Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സാംസ്‌കാരിക തനിമയും സങ്കലനവും ബേപ്പൂരിലെ ഉരു നിര്‍മ്മാണത്തില്‍

സിന്‍ജു മണിഞ്ചേരി

Print Edition: 15 January 2021

 

കേരള ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് മലബാറിനുള്ളത്. മലബാറിലെ കടലോര ഗ്രാമമായ ബേപ്പൂരിന്റെ വികാസം പൈതൃകകേന്ദ്രീകൃതമാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ഘടകങ്ങളെല്ലാം ബേപ്പൂരിനെ വളര്‍ത്തിയപ്പോള്‍ ലോകത്തിലെ മികച്ച ഉരു നിര്‍മ്മാണകേന്ദ്രമായത് ബേപ്പൂര്‍ ജനതയുടെ ഹൃദയത്തുടിപ്പുകള്‍ക്ക് വേഗതയേറിയതുകൊണ്ടാണ്. തീരദേശ സൗന്ദര്യവും മത്‌സ്യ സമ്പന്നതയും ബേപ്പൂരിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

ബേപ്പൂരിന്റെ തനിമ
പുഴയുമായി ബന്ധപ്പെട്ടതാണ് ബേപ്പൂരിന്റെ തനിമ. സഹ്യന്റെ വിരിമാറില്‍ നിന്നുത്ഭവിക്കുന്ന കേരളത്തിലെ എല്ലാ പുഴകളെയും പോലെ ചാലിയാറിനും പറയാനുണ്ട് അതിന്റെതായ തനിമയും ചരിത്രവും. കേരളത്തിലെ പുഴകളില്‍ ജലസമ്പത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന ചാലിയാര്‍ മലബാറിന്റെ പ്രധാന പുഴയാണ്. പുന്നപ്പുഴ, കാരക്കോടന്‍ പുഴ, കരിമ്പുഴ, കാഞ്ഞിരിപ്പുഴ, കുറുവമ്പുഴ, ഇരുവഴിഞ്ഞിപ്പുഴ എന്നിവയാണ് ചാലിയാറിന്റെ നിലനില്‍പ്പിനെ ഉറപ്പു വരുത്തുന്ന നദികള്‍. നീലഗിരി മലനിരകളില്‍ നിന്നാരംഭിച്ച് ഹരിതാഭമാര്‍ന്ന തുരുത്തുകളിലുടെ ഒഴുകി കിഴക്കനേറനാടിന്റെ ജീവസ്പന്ദമായ നിലമ്പൂരിനേയും ഫറൂക്കിനേയും തഴുകി ബേപ്പൂര്‍ പുഴയിലൂടെ അറബിക്കടലില്‍ എത്തുന്ന ചാലിയാറിന് 169 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. സ്വര്‍ണ്ണ അയിരുകള്‍ ധാരാളമായി ബേപ്പൂര്‍ പുഴയില്‍ കാണപ്പെടുന്നു. ചാലിയാര്‍ പുഴ അറബിക്കടലുമായി സന്ധിക്കുന്നിടത്താണ് ബേപ്പൂര്‍ തുറമുഖം. മലബാര്‍ പ്രദേശത്തിന്റെയാകെ വാണിജ്യ വികസനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഇത്. ലക്ഷദ്വീപിലേക്കുള്ള ചരക്ക് ഗതാഗതത്തിന്റെ 65 ശതമാനം ഈ മേഖലയിലൂടെയാണ് നടക്കുന്നത്. ദ്വീപ് നിവാസികള്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള പ്രധാന കേന്ദ്രം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.

വേരൂന്നിയ ജീവിതം
ബേപ്പൂരിന്റെ ചരിത്രത്തില്‍ മതങ്ങള്‍ക്കുളള സ്ഥാനം വളരെ വലുതാണ്. സാമൂതിരി രാജാക്കന്‍മാരെപോലെ തന്നെ ബേപ്പൂര്‍ രാജാക്കന്മാരും മതസൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കിവന്നിരുന്നു. വിദേശ വാണിജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് അറബികള്‍ക്ക്, ബേപ്പൂര്‍ തുറമുഖം ക്രയവിക്രയങ്ങള്‍ നടത്തുന്നതിന് ഉദാരസമീപനരീതിയാണ് ബേപ്പൂര്‍ രാജാക്കന്‍മാര്‍ കൈക്കൊണ്ടത്. അറബി സമ്പര്‍ക്കത്തിന്റെ ഫലമായി ധാരാളം അറബി പദങ്ങള്‍ മലബാറിലെ പായക്കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്നും ഉപയോഗിക്കുന്നു. മലബാര്‍ തീരങ്ങളിലെത്തുന്ന അറബികള്‍, നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളെ ‘ഖലാസികള്‍’ എന്നാണ് വിളിച്ചിരുന്നത്. ഖലാസ് എന്ന അറബിപദത്തിന് കറുപ്പും വെളുപ്പും കലര്‍ന്നത് എന്നാണര്‍ത്ഥം. ഇത്തരത്തിലുണ്ടാകുന്ന സങ്കരപരമ്പരകള്‍ ബേപ്പൂര്‍, ചാലിയം പ്രദേശത്തെ മുസ്ലിംങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. പൊന്നാനിയില്‍ നിന്നുവന്ന മഹ്ദൂണ്‍ഷെയ്ക്കിന്റെ പരമ്പരക്കാരാണ് ബേപ്പൂരിന്റെ തെക്കെ അറ്റത്തുള്ള വലിയപള്ളി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന മിനാരങ്ങളോടു കൂടിയ ഈ പള്ളി പഴയകാലത്ത് നാവികര്‍ക്ക് വഴികാട്ടിയും മുസ്‌ലിം വ്യാപാരികള്‍ക്ക് ഒരു സങ്കേതമായും വര്‍ത്തിച്ചു.

ബേപ്പൂര്‍ പ്രദേശത്ത് അനുപൂരകമെന്നോണം പഴയ തറവാടുകളോടനുബന്ധിച്ച് പല ദേവന്മാരെയും പ്രതിഷ്ഠിച്ചിട്ടുള്ള ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങളുണ്ട്. പ്രധാനമായും ശിവസൃഷ്ടികളായ ദേവീദേവന്മാരുടെ സങ്കല്‍പ്പങ്ങളാണ് ഇവിടങ്ങളില്‍ ആരാധിക്കപ്പെടുന്നത്. ഭഗവതി, ഭൈരവന്‍, തലച്ചില്ലോന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, വീരഭദ്രന്‍ തുടങ്ങിയ ദേവന്മാരെയാണ് ആരാധിക്കുന്നത്. ഈ മൂര്‍ത്തികളെ സങ്കല്‍പ്പിച്ചുകൊണ്ട് കോലങ്ങള്‍ കെട്ടിയാടുന്നതിനെയാണ് ‘തിറയാട്ടം’ എന്ന് പറയുന്നത്. പുതിയ കോവിലകം വക ബേപ്പൂര്‍ ശിവക്ഷേത്രം, കല്ക്കുന്നത്ത് ശിവക്ഷേത്രം, ശ്രീ ഭദ്രകാളിക്ഷേത്രം, കരുമകന്‍കാവ് ക്ഷേത്രം, ഗോദീശ്വരം ശിവക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളാണ്. അനേകവര്‍ഷങ്ങള്‍ക്ക് മുമ്പ് കടലാക്രമണത്തില്‍ നശിക്കപ്പെട്ട ബൃഹദേശ്വരം ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഗോദീശ്വരം ക്ഷേത്രത്തില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് മുക്കുവര്‍ക്ക് ലഭിക്കുകയും, ഗോദീശ്വരം കടല്‍ക്കരയില്‍ വലിയൊരു ക്ഷേത്രം പണിത് പ്രതിഷ്ഠനടത്തുകയും ചെയ്തു. ക്ഷേത്രങ്ങളെ കൂടാതെ നിരവധി കാവുകളും ബേപ്പൂര്‍ പ്രദേശത്തുണ്ട്.

ആദ്യമായി ബേപ്പൂരില്‍ സ്ഥിരതാമസമാക്കിയ ഒരു ക്രിസ്ത്യന്‍ വംശജന്‍ എറണാകുളത്തുനിന്നുവന്ന ഫ്രാന്‍സിസ് ലിപ്പോറ (പാച്ചുമേസ്തരി) ആയിരുന്നു. 1980 ലാണ് ബേപ്പൂരില്‍ ആദ്യമായി ക്രിസ്ത്യന്‍ ദേവാലയം സ്ഥാപിച്ചത്. ഇന്ന് രണ്ട് ദേവാലയങ്ങള്‍ ഉണ്ട് ഈ പഞ്ചായത്തില്‍ ആദ്യകാലത്ത് ബാസല്‍മിഷന്റെ ഒരു ചാപ്പല്‍ ബേപ്പൂരില്‍ ഉണ്ടായിരുന്നുവെന്നും പില്‍ക്കാലത്ത് അതില്ലാതാവുകയും ചെയ്തു എന്നും സിഎസ്‌ഐ രേഖകളില്‍ കാണാം.

ബേപ്പൂരില്‍ നൂറ്റാണ്ടുകളായി വിവിധ മതസ്ഥരായ ജനവിഭാഗങ്ങള്‍ മതസഹിഷ്ണുതയോടെ താമസിച്ചുവരുന്നു. ബേപ്പൂരിന്റെ വളര്‍ച്ചയില്‍, ബേപ്പൂര്‍ രാജാക്കന്മാര്‍ക്കും ടിപ്പുസുല്‍ത്താനും വലിയ പങ്കാണുള്ളത്. സാമുദായിക ഒരുമയാണ് ബേപ്പൂരിനെ ഉയരങ്ങളിലേക്ക് നയിച്ചതെന്ന് പറയാം.

ബേപ്പൂരിന്റെ ഉരു നിര്‍മ്മാണം
മലബാറിലെ ഉരു നിര്‍മ്മാണം വളരെ അഭിവൃദ്ധി നേടിയ ഒരു വ്യവസായമായിരുന്നു. പാശ്ചാത്യരാജ്യങ്ങളുമായുള്ള വാണിജ്യബന്ധമാണ് മലബാറിലെ ഉരുനിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ പത്തൊമ്പതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയോളം കൊച്ചി ഒരു പായ്ക്കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 1861 ന് ശേഷം കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തിരോഭവിച്ചു. തുറമുഖത്തിനുമീതെ ചുമത്തിയ അമിത നികുതിഭാരവും, യൂറോപ്യന്‍ ആവിക്കപ്പലുകളുടെ ആവിര്‍ഭാവവും തിരോഭാവത്തിനുള്ള കാരണങ്ങളാണ്. ഇന്ന് ബേപ്പൂരിന് മാത്രം അവകാശപ്പെടാവുന്ന സങ്കേതിക വിദ്യയാണ് ഉരു നിര്‍മ്മാണത്തിന്റേത്.

മലബാറിന്റെ പഴയ തുറമുഖമായ ചാലിയത്തിന്റെ മറുകരയാണ് ബേപ്പൂര്‍. ‘വയ്പ്പൂര’ യെന്നും ‘വടപ്പരനാട്’ എന്നുമായിരുന്നു ബേപ്പൂരിന്റെ പഴയ പേരുകള്‍. മലബാര്‍ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുല്‍ത്താന്‍ ബേപ്പൂരിന്റെ പേര് ‘സുല്‍ത്താന്‍ പട്ടണം’ എന്ന് മാറ്റി. നാടന്‍ ചരക്കുകപ്പലുകളാണ് ‘ഉരു’. ഉരുപ്പടി ലോപിച്ചാണ് ഉരു ആയത്. ‘വെസ്സലെന്നും’, ‘ലാഞ്ചിയെന്നും’ ഇതിന് പേരുണ്ട്. കുശാഗ്രമായ സാങ്കേതിക ബോധവും പരമ്പരാഗതമായ നൈപുണ്യവും വേണ്ട പ്രവൃത്തിയാണ് ഉരു നിര്‍മ്മാണം. കപ്പലുകളെയും വലിയ ബോട്ടുകളെയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെയും സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. മലബാറിലെ ജനമനസ്സുകളില്‍ പ്രത്യേകിച്ച് തേക്കിന് കപ്പല്‍ നിര്‍മ്മാണ രംഗത്ത് പണ്ട് പ്രിയമേറെയായിരുന്നു. തേക്ക്, വെണ്‍തേക്ക്, വാക, വേങ്ങ, കരിമരുന്ന്, വെള്ളമരുത്, ചടച്ചി എന്നീ കടുത്ത മരങ്ങളിലാണ് ഉരുക്കള്‍ രൂപപ്പെടുന്നത്. ഉരുവിന്റെ വലിപ്പത്തിനും പുറം പലകകളുടെ എണ്ണത്തിനും ആനുപാതികമായാണ് ഉരുവില്‍ ഉപയോഗിക്കുന്ന ഇരുമ്പാണികളുടെ എണ്ണം. ഉള്‍പ്പലകകളും കാലുകളും പുറംപലകകളും സംയോജിപ്പിക്കാന്‍ വലിയ മരയാണികളാണ് ഉപയോഗിക്കുന്നത്. മരയാണികളെ ‘കുടുതികള്‍’ എന്ന് പറയുന്നു. പണി പൂര്‍ത്തിയായാല്‍ ഉരുവിലെ ആണികള്‍ക്കുമീതെ പുന്നെണ്ണയില്‍ ഉരുക്കിയെടുത്ത പന്തവും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം തേച്ച് പിടിപ്പിക്കുന്നു. ആണിപ്പഴുതിലെ സൂക്ഷ്മദ്വാരങ്ങള്‍ അടയ്ക്കാനും ആണിയെ തുരുമ്പില്‍ നിന്ന് സംരക്ഷിക്കാനുംവേണ്ടിയാണിത്.

കപ്പല്‍ നിര്‍മ്മാണ രംഗത്തെ പരമ്പരാഗത സാങ്കേതിക സമൂഹം ‘ഓടായികളാണ്’. ആശാരി സമുദായത്തിലെ ഒരു ഉപജാതിയാണിത്. ഓടായികള്‍ക്ക് സമൂഹത്തില്‍ കുലീനവും പ്രമുഖവുമായ ഒരു സ്ഥാനം കല്‍പ്പിച്ചിരുന്നു. മലബാറിലെ മരക്കപ്പല്‍ ഒരു കുലീന ചിഹ്നമായാണ് അറബികള്‍ കരുതിപ്പോരുന്നത്. കടലുള്ളിടത്തോളം കാലം ഉരു നിര്‍മ്മാണവും നിലനില്‍ക്കുമെന്നാണ് ഓടായികള്‍ പറയുന്നത്. ഓല മേഞ്ഞ ഷെഡ്ഡുകളായിരുന്നു പണിശാലകള്‍. ഓരോ ഉരുവിനും ഓരോ മേല്‍ക്കൂര എന്ന രീതിയിലാണ് പണിശാലകള്‍ തയ്യാറാക്കുന്നത്. ബേപ്പൂര്‍ പുഴയിലുള്ള മരങ്ങള്‍ പണിശാലയിലെത്തിക്കുന്നത് ഖലാസികളാണ്. ഉരുക്കള്‍ കടലിലിറക്കുന്നതും കയറ്റുന്നതും അവരാണ്. 40 അടി മുതല്‍ 115 അടി വരെ നീളം വരുന്ന ഉരുക്കള്‍ ബേപ്പൂരില്‍ പണിയുന്നുണ്ട്. ബൂം, സബൂക്ക്, ബ്രിഗ്ഗ്, തൂത്തുകുടി മോഡല്‍, പാകിസ്ഥാന്‍ മോഡല്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഉരുക്കളുണ്ട്. ‘ബൂം’ ആണ് അറബികളുടെ ഇഷ്ടരൂപം. ഉയര്‍ന്നു നില്‍ക്കുന്ന അണിയവും അമരവുമാണ് അതിന്റെ പ്രത്യേകത. അമരത്തേക്ക് വീതിയാണ് സമ്പൂക്കിന്റെ പ്രത്യേകത. സമ്പൂക്ക് അധികവും യാത്രക്കും മത്സ്യബന്ധനത്തിനുമാണ് ഉപയോഗിക്കുന്നത്. ബ്രിഗ്ഗിന്റെ അമരഭാഗം ‘ആരാ’കൃതിയില്‍ വളഞ്ഞിരിക്കും. കടലിന്റെയും തുറമുഖത്തിന്റെയും സ്വഭാവം ഉരുവിന്റെ നിര്‍മ്മിതിയെ സ്വാധീനിക്കും.

ഉരുവിന്റെ നട്ടെല്ലാണ് ‘പാണ്ടി’, പാണ്ടിയുടെ നീളമാണ് ഉരുവിന്റെ നീളം. പാണ്ടിയാണ് ആദ്യം തയ്യാറാക്കുക. ഒറ്റത്തടിയില്‍ പാണ്ടിയുടെ വശങ്ങളില്‍ ഓട്ടുപലകകള്‍ വയ്ക്കുന്നു. ഈ പലകയുടെ ചെരിവ് അണിയ-അമര ഭാഗങ്ങളില്‍ സീറോ ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ നടുവിലേക്ക് ക്രമത്തില്‍ വികസിച്ച് 45 ഡിഗ്രിയോളം എത്തുന്നു. ഉരുവിന്റെ അഗ്രങ്ങളില്‍ നിന്നും നടുവിലേക്ക് ക്രമത്തില്‍ അളവ് കൂടുന്നു. പ്രധാന പാക്കില്‍ നിന്നും അണിയം 6 അടിയും അമരം 10 അടിയും ഉന്തി നില്‍ക്കുന്നു. ‘കൂര്‍ബന്‍’ ഒരു വളഞ്ഞ മരത്തണ്ടാണ്. അതിന്റെ ഒരു തല അമരത്തിലും ഒരു തല പാണ്ടിയിലും സംയോജിപ്പിക്കുന്നു. എഞ്ചിന്റെ പങ്ക ഇതിന്റെയുള്ളിലാണ് ഘടിപ്പിക്കുക. അതുകൊണ്ട് കൂര്‍ബന്റെ വലിപ്പവും സ്വരൂപവും എഞ്ചിന്റെ കുതിരശക്തിക്ക് അനുസൃതമായിരിക്കും. അമരത്തോളം ഉയരമുള്ളതാണ് ചുക്കാന്‍. ചുക്കാനിലെ പിച്ചളകെട്ടുകള്‍ക്ക് ‘റിട്രൂ’ എന്ന് പറയുന്നു. പണി തീര്‍ന്നാല്‍ ഉരുവിന്റെ പുറംപലകകളുടെ വിടവുകളില്‍ പരുത്തി (കല്പത്ത്) കുത്തിനിറക്കുന്നു. പിന്നീട് ഉരുവില്‍ പൂര്‍ണമായും മീനെണ്ണപൂശും, ഇത് ദൃഢതയും ഈടും ലഭിക്കാന്‍ വേണ്ടിയാണ്. ഉരുവിന്റെ പ്രധാന പാക്കില്‍ (ഉരുവിന്റെ താഴെ ഭാഗം) ആണ് ചരക്കുകള്‍ നിറയ്ക്കുക. പ്രധാനപാക്കില്‍ ഉള്ളറകള്‍ ഉണ്ടാവും. അവയില്‍ ഒന്നാണ് എഞ്ചിന്‍മുറി. ഇന്ന് ബേപ്പൂരില്‍ നിര്‍മ്മിക്കുന്ന ഉരുക്കള്‍ക്ക് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. അണിയപാക്കിലാണ് നങ്കൂരം ഘടിപ്പിക്കുക. അമരപാക്കിലാണ് സ്റ്റിയറിങ്ങ് മുറി. ഒരേ ദിവസം നിരവധി ഉരുക്കള്‍ നിര്‍മ്മിച്ചിരുന്ന സ്ഥാനത്ത് ഇന്ന് നിര്‍മ്മിക്കുന്ന ഉരുക്കളുടെ എണ്ണം കുറഞ്ഞു. ഈ മേഖലയിലേക്ക് കടന്നുവരുന്ന തൊഴിലാളികളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഓരോ ഉരുവും നീറ്റിലിറങ്ങുന്നത്.

ഉരു നിര്‍മ്മാണത്തിന്റെ പ്രാരംഭകാലത്ത് മലബാറിലെ ജനതയ്ക്ക് ഇതൊരു അത്ഭുത പ്രതിഭാസമായിരുന്നു. ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഉരുക്കള്‍ എക്കാലവും പ്രൗഢിയുടെ പ്രതീകങ്ങള്‍ തന്നെയാണ്. ഇന്ത്യന്‍ കരകൗശലവൈദഗ്ദ്ധ്യത്തിന്റെ പാരമ്പര്യം വിളിച്ചോതി ആശാരിമാരുടെ കരവിരുതില്‍ കമനീയമായാണ് ഓരോ ഉരുവും നീറ്റിലിറങ്ങുന്നത്. കരവിരുതും നിര്‍മ്മാണകുശലതയും നവീന എഞ്ചിനീയറിങ്ങ് രീതികളും ഇന്ന് ഉരുനിര്‍മ്മാണത്തെ മികച്ച വ്യവസായമായി മാറ്റിയിരിക്കുന്നു. ഗതാഗതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ചരക്ക് കപ്പലുകളുടെ ആവശ്യം കുറഞ്ഞു. ഇന്ന് ബേപ്പൂരില്‍ നിര്‍മ്മിക്കുന്നത് ആഡംബര ഉരുക്കളാണ്. അവയില്‍ മരത്തിനുപുറമെ പ്ലൈവുഡും ഫലപ്രദമായി ഉപയോഗിക്കുന്നു. ഉരുവിന്റെ പാക്കില്‍ ചരക്കുകള്‍ കയറ്റിയിരുന്ന സ്ഥാനത്തിപ്പോള്‍ കിടപ്പുമുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ പോലും ബേപ്പൂരിലെ ഉരുക്കള്‍ ചരിത്രത്തില്‍ ഇടം നേടി.

സഹായഗ്രന്ഥങ്ങള്‍
ശ്രീകുമാര്‍, ടി.ടി (എഡി) 2004 നാട്ടറിവുകള്‍ കടലറിവുകള്‍, ഡി.സി.ബുക്‌സ്, കോട്ടയം
ഗോപാലകൃഷ്ണന്‍, പി.കെ 1974. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം. തിരുവനന്തപുരം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
നജും. എം (എഡി) 2004 ചാലിയാര്‍ രേഖകള്‍, കോഴിക്കോട്: പാപ്പിയോണ്‍ പബ്ലിക്കേഷന്‍
മമ്മത്‌കോയ, പി.പി പരപ്പില്‍ 1993 കോഴിക്കോട്ടെ മുസ്‌ലീങ്ങളുടെ ചരിത്രം. കോഴിക്കോട്.
ലോഗന്‍ വില്യം 1985 മലബാര്‍ മാനുവല്‍. കോഴിക്കോട്: മാതൃഭൂമി പബ്ലിക്കേഷന്‍സ്
വസന്തന്‍ എസ്.കെ.2005 കേരള സംസ്‌ക്കാര ചരിത്ര നിഘണ്ടു. തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
Achuthan. K 1978 Ship building in ancient Malabr, Ramavarma Research Institute.

Share32TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

സംഘചാലകന്റെ ദൗത്യം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies