കമ്മ്യൂണിസത്തിന്റെ പുറന്തോടിനുളളില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നവരില്‍ നിന്നു മാത്രമേ വിപ്ലവവീര്യമുളള വരികള്‍ പിറവികൊളളൂ എന്നു ധരിച്ചിരുന്നവരെയാകെ അത്ഭുതപ്പെടുത്തുകയും, മാത്രമല്ല, ഉദാത്തമായ മനുഷ്യ സ്‌നേഹമാണ് യഥാര്‍ത്ഥ വിപ്ലവമെന്നു പാടിക്കൊടുത്ത് മലയാളക്കരയിലെ ആബാലവൃദ്ധരെക്കൊണ്ടും ആ വരികള്‍ ഏറ്റു ചൊല്ലിക്കുകയും ചെയ്ത പുതുകാലത്തിന്റെ കവിയാണ് കഴിഞ്ഞ ജനുവരി 3ന് അപ്രതീക്ഷിതമായി വിടപറഞ്ഞ അനില്‍ പനച്ചൂരാന്‍.
അന്യാദൃശമായ പ്രതിഭ
അക്ഷരാര്‍ത്ഥത്തില്‍ കാവ്യലോകത്തെ ഒരു പ്രതിഭാസമായിരുന്നു പനച്ചൂരാന്‍. ആകെയെഴുതിയത് നൂറോളം വരുന്ന കവിതകള്‍ മാത്രം. ലക്ഷണമൊത്ത ഒരു ഖണ്ഡകാവ്യത്തിലും താഴെ! ഒപ്പം, ഏതാണ്ട്, നൂറ്റമ്പതോളം വരുന്ന സിനിമാപ്പാട്ടുകളും നാടക ഗാനങ്ങളും മാത്രം. അദ്ദേഹത്തിന്റെ സാഹിത്യ രചനകള്‍ അത്രത്തോളമേ വരൂ. പേജുകണക്കാക്കിയാല്‍, മുന്നൂറു പേജില്‍ താഴെയൊതുങ്ങുന്ന സാഹിത്യമാണ് അദ്ദേഹം കൈരളിക്കായി കാഴ്ചവെച്ചത്.
എങ്കിലും, മലയാളമുള്ളിടത്തോളം ഓര്‍മ്മിക്കപ്പെടാന്‍ തക്കവണ്ണം, ‘സമത്വമെന്നൊരാശയം മരിക്കയില്ല ഭൂമിയില്‍’ തുടങ്ങിയ ചിലവരികള്‍ അദ്ദേഹം കാലത്തിന്റെ ചുവരില്‍ കുറിച്ചിട്ടുവെന്നതാണ് വാസ്തവം. കീര്‍ത്തിയും സ്വാധീനവും നോക്കിയാല്‍ ചങ്ങമ്പുഴയും രാമപുരത്തുവാര്യരും പോലുളള അസാമാന്യ പ്രതിഭകള്‍ക്കുമാത്രം ലഭിച്ച സൗഭാഗ്യം ക്ഷണിക ജീവിതത്തിനിടയില്‍ സ്വായത്തമാക്കിയാണ് അദ്ദേഹം അനശ്വരതയെ പുല്കിയത്.
ആറാട്ടുപുഴയുടെ പിന്മുറക്കാരന്‍
കേരള നവോത്ഥാനചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന പ്രശസ്തമായ തറവാടാണ് കായംകുളത്തിനടുത്ത് പുതുപ്പള്ളിയിലെ വാരണപ്പളളില്‍. കളരിയും പടനായകരും ഉണ്ടായിരുന്ന കുടുംബമായിരുന്നു അത്. കവികളും കലാകാരന്മാരും അവിടെ ധാരാളം പേരുണ്ടായിരുന്നു. കാശിയില്‍നിന്നും ശിലയുമായിവന്ന് പ്രതിഷ്ഠ നടത്തിയ കാരണവരുടെ പാരമ്പര്യം പേറുന്ന തറവാടായിരുന്നു അത്. ശ്രീനാരായണഗുരു ഉപരിപഠനാര്‍ത്ഥം താമസിച്ചിരുന്ന ആ കുടുബത്തില്‍ നിന്നാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ രണ്ടുമക്കള്‍ അക്കാലത്തെ അറിയപ്പെടുന്ന കവികളായിരുന്നു. ഈ വക പാരമ്പര്യങ്ങളിലെ കണ്ണിയായാണ് 1969-ല്‍ അനില്‍ പനച്ചൂരാന്‍ ജനിക്കുന്നത്. വാരണപ്പള്ളി കുടുബശാഖയായ ഗോവിന്ദമുട്ടത്ത് പനച്ചൂര്‍ വീട്ടില്‍ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.
ബാല്യവും വിദ്യാഭ്യാസവും
പട്ടാളക്കാരനായിരുന്ന പിതാവിനൊപ്പം അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. പ്രാഥമികവിദ്യാഭ്യാസവും മറ്റും അവിടെ നേടി. കൗമാരകാല വിദ്യാഭ്യാസത്തോടടുപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തി. ടികെഎംഎം കോളജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പിന്നീട് പഠനം. എംഎ പബ്ലിക് അഡ്മിനിസ ്ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനും ശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
എന്നും വ്യത്യസ്തന്‍
ചിന്തയിലും എഴുത്തിലും മാത്രമല്ല, മുടി, നടപ്പ്, വേഷം, വെറ്റില മുറുക്ക്, ബീഡിവലി തുടങ്ങിയ പല കാര്യങ്ങളിലും അനില്‍ വ്യത്യസ്തനായിരുന്നു. പ്രശസ്തമായ പേരിലും അയാള്‍ വ്യത്യസ്തനായി. കവിതയെഴുത്ത് കലശലായതോടെ, അനില്‍ കുമാര്‍ യു.പി തന്റെ ഔദ്യോഗികമായ പേര് പരിഷ്‌കരിക്കാന്‍ തീരുമാനിച്ച് പനച്ചൂര്‍ എന്ന വീട്ടുപേരില്‍ നിന്ന് ‘പനച്ചൂരാന്‍’ എന്ന ഇരട്ടപ്പേരു സ്വയം സൃഷ്ടിച്ച് അനില്‍ പനച്ചൂരാനായി. യൗവനത്തിന്റെ ആരംഭത്തില്‍ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് സന്യാസിയായി. വീട്ടില്‍ ആശ്രമം സ്ഥാപിച്ചു. മദ്യപന്മാരുടെ സംസ്ഥാന ഭാരവാഹിയായി. അതില്‍ അത്ഭുതപ്പെട്ടവരോട്, നികുതിദായകരായ മദ്യപന്മാര്‍ പണം കൊടുത്തുവാങ്ങുന്ന മദ്യം ‘ഒളിച്ചും പാത്തും’ പോലീസിനെപ്പേടിച്ച് കഴിക്കേണ്ടിവരുന്ന ഗതികേടില്‍ പ്രതിഷേധിച്ചാണ് അവരുടെ നേതൃത്വം ഏറ്റെടുത്തതെന്ന് ധൈര്യത്തോടെ പറഞ്ഞു. ബിവറേജസില്‍നിന്നു മദ്യം വാങ്ങിക്കുന്നവര്‍ക്ക് സ്വസ്ഥമായിരുന്ന് മദ്യപിക്കാന്‍ ഷെല്‍ട്ടറുകള്‍ വേണമെന്ന് ഗവണ്‍മെന്റിന് നിവേദനം നല്‍കി. ബന്ധുക്കളുള്‍പ്പെടെ ചിലര്‍ പനച്ചൂര്‍ എന്ന പേര് ഉപയോഗിക്കുന്നതിനോടുളള പ്രതിഷേധമായി വീടിനു മുന്നില്‍, ‘പനച്ചൂര്‍ വീട്, അനുകരണങ്ങള്‍ സൂക്ഷിക്കുക’ എന്ന വലിയ ബോര്‍ഡുവെച്ചു. ‘പിരിവുകാര്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല’ എന്നൊരു ബോര്‍ഡും പില്ക്കാലത്ത് വീടിനുമുന്നില്‍ വെച്ചു.
ഓയെന്‍വി പറഞ്ഞു, പനച്ചൂരാന്‍ കവിത ചൊല്ലി
കായംകുളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ കണ്ടല്ലൂര്‍ ‘കല’യുടെ സംഭാവനകള്‍ അനന്യമാണ്. കണ്ടല്ലൂര്‍ ആര്‍ട്‌സ് ആന്റ് ലിറ്റററി അസ്സോസിയേഷന്‍ എന്നതിന്റെ ചുരുക്കഴുത്തായിരുന്നു ‘കല’യെന്നത്. അവരുടെ ഓരോ വാര്‍ഷിക സമ്മേളനങ്ങളും കലയുടെയും സാഹിത്യത്തിന്റെയും നിറസന്ധ്യകളായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോടിനെയും പ്രൊഫ. എം കൃഷ്ണന്‍ നായരെയും പ്രൊഫ. എം.കെ സാനുവിനെയും ഗുപ്തന്‍നായരെയും താല്പര്യപൂര്‍വ്വം കേള്‍ക്കാന്‍ തടിച്ചുകൂടുന്ന പുരുഷാരം കണ്ടല്ലൂരിന്റെ സാംസ്‌കാരിക സവിശേഷത തന്നെയായിരുന്നു. കലയുടെ വേദിയില്‍ പങ്കെടുക്കാത്ത എഴുത്തുകാരോ സാഹിത്യ പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഓഎന്‍വിക്കുറുപ്പും സുഗതകുമാരിയും ചുളളിക്കാടുമുള്‍പ്പെടെയുളള തലമുതിര്‍ന്ന കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും ചൊല്ക്കാഴ്ചയും, സാഹിത്യ സമ്മേളനം പോലെതന്നെ വിഖ്യാതമായിരുന്നു. ആ തട്ടകത്തിലാണ് തൊണ്ണൂറുകളില്‍ കലാലയ വിദ്യാര്‍ത്ഥിയായിരുന്ന മെലിഞ്ഞ ധിക്കാരിയായ ആ ചെറുപ്പക്കാരന്‍ തന്റെ കവിതയുടെ കെട്ടഴിച്ച് സദസ്യരെ വിസ്മയിപ്പിക്കുകയും ഒട്ടുവളരെപ്പേരെ ആരാധകരാക്കുകയും ചെയ്തത്. പനച്ചൂരാന്‍ എന്ന അപരനാമധേയത്തില്‍ കാവ്യസദസ്സുകളില്‍ ചര്‍ച്ചയായ ഗോവിന്ദമുട്ടത്തുകാരന്‍ അനിലായിരുന്നു, ആലാപനത്തിന്റെ സവിശേഷതകൊണ്ട് കാവ്യാനുഭവത്തിന്റെ തീഷ്ണാനുഭവം പകര്‍ന്ന ആ കാവ്യസഞ്ചാരി.
തൊണ്ണൂറുകളുടെ തുടക്കത്തിലെ ഒരു കാവ്യ സന്ധ്യ. കണ്ടല്ലൂരിലെ കലയുടെ വേദി. ഉദ്ഘാടകനായ ഓഎന്‍വി കവിത ചൊല്ലി നിര്‍ത്തി. മറ്റു കവികള്‍ക്കായി അരങ്ങൊഴിഞ്ഞു. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന കവിതകള്‍ക്കായി അദ്ദേഹം കാതുകാടുത്തിരുന്നു. തുടര്‍ന്ന് ചില പ്രശസ്തര്‍ കവിത അവതരിപ്പിച്ചു. അത്രയും മനോഹരമായ കവിതകളും അവതരണവും. ആസ്വാദകര്‍ ഓരോ കവികളെയും കയ്യടിച്ച് അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും കവിതയില്‍ മുഴുകി ജീവിച്ചു. അടുത്തത് പനച്ചൂരാന്റെ ഊഴം. പനച്ചൂരാന്‍ വേദിയിലെത്തി. തെല്ലു നിശബ്ദത. അയാള്‍ പാടി നീട്ടി. ‘ബോട്ടുനീങ്ങുന്നു. ആറിന്റെ നിറയൗവനതത്തിന്റെ മുറിവിലൂടെ ഇന്നെന്റെബോട്ടു നീങ്ങുന്നു..’ ജനം ഇളകിമറിഞ്ഞു. കയ്യടിയും ചൂളംവിളികളും അന്തരീക്ഷം നിറച്ചു. വലിയ ഹര്‍ഷാരവത്തോടെയാണ് പനച്ചൂരാന്‍ കവിത അവസാനിപ്പിച്ചത്. അതിനകം അദ്ദേഹത്തിന്റെ കവിത സദസ്സും ഏറ്റുപാടിക്കൊണ്ടിരുന്നു. സദസ്സില്‍ നിന്നും അനിലിന്റെ പാട്ടിനായി മുറവിളി.
ഓയെന്‍വി എഴുന്നേറ്റു. അദ്ദേഹം കൈകാണിച്ചപ്പോള്‍ സദസ്സ് അടങ്ങി.
‘ഞങ്ങളൊക്കെ കവിതയുടെ ചെറുവളളങ്ങളിറക്കുമ്പോള്‍ അനില്‍ കവിതയുടെ ബോട്ടുമായി വരുന്നു. അതിന്റെ അലയൊലിയില്‍ ചെറുവളളങ്ങള്‍ക്ക് പിടിച്ചു നില്ക്കാനാകില്ല. അനില്‍ വീണ്ടും പാടണം’
കവിയുടെ അനുഗ്രഹത്തോടെ, വീണ്ടും പനച്ചൂരാന്റെ കവിത കലയുടെ വേദിയില്‍ മുഴങ്ങി. പിന്നെയത് കേരളക്കരയെ കീഴടക്കി.