സാമൂഹ്യ പ്രവര്‍ത്തകനും ചിന്തകനും വാഗ്മിയും മാധ്യമസംവാദകനുമാണ് സുശീല്‍ പണ്ഡിറ്റ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കാശ്മീരില്‍ നിന്നും കൂട്ടക്കൊലക്കും ബലാത്സംഗത്തിനും പിടിച്ചുപറിക്കും ഇരയായി സ്വന്തം ജന്മദേശം വിട്ട് ചേരികളിലെ ടെന്റുകളിലും പുറംപോക്കുകളിലും ജീവിക്കുന്ന കാശ്മീരി ഹിന്ദുക്കളുടെ പ്രതിനിധിയുമാണ്. ആധുനിക തലമുറയിലെ എല്ലാ കാശ്മീരികളെയും പോലെ അദ്ദേഹവും തന്റെ നാടിന്റെ മഹത്തായ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പറ്റി പൂര്‍ണ്ണമായും അജ്ഞനായിരുന്നു. യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്താല്‍ തന്റെ പൂര്‍വ്വികര്‍ ഭാരതീയ സംസ്‌കാരത്തിനും വിജ്ഞാന വ്യാപനത്തിനും നല്‍കിയ മഹത്തായ സംഭാവനകളുടെ മൂല്യം തിരിച്ചറിഞ്ഞു. ഇപ്പോള്‍ അതിന്റെ സംരക്ഷകനും പ്രചാരകനുമായി ലോകം മുഴുക്കെ വിവിധ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ അദ്ദേഹം കാശ്മീരി പാരമ്പര്യത്തെപ്പറ്റിയും ഇന്നത്തെ കാശ്മീരികളുടെ അവസ്ഥയെപ്പറ്റിയും സംസാരിച്ചു. പ്രസക്തഭാഗങ്ങള്‍:
”നമസ്‌തെ മാം ശാരദേ
കാശ്മീര പുരവാസിനീ
പ്രാര്‍ത്ഥയേത് ത്വാമഹം നിത്യം
വിദ്യാജ്ഞാനം ച ദേഹിമാം.”
കാശ്മീരിന്റെ പാരമ്പര്യത്തെക്കുറിച്ച് അക്കാദമിക പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ കഴിയാതിരുന്നത് എന്റെ ദൗര്‍ഭാഗ്യമാണ്. അതിലെന്റെ വേരുകളെ ബന്ധപ്പെടുത്തുന്ന ഒന്നുമില്ലായിരുന്നു. എന്റെ അസ്മിത, എന്റെ പൂര്‍വ്വികരുടെ പരിശ്രമം ഇവയൊന്നുമില്ലായിരുന്നു. എന്റെ സമകാലികരും ഇവയിലജ്ഞരായിരുന്നു. ഇവയെല്ലാം എനിക്കന്യമായിരിക്കണമെന്ന ചിന്ത അതിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. അതിനാല്‍ എന്റെ ജീവിതത്തിന്റെ അര്‍ദ്ധഭാഗവും ഒരുതരം വിഡ്ഢിത്തങ്ങള്‍ പഠിക്കുന്ന തിരക്കിലായിരുന്നു. ആ കാലഘട്ടം തീരാനഷ്ടമായിരുന്നു. എന്റെ പൂര്‍വ്വികരുടെ സംഭാവനയെല്ലാം വെറും നിരര്‍ത്ഥക ജല്പനങ്ങളാണെന്ന അജ്ഞതയും എന്നെ പിടികൂടിയിരുന്നു.
ഞാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സും അക്കൗണ്ടന്‍സിയുമാണ് പഠിച്ചത്. മറ്റുള്ളവരുടെ പണം എങ്ങനെ സംരക്ഷിക്കാമെന്നാണെന്നെ പഠിപ്പിച്ചത്. ഞാനെന്റെ പൂര്‍വ്വികനായ ആചാര്യ അഭിനവഗുപ്തനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല. എനിക്ക് സംസ്‌കൃതം പഠിക്കേണ്ടിയും വന്നില്ല. എന്റെ പൂര്‍വ്വികരുടെ ഭാഗ്യം കൊണ്ടോ എന്തോ എന്റെ കോളേജിലെ ഒരു സംസ്‌കൃതാദ്ധ്യാപകനെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയും അവിടെ സംസ്‌കൃതം പഠിപ്പിക്കുന്നവരാണെന്നറിഞ്ഞപ്പോള്‍ എനിക്ക് വലിയ കൗതുകം തോന്നി. ഞാന്‍ എണ്‍പതുകളിലെ കാര്യമാണ് നിങ്ങളോടിപ്പോള്‍ പറയുന്നത്. ‘അങ്ങയുടെ കുടുംബമെങ്ങനെ സംസ്‌കൃതത്തില്‍ തല്പരരായി’ എന്നന്വേഷിച്ചപ്പോള്‍ ഡോ.സൂര്യകാന്ത് ബാലി എന്നോട് അത് പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛന്‍ ആചാര്യചന്ദ്രകാന്ത് ബാലി പാകിസ്ഥാനിലുള്ള മുള്‍ത്താനില്‍ ഒരു സംസ്‌കൃതാദ്ധ്യാപകനായിരുന്നു. വിഭജനത്തിനുശേഷം അദ്ദേഹം ഭാരതത്തിലേക്ക് വന്നപ്പോള്‍ മക്കളെയും മരുമകളെയും സംസ്‌കൃതം പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ആ താല്പര്യത്തില്‍ നിന്നാണ് ഈ മൂന്നുപേരും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകരായത്. എനിക്ക് അത്ഭുതം തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ അച്ഛന് ഏതാണ്ട് 90 വയസ്സിന്നടുത്ത് പ്രായമുണ്ടായിരുന്നു.
കാശ്മീരില്‍ നിന്നാണ് ഞാന്‍ വരുന്നതെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം കണ്ണുകള്‍ മേല്‌പോട്ടുയര്‍ത്തി എന്നെ നോക്കിക്കൊണ്ട് ലോകത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും പഴയ പഞ്ചാംഗം കൊണ്ടു നടക്കുന്നവരാണ് കാശ്മീരികള്‍ എന്നറിയാമോ എന്ന് ചോദിച്ചു. എനിക്കതിനെക്കുറിച്ചൊന്നും പറയാനറിയില്ലായിരുന്നു. പക്ഷെ ‘ജന്‍ശ്രീ’ എന്ന് പറയുന്ന ഒരു പുസ്തകം എന്റെ വീട്ടിലുണ്ടെന്നും എന്റെ മാതാപിതാക്കള്‍ അത് നോക്കാറുണ്ടെന്നും, എപ്പോഴാണ് അമാവാസി, പൂര്‍ണിമ, വിശേഷഉത്സവങ്ങള്‍ എന്നൊക്കെ അറിയേണ്ടതുണ്ടായിരുന്നു എന്നും, അവര്‍ ഈ പഞ്ചാംഗത്തെയാണ് അതിനാശ്രയിച്ചതെന്നുമെല്ലാം എനിക്കറിയാമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കതിലെ സാരാംശമറിയില്ലായിരുന്നു. ഞാന്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണമോര്‍ത്തുകൊണ്ട് അച്ഛനോട് അതിനെക്കുറിച്ചാരാഞ്ഞു. അദ്ദേഹത്തിന് വളരെ ആശ്ചര്യം തോന്നി. നീയെന്താണതില്‍ നോക്കാനുദ്ദേശിക്കുന്നതെന്ന് എന്നോട് ചോദിച്ചു. വായിക്കാനറിയാമോ? ഞാന്‍ പറഞ്ഞു – ഇല്ല. ഞാനതിന്റെ കവര്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ രേഖപ്പെടുത്തിയവര്‍ഷം 5077 ആണ്. എന്റെ പൂര്‍വ്വികര്‍ കാലഗണന നടത്തിയത് ഇതുനോക്കിയാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. അതുമാത്രമല്ല ഒരു ഗ്രഹണം സംബന്ധിച്ച സമയം 100 വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇതില്‍ നിന്നും മനസ്സിലാക്കാനാവും. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം ഗ്രഹ-നക്ഷത്രാദികളുടെ ഗതി എന്നിവയൊക്കെ അറിയാം. എന്റെ പൂര്‍വ്വികരുടെ കഴിവില്‍ എനിക്കഭിമാനം തോന്നി. അത്തരമൊരു പാരമ്പര്യം സഹസ്രാവധി വര്‍ഷങ്ങളായി കാശ്മീരിന്റെ മണ്ണില്‍ തുടര്‍ന്നു വരുന്നതില്‍ അഭിമാനം തോന്നിയപ്പോള്‍ ഈ പാരമ്പര്യം എന്റെ തലമുറക്ക് നഷ്ടപ്പെട്ടതില്‍ ദുഃഖവുമുണ്ടായി. തുടര്‍ന്ന് ഞാന്‍ ചില അന്വേഷണങ്ങള്‍ നടത്തി.
ആദ്യം ഞാനെന്റെ അന്വേഷണത്തിനിടെ കേട്ട ‘ഉപജീവിക’ എന്ന വാക്കിനെകുറിച്ച് പറയാം. ഉപ+ജീവിക-അര്‍ത്ഥമറിയാന്‍ എനിക്കതിയായ ഔത്സുക്യം തോന്നി. ‘ജീവിക’ എന്ന വാക്ക് ഞാന്‍ മുമ്പെ കേട്ടിരുന്നു. ‘ഉപജീവിക’ എന്ന് കേട്ടിരുന്നില്ല എന്നതിനാല്‍ അതറിയാന്‍ ഞാനൊരു സംസ്‌കൃത പണ്ഡിതനെ സമീപിച്ചു. ജീവിതത്തിന്റെ ഭൗതികാവശ്യങ്ങള്‍ക്ക് വേണ്ട വസ്തുക്കള്‍, ഒരു മകന്‍, അച്ഛന്‍, ഗൃഹസ്ഥന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മുതലായവ നിറവേറ്റുന്ന പ്രവൃത്തിയാണ് ‘ഉപജീവിക’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നമ്മുടെ സമാജത്തോട്, രാഷ്ട്രത്തോട് കൊണ്ട് നടക്കുന്ന എല്ലാഭാവങ്ങളും ഉപജീവികയാണ്. അത് ജീവികയല്ലെന്ന് ഞാന്‍ മനസ്സിലാക്കി. നീയെന്തിന് ജനിച്ചു? നിന്റെ ജീവിത ലക്ഷ്യമെന്ത്? എങ്ങനെ ശരിയായി ജീവിക്കാം? ഈ ലോകത്ത് ജനിച്ചതിന്റെ അര്‍ത്ഥമെന്ത്? എന്നെല്ലാം പറയുന്നതാണ് ജീവിക. ജീവിക ലക്ഷ്യവും ഉപജീവിക മാര്‍ഗ്ഗവുമാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. പക്ഷെ നാം നമ്മുടെ മാര്‍ഗ്ഗമാണ് ലക്ഷ്യമെന്ന് കണ്ടെത്തി നീങ്ങുകയായിരുന്നു. പക്ഷെ ലക്ഷ്യവും മാര്‍ഗ്ഗവും തമ്മിലുള്ള അന്തരം നമുക്ക് മനസ്സിലായില്ല. അതുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ മാര്‍ഗ്ഗത്തിനായി ഓടിക്കൊണ്ട് ലക്ഷ്യത്തെ മറക്കുന്നത്. അതാണിവിടെ സംഭവിച്ചത്. എന്റെ വിദ്യാഭ്യാസം, സ്‌കൂള്‍, സ്ഥാപനങ്ങള്‍, ഗൃഹസാഹചര്യം, സാമൂഹ്യചുറ്റുപാട് എന്നിവയെല്ലാം ഇതിലാണ് ഊന്നല്‍ നല്‍കിയത്. വിജയത്തിന്റെ നിര്‍വ്വചനം മുഴുവന്‍ ഈ ജീവികയും ഉപജീവികയും വേര്‍തിരിച്ചറിയുന്നതിലാണ് അടങ്ങിയിട്ടുള്ളത്. ഞാനും ഉപജീവികയിലാണ് കഴിഞ്ഞിരുന്നത്. 10-15 വര്‍ഷമായി ഞാന്‍ ജീവികയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മറ്റുള്ളതെല്ലാം തനി ഭോഷ്‌ക്കാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈയൊരവസ്ഥയില്‍ നിന്നാണ് എന്റെ പൂര്‍വ്വികരാരെല്ലാമായിരുന്നു; എന്റെ സമാജമെന്തായിരുന്നു എന്നെല്ലാമന്വേഷിക്കാന്‍ തുടങ്ങിയത്.
കല്‍ഹണന്‍ എന്ന ചരിത്രകാരന്‍ 900 വര്‍ഷങ്ങള്‍ക്ക് മുമ്പെ സംസ്‌കൃതത്തിലെഴുതിയ പുസ്തകമാണ് ‘രാജതരംഗിണി’. ഏറ്റവും പഴയ ചരിത്രഗ്രന്ഥമായി ആധുനിക ചരിത്രപണ്ഡിതര്‍ വിശേഷിപ്പിച്ച പുസ്തകമാണിത്. ഇതൊരു കാശ്മീരി 900 വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയതാണ്. മറ്റ് ചരിത്രഗ്രന്ഥങ്ങളായി നൃപാവലി, രാജവലി പത്രിക എന്നിവയുമുണ്ട്. രാജതരംഗിണി എന്ന പുസ്തകത്തില്‍ കല്‍ഹണന്‍ വസ്തുതകളെ ശാസ്ത്രീയമായി തരംതിരിച്ച് എന്ത് വേണം, എന്ത് വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. അത്തരമൊരു അംഗീകാരമാണ് അതിന് നല്‍കിയിട്ടുള്ളത്. ഈ പുസ്തകം രാജവംശങ്ങളുടെയും ചക്രവര്‍ത്തിമാരുടെയും തരംഗിണി-ഒഴുക്കാണ്. ഓറല്‍ സ്റ്റെയ്ന്‍ എന്ന് പറയുന്ന പാശ്ചാത്യന്‍ ഏതാണ്ട് 150 വര്‍ഷം മുമ്പ് ഈ ഗ്രന്ഥം രണ്ട് വാല്യങ്ങളിലായി തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും ഇതിന്റെ വിവര്‍ത്തനങ്ങള്‍ ലഭ്യമാണെങ്കിലും ഓറല്‍ സ്റ്റേയ്‌നിന്റെ വിവര്‍ത്തനമാണ് ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചത് എന്നാണെനിക്ക് തോന്നുന്നത്.
നമ്മള്‍ രാജതരംഗിണി വായിക്കുമ്പോള്‍ മറ്റൊരു ഗ്രന്ഥത്തിന്റെ പരാമര്‍ശം അതില്‍ നിന്ന് ലഭിക്കും. കാശ്മീരിനെക്കുറിച്ചുള്ള സ്ഥലപുരാണമായ ‘നീലമത് പുരാണ’മാണത്. ദശമഹാപുരാണത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ഇതൊരു ചെറിയ പുരാണമാണ്. ഈ പുസ്തകത്തെ പുരസ്‌കരിച്ച് വേദകുമാരി ഘയി എന്ന ഒരു സ്ത്രീ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കാശ്മീരി ഭാഷയിലാണവരുടെ തീസിസ്. ഇംഗ്ലീഷില്‍ ലഭ്യമായത് വായിക്കാനേ എനിക്കായുള്ളൂ. എന്റെ സ്‌കൂള്‍, സിലബസ്, സാമൂഹ്യബന്ധങ്ങള്‍, യാത്ര, മാധ്യമലോകം തുടങ്ങി എവിടെ നിന്നും ഈ ഒരു ഗ്രന്ഥത്തെക്കുറിച്ചൊരു പരാമര്‍ശം എനിക്ക് ലഭിച്ചിട്ടില്ല. രാജാവായ ജനമേജയനും വൈശമ്പായന ഋഷിയും തമ്മിലുള്ള ഒരു സംവാദരൂപത്തിലാണിതിന്റെ രചന. നമ്മുടെ ഏതാണ്ടെല്ലാ കൃതികളും അങ്ങനെയാണല്ലോ. ഭഗവദ്ഗീത കൃഷ്ണാര്‍ജ്ജുന സംവാദമാണ്. മഹാഭാരതം സഞ്ജയ-ധൃതരാഷ്ട്ര സംവാദമാണ്. ഉപനിഷത്തുകള്‍ ഋഷിമാരും ശിഷ്യരും തമ്മില്‍, അല്ലെങ്കില്‍ ഋഷിമാര്‍ തമ്മില്‍തമ്മിലുള്ള സംവാദമാണെന്ന് കാണാം. സാംസ്‌കാരികമായ അറിവുള്ളവര്‍ ഇത്തരം സംവാദങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു.
വാദേ വാദേ ജായതേ തത്വബോധ: – സംഭാഷണങ്ങളിലൂടെ നാം സത്യാന്വേഷണം നടത്തുന്നു. ചിന്തകള്‍ കൈമാറുന്നു. വീക്ഷണങ്ങള്‍ പങ്കുവെക്കുന്നു. 360 ഡിഗ്രിയില്‍ ആര്‍ക്കും എല്ലാം കണ്ടെത്താന്‍ കഴിയില്ല. കൂടുതല്‍ വ്യക്തത വരുത്താന്‍ ചര്‍ച്ചാസംവാദം നടത്തുന്നു.
വൈശമ്പായന മഹര്‍ഷി വേദവ്യാസന്റെ ശിഷ്യരിലൊരാളാണ്. ജനമേജയന്‍ അര്‍ജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പൗത്രനും പരീക്ഷിത്ത് രാജാവിന്റെ പുത്രനുമാണ്. ഇവര്‍ തമ്മില്‍ മഹാഭാരതയുദ്ധാനന്തരമുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടക്ക് ജനമേജയന്‍ ഒരു ചോദ്യമുന്നയിക്കുന്നു. മഹാഭാരതയുദ്ധത്തില്‍ നാടിന്റെ മുക്കിലും മൂലയിലുമുള്ള വിവിധ സേനകള്‍ പങ്കെടുത്തെങ്കിലും കാശ്മീരത്തില്‍ നിന്നാരും പങ്കെടുക്കാതിരുന്നതെന്തുകൊണ്ടാണ്? എന്താണതിന് കാരണം? ഈ ആദ്യചോദ്യത്തില്‍ തന്നെ ഞാനാശ്ചര്യപ്പെട്ടു. കാശ്മീര്‍ എന്ന് ഇന്ന് പറയുന്നതുപോലെ അതില്‍ ഉച്ചരിച്ചിരിക്കുന്നു. ഇന്നെഴുതുന്നതുപോലെ തന്നെ അന്നെഴുതിയിരിക്കുന്നു. മഹാഭാരതകാലത്തുപോലും എന്റെ നാടിനെ കാശ്മീരെന്നാണ് വിളിച്ചിരുന്നത്. കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ കേരളമെന്നും കര്‍ണാടകത്തെ കര്‍ണാടകമെന്നുമാണോ വിളിച്ചതെന്നെനിക്കറിയില്ല. തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയൊക്കെ എന്ത് നാമത്തിലാണ് അറിയപ്പെട്ടിരുന്നത് എന്നുമറിഞ്ഞുകൂടാ. പക്ഷെ ബീഹാറിനെയും ബംഗാളിനെയുമങ്ങനെയല്ല വിളിച്ചത്. പഞ്ചഗൗഢ, പഞ്ചദ്രാവിഢം എന്നൊക്കെ പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷെ കാശ്മീരിനെ കാശ്മീര്‍ എന്ന് തന്നെയാണ് വിളിച്ചത്. ഇതില്‍ ഏറെ അഭിമാനിക്കാനുണ്ടെങ്കിലും കാലാന്തരത്തില്‍ ആ പേര് മനഃപൂര്‍വ്വം വികൃതമാക്കപ്പെട്ടിരിക്കുന്നു. പക്ഷെ കാശിയെപ്പോലെ കനൗജിനെപ്പോലെ വൈശാലിയേയും ഉജ്ജയിനിയെയും പോലെ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആ പേര് അതേപോലെ തുടരുന്നു.
കാശ്മീര്‍ ഗാന്ധാരമഹാജനപഥത്തിലെ ഒരംഗരാജ്യമായിരുന്നു. വൈശമ്പായനന്‍ ജനമേജയനോട് തുടര്‍ന്ന് വിവരിക്കുകയാണ്. കാശ്മീര്‍ രാജാവ് പ്രായപൂര്‍ത്തിയെത്താത്ത ആളായതിനാലാണത്രെ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നത്. ഒരുപാട് രസകരമായ വിവരണമാണ് പിന്നീട് നാം കാണുന്നത്. മഹാഭാരതയുദ്ധത്തിലേക്ക് കൗരവ-പാണ്ഡവന്മാര്‍ പല രാജാക്കന്മാരെയും ക്ഷണിക്കാന്‍ പോയത് ഒന്നിച്ചാണത്രെ. തങ്ങളുടെ വിവേകമുപയോഗിച്ച് ആരുടെ പക്ഷത്ത് ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം ക്ഷണിക്കപ്പെട്ട രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. കാരണം അതൊരു ധര്‍മ്മയുദ്ധമായിരുന്നു. രാജ്യവിസ്തൃതിക്കോ, അധികാരത്തിനോ ധനത്തിനോ വേണ്ടിയുള്ളതായിരുന്നില്ല. ധര്‍മ്മത്തിന് വേണ്ടി. ‘ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ’ എന്നാണല്ലോ. ആരുടെ ഭാഗത്താണ് ധര്‍മ്മമെന്ന് ചിന്തിച്ച് ഇരുപക്ഷത്തും സ്വതന്ത്രമായി ചേരാം. പ്രായപൂര്‍ത്തിയാവാത്ത ആളായതുകൊണ്ടും ധര്‍മ്മാധര്‍മ്മവിവേകത്തിന് പാകമാവാത്തതുകൊണ്ടും ഇരുപക്ഷവും കാശ്മീര്‍ രാജാവിനെ ക്ഷണിച്ചില്ല. നീലമത് പുരാണത്തിലെ ഓരോ വരിയിലും ധാര്‍മ്മികതയുടെ പാഠങ്ങള്‍ നമുക്ക് കാണാം. കുട്ടികളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കരുതെന്ന ധാര്‍മ്മികതയാണിവിടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. നോക്കൂ! എവിടെയാണ് ധര്‍മ്മം, എവിടെയാണ്അധര്‍മ്മം എന്ന തിരഞ്ഞെടുപ്പ് അനുവദനീയമായ കാലഘട്ടമായിരുന്നു അത്.
കാശ്മീര്‍ രാജാവ് എങ്ങനെ പ്രായപൂര്‍ത്തിയാവാത്ത ആളായി? വൈശമ്പായനന്‍ വിവരിക്കുന്നു. കൃഷ്ണന്‍ ബാല്യകാലത്ത് മഥുരയില്‍ വെച്ച് കംസനെ കൊന്നപ്പോള്‍ കംസന്റെ ഭാര്യാ പിതാവ് ജരാസന്ധന്‍ കാശിനരേശനായിരുന്നു. യാദവകുലത്തിന്റെ അധിപന്‍. കാശ്മീര്‍ ഭരിച്ചിരുന്ന ഗോനന്ദന്‍ എന്ന രാജാവ് ഇദ്ദേഹത്തിന്റെ സാമന്തനായിരുന്നു. കംസവധത്തിന് പകരം ചോദിക്കാന്‍ മഥുരയില്‍ ചെന്ന് കൃഷ്ണനോട് യുദ്ധം ചെയ്യണമെന്ന് ജരാസന്ധന്‍ ഗോനന്ദനോട് അഭ്യര്‍ത്ഥിച്ചു. ഗോനന്ദന്‍ കൃഷ്ണനോട് യുദ്ധത്തിനൊരുമ്പെട്ട് ചെല്ലുമ്പോള്‍ മദ്ധ്യേ തടഞ്ഞ ബലരാമനുമായി മല്ലയുദ്ധം നടത്തി മരണമടഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ ദാമോദര കാശ്മീരിലെ രാജാവായി. സത്യഭാമയെ വിവാഹം കഴിക്കാനായി കൃഷ്ണന്‍ ഗാന്ധാരത്തിലേക്ക് പോകുമ്പോള്‍ അച്ഛനെ കൊന്ന പ്രതികാരം വീട്ടാന്‍ ദാമോദര കൃഷ്ണനെ യുദ്ധത്തിന് വെല്ലുവിളിക്കുകയും കൃഷ്ണനുമായുള്ള യുദ്ധത്തില്‍ ദാമോദര കൊല്ലപ്പെടുകയുമുണ്ടായി. തുടര്‍ന്ന് കാശ്മീരില്‍ രാജാവില്ലാത്തതിനാല്‍ ജനങ്ങള്‍ തങ്ങളെ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കണമെന്ന് കൃഷ്ണനോടഭ്യര്‍ത്ഥിച്ചു. കൃഷ്ണനവരോട് പറഞ്ഞു: ‘ഭൂപ്രദേശങ്ങളും രാജവംശങ്ങളും പിടിച്ചടക്കാനുള്ളതല്ല.’ മറ്റൊരു ധാര്‍മ്മികചിന്തയുടെ ഉദാഹരണമാണിത്. കൃഷ്ണന്‍ കാശ്മീരിലെത്തി ദാമോദരയുടെ ഗര്‍ഭിണിയായ ഭാര്യ യശോമതിയെ രാജ്ഞിയായി അഭിഷേകം ചെയ്തു. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരിയെ ലഭിച്ചത് കാശ്മീരിനാണെന്നത് എത്രമാത്രമഭിമാനമുള്ളതാണ്. അതും ഭഗവാന്‍ കൃഷ്ണനില്‍ നിന്നും ഈ അംഗീകാരം ലഭിച്ചു എന്നത് എത്ര അഹ്ലാദകരമാണ്! വര്‍ഷങ്ങള്‍ക്കിപ്പുറം യശോമതിയുടെ മകന്‍ രാജാവായപ്പോള്‍ മഹാഭാരത യുദ്ധത്തില്‍ പങ്കെടുക്കാന്‍ പറ്റുന്ന പ്രായപൂര്‍ത്തിയിലെത്തിയിരുന്നില്ല. ഇത് ജനമേജയനെ അത്ഭുതപ്പെടുത്തി. കാശ്മീരിന് ഒരു രാജ്ഞിയോ എന്നദ്ദേഹം ചോദിക്കുന്നുമുണ്ട്.
കാശ്മീരിന് മുമ്പ് ഈ പ്രദേശത്തിന്റെ പേര് ‘സതീസര’ എന്നായിരുന്നു. സതീസരോവരത്തിന്റെ ചുരുക്കപ്പേരാണിത്. പര്‍വ്വതങ്ങള്‍ക്കിടക്ക് നിലനിന്ന വളരെയേറെ വിസ്തൃതമായ ഒരു തടാകമായിരുന്നു അത്. സതീമാതാവ് ജലക്രീഡക്കെത്തിയ സ്ഥലമാണിത്. ഭഗവാന്‍ ശിവന്റെ സാമ്രാജ്യം ഹിമാലയമാണെന്ന് നമുക്കറിയാമല്ലോ. അവിടെ മനുഷ്യരായി ഫലമൂലാദികള്‍ ഭക്ഷിച്ച് താഴ്‌വാരങ്ങളില്‍ തപസ്സ് ചെയ്യുന്ന ഋഷിമാര്‍ മാത്രമാണുണ്ടായിരുന്നത്. അവര്‍ ശിവഭജനം നടത്തിവന്ന പ്രദേശം. ഇവിടേക്ക് ‘ജലോധ്ഭവ’ എന്ന ഒരസുരന്‍ കടന്നുവരുന്നു. ആ തടാകത്തിലായിരുന്നു അയാളുടെ വാസം. ആ അസുരന്‍ ഋഷിമാരെയും മുനിമാരെയും അപമാനിക്കാനും യാഗം മുടക്കാനും യജ്ഞകുണ്ഡത്തിന് ചുറ്റും മൃഗമാംസം വിതറാനും മറ്റും തുടങ്ങി. എല്ലാവരും ഭഗവാനെ സമീപിച്ച് ഇതില്‍ നിന്നും രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. ഇതിനായി കാശ്യപമുനിയെ സമീപിക്കാന്‍ ഭഗവാന്‍ അവരോട് നിര്‍ദ്ദേശിച്ചു. അദ്ദേഹം നിത്യസഞ്ചാരിയാണെന്നും ഇപ്പോള്‍ ഹരിദ്വാറിനടുത്തുള്ള കംഗല്‍ എന്ന സ്ഥലത്തുണ്ടെന്നും പറഞ്ഞു. നീലമത് പുരാണത്തിലെ ഹരിദ്വാറിനടുത്തുള്ള കംഗല്‍ ഇപ്പോഴുമുണ്ട്. മുനിമാര്‍ അവിടെയെത്തി സഹായം അഭ്യര്‍ത്ഥിക്കുന്നു. കാശ്യപന്‍ തടാകക്കരയിലെത്തി ദുര്‍ഗ്ഗാമാതാവിനെ ധ്യാനിക്കുന്നു. ദുര്‍ഗ്ഗാഭഗവതി പ്രത്യക്ഷയായി മുനിയോട് പറഞ്ഞു. ജലോധ്ഭവന്‍ ജലത്തിലിരിക്കുമ്പോള്‍ അയാളെ കൊല്ലാനാകില്ല. അത്തരമൊരു വരം അയാള്‍ സമ്പാദിച്ചിട്ടുണ്ട്. കശ്യപന്‍ അവിടെ മലനിരയില്‍ ഒരു വിടവുണ്ടാക്കി ജലം മുഴുവന്‍ പുറത്തേക്കൊഴുക്കി. ആ സ്ഥലമാണ് ബാരമുള്ള. വരാഹമൂല്‍ എന്നാണ് പഴയ പേര്. ഇന്നും ആകാശനിരീക്ഷണം നടത്തിയാല്‍ പ്രകൃതിദത്തമായല്ലാതെ മനുഷ്യനിര്‍മ്മിതമായ മലകള്‍ക്കിടയിലെ കുത്തനെയുള്ള ഒരു ഛേദമായി ഇതിനെ നമുക്ക് കാണാനാവും. രാമസേതു മനുഷ്യനിര്‍മ്മിതമാണെന്നതുപോലെ ഇതും മനുഷ്യനിര്‍മ്മിതമാണ്. അവിടെ നിന്നും പുറപ്പെട്ട നദിയാണ് ഝലം. ഇത് തുടങ്ങുന്ന ഇടം വിരാസ്ഥയെന്നായതിനാല്‍ വിരാസ്ഥനദിയെന്നും പേരുണ്ട്. ഈ ജലം പുറത്തേക്കൊഴുകി അവിടെ നിലമായി മാറിയപ്പോള്‍ ദുര്‍ഗ്ഗാദേവി ഒരു മൈനയുടെ രൂപത്തില്‍ ഒരു ചരള്‍ കഷ്ണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ടു. കാശ്മിരീ ഭാഷയില്‍ ഈ പക്ഷിയെ ഹേര്‍ധാരിയെന്നും സംസ്‌കൃതത്തില്‍ ശാരിയെന്നുമാണ് പറയുന്നത്. ഹ് എന്നത് ഷ, സ, ശ എന്നതിലേക്ക് മാറുന്നത് നമുക്കറിയാമല്ലോ. സപ്താഹ് എന്നത് ഹഫ്ത എന്നും സിന്ധു എന്നത് ഹിന്ദു എന്നുമായി മാറിയതുപോലെ. കാശ്മീരിയില്‍ ഇതുപോലെ ഒരുപാട് വാക്കുകള്‍ സംസ്‌കൃതത്തില്‍ നിന്നും ‘തത്ഭവമായി’ വന്നിട്ടുണ്ട്. മൈനയുടെ വായിലെ ചെറിയ കല്ല് താഴോട്ട് വരുന്തോറും ഭീമാകാരമായി തീര്‍ന്ന് ഈ അസുരന്റെ മേല്‍ പതിച്ച് അദ്ദേഹത്തെ വധിച്ചുവെന്നാണ് കഥ. കാശ്യപന്‍ വീണ്ടെടുത്ത പ്രദേശമായതിനാല്‍ അദ്ദേഹമവിടെ തങ്ങണമെന്ന മുനിമാരുടെ അഭ്യര്‍ത്ഥന നിരസിച്ചുകൊണ്ട് നിത്യസഞ്ചാരിയായ മുനി അവിടെ കിന്നര, യക്ഷ, നാഗ, പിശാച, ബ്രാഹ്‌മണരെയെല്ലാം കൊണ്ടുവന്ന് ഒരു ബഹുസ്വര സമൂഹം സൃഷ്ടിച്ചു. കാശ്യപന്‍ സൃഷ്ടിച്ചതിനായാല്‍ ആ പ്രദേശത്തെ പിന്നീട് മുനിമാര്‍ കാശ്മീരം എന്ന് വിളിക്കാന്‍ തുടങ്ങി. ഈ പ്രദേശത്തിന്റെ അധിപസ്ഥാനം തന്റെ മകനായ നീലിനെ കാശ്യപന്‍ ഏല്പിച്ചുവെന്നും അതിനാലാണ് പുരാണനാമം നീലമത്പുരാണമായതെന്നുമാണ് വെയ്പ്.
(തുടരും)
(മൊഴിമാറ്റം: രാമന്‍ കീഴന)