരാണ് പറഞ്ഞത് എന്ന് താരിഗാമി പത്രക്കാരോട് ചോദിക്കുകയാണ്. ജമ്മുകാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുപോലും വേണ്ടാത്ത 370-ാം വകുപ്പ് പുനഃസ്ഥാപിച്ചു കിട്ടണം എന്നു ശാഠ്യം പിടിക്കുന്ന ചില കൂട്ടര്‍ ഇവിടെ കേരളത്തിലുണ്ട് – കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും. അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടു കൂട്ടുകൂടാന്‍ തുടങ്ങിയിട്ടും ഇപ്പോഴും ഇസ്രയേല്‍ വിരോധം തുപ്പിക്കൊണ്ടിരിക്കുന്ന അത്ഭുത ജീവികള്‍.