ഏറെ വിവാദം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്സില്‍ അവസാനം ആരോപണ വിധേയരായ പോലീസുകാര്‍ അറസ്റ്റിലായി. മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് മാത്രമായിരുന്നു അറസ്റ്റും തുടര്‍ നടപടികളുമെന്ന് സംഭവങ്ങള്‍ വീക്ഷിച്ചാല്‍ മനസ്സിലാകും. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് നെടുങ്കണ്ടം കേസ് അമ്പേഷിച്ചത്. എന്നിട്ടും പ്രതികളെ കണ്ടെത്താനും ആരോപണവിധേയരായവരെ അറസ്റ്റു ചെയ്യാനും വന്ന കാലതാമസത്തിന് ഉത്തരവാദി ഭരണകൂടം തന്നെയാണ്.
ഒരു സംസ്ഥാനത്തെ ക്രമസമാധനനിലയും പോലീസിന്റെ പ്രവര്‍ത്തന രീതിയും ആ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന്റെ ചിത്രം വിളിച്ചു പറയുന്നതാണ്.
കേരളത്തില്‍ ഇടതുമുന്നണി അധികാരമേറ്റ നാള്‍ മുതല്‍ മറ്റൊരിക്കലുമില്ലാത്ത വിധം പോലീസ് ആരോപണവിധേയമാവുകയാണ്. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ ക്രമസമാധാന കാര്യങ്ങള്‍ നേരിട്ട് എത്തിച്ച് കൊടുക്കുക പോലീസ് മേധാവിയാണ്. പോലീസിന്റെ തലപ്പത്തിരിക്കുന്ന ആള്‍ ശക്തനായാല്‍ കാര്യങ്ങള്‍ യഥാവിധി പരമാവധി പരാതികളില്ലാതെ പരിഹരിക്കാം. ഇവിടെ സ്ഥിതിഗതികള്‍ നേരെ മറിച്ചാണ്.
നിയമപരിരക്ഷകര്‍ നിയമലംഘകരാവുകയും കൊലയാളികളാവുകയും ചെയ്യുമ്പോള്‍ ഇതെല്ലാം നിയന്ത്രിക്കേണ്ടവര്‍ നിസ്സഹായരാകുന്നു. മുഖ്യമന്ത്രിയുടെ നടപടികള്‍ പ്രസ്താവനയിലൊതുങ്ങുമ്പോള്‍ ഡിജിപി പ്രതികരിക്കാനില്ലെന്ന് പരസ്യമായി വിളിച്ചു പറയുന്നു. അപ്പോള്‍ ഈ നാട്ടിലെ ക്രമസമാധാനപാലനം ആരുടെ ഉത്തരവാദിത്വം എന്ന ചോദ്യമുയരുന്നു.
സുപ്രീംകോടതി ഒരിക്കല്‍ ചോദിക്കുകയുണ്ടായി. Who will police the police.- നിയമസമാധാനം പരിരക്ഷിക്കുന്നതില്‍ നിരന്തരവീഴ്ച നിയമപാലകരില്‍ നിന്നു അനുഭവപ്പെട്ടതിലല്ല, മറിച്ച് വേലി തന്നെ വിള തിന്നുന്നത് കണ്‍മുമ്പില്‍ നിരന്തരമായി കാണേണ്ടി വന്നതിനാലാണ് ഉന്നതന്യായാധിപന്മാര്‍ ഇന്ത്യന്‍ സമൂഹത്തിനു നേരെ ഈ സംശയം ഉന്നയിച്ചത്.
കേരളാ പോലീസിന് ഈയിടെയായി സംഭവിച്ചുകൊണ്ടിരിക്കുന്ന തുടര്‍സംഭവങ്ങള്‍ മേല്‍പറഞ്ഞ ചോദ്യം സമൂഹ മനസ്സാക്ഷിക്കു മുമ്പാകെ ഒരു ഓര്‍മ്മക്കുറിപ്പും ചോദ്യചിഹ്നവുമായി വീണ്ടും ഉയര്‍ന്ന് വരാനിടയാക്കിയിരിക്കുന്നു. അച്ചടക്കം എന്ന ആപ്തവാക്യം ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഉയര്‍ത്തിപ്പിടിക്കേണ്ട തികഞ്ഞ ഉത്തരവാദിത്വമുള്ളവരാണ് നിയമപാലകര്‍. എന്നാല്‍ അച്ചടക്കത്തിന്റെ മുഴുവന്‍ സീമകളെയും പിഴുതെറിഞ്ഞ് കേരള പോലീസില്‍ ഇന്ന് നടമാടുന്ന ചില കാര്യങ്ങള്‍ ഹൃദയവേദന സൃഷ്ടിക്കുന്നതും പൊതുസമൂഹത്തില്‍ അരാജകത്വത്തിന് കാരണമാകുന്നതുമാണ്.
കൊച്ചിയിലെ ഒരു പോലീസ് സ്റ്റേഷന്‍ സി.ഐ. എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിച്ച് സ്ഥലം വിടുന്നു. തുടര്‍ന്നു മേലുദ്യോഗസ്ഥന്റെ പീഡനംകാരണം നാടുവിട്ടതാണെന്ന് ഭാര്യ പരാതിപറയുന്നു, പത്രമാധ്യമങ്ങള്‍ തലക്കെട്ട് വാര്‍ത്തയായും ഞെട്ടിക്കുന്ന വാര്‍ത്തയായും അത് ആഘോഷിക്കുന്നു. സംസ്ഥാന പോലീസ് മേധാവി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു തിരച്ചില്‍ നടത്തുന്നു. എന്നാല്‍ അധികം വൈകാതെ ഒരു വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ ലാഘവത്തോടെ രാജകീയ സ്വീകരണങ്ങളോടെ അയാള്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നു. മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്‍ കൂടി തങ്ങള്‍ക്ക് വേണമെന്ന് വാദിക്കുന്ന ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള കമ്മീഷണറുടെ മൂക്കിനു താഴെ നടന്ന ഈ നാടകം കണ്ട് സാദാ പോലീസുകാരും പൊതുജനവും അമ്പരക്കുന്നു.
തൊട്ടുമേലുദ്യോഗസ്ഥന്‍ ഒന്ന് ശാസിച്ചാല്‍ തോക്കും ലാത്തിയുമെല്ലാം മടക്കി ആരോടും പറയാതെ സ്ഥലവിടുന്ന ഗസറ്റഡ് പോലീസുദ്യോഗസ്ഥന്മാര്‍ വാഴുന്ന നാട്ടില്‍ ട്രാഫിക് ബ്ലോക്ക് കണ്ടാല്‍ ഉടന്‍ അടുത്ത ജ്യൂസ് കടയില്‍ കയറുന്ന കീഴ് ജീവനക്കാര്‍ സുലഭമായുണ്ട്. സംഘടനാ നേതാക്കളുടെ തിട്ടൂരം വകുപ്പുതല സര്‍ക്കുലറായി അയക്കുന്ന ഉന്നത ഉദ്യോഗസ്ഥരും കേരള പോലീസിന് സ്വന്തമായിരിക്കുന്നു.
അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്പുകളെയും ഒറ്റയടിക്ക് വെട്ടിമാറ്റുന്ന പ്രക്രിയയാണ് ഇക്കഴിഞ്ഞ ദിവസം തലസ്ഥാന സായുധസേനാ ക്യാമ്പില്‍ നടന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാന മന്ദിരത്തില്‍ നിന്നും വിളിപ്പാട് അകലെ മാത്രമുള്ള ഗേറ്റിനകത്ത് അച്ചടക്കം നൂറ് മേനി വിളയേണ്ട സായുധസേനാ ക്യാമ്പില്‍ പോലീസുകാര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെടുകയും, പരുക്കുപറ്റി ആരോഗ്യകേന്ദ്രത്തില്‍ അഭയം പ്രാപിക്കുകയുമുണ്ടായി.
ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ഉറങ്ങുന്ന, ഒരേ മേശക്ക് ചുറ്റും ഉണ്ണുന്ന, ക്യാമ്പില്‍ ഒരേ പ്ലാറ്റൂണിലെയും സ്‌കോഡിലേയും സഹപ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി ചോരചിന്തിയ സംഭവം കേരള പോലീസില്‍ വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ ചേരിതിരിവിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും അവസാന സംഭവമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പക്ഷേ അങ്ങനെയായിരിക്കാന്‍ സാധ്യതയില്ല. സംസ്ഥാന സര്‍ക്കാരുകള്‍ മാറിവരുന്നതിനനുസരിച്ച് അസോസിയേഷന്‍ നേതൃത്വവും ഓന്തിനെപ്പോലെ നിറം മാറുന്നതും സംഘടനാ നേതാക്കളുടെ മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന ഉന്നതരും കേരളാ പോലീസില്‍ നാല് പതിറ്റാണ്ടായി തുടര്‍ന്നുവരുന്നു. 1980ല്‍ കേരള സായുധസേന ബറ്റാലിയന്‍ ക്യാമ്പ് അന്നത്തെ ആഭ്യന്തരമന്ത്രിയായ ടി.കെ. രാമകൃഷ്ണന്‍ സന്ദര്‍ശിക്കുകയും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് അദ്ദേഹത്തെ ഒരു കൂട്ടര്‍ എതിരേറ്റപ്പോള്‍ പ്രതിപക്ഷനേതാവിന് സിന്ദാബാദ് വിളിക്കുന്ന മറ്റൊരുപക്ഷവും രൂപപ്പെട്ടു. അവിടെ തുടങ്ങുന്നു അച്ചടക്കരാഹിത്യത്തിന്റെ പെരുമഴക്കാലം. യുഡിഎഫ്-എല്‍ഡിഎഫ് പാനലുകളായി രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ വാശിയേക്കാളുപരി പല വൃത്തികേടുകള്‍ക്കും സാക്ഷിയായി തീര്‍ന്നിരിക്കുന്നു പോലീസ് സംഘടനാ തിരഞ്ഞെടുപ്പ്.
ഇന്ത്യയിലെ 90 കോടി ജനങ്ങള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ – മെയ് മാസങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ഭയമായി തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുകയുണ്ടായല്ലോ. എന്നാല്‍ തന്റെ സമ്മതിദാന അവകാശം സ്വതന്ത്രമായി ഉപയോഗിക്കാന്‍ പറ്റാത്ത ഒരു കൂട്ടര്‍ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടായി. അത് മറ്റാരുമല്ല. കേരളത്തിലെ താഴെത്തട്ടിലുള്ള നീതിപാലകരാണവര്‍. വിരട്ടിയും പ്രലോഭിച്ചും തങ്ങളുടെ ബാലറ്റ് പേപ്പര്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ കൈക്കലാക്കുകയും അതിന് മേലുദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു. ഏറെ ഒച്ചപ്പാടായപ്പോള്‍, ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് മുറപ്രകാരം പ്രഹസനാന്വേഷണം നടത്തി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പോലീസ് മേധാവിയുടെ മൂക്കിനു താഴെ സായുധസേനാ സഹകരണ സംഘം തിരഞ്ഞെടുപ്പ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നീട്ടിവെക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരോട് അറിയിക്കുകയും തുടര്‍ന്ന് പ്രശ്‌നം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷരഹിതമന്യെ നടത്തിക്കൊള്ളാമെന്ന് സര്‍ക്കാരും, പോലീസ് മേധാവിയും സത്യവാങ്മൂലം സമര്‍പ്പിച്ചതുമാണ്. അതിലെ മഷിയുണങ്ങുന്നതിന് മുമ്പ് നടന്ന ജനാധിപത്യ പ്രക്രിയയില്‍ സായുധസേന ക്യാമ്പില്‍ ചിന്തിയ ചോരക്കറ ഉന്നത പോലീസ് മേധാവിയുടെ വേഷം ഏത് ഡിറ്റര്‍ജന്റ് കൊണ്ട് കഴുകിയാലും മായുകയില്ല. പോലീസുകാര്‍ രാഷ്ട്രീയ ചേരികളായി തെരുവ് ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പുകളായി സായുധ ക്യാമ്പില്‍ നടത്തിയ ചോരചിന്തല്‍ സമാധാനം കാംക്ഷിക്കുന്ന സാധാരണ പൗരനില്‍ നിയമസമാധാനത്തിലുള്ള വിശ്വാസമാണ് തകര്‍ക്കുന്നത്. ഈ ചോരക്കളികള്‍ക്ക് ഉത്തരവാദികളായ ചിലരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സംഘര്‍ഷം തടയാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ഹൈക്കോടതിയോടുള്ള അവഹേളനമാണ്.
കസ്റ്റഡിമരണങ്ങള്‍ക്കെതിരെയും പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും നല്ല അവഗാഹമുള്ള ആള്‍ തന്നെയാണ് സംസ്ഥാന ആഭ്യന്തര മന്ത്രി. അടിയന്തരാവസ്ഥയില്‍ മിസ തടവുകാരായി അദ്ദേഹംജയിലില്‍ കിടന്നശേഷം മോചിതനായി കേരളാ നിയമസഭയില്‍ നടത്തിയ പ്രസംഗം നിയമസഭാ രേഖകളില്‍ ശ്രദ്ധേയമായതുമാണ്. കാലം മായ്ക്കാത്ത കറയുണ്ടോ എന്ന ചൊല്ലുപോലെ കസ്റ്റഡി മരണങ്ങളോട് ഇന്നദ്ദേഹം കാണിക്കുന്ന മുഖംതിരിവ് പൊതുസമൂഹത്തില്‍ അമ്പരപ്പുളവാക്കുന്നതാണ്.
ആര്‍.ഇ.സിയിലെ പി. രാജന്‍ എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പരമാവധി മുതലെടുത്തവരാണ് ഇന്നത്തെ ഭരണകക്ഷിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. രാജനെ കസ്റ്റഡിയിലെടുത്തവര്‍ക്കോ തിരുവനന്തപുരത്തെ ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തവര്‍ക്കോ രാഷ്ട്രീയ ലക്ഷ്യമോ, രാഷ്ട്രീയ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഇന്ന് കസ്റ്റഡി മരണങ്ങളുടെ ദിശ മാറിയിരിക്കുന്നു. ഭരണകക്ഷി നേതാക്കന്മാരുടെ തിട്ടൂരം പ്രാവര്‍ത്തികമാക്കാന്‍ പോലീസ് ആളുകളെ പിടിച്ചുകൊണ്ടുവന്നു ദിവസങ്ങളോളം ഉരുട്ടിയും വിരട്ടിയും ജീവനെടുക്കുന്നതാണ് അനുഭവം.
വരാപ്പുഴ ശ്രീജിത്തിന്റെയും നെടുങ്കണ്ടത്തെ രാജ്കുമാറിന്റെയും ദാരുണ കൊലപാതകങ്ങള്‍ അതാണ് തെളിയിക്കുന്നത്. രാജന്‍ കേസില്‍ കുറ്റാരോപിതരായ ഡിഐജിമാരും എസ്.പിമാരും വര്‍ഷങ്ങളോളം സര്‍വ്വീസില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ വരാപ്പുഴയില്‍ വിട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ അകാരണമായി പിടിച്ചുകൊണ്ടുപോയി അരുംകൊലചെയ്തവരെ ആറ് മാസംകൊണ്ട് സര്‍വ്വീസില്‍ തിരിച്ചെടുത്തത് രാഷ്ട്രീയ സ്വാധീനമല്ലാതെ മറ്റെന്താണ്? ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നെടുങ്കണ്ടത്ത് ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം അന്യായമായി കസ്റ്റഡിയില്‍ വെച്ച് മാരകയുധങ്ങളുപയോഗിച്ച് ഭേദ്യം ചെയ്ത് കൊലപ്പെടുത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് അസ്വാഭാവിക മരണമായി തുടരുന്നത് രാഷ്ട്രീയ സ്വാധീനമല്ലാതെ മറ്റെന്താണ്? കേരള പോലീസില്‍ 1,140 ക്രിമിനലുകളുണ്ടെന്ന് ഔദ്യോഗിക രേഖതന്നെ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി പറഞ്ഞു കര്‍ശന നടപടിയെന്ന്. ഉത്തരവാദികളെ പിരിച്ചുവിടുമെന്നും. ഡിജിപിയോട് നെടുങ്കണ്ടം സംഭവത്തെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് നോ കമന്റ്‌സ് എന്നാണ്. ഡിജിപി നിസ്സഹായനോ സേനയില്‍ നിയന്ത്രണമില്ലാത്തവനോ ആണെന്നാണ് ഇത് തെളിയിക്കുന്നത്.
ഭരണ കക്ഷിയുടെ പിന്തുണയുണ്ടെങ്കില്‍ അച്ചടക്കരാഹിത്യം മാത്രമല്ല, കൊലപാതകം വരെ ചെയ്യാമെന്നുള്ള സാഹചര്യമാണ് കേരളത്തിലിന്ന്. നാട്ടില്‍ ശാന്തിയും സമാധാനവും പുലരണമെന്നും സത്യസന്ധമായി ജോലിചെയ്യണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ ഇന്ന് കേരള പോലീസില്‍ ഉണ്ട്. എന്നാല്‍ രാഷ്ട്രീയ ഇംഗീതത്തിന് പോലീസിനെ ഉപയോഗിക്കുന്ന സര്‍ക്കാരിന്റെ വലയത്തില്‍ ചിലരെങ്കിലും കുടുങ്ങിപ്പോയതാണ് ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണം.
ഏകാധിപതികള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇങ്ങനെയാണ്. ഇങ്ങനെ പോയാല്‍ സോവിയറ്റ് യൂനിയനില്‍ ലെനിനും സ്റ്റാലിനും കൊണ്ടു നടന്ന ചെക്കയുടെ സ്ഥാനത്തേക്ക് കേരളപോലീസും തരംതാഴുമെന്നതില്‍ ആര്‍ക്കും സംശയംവേണ്ടാ.
(റിട്ട.പോലീസ് സൂപ്രണ്ടാണ് ലേഖകന്‍)