തിരുവനന്തപുരത്തെ ഒരു കേന്ദ്രസ്ഥാപനത്തിന്റെ പുതുതായി തുടങ്ങുന്ന അനുബന്ധകേന്ദ്രത്തിന് ശ്രീ ഗുരുജി ഗോള്‍വല്‍ക്കറുടെ നാമധേയം കൊടുത്തത് കേരളത്തില്‍ ചില സംവാദങ്ങള്‍ക്ക് തിരികൊളുത്തി. വിമര്‍ശകര്‍ ആഴ്ചക്കുറിപ്പുകളില്‍ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതി. സാമൂഹ്യമാദ്ധ്യമങ്ങളിലും അതിന്റേതായ രീതിയിലെ പ്രതികരണങ്ങള്‍ പ്രകടമായിരുന്നു. ഇതെല്ലാം കാണാനിടയായ ചില സംഘാനുഭാവികളും സ്വയംസേവകരും ‘പൂജനീയ ഗുരുജി തനിക്കു സ്മാരകം വേണ്ട’യെന്നു പറഞ്ഞിട്ടുണ്ടോ? എന്ന് ഫോണ്‍ ചെയ്തന്വേഷിക്കുകയുണ്ടായി. ഞാന്‍ ശ്രീ ഗുരുജിയുടെ ജീവിതചരിത്രം എഴുതിയ ആളും അദ്ദേഹത്തിന്റെ സാഹിത്യസര്‍വ്വസ്വം സമാഹരിച്ച ആളും ആണ് എന്നതാണ് അപരിചിതരല്ലാത്ത അവര്‍ എന്നോട് ചോദിക്കാന്‍ കാരണം.
എന്റെ കൈവശമുള്ള വിവരങ്ങള്‍ ഓരോന്നായി നിരത്തിവെയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നു. മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കി നിലവാരത്തിനും നിലപാടിനുമൊത്ത് താത്പര്യമുള്ളവര്‍ തീരുമാനം കൈക്കൊള്ളട്ടെ. ഒന്നാമതായി ശ്രീ ഗുരുജി തനിക്കു സ്മാരകമൊന്നും പാടില്ല എന്ന് വില്‍പ്പത്രമെഴുതിയിട്ടില്ല. അദ്ദേഹമെഴുതിയ വില്‍പ്പത്രത്തില്‍ സംഘത്തിനുവേണ്ടി തന്റെ പേരില്‍ കിട്ടിയ സ്ഥാവരവും ജംഗമവുമായ സ്വത്തെല്ലാം രാഷ്ട്രീയ സ്വയംസേവക സംഘത്തിനവകാശപ്പെട്ടതാണെന്നും തനിക്ക് പൈതൃകമായി കിട്ടിയ രാംടേക്കിലെ വീട് അവിടെയുള്ള ധര്‍മ്മസ്ഥാപനത്തിന് ദാനം ചെയ്യുന്നെന്നും എഴുതി. 1973 ഏപ്രില്‍ 19 ന് ഒപ്പിട്ട അതില്‍ മറ്റൊന്നുമില്ല.
തന്റെ മരണശേഷം തുറന്നുവായിക്കാനായി എഴുതി കേന്ദ്രകാര്യാലയത്തില്‍ ഏല്‍പ്പിച്ച മൂന്ന് കത്തുകളില്‍ ഒന്നായിരിക്കണം, സ്മാരകത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് വിചാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരുടെ സംശയത്തിന് അടിസ്ഥാനം. അവരുടെ വിവരവും വിശ്വാസവും ശരിയല്ലെന്ന് ആ കത്ത് വായിക്കുമ്പോള്‍തന്നെ മനസ്സിലാവും.
1973 ജൂണ്‍ 5 ന് അന്തിമശ്വാസം വലിക്കുന്നതിന് രണ്ടുമാസവും മൂന്നുദിവസവും മുമ്പ് 1973 ഏപ്രില്‍ 2 ന് എഴുതിയതായിരുന്നു ആ മൂന്ന് കത്തുകളും. തന്റെ സംഘടനാപരമായ ചുമതല നിറവേറ്റിക്കൊണ്ടുള്ളതായിരു ന്നു അതില്‍ ആദ്യത്തേത്. അതിലദ്ദേഹം എഴുതി – ”എന്റെ ശരീരം നിശ്ചേതനമായിക്കഴിഞ്ഞാല്‍ സര്‍സംഘചാലക് പദവിയുടെ ഭാരം എല്ലാവര്‍ക്കും സുപരിചിതനായ ശ്രീ മധുകര്‍ ദത്താത്രേയ ദേവറസ് ഏറ്റെടുക്കുന്നതാണ്. ചെറിയവരും വലിയവരുമായ എല്ലാ സ്വയംസേവകരും നമ്മുടെ പരംപൂജനീയ സര്‍സംഘചാലകന്റെ മാര്‍ഗദര്‍ശനത്തില്‍ സംഘകാര്യം പൂര്‍ണമാക്കാന്‍ മനസാ വാചാ കര്‍മ്മണാ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കട്ടെ. സംഘകാര്യം വേഗം സഫലമാകട്ടെ.” ”സര്‍വ്വസ്വയംസേവക ബന്ധുവോം കോ” (സകല സ്വയംസേവകസഹോദരന്മാര്‍ക്കും) എന്നാണ് ആ കത്തിന്റെ സംബോധന. അതായത് കത്ത് തീര്‍ത്തും സംഘടനാപരം എന്നു സ്പഷ്ടം. മൂന്നാമത്തെ കത്താകട്ടെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞ ‘മുന്‍സര്‍സംഘചാലക’ന്റേതാണ്. അതുകൊണ്ട് അതിലെ സംബോധന ‘പരമപ്രിയ ആദരണീയ സ്വയംസേവകബന്ധുഗണ്’ (ഏറ്റവും പ്രിയപ്പെട്ട ആദരണീയ സ്വയംസേവകബന്ധുക്കള്‍ക്ക്) എന്നാണ്. രണ്ട് കത്തുകളിലേയും അഭിസംബോധനയിലെ അര്‍ത്ഥവും ഭാവവും സ്പഷ്ടമായിരിക്കുമെന്ന് കരുതട്ടെ. തന്റെ ദീര്‍ഘകാലപ്രവര്‍ത്തനകാലാവധിയില്‍ അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധങ്ങള്‍ക്ക് കൈകൂപ്പി ക്ഷമ യാചിക്കുന്ന അഭ്യര്‍ത്ഥനയാണ് അതിലെ ആകെ ഉള്ളടക്കം.
ഒന്നിനും മൂന്നിനുമിടയ്ക്കുള്ള രണ്ടാമത്തെ കത്തിലാണ് നമ്മുടെ ശ്രദ്ധ പ്രത്യേകം പതിയേണ്ടത്. ഏത് കാര്യവും കടുകണിശമായി ചെയ്യുന്ന പതിവ് ജീവിതാവസാനംവരെ പാലിച്ചുപോന്ന ശ്രീഗുരുജിയുടെ രണ്ടാം കത്തില്‍ സംബോധനയേ ഇല്ല. തുടക്കം നോക്കിയാല്‍ അതാര്‍ക്കാണെന്ന് രൂപം കിട്ടുകയില്ല. എന്നാല്‍ ഉള്ളടക്കം വായിച്ചാല്‍ അത് തീരുമാനമെടുക്കാന്‍ ബാദ്ധ്യതയുള്ള സംഘഅധികാരികള്‍ക്കാണെന്ന് സ്പഷ്ടമാകും. ആ കത്തുമുഴുവന്‍ അതേപടി കൊടുക്കുന്നതായിരിക്കും ഉചിതം. തന്നെത്താന്‍ ചിന്തിച്ച് നിഗമനത്തിലെത്താന്‍ അത് സഹായിക്കും.
”നമ്മുടെ പ്രവര്‍ത്തനം രാഷ്ട്രപൂജകമാണ്, ലക്ഷ്യപൂജകമാണ്, വ്യക്തിപൂജയ്ക്ക് അതില്‍ സ്ഥാനമില്ല. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ എന്റെ ഈ ശരീരത്തിന് ഇനി അധികം നാളത്തെ നിലനില്‍പില്ല. ശരീരം നശ്വരം തന്നെയാണല്ലോ, എന്നെങ്കിലും അത് മറയുകതന്നെ ചെയ്യും. പ്രാണന്‍ പോയിക്കഴിഞ്ഞ ശരീരത്തെ അലങ്കരിക്കുകയും മറ്റും ചെയ്യുന്ന കാര്യങ്ങള്‍ വിചിത്രമായി തോന്നുന്നു. അതുപോലെ, സംഘത്തിന്റെ ലക്ഷ്യം, ആ ലക്ഷ്യം കണ്‍മുന്നില്‍വെച്ചുതന്ന സംഘനിര്‍മ്മാതാവ് – ഈ രണ്ടിനുമപ്പുറം മറ്റേതു വ്യക്തിയുടേയും മഹത്വം വര്‍ദ്ധിപ്പിക്കാനുള്ള സ്മാരകം ആവശ്യമില്ല. ഞാനാണെങ്കില്‍ ബ്രഹ്‌മകപാലത്തില്‍ സ്വന്തം ശ്രാദ്ധം ചെയ്തുകഴിഞ്ഞു. അത് മൂലം ഇനിയാര്‍ക്കും കര്‍മ്മഭാരമില്ല.
ചുരുക്കത്തില്‍ ഇത്രയും പറഞ്ഞു. കൂടുതല്‍ പൊരുള്‍ ബന്ധപ്പെട്ടവര്‍ക്കു മനസ്സിലാകുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്ന് മാ. സ. ഗോള്‍വല്‍ക്കര്‍.”
സൂക്ഷ്മമായി വിലയിരുത്തുക. രേശംബാഗില്‍ പൂജനീയ ഡോക്ടര്‍ജിക്കു സ്മൃതിമന്ദിരം നിര്‍മ്മിച്ച മാതിരി ഒന്ന് തനിക്കായി വേണ്ട എന്നാണ് പൂജനീയ ഗുരുജിയുടെ ഇംഗിതം, മറ്റാര്‍ക്കും വേണ്ട എന്നുമാണ്. പൂജനീയ ഗുരുജി എഴുതിയ വരികളുടെ അര്‍ത്ഥം മനസ്സിലാകുന്നത് ഗുരുജിയെ പിന്തുടര്‍ന്ന ബാളാസാഹേബ് ദേവറസ്ജിയുടെ മുന്‍കൂട്ടി പറഞ്ഞുവെച്ച നിര്‍ദ്ദേശം സ്മരിക്കുമ്പോഴാണ്. ”രേശംബാഗിനെ ഒരു ചിതാഭൂമിയാക്കരുത്. അതുകൊണ്ട് ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ശവം ദഹിപ്പിക്കേണ്ടത് പൊതുശ്മശാനത്തിലാണ്” എന്ന് ബന്ധപ്പെട്ടവരോട് അദ്ദേഹം നേരത്തെതന്നെ പറഞ്ഞിരുന്നു.
സംഘവും സംഘ അധികാരികളും സംഘം വളര്‍ത്തിക്കൊണ്ടുവരേണ്ട കീഴ്‌വഴക്കങ്ങളുമാണ് ശ്രീ ഗുരുജിയുടെ മനസ്സില്‍. തന്റെ ചിത്രമോ മൂര്‍ത്തിയോ അരുതെന്ന് നിഷ്‌കര്‍ഷിച്ച മതസ്ഥാപകന്റെ ആദേശമായിരുന്നില്ലത്. സംഘസ്വയംസേവകരുടെ പ്രവര്‍ത്തനങ്ങളേയോ പ്രവൃത്തിയേയോ സംബന്ധിച്ച വിലക്കൊന്നുമില്ല ആ വരികളില്‍. എന്നാല്‍ സംഘോന്നതന്‍ മരിക്കുമ്പോള്‍ സംഘാനുയായികള്‍ പാലിക്കേണ്ട സംയമനം സ്പഷ്ടവും നിര്‍ദ്ദിഷ്ടവുമായിരുന്നു.
നാഗപ്പൂര്‍ തന്നെ അതിനുദാഹരണം. സംഘസ്വയംസേവകര്‍ വഴി സേവനരംഗം വളര്‍ന്നുവന്നപ്പോള്‍ നാഗപ്പൂരിലെ ചില സമാജോന്മുഖര്‍ ചേര്‍ന്ന് ഡോ. ഹെഡ്‌ഗേവാര്‍ രക്തബാങ്ക് തുടങ്ങി. എന്തുകൊണ്ട് നേത്രത്തിനുള്ളതും കൂടി ആയിക്കൂടാ എന്ന ദേവറസ്ജിയുടെ ചോദ്യത്തിനുത്തരമായി ഇനിയൊരുകൂട്ടം ഡോക്ടര്‍മാര്‍ ശ്രീഗുരുജിയുടെ പേരില്‍ ‘മാധവനേത്രാലയം’ തുടങ്ങി. ചെന്നൈയിലെയും മധുരയിലേയും ശങ്കരനേത്രാലയം പോലെ നാഗപ്പൂരില്‍ പേര്‍പെറ്റതാണ് അത്. ബൗദ്ധിക്പ്രമുഖ് ആയിരുന്നപ്പോള്‍ രണ്ട് സ്ഥാപനങ്ങളും ഒന്നിലേറെ തവണ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോയത് പൂജനീയ രജ്ജുഭയ്യയുടെ കൂടെയായിരുന്നു.
ഇനിയൊരു ഉദാഹരണം. നാഗപ്പൂരില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മഹാകവി കാളിദാസ സര്‍വ്വകലാശാലയുടെ ക്യാമ്പസിന് ഔദ്യോഗികമായി നല്‍കപ്പെട്ടിരിക്കുന്ന നാമധേയം ‘ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ പരിസര്‍’ (ക്യാമ്പസ്) എന്നാണ്. അതിന്റെ തലപ്പത്തുള്ളത് കേരളക്കാരനും സംസ്‌കൃതമഹാപണ്ഡിതനുമായ ഡോ. വിജയകുമാര്‍ ആണ്. ഈ ക്യാമ്പസില്‍ ശ്രീ ഗോള്‍വല്‍ക്കര്‍ ഗുരുജി ഗുരുകുലം രണ്ട് വര്‍ഷം മുമ്പ് 2019 ഫെബ്രുവരി 5 ന് ഉഡുപ്പിയിലെ സംപൂജ്യ പേജാവര്‍ സ്വാമികള്‍ വിശ്വേശ തീര്‍ത്ഥ ഉല്‍ഘാടനം ചെയ്തു. പരമ്പരാഗതശാസ്ത്രവിഷയങ്ങള്‍ ആണ് പഠനീയങ്ങള്‍. പ്രാക്ശാസ്ത്രി, സമ്മാനിതശാസ്ത്രി, ആചാര്യ, വിദ്യാവാരിധി എന്നിവയാണ് ബിരുദപദങ്ങള്‍. ഗുരുകുലത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ നമ്മുടെ മുമ്പില്‍ ശ്രീ ഗുരുജിയുടെ മനോഹരമായ പൂര്‍ണകായപ്രതിമ ദൃശ്യമാകുന്നു.
മുംബൈയില്‍ വര്‍ഷംതോറും കൃഷി, ശാസ്ത്രം, സേവനം, ശുശ്രൂഷ മുതലായ വിഷയങ്ങള്‍ക്കായി ശ്രീ ഗുരുജി പുരസ്‌ക്കാരം നല്‍കപ്പെട്ടുവരുന്നു. നമ്മുടെ കേരളത്തിലെ വയനാട് ജില്ലയില്‍ വനവാസി സഹോദരങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളായി സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കാണ് ആതുരശുശ്രൂഷയിലെ മികവിനെ അംഗീകരിച്ചുകൊണ്ടുള്ള രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുന്ന ശ്രീഗുരുജി പുരസ്‌ക്കാരം കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചത്. ‘ബഹുജനഹിതായ ബഹുജന സുഖായ’ എന്ന കാഴ്ചപ്പാട് നല്‍കിപ്പോരുന്ന സംഘത്തിന്റെ സ്വയംസേവകര്‍വഴി ഇമ്മാതിരി കര്‍മ്മരംഗങ്ങള്‍ പെരുകുമ്പോള്‍ അവയ്ക്കിതുപോലെ പ്രേരണാദായകനാമങ്ങള്‍ നല്‍കപ്പെടുന്നത് തികച്ചും സ്വാഭാവികമാണല്ലോ? ഭക്ത്യാദരേണ മുന്‍തലമുറയോടുള്ള ഋണമോചനമല്ലേ അത്?
ശ്രീശങ്കരസര്‍വ്വകലാശാലയും ശ്രീനാരായണസര്‍വ്വകലാശാലയും ഉദയംകൊണ്ട ഭാര്‍ഗവക്ഷേത്രത്തില്‍ ശ്രീഗുരുജി സര്‍വ്വകലാശാലയും ഉദിക്കില്ലെന്നാരു കണ്ടു? മനുഷ്യനെന്ന ജീവിയ്ക്കുമാത്രം വിധാതാവിനാല്‍ നല്‍കപ്പെട്ട കൃതജ്ഞതയെന്ന ദൈവീകഗുണത്തിന്റെ അഭിവ്യഞ്ജനമല്ലേ അത്?