‘രാമായണം’ ആദികാവ്യമാണ്, വാല്മീകിയായി മാറിയ രത്‌നാകരനാണ് ആദികവി. തമസാ നദിയുടെ തീരത്ത് തപസ്സനുഷ്ഠിച്ച് ‘രാമ’ നാമ ജപത്തിലൂടെ മോക്ഷം നേടിയ രത്‌നാകരനില്‍ നിന്ന് ആദികാവ്യത്തിന് കാരണയായ ശ്ലോകം പിറന്നു: ഈ ശ്ലോകം പിറന്നത് ഇന്നത്തെ വയനാട്ടിലെ പുല്‍പ്പള്ളിയിലെ ‘ആശ്രമക്കൊല്ലി’യിലെ മുനിപ്പാറ (മുനിക്കല്ല്)ക്കടുത്താണ്. ”ഒരു പക്ഷെ” യെന്നല്ല തീര്‍ച്ചയായും ആരും നെറ്റിചുളിക്കാതിരിക്കില്ല. അതുകൊണ്ട് തന്നെ ആവര്‍ത്തിക്കുന്നു – രാമായണത്തിന് കാരണമായ ആദിശ്ലോകവും ആദികാവ്യവും പിറന്നത് വയനാട്ടിലാണ്.
ഇന്ന് വയനാടിനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യം പിന്നാക്ക ജില്ല, ഏറ്റവും കൂടുതല്‍ ഗിരിവര്‍ഗ്ഗ ജനത അധിവസിക്കുന്ന ജില്ല, കടലില്ലാത്ത ജില്ല, ട്രെയിനില്ലാത്ത ജില്ല, വിമാനമിറങ്ങാത്ത ജില്ല, മെഡിക്കല്‍ കോളേജില്ലാത്ത ജില്ല, ഉന്നത വിദ്യാഭ്യാസം സാധ്യമാവാത്ത ജില്ല എന്നിങ്ങനെയൊക്കെ മാത്രം. എന്നാല്‍ ഭാരതീയ ജീവിതദര്‍ശനം സാഹിത്യ രൂപത്തില്‍ ഉയിരെടുത്തതും, ഭഗവാന്‍ കൃഷ്ണന്റെ അവതാരവുമായി ബന്ധപ്പെട്ട ബാണയുദ്ധവും ഒന്നിരുത്തിപ്പഠിച്ചാല്‍, വയനാടിന്റെ സാഹിതീയവും സാംസ്‌ക്കാരികവുമായ സ്ഥാനം വ്യക്തമാവും. പക്ഷെ ഇന്നത്തെ ‘കപട ചരിത്ര’ ചിന്തകരും ‘സാഹിത്യ ഭിക്ഷാംദേഹി’കളും ഇതംഗീകരിക്കില്ല, കാരണം രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളും വേദങ്ങളും യൂറോപ്യന്‍ ജനത ഇവിടെ കൊണ്ടെത്തിച്ച് പ്രചരിപ്പിച്ചതാണെന്ന് പഠിപ്പിക്കാന്‍ മിനക്കെടുന്നവരാണവര്‍. ക്ഷേത്രവും ക്ഷേത്രസംസ്‌കാരവും മനുഷ്യത്വ വിരുദ്ധമാണെന്ന് പ്രചരിപ്പിച്ച ഒരു കാലം ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ തുറന്നുവിട്ട ”ഭൗതിക ദുര്‍ഭൂതം” ലോകനാശകമാണെന്ന് ലോക ജനത തിരിച്ചറിഞ്ഞതോടെ ഇന്നവര്‍ ക്ഷേത്രഭരണത്തിനും ശ്രീകൃഷ്ണാഷ്ടമി ആഘോഷത്തിനുമായി കൊടിപിടിക്കുന്നവരായി.
വിദേശികള്‍ ക്ഷേത്രവും സ്വത്തും കയ്യടക്കിയും ക്ഷേത്രം കൊള്ളയടിച്ചും ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചും മുന്നേറിയതിന്റെ ഒടുവിലെ അദ്ധ്യായമായിരുന്നു നിയമം മൂലം സംസ്‌കൃത ഭാഷയും കളരിയും നിരോധിച്ച ആംഗലേയ വിദ്യാഭ്യാസ സമ്പ്രദായം. സംസ്‌കൃത ഭാഷയും പരമ്പര്യവും കൃതികളും ഈ നാട്ടില്‍ ഇനിയും ശങ്കരന്‍മാരെയും വാല്മീകിമാരേയും ചട്ടമ്പിസ്വാമികളെയും വിവേകാനന്ദന്‍മാരേയും എഴുത്തച്ഛനേയും ഗുരുദേവനേയും സൃഷ്ടിക്കുമെന്നവര്‍ക്കറിയാം. ഇക്കാര്യം ശുദ്ധരായ ഭാരതീയ ജനത അന്ന് തിരിച്ചറിഞ്ഞില്ല. ഇന്ന് യോഗയും സംസ്‌കൃതവും നാം മാത്രമല്ല ലോകം മുഴുവന്‍ തിരിച്ചറിഞ്ഞാദരിക്കുന്നു. ഈയവസരത്തിലും യോഗ കേവലം വ്യായാമമുറയാണെന്നും വേദങ്ങള്‍ക്ക് മുമ്പു തന്നെ യോഗ ഭാരതത്തിലുണ്ടായിരുന്നുവെന്നും ഗീര്‍വാണിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു ഇപ്പോഴും ചിലര്‍. ഋഗ്വേദത്തിന്റെ കാലമേതെന്ന് ചരിത്രകാരന്മാര്‍ക്കുപോലും തിട്ടമില്ലാത്തപ്പോഴാണ് ഇത്തരം പൊള്ളുകള്‍ തട്ടിവിടുന്നത്. മാത്രവുമല്ല ”വേദങ്ങള്‍ക്ക് മുമ്പുതന്നെ ഭാരതത്തില്‍ യോഗ ഉണ്ടായിരുന്നു” എന്ന് പറയേണ്ടി വന്നതിലെ പൊരുത്തക്കേടില്‍ ”വേദങ്ങള്‍ ഭാരതത്തിന്റെതാണ്” എന്ന അറിയാതെ ഉരുവിട്ടു എന്ന കാര്യം ഇത്തരം ”സ്വയം പൊങ്ങികള്‍” അറിയുന്നുമില്ല; അതിരിക്കട്ടെ: രാമായണമാണ് നമ്മുടെ ചിന്ത:
ഇന്നത്തെ കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. ”കടം, കുട്ടം, കര്‍ക്ക, വെണ്‍, പൂഴി എന്നീനാടുകളിലെ കൊടും തമിഴ് പരിണമിച്ചാണ് മലയാളഭാഷ രൂപപ്പെട്ടത്” എന്ന് ഏ.ആര്‍. ‘കേരളപാണിനീയ’ത്തില്‍ വ്യക്തമാക്കുന്നു. ഈ നാടിനോട് ചേര്‍ന്ന് കിടക്കുന്നതാണ് പഴയ കരനാടായ ഇന്നത്തെ ‘കര്‍നാടകം’ (കര്‍ണ്ണാടകം). ഇപ്പോഴും സംസ്‌കൃതപാരമ്പര്യം നിലനിര്‍ത്തുന്ന നാടാണെന്നതും ഓര്‍ക്കുക: കര്‍ണ്ണാടകത്തിലെ മാട്ടൂല്‍ (മാഥൂര്‍) എന്ന ഗ്രാമം ഇപ്പോഴും സംസ്‌കൃതം മാതൃഭാഷയായി നിലനിര്‍ത്തുന്നു. ഈ ഗ്രാമപ്രാന്തത്തില്‍ നിന്ന് വയനാടന്‍ കാടുകളിലേക്ക് കുടിയേറി വന്ന കുടുംബമാണ് ആദികവി രത്‌നാകരന്റേത്.
ഇന്നത്തെ പുല്‍പ്പള്ളിയും ചുറ്റുപാടുകളും അത് വ്യക്തമാക്കും. വാല്മീകിയുടെ ആശ്രമം ഇന്നും നിലനില്‍ക്കുന്നു. അതിന്റെ താഴ്ഭാഗത്ത് ചതുപ്പുനിലവും അതിനോട് ചേര്‍ന്ന് വിളക്കുവയ്ക്കുന്ന പാറക്കൂട്ടങ്ങളുമുണ്ട്. ആശ്രമക്കൊല്ലിയിലെ ഇവിടെയെവിടയോ ആയിരുന്നു രത്‌നാകരന്‍ ജീവിച്ചിരുന്നത്. പുല്‍പ്പള്ളിയില്‍ നിന്ന് ഏറെ അകലത്തല്ല ‘ശശിമല’. ഇതിന്റെ പഴയ പേര് ‘ശിശുമല’ എന്നായിരുന്നു. ലവകുശന്‍മാര്‍ കളിച്ചുനടന്ന ഈ കുന്നിന്‍ മുകളില്‍ ക്ഷേത്രമുണ്ട്. പുല്‍പ്പള്ളിയുടെ ഹൃദയഭാഗത്തു തന്നെ ലവ-കുശ പ്രതിഷ്ഠയുള്ള സീതാദേവിക്ഷേത്രവും ഒരു വിളിപ്പാടകലെ ‘ചേടാന്റിന്‍കാവും’ (സീതാ ദേവി അന്തര്‍ദ്ധാനം ചെയ്തപ്പോള്‍ ശ്രീരാമചന്ദ്രന്‍ ദേവിയുടെ മുടിയില്‍പ്പിടിച്ചപ്പോള്‍ മുടി (ജഡ) അറ്റുപോയ സ്ഥലമാണിത്. ”ജഡയറ്റകാവ്”) ഇതോട് ബന്ധപ്പെട്ടസ്ഥലമാണ്; കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ബത്തേരി, മുത്തങ്ങ കഴിഞ്ഞുള്ള മൂലങ്കാവ്. സീതാദേവിയുടെ കണ്ണീര്‍വീണ സ്ഥലമെന്നും സീതയുടെ കുളിക്കടവുള്ള സ്ഥലമെന്നുമാണ് ഇവിടം അറിയപ്പെടുന്നത്.
തമസാ നദി ഒഴുകിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ കഞ്ഞുണ്ണിയും വയല്‍ചുള്ളിയും ആക്കയാമണിയനും നീലപ്പൂവും മഞ്ഞപ്പൂവും ശര്‍ക്കരപ്പൂവും കളിയാടി നില്‍ക്കുന്നതുകാണാം. അതിരാണിപ്പാടവും കൈതപ്പൊന്തയും ഇവിടങ്ങളിലുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് യാദൃച്ഛികമായൊരു സംഭവത്തെ കഥയായിക്കണക്കാക്കുന്നു എന്നല്ല. ‘രാമായണം’ ഉത്തരേന്ത്യന്‍ സംസ്‌കാരമാണെന്നും സരയൂ ഉത്തരഭാരതത്തിലാണെന്നും ‘അയോധ്യ’ മിഥ്യയാണെന്നും മറ്റും ചിന്തിക്കുന്നവര്‍ ഭാരതത്തിന്റെ അങ്ങുനിന്നിങ്ങോളം ഒന്ന് യാത്ര ചെയ്യണം. നാം അവഗണിക്കുന്ന ഗോത്ര വര്‍ഗ്ഗങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യം തിരിച്ചറിയണം.
ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ‘ബ്രാഹ്മണ്യ’ മെന്ന സത്യമാണ് വയനാടന്‍ കാട്ടില്‍ ജീവിച്ച ആദികവിയുടെ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്രാചീന തമിഴകത്തിന്റെയും കര്‍ണാടകത്തിന്റേയും ഭാഗമായിരുന്ന ‘കുടനാടും’ ‘കുട്ട’ യുമെല്ലാം ഇന്നും അതേപേരില്‍ കേരള-തമിഴ്‌നാട്-കര്‍ണ്ണാടക അതിരില്‍ നിലനില്‍ക്കുന്നു. വെണ്‍നാടിന്റെ അപഭ്രംശ രൂപമാണിന്ന് വയനാട്ടിലെ ‘വെണ്ണിയോട്’, കോഴിക്കോട് ജില്ലയിലെ ‘പൂഴിത്തോട്’ (വയനാട്ടിലെ പഴയ തരിയോട് ഗ്രാമത്തിന്റെ അതിരായ എലിക്കമലയുടെ അപ്പുറത്തുള്ള വട്ടം കഴിഞ്ഞുള്ള കരിമ്പിന്‍തോടിന്റെ അതിര്) പഴയ പൂഴിനാട് തന്നെയാണ്. കര്‍ക്കനാട് ‘കരകനാട് തന്നെയായ ‘കരനാടാണ്.’
ഇതൊരു ഓട്ടപ്രദക്ഷിണം മാത്രമാണ്. വയനാടും വാല്മീകിയും തമ്മിലുള്ള, രാമായണവും വയനാടും തമ്മിലുള്ള ബന്ധത്തിന്റെ ആമുഖം മാത്രം. ഇവിടെ നിന്ന് തുടങ്ങാം: ‘ആദികവിയുടെ – ആദികാവ്യത്തിന്റെ അരങ്ങും അണിയറയും തേടിയുള്ള യാത്ര. ചരിത്രവും ഇതിഹാസവും തേടിയുള്ള യാത്ര. അത് ഈ രാമായണ മാസത്തില്‍ത്തന്നെയാവട്ടെ.
(2018 ഓഗസ്റ്റ് 10 ലക്കം കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം)
Comments